Flash News

വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ (കവിത)

February 2, 2018 , ജയന്‍ വര്‍ഗീസ്

vilkanund swapnangal-1ഇത്രയും കാലം കരുതിയ മുത്തുകള്‍
വില്‍ക്കുവാന്‍ വച്ചിരിക്കുന്നു ഞാന്‍ ലോകമേ !
പുത്തന്‍ മടിശീലക്കാരെ, സമൂഹത്തിന്റെ
ചുക്കാന്‍ പിടിക്കും സതീര്‍ഥ്യരെ വാങ്ങുക !

സത്യവും, നീതിയും മൂല്യമെന്നോര്‍ത്തു ഞാ –
നോക്കെയും കൂട്ടി നിറച്ചെന്‍ നിലവറ.?
മിഥ്യ, യതൊന്നുമ, ല്ലിന്നിന്റെ യോഗ്യത –
യൊച്ചയില്‍ കൂവുന്ന ജംബുകര്‍ നായകര്‍ !

മുക്കുപണ്ടങ്ങള്‍ കടന്നു കൈയേറുന്ന
പുത്തന്‍ യുഗത്തിന്റെ വാതായനങ്ങളില്‍,
സത്യത്തിനെന്തു വില, യെന്റെ മുത്തുകള്‍
കഷ്ടം ! ചവിട്ടി മെതിക്കുന്നു പന്നികള്‍ ?

ധര്‍മ്മം ശരശയ്യയില്‍ വീണു കേഴുന്ന
മര്‍മ്മര, മിന്നിന്റെ സംഗീതമാകവേ,
നീതി ശാസ്ത്രങ്ങള്‍ പിടയുന്നു, വിക്രീഡ –
മാടുന്നു, വ്യാജക്കരടികള്‍ ചുറ്റിലും !

വര്‍ത്തമാനത്തിന്റെ യുത്തരം താങ്ങുന്ന
വ്യാളീ മുഖങ്ങള്‍ തകര്‍ന്നു വീഴുന്നുവോ ?
കാലഘട്ടത്തിന്റെ കോലങ്ങളാടുന്ന
കാവുകള്‍ തീണ്ടി ക്കളിക്കുന്നടി പൊളി !

ആരുടെ ചോരയും വിറ്റു കാശാക്കി തന്‍
കീശ നിറക്കുന്ന സാമൂഹ്യ സേവകര്‍,
നാലണ കിട്ടിയാ ലാരുടെ മുന്നിലും
നാണമുരിയാന്‍ മടിക്കാത്ത രംഭകള്‍ ?

ഏതോ നിഗൂഢയിടങ്ങളി ലാണവ –
വാണം കുതിക്കാന്‍ തയാറെടുക്കുന്നു പോല്‍ !
വര്‍ഗ്ഗമായ്, ജാതിയായ്, നെറ്റിയില്‍ ലേബലു –
മൊട്ടിച്ചു ചാവേര്‍ തകര്‍ക്കുകയാണു പോല്‍ !

○ ○ ○ ○ ○ ○ ○ ○ ○ ○ ○ ○ ○ ○ ○ ○

ഒന്നുറങ്ങട്ടെ ! ശരശയ്യയില്‍ വീണോ –
രെന്റെ കിനാക്കളും, പൂക്കളും മാത്രമായ് !
എങ്കിലു, മുള്ളിന്റെ യുള്ളില്‍ തളിര്‍ക്കുന്ന
നന്മ തന്‍ കൊന്നയില്‍ പിന്നെയും കിങ്ങിണി

എന്റെ എളിയ രചനകളുടെ ആസ്വാദകര്‍ക്കും, വിമര്‍ശകര്‍ക്കും
ഒരുപോലെ നന്ദി രേഖപ്പെടുത്തുന്നു. നന്ദി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top