Flash News

ചൈന വത്തിക്കാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നു; മാര്‍പാപ്പയ്ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ജ്ഞാനമുണ്ടെന്നും ചൈന

February 6, 2018

Pope_Francis_at_the_general_audience_in_St_Peters_Square_on_Dec_16_2015_Credit_Daniel_Ibanez_CNAപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ജ്ഞാനം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുണ്ടെന്ന് ചൈന. വത്തിക്കാനുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ചൈന താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഉടനെ സാധ്യമാകുമോ എന്നു വ്യക്തമല്ലെങ്കിലും ചൈനയും വത്തിക്കാനും തമ്മില്‍ നയതന്ത്രബന്ധം രൂപപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഔദ്യോഗിക മാധ്യമമായ ‘ഗ്ലോബല്‍ ടൈംസി’ന്റെ മുഖപ്രസംഗത്തിലാണു ചൈനയുടെ പ്രഖ്യാപനം.

ബെയ്ജിങ്ങും വത്തിക്കാനും തമ്മില്‍ താമസിയാതെ നയതന്ത്ര ബന്ധം സ്ഥാപിക്കും. ചൈനീസ് ജനതയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ചു മികച്ച അഭിപ്രായമാണുള്ളത്. ചൈന-വത്തിക്കാന്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിക്കുമെന്നാണു കരുതുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ മാര്‍പാപ്പയ്ക്കു സാധിക്കുമെന്നും മുഖപ്രസംഗം പറയുന്നു.

കത്തോലിക്കരെ സഹായിക്കുന്ന കരാറില്‍ ഇരുരാജ്യങ്ങളും താമസിയാതെ ഏര്‍പ്പെടും. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിലെ കല്ലുകടികള്‍ നിലനില്‍ക്കുമ്പോഴും ചൈനയിലെ ഭൂരിപക്ഷം വരുന്ന കത്തോലിക്കരല്ലാത്ത ആളുകള്‍ക്കു വത്തിക്കാനോടു കാര്യമായ എതിര്‍പ്പില്ല. പരമ്പരാഗതമായി മാര്‍പാപ്പമാരെ ബഹുമാനിക്കുന്നവരാണു ചൈനയിലെ ജനങ്ങളെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

മാര്‍പാപ്പയോടു കൂറുപുലര്‍ത്തുന്നവരും അദ്ദേഹത്തിന്റെ മേല്‍ക്കോയ്മ അംഗീകരിക്കാത്തവരുമായി രണ്ടുവിഭാഗം കത്തോലിക്കാ വിശ്വാസികളാണു ചൈനയിലുള്ളത്. വത്തിക്കാന്‍ ബന്ധമില്ലാത്ത തദ്ദേശീയ കത്തോലിക്കാ സഭയ്ക്കു മാത്രമേ ചൈന പൊതു ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളൂ. സര്‍ക്കാര്‍ അംഗീകാരമുള്ള ഈ സഭയ്ക്കു പള്ളികളില്‍ ആരാധന നടത്താം. മാര്‍പാപ്പയോടു കൂറുപുലര്‍ത്തുന്ന ഭൂരിപക്ഷ വിഭാഗത്തിനു വസതികള്‍ മാത്രമാണ് പ്രാര്‍ഥനയ്ക്ക് അനുമതി.

കടുത്ത അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 1951ലാണു വത്തിക്കാനുമായുള്ള നയതന്ത്രബന്ധം ചൈന വിച്ഛേദിച്ചത്. ഇതിനുശേഷം ചൈനയിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നതു ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്‍ ആണ്. അസോസിയേഷന് അധികാരം നല്‍കിയതിനെച്ചൊല്ലി ചൈന-വത്തിക്കാന്‍ തര്‍ക്കം നിലവിലുണ്ട്. രാജ്യത്തെ ബിഷപ്പുമാരെ വാഴിക്കുന്ന കാര്യത്തിലും തര്‍ക്കമുണ്ട്. മാര്‍പാപ്പയുടെ അംഗീകാരമില്ലാതെ ചൈനയിലെ തദ്ദേശീയ കത്തോലിക്കാ സഭ വാഴിച്ച ബിഷപ്പിനെ റോമന്‍ കത്തോലിക്കാ സഭ റദ്ദാക്കിയിരുന്നു. ബിഷപ്പിനെ വാഴിച്ച നടപടി നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയായിരുന്നു വത്തിക്കാന്റെ നടപടി.

ഏതാനും വര്‍ഷം മുന്‍പു ബിഷപ്പുമാരെ നിയമിക്കുന്ന കാര്യത്തില്‍ വത്തിക്കാന്റെ അഭിപ്രായംകൂടി പരിഗണിക്കാമെന്നു ചൈന വ്യക്തമാക്കിയിരുന്നു. സ്ഥാനമേറ്റതു മുതല്‍ ചൈന സന്ദര്‍ശിക്കാനും ബന്ധം മെച്ചപ്പെടുത്താനുമുള്ള താല്‍പര്യം ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രകടിപ്പിക്കുന്നുണ്ട്. 2014ല്‍ മാര്‍പാപ്പയുടെ ദക്ഷിണകൊറിയ സന്ദര്‍ശന വേളയില്‍ ചൈനയുടെ ആകാശത്തുകൂടി കടന്നുപോകാന്‍ മാര്‍പാപ്പയുടെ വിമാനത്തിനു അനുമതി നല്‍കിയിരുന്നു. ചൈനയുടെ ആകാശത്തുകൂടി കടന്നുപോകുമ്പോള്‍ ചൈനീസ് ജനതയ്ക്കു ആശംസയറിയിച്ചു മാര്‍പാപ്പ ടെലഗ്രാം അയച്ചതു വാര്‍ത്തയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top