Flash News

ദൈവകണം കണ്ടു…… പക്ഷേ, ദൈവത്തെ കണ്ടില്ല? (ലേഖനം)

January 31, 2018 , ജയന്‍ വര്‍ഗീസ്

daivakanam banner1ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമായി ഒരായിരം ശാസ്ത്രജ്ഞന്മാര്‍. ലോകത്തിലെ മുഴുവന്‍ മനുഷ്യരും നികുതിയടച്ച പണത്തില്‍ നിന്നും പത്തു ബില്യണ്‍ ഡോളര്‍. എന്ത് പറഞ്ഞാലും അത് കൊത്തിയെടുത്ത് പറക്കാന്‍ തയ്യാറായി ലോകത്താകമാനം നിന്നുള്ള മാധ്യമപ്പട.

സ്വിസ് ഫ്രഞ്ച് അതിര്‍ത്തി പ്രിവിശ്യയായ ‘സേണ്‍ ‘ എന്ന സ്ഥലത്ത്, ഭൂമിക്കടിയില്‍ തുരന്നുണ്ടാക്കിയ 27 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ‘ ഹൈഡ്രോണ്‍ കൊളൈഡര്‍ ‘ എന്ന വളഞ്ഞ ശാസ്ത്രമാളത്തിലെ അടിപൊളിയന്‍ പരീക്ഷണ മാമാങ്കം ‘ ദൈവകണം ‘ എന്ന കിട്ടാക്കനി കൈവന്നതോടെ വിജയാരവങ്ങളോടെ പരിസമാപിച്ചു.

പ്രപഞ്ചമുണ്ടായത് എങ്ങിനെയാണെന്നറിയാഞ്ഞിട്ട് വയറു വേദന കൊണ്ട് വലഞ്ഞിരുന്ന ലോക ജനതക്ക് ആശ്വാസമായി വാര്‍ത്ത വന്നു കഴിഞ്ഞു. പ്രപഞ്ചമുണ്ടാവുന്നതിന് കാരണമായിത്തീര്‍ന്ന സാധനത്തെ കണ്ടെത്തിയിരിക്കുന്നു. ഈ സാധനത്തിന്റെ പേരാണ് ഫിഗ്സ് ബോസോണ്‍. മലയാളം പത്രം ഉള്‍പ്പടെയുള്ള മലയാള മാധ്യമങ്ങള്‍ ഫിഗ്സ് ബോസോണിനു ചാര്‍ത്തിക്കൊടുത്ത ഓമനപ്പേരാണ് ‘ദൈവകണം.’ ഇത് കേട്ടപാതി, കേള്‍ക്കാത്തപാതി “ദൈവത്തിന്റെ എടപാട് തീര്‍ന്നു” എന്നും പറഞ്ഞു കൊണ്ട്, വിദ്യ പടവലങ്ങാ പോലെ കീഴ്‌പ്പോട്ടു വളരുന്ന ചില വിദ്യാധരന്മാര്‍ എഴുതുന്നുമുണ്ട്.

കൊത്തലുണ്ണി കളിച്ചു കളിച്ച് തവളയായിത്തീരുന്നത് പോലെ, കൂത്താടികള്‍ ഞൊളച്ചു ഞൊളച്ചു കൊതുകായിത്തീരുന്നത് പോലെ, ഈ ഫിഗ്സ് ബോസോണ്‍ പുളച്ചു പുളച്ചു പ്രപഞ്ചമായിത്തീര്‍ന്നൂ പോല്‍ ! അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു ബില്ല് പോലെയാണ് സംഭവം എന്ന് സംഘത്തിലെ ഒരു ശാസ്ത്രജ്ഞന്‍ വിശദീകരിച്ചു കഴിഞ്ഞു. ഒരംഗം നിയമത്തിന്റെ ഒരു കരട് കൊണ്ട് വരും. മറ്റ് അംഗങ്ങള്‍ അതിലേക്ക് വകുപ്പുകളും, ഉപ വകുപ്പുകളും കൂട്ടിച്ചേര്‍ക്കും. എല്ലാം കൂടി കൂടിച്ചേര്‍ന്ന് അതൊരു ബില്ലായിത്തീരും?!

ഇത് പോലെ പിണ്ഡമില്ലാത്ത ഒരു കരടാണ് ഫിഗ്സ് ബോസോണ്‍. പ്രപഞ്ചമാവാന്‍ വേണ്ടി ഇതിങ്ങനെ സഞ്ചരിക്കും. ‘എവിടെക്കൂടി സഞ്ചരിക്കും? ‘എന്ന് ബുദ്ധിയില്ലാത്ത നമ്മള്‍ ചോദിച്ചുപോയാല്‍ പ്രശ്‌നമായി. പത്തു ബില്യണ്‍ തുലച്ചു കളഞ്ഞു കണ്ടെത്തയത് ചോദ്യം ചെയ്യുന്നോ? എന്ന് ശാസ്ത്ര കോച്ചാട്ടന്മാര്‍ കണ്ണുരുട്ടും. അല്‍പ്പം കഴിഞ്ഞിട്ട് തികഞ്ഞ ഗൗരവത്തോടെ തങ്ങളുടെ ‘അജഗളമൃശു ‘ തടവിക്കൊണ്ട് ഉത്തരം പറഞ്ഞു തരും. ഫിഗ്‌സ് ബോസോണ്‍ സഞ്ചരിക്കുന്നത്, ഫിഗ്‌സ് ഫീല്‍ഡ് എന്ന സര്‍വ വ്യാപിയായ ഊര്‍ജ്ജ മണ്ഡലത്തിലൂടെയാണ്. ഇവിടെ നിന്നുള്ള ഊര്‍ജ്ജം സ്വീകരിച്ചു കൊണ്ടാണ്, പിണ്ഡമില്ലാതിരിക്കുന്ന ഫിഗ്‌സ് ബോസോണുകള്‍ പിണ്ഡം ആര്‍ജിക്കുന്നത്. ഇപ്രകാരം ഫിഗ്‌സ് ബോസോണുകള്‍ ആര്‍ജ്ജിച്ച പിണ്ഡമാണ് നിങ്ങള്‍ കാണുന്നതും, കാണാത്തതുമായ ഈ മഹാപ്രപഞ്ചം.എന്താ തൃപ്തിയായില്ലേ ?

തൃപ്തിയാകാമായിരുന്നു, സാമാന്യ ബുദ്ധി എന്നൊരു സാധനം തലയിലില്ലായിരുന്നെങ്കില്‍? പ്രപഞ്ചമുണ്ടാവുന്നതിന് കാരണമായിത്തീര്‍ന്ന ഫിഗ്‌സ് ബോസോണുകള്‍ സഞ്ചരിച്ചതും, ഊര്‍ജ്ജം സ്വീകരിച്ചതും, ഫിഗ്‌സ് ഫീല്‍ഡ് എന്ന ഊര്‍ജ്ജ മണ്ഡലത്തിലൂടെയാണല്ലോ? പിണ്ഡ രഹിതമായ ഇവ പിണ്ഡ രൂപിയായ പ്രപഞ്ചമായിത്തീര്‍ന്നത് ഇങ്ങനെയാണെങ്കില്‍, ഇവക്ക് സഞ്ചരിക്കുന്നതിനും, ഊര്‍ജ്ജം സ്വീകരിക്കുന്നതിനായി ഒരു ഫിഗ്‌സ് ഫീല്‍ഡ് മുന്‍പേയുണ്ട് എന്ന് സമ്മതിക്കുകയല്ലേ ചെയ്യുന്നത്? അതിലൂടെ പ്രപഞ്ചത്തിനും മുന്‍പേ മറ്റൊരു പ്രപഞ്ചമുണ്ടെന്നാണോ മനസിലാക്കേണ്ടത്? എന്ത് കൊണ്ടെന്നാല്‍, കാണുന്നതും, കാണപ്പെടാത്തതുമായ സര്‍വതിന്റെയും സമാഹാരമാണല്ലോ പ്രപഞ്ചം. ശരിയല്ലേ?

ഇങ്ങിനെ വരുന്‌പോള്‍, പ്രപഞ്ചമുണ്ടായത് ഫിഗ്‌സ് ബോസോണില്‍ നിന്നല്ലാ എന്ന് വരുന്നു? ഇനി ഫിഗ്‌സ് ഫീല്‍ഡില്‍ നിന്നാണോ? അതുമാകാന്‍ ഇടയില്ല. വീണ്ടും പിന്നോട്ട് പോകണം. പോയിപ്പോയി കാര്യ കാരണ സിദ്ധാന്തത്തിലെ ആദ്യ കാരണത്തില്‍ എത്തണം. ആദ്യ കാരണത്തിന് പിന്നില്‍ വേറെ കാര്യവും, കാരണവുമില്ലാ. അതാണ് ആദി. ആദിയില്‍ നിന്ന് തുടങ്ങുകയാണ് സര്‍വസ്വവും. ആദി എന്ന ആദ്യ കാരണം ദൈവമാണ്. ദൈവത്തിന്റെ സ്‌നേഹത്തിന്റെ പ്രവാഹമാണ് പ്രപഞ്ചം. ഈ സ്‌നേഹം, സര്‍വ പ്രപഞ്ചത്തിലും നിറഞ്ഞു നില്‍ക്കുന്നതിനാല്‍, മഹാ പ്രപഞ്ചത്തിലെ ഒരു കേവല ഭാഗമായ നമ്മുടെ ക്ഷീര പഥത്തിലും, ക്ഷീര പഥത്തിലെ കേവല ഭാഗമായ നമ്മുടെ സൗര യൂഥത്തിലും, സൗരയൂഥത്തിലെ കേവല ഭാഗമായ നമ്മുടെ ഭൂമിയിലും, നമ്മുടെ ഭൂമിയുടെ കേവല ഭാഗമായ എന്നിലും, എന്റെ മുന്നിലെ പൂവിലും, പുല്ലിലും, ,പുഴുവിലും, സജീവമായി നിറഞ്ഞു നില്‍ക്കുകയാണ്. ദൈവം സര്‍വ വ്യാപിയാണ് എന്ന് ഏതോ ദാര്‍ശനികന്‍ എന്നോ പറഞ്ഞു വച്ചത് അയാളുടെ തലയിലും അന്നേ ആള്‍ താമസം ഉണ്ടായിരുന്നത് കൊണ്ടാവണം.

പ്രപഞ്ചം എന്നത് എന്തായിരിക്കും, എങ്ങിനെയായിരിക്കും എന്ന് ഭാവന ചെയ്യാന്‍ പോലുമാവാത്തവരാണ് പന്ത്രണ്ടു ഘനയടിയില്‍ ഒതുങ്ങുന്ന പ്രപഞ്ച ഖണ്ഡമായ പാവം മനുഷ്യന്‍. ഒരുറുന്പ് അതിരിക്കുന്ന ഒരു ചതുരശ്ര മീറ്റര്‍ സ്ഥലം കാണുന്നുണ്ടാവാം. അവിടെയിരുന്നു കൊണ്ടാണ് അതിന്റെ പ്രപഞ്ച വിസ്താരം.? ദൈവ വിസ്താരം.? തനിക്കറിയാത്ത കാര്യങ്ങള്‍ പറയുന്നവനെ ഫൂള്‍, ഫൂളിഷ് എന്നീ പേരുകള്‍ വിളിച് സ്വയം ഫൂളാവുന്ന ഫുളുകളും നമ്മുടെ ഇടയില്‍ വലിയ എഴുത്തുകാരായി വിലസുന്നുണ്ട്. ഈ പാരയന്തോണിമാര്‍ അറിയുകയും, പറയുകയും ചെയ്യുന്ന ദൈവം ഒരു ഗുരുവായൂരപ്പനോ, ശബരിമല ശാസ്താവോ, മലയാറ്റൂര്‍ മുത്തപ്പനോ ഒക്കെ ആയിരിക്കും. അവിടങ്ങളില്‍ നിന്ന് പെറുക്കിയെടുക്കുന്ന കുറ്റങ്ങളും, കുറവുകളും നിരത്തി വച്ച് കൊണ്ടാണ് ഇവര്‍ വലിയ യുക്തി വാദികളായി വിലസുന്നത്. തങ്ങള്‍ വെറും മധ്യ വര്‍ഗ്ഗ ബുദ്ധി ജീവികള്‍ മാത്രമാണെന്ന് സ്വയം തിരിച്ചറിയാന്‍ പോലുമാകാത്ത ഈ മസ്തിഷ്ക ശൂന്യര്‍ ഇത്തരം ഗോഷ്ടികള്‍ കാണിച്ചില്ലങ്കിലേ അത്ഭുതമുള്ളു.

സര്‍വ ശക്തിയുടെയും സമൂര്‍ത്ത ഭാവമായ ദൈവത്തില്‍ നിന്നാണ് തുടക്കം എന്ന് അംഗീകരിക്കുവാന്‍ നമ്മുടെ ശാസ്ത്രക്കോച്ചാട്ടന്മാര്‍ക്ക് ഒരു മടി. കണ്ടെത്തുകയും, തെളിയിക്കപ്പെടുകയും ചെയ്താലേ എന്തും വിശ്വസിക്കൂ എന്നൊരു വാശി. ഇതേ മാനറില്‍ ഇന്ന് കണ്ടെത്തുകയും, അംഗീകരിക്കപ്പെടുകയും, പഠിപ്പിക്കുകയും ചെയ്ത കാര്യങ്ങള്‍ യാതൊരു ഉളുപ്പുമില്ലാതെ നാളെ മണ്ടത്തരമാണെന്ന് വിളിച്ചു പറയും. രണ്ടിനും ഗവേഷണ ഫലങ്ങളുടെ ഓരോ കഌന്‍ ചീട്ടും ഹാജരാക്കും!

എന്തെങ്കിലും പുതുതായിപ്പറയാന്‍ തങ്ങള്‍ക്കേ ആധികാരികതയുള്ളു എന്ന ഒരു ധാരണ പൊതു സമൂഹത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. അണ്ടിയോ മൂത്തത്?, മാവോ മൂത്തത്? എന്ന് നോക്കി നോക്കി ഇവര്‍ കുറച്ചധികം പിന്നോട്ട് പോയിട്ടുണ്ട്. ഇപ്പോഴത്തെ കണക്കിന് ഒരു വെറും പതിന്നാല് ബില്യണ്‍ വര്‍ഷങ്ങള്‍. 2008 വരെ ഇത് പതിനഞ്ചര ബില്യണ്‍ വര്ഷങ്ങളായൊരുന്നു. 1927 ല്‍ (ശാസ്ത്രജ്ഞരായ) ജോര്‍ജസ് ലെമായ്റ്റര്‍ ആവിഷ്കരിക്കുകയും, 1929 ല്‍ എഡ്വിന്‍ ഹബ്ബിള്‍ വിശദീകരിക്കുകയും ചെയ്ത ബിഗ് ബാങ് സംഭവിച്ചത് അന്നാണ്. അത് വരെ ഒരു തീക്കുടുക്ക മാത്രമായിരുന്ന സാധനം വളര്‍ന്നു വളര്‍ന്ന് ‘ തിത്തിത്തേയ് ‘ എന്നൊരൊറ്റപ്പൊട്ടല്‍. ഇതാണ് ബിഗ് ബാങ്ങ്. ഈ സ്‌പോടനത്തില്‍ നിന്ന് പ്രപഞ്ചം രൂപം പ്രാപിച്ചു വന്നൂ പോല്‍ ! ഈ ബിഗ് ബാങ്ങിനു കാരണക്കാരായി നിന്ന കയ്യാളന്മാരാണത്രെ ഹൈഡ്രോണ്‍ കൊളൈഡറില്‍ നിന്ന് ലോക ശാസ്ത്ര സമൂഹം കണ്ടെടുത്ത ഫിഗ്‌സ് ബോസോണുകള്‍. ഇവിടെയും കോമണ്‍ സെന്‍സിനു നിരക്കാത്തതായി ചിലത് മുഴച്ചു നില്‍ക്കുന്നുണ്ട്. എന്റെ മുന്‍ ലേഖനങ്ങളില്‍ അത് സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും ഒരു വട്ടം കൂടി അതും ചികയാം.

സ്‌ഫോടനം എന്നാല്‍ വികാസം എന്നാണ് അര്‍ഥം. പാറവെടിയില്‍ പാറകള്‍ പിളരുന്നത് ഈ വികാസം കൊണ്ടാണ്. ഒരു ചെറിയ ഇടത്തില്‍ നിറച്ചു വച്ചിട്ടുള്ള വെടിമരുന്നിന് തീ കൊളുത്തുമ്പോള്‍ അത് വികസിക്കുന്നു. ഒരിഞ്ച് സ്ഥലത്ത് ഒതുങ്ങിയിരുന്നിരുന്ന അതിന് ഇപ്പോള്‍ ഇരിക്കാന്‍ ഒരായിരമോ, ഒരു ലക്ഷമോ ഇഞ്ച് സ്ഥലം വേണം. എതിരെയുള്ള ഏതു തടസങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ട് വെടിമരുന്ന് അതിനാവശ്യമുള്ള സ്ഥലം ആര്‍ജ്ജിക്കുന്നു. ഇവിടെ തടസം നില്‍ക്കുന്നത് കരിമ്പാറകളായതിനാല്‍ അത് പിളരുന്നു, തകരുന്നു.

നമ്മുടെ സയന്റിസ്റ്റ് ചേട്ടന്മാര്‍ പറയുന്ന ബിഗ് ബാങ്ങിന്റെ സമയത്തും ആകെ പ്രശ്‌നമാണ്. ബിഗ് ബാങ്ങിന്റെ തൊട്ടു മുന്‍പത്തെ നിമിഷം വരെ പ്രപഞ്ചമില്ല. കാരണം, കാണപ്പെടുന്നതും, കാണപ്പെടാത്തതുമായ സര്‍വ്വസ്വവുമാണല്ലോ പ്രപഞ്ചം? ഒന്നുമില്ലായ്മയില്‍ ഒരു സ്‌പോടനം നടക്കുന്നതെങ്ങിനെ? സ്‌പോടനത്തിന് ഒരു സ്‌പോടന കേന്ദ്രം വേണം. പാറവെടിയില്‍ വെടിമരുന്ന് പോലെ. സ്‌പോടന കേന്ദ്രത്തിന്റെ ലക്ഷോപലക്ഷം ഇരട്ടി സ്ഥലം വേണം ഒന്ന് സ്‌പോടിക്കണമെങ്കില്‍. ഇവിടെ ഇത് രണ്ടുമില്ല. ഒരു തീക്കുടുക്ക ആയിരുന്നു ബിഗ് ബാങിന് മുന്‍പുള്ള അവസ്ഥ എന്ന് ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പറയുന്നു. തീക്കുടുക്കക്കും സ്ഥിതി ചെയ്യാന്‍ ഇടം വേണമല്ലോ? ഇടം എന്ന അവസ്ഥ ഉണ്ടാവുന്നത് തന്നെ പ്രപഞ്ചത്തിലാണല്ലോ? പ്രപഞ്ചത്തിനു മുന്‍പ് എവിടെ ഇടം?

ഇതെല്ലാം കേട്ട് നമ്മുടെ ശാസ്ത്രക്കൊച്ചാട്ടന്മാര്‍ പിന്‍വാങ്ങുമെന്നാണോ കരുതിയത് ? ഒരിക്കലുമില്ല. അവര്‍ പുത്തന്‍ ഉത്തരങ്ങളുമായി വരും. ബിഗ് ബാങ്ങ് നടന്നത് സ്‌പേസിലാണ്, ശൂന്യതയിലാണ്ഹ എന്നവര്‍ പറഞ്ഞു തരും. കേള്‍ക്കുന്‌പോള്‍ ഒരു സുഖമൊക്കെ തോന്നുമെങ്കിലും, ചിന്തിച്ചു പോയാല്‍ വീണ്ടും പ്രശ്‌നം തല പൊക്കുകയായി ?

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തന്നെ ശൂന്യത എന്നൊന്ന് പ്രപഞ്ചത്തിലില്ലന്ന് വാനശാസ്ത്രം കണ്ടെത്തി. സദാ ചലനാല്മകവും, ഊര്‍ജ്ജ തരംഗങ്ങള്‍ ( രീാെശര ൃമ്യ െ ) അനവരതം പ്രവഹിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു സജീവ വസ്തുവാണ് ആകാശം എന്നവര്‍ കണ്ടെത്തിക്കഴിഞ്ഞു. ആ കണ്ടെത്തലിനെ പൂര്‍ണ്ണമായി അംഗീകരിക്കുന്നതാണ്, പിണ്ഡമില്ലാതെ പിറക്കുന്ന ഫിഗ്‌സ് ബോസോണുകള്‍ പിണ്ഡം സ്വീകരിക്കുന്നത് ഫിഗ്‌സ് ഫീല്‍ഡ് എന്ന ഊര്‍ജ്ജ മണ്ഡലത്തിലൂടെ സഞ്ചരിച്ചിട്ടാണ് എന്ന പുത്തന്‍ കണ്ടെത്തല്‍ !

എന്താണ്, എന്താണ് ഇതിനൊക്കെ അര്‍ഥം? ഇരുട്ടില്‍ ഇല്ലാത്ത പൂച്ചയെ തപ്പുന്ന വിഡ്ഢിയെപ്പോലെ ശാസ്ത്രം തപ്പിത്തടയുകയാണ്. പ്രപഞ്ച ഭാഗമായ സ്‌പേസില്‍ നടന്നുവെന്ന് പറയപ്പെടുന്ന ബിഗ് ബാങ്ങിലൂടെ പ്രപഞ്ചമുണ്ടായി എന്നും, പ്രപഞ്ച ഭാഗമായ ഫിഗ്‌സ് ഫീല്‍ഡില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചു ഫിഗ്‌സ് ബോസോണുകള്‍ പ്രപഞ്ചമുണ്ടാക്കി എന്നുമൊക്കെ പറഞ്ഞാല്‍ ഇതെന്താ മാഷേ, വെള്ളരിക്കാ പട്ടണമാണോ?

തങ്ങള്‍ കണ്ടെത്തയത് ഫിഗ്‌സ് ബോസോണ്‍ തന്നെയാണോ എന്ന സംശയം ശാസ്ത്ര സംഘത്തിലെ ചിലര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. അല്ലെങ്കില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ വേണ്ടി വന്നേക്കുമെന്നും അവര്‍ പറയുന്നു. അടുത്ത കുറെ വര്‍ഷങ്ങള്‍ അടിച്ചു പൊളിക്കാനുള്ള മറ്റൊരു പത്തുബില്യണ്‍ അടിച്ചെടുക്കാനുള്ള വേല ഇറക്കിക്കഴിഞ്ഞു എന്ന് സാരം?

ഈ കണ്ടെത്തല്‍ കൊണ്ട് ഇപ്പോള്‍ മനുഷ്യരാശിക്ക് യാതൊരു പ്രയോജനവുമില്ലന്നും, ശാസ്ത്ര സംഘത്തിലെ ചിലര്‍ പ്രസ്താവിക്കുന്നുണ്ട്. (ഉദാഹരണം : പ്രൊഫസര്‍ വിവേക് ശര്‍മ്മ, ലീഡര്‍ ഓഫ് കോംപാക്ട് മൂവോസ സോളനോയിഡ്. മലയാളം പത്രത്തിലെ വാര്‍ത്ത, ജൂലൈ 18 ). വേനലും, മഴയും, മഞ്ഞും ഒത്തു വന്നാല്‍ ഭാവിയില്‍ മാവ് പൂത്തേക്കാമെന്നും. പ്രപഞ്ചമുണ്ടായത് എങ്ങിനെയെന്നറിയാഞ്ഞിട്ട് വയറു വേദന പിടിപെട്ടവര്‍ക്ക് അന്നുണ്ടാവുന്ന മാമ്പഴം തിന്ന് വേദന മാറ്റാം എന്നുമാണോ നാം മനസിലാക്കേണ്ടത്?

ശാസ്ത്ര നേട്ടങ്ങളുടെ തണലില്‍ വളര്‍ന്നു വന്ന ആധുനിക ലോകത്തില്‍ ജീവിക്കുന്ന ഒരംഗം എന്ന നിലയില്‍ ശാസ്ത്രത്തിന്റെ സംഭാവനകളെ ഞാനും ആദരിക്കുന്നുണ്ട്. ശാസ്ത്രകാരന്മാരുടെ അന്വേഷണങ്ങള്‍ മനുഷ്യരാശിയെ സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക കര്‍മ്മ മേഖലകളിലേക്ക് വഴി തിരിയണം എന്ന് മാത്രമാണ് എന്റെ എളിയ നിര്‍ദ്ദേശം.

മനുഷ്യന് വസിക്കുന്നതിനുള്ള ഈ മനോഹര ഭൂമിയെ ഇതുപോലെ നില നിര്‍ത്തുന്നതിനുള്ള സപ്പോര്‍ട്ടിംഗ് ആക്ടിവിറ്റീസ് നിര്‍വഹിക്കുകയാണ്, ഈ സ്‌നേഹപ്രപഞ്ച മഹാ സൃഷ്ടിയിലൂടെ ദൈവം ലക്ഷ്യം വച്ചിട്ടുള്ളത്. ഈ സന്തുലിതാവസ്ഥ താളം തെറ്റിക്കുന്ന ഏതൊരു നീക്കത്തിനുമെതിരെ ശാസ്ത്രം പ്രതിരോധം ഉയര്‍ത്തണം. വിഷ വിതരണത്തിനെതിരെ, വ്യാവസായിക മാലിന്യങ്ങള്‍ക്കെതിരെ, ആറ്റം സ്‌പോടനങ്ങള്‍ക്കെതിരെ, ആണവ ബോംബുകള്‍ക്കെതിരെ?

ശാസ്ത്രവും സാങ്കേതിക വിദ്യയും മാത്രമല്ല, കലയും സാഹിത്യവുമടക്കമുള്ള എല്ലാം ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളെ എന്ന മനുഷ്യരാശിയുടെ മഹാസ്വപ്നത്തിന്മേല്‍ മുത്തം ചാര്‍ത്തുന്നതാവണം. ദൈവത്തിനും മനുഷ്യനുമിടയില്‍ മധ്യസ്ഥനായി നില്‍ക്കാന്‍ കഴിയാത്ത ഒന്നും കാലത്തെ അതിജീവിച്ചു നിലനില്‍ക്കുകയില്ല…..?

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ദൈവകണം കണ്ടു…… പക്ഷേ, ദൈവത്തെ കണ്ടില്ല? (ലേഖനം)”

  1. Gopalakrishnan Nair says:

    ദൈവ കണം എന്നതു ശാസ്ത്രജ്ഞര്‍ ആക്ഷേപഹാസ്യമായി ഉപയോഗിച്ച പേരാണ്. ആ പരീക്ഷണത്തിന്‍റെ പേര് Collider test എന്നാണു. പരമാണ് സ്ഫോടനത്തില്‍ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നാണു അവര്‍ പരീക്ഷിക്കുന്നത്. എല്ലാറ്റിനും കാരണം ദൈവം എന്നു പറയുന്നവരെ ആക്ഷേപിക്കാനാണ് അവര്‍ ദൈവകണം എന്ന പേരു കൊടുത്തതു. സീരിയസ് ആയല്ല.

    ഹൃദയം മാറ്റ ശസ്ത്രക്രിയ ഡോ കൃസ്ത്യന്‍ ബര്‍ണാഡ് എന്ന ഡോക്ടര്‍ 1960 കളില്‍ ചെയ്തപ്പോള്‍ രണ്ടു പരീക്ഷണവും പരാജയപ്പെട്ടിരുന്നു. അദ്ദേഹം നിരാശനായില്ല. അതുകൊണ്ട് ഇപ്പോള്‍ എത്ര ആളുകള്‍ രക്ഷപ്പെട്ടു.

    എന്നാല്‍ ദൈവ വിശ്വാസികള്‍ക്ക് സംശയം തോന്നുന്ന ഒന്നുണ്ട്. ഒരാള്‍ മരിക്കുമ്പോള്‍ അല്ലേ അയാളുടെ ഹൃദയം എടുക്കുന്നത്. അതു വയ്ക്കുന്നതോ ഹൃദയം മരിച്ച മറ്റൊരാള്‍ക്ക്. അപ്പോള്‍ അയാള്‍ പുതിയ ഹൃദയം തൊട്ടു ഞാന്‍ എന്നു പറയുമ്പോള്‍ ഏതു ഞാന്‍, മരിക്കുമ്പോള്‍ ആരുടെ ആത്മാവ് എന്നൊക്കെ സംശയം തോന്നുകില്ലേ.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top