Flash News

രാജസ്ഥാനില്‍ ബി.ജെ.പിയെ ഞെട്ടിച്ച് കോണ്‍‌ഗ്രസ്; ചില ബൂത്തുകളില്‍ ബിജെപിയ്ക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല

February 9, 2018

vasundhara-raje

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ബിജെപിക്ക് വീണ്ടും ഞെട്ടല്‍ സമ്മാനിച്ച് ബൂത്തുതല കണക്കുകള്‍ പുറത്ത്. മിക്ക ബൂത്തുകളിലും വിരലിലെണ്ണാവുന്ന വോട്ടുകള്‍ മാത്രമാണ് ബിജെപിയുടെ സമ്പാദ്യം. ചിലയിടങ്ങളില്‍ ഒരു വോട്ടു പോലും നേടാത്ത സ്ഥാനാര്‍ഥികള്‍ വരെയുണ്ട്. ഏഴു മാസത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ടതായിരുന്നു അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകള്‍. വിമത സ്ഥാനാര്‍ഥിയുണ്ടായിട്ടും രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസിനായിരുന്നു ഉജ്വല വിജയം. മൂന്നിടത്തും കോണ്‍ഗ്രസ് ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ് പിടിച്ചെടുത്തത്.

ഉപതെരഞ്ഞെടുപ്പിന്റെ സൂക്ഷ്മ അവലോകനത്തിലാണു ബൂത്തുതല കണക്കുകള്‍ പുറത്തായത്. കോണ്‍ഗ്രസിന്റെ വിജയവും തങ്ങളുടെ തോല്‍വിയും തമ്മില്‍ ഇത്ര വ്യത്യാസമുണ്ടാകുമെന്ന് കരുതിയില്ലെന്നു ബിജെപി വൃത്തങ്ങള്‍ പറയുന്നു. നസീറാബാദ് നിയമസഭാ മണ്ഡലത്തിലെ 223ാം നമ്പര്‍ ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്കു കിട്ടിയത് വെറും ഒരു വോട്ടാണ്. കോണ്‍ഗ്രസിന് 582. ബൂത്ത് 224ല്‍ ബിജെപി രണ്ടു വോട്ടു നേടി നില ‘മെച്ചപ്പെടുത്തി’യപ്പോള്‍ കോണ്‍ഗ്രസിന് 500.

ദുധു നിയമസഭാ മണ്ഡലത്തില്‍ കാര്യങ്ങള്‍ ഇതിനേക്കാള്‍ കഷ്ടമാണ്. 49ാം ബൂത്തില്‍ ഭരണകക്ഷിക്ക് ഒരു വോട്ടു പോലും നേടാനായില്ല. കോണ്‍ഗ്രസിന് ഇവിടെ 337 വോട്ടുണ്ട്. ബിജെപിയുടെ ഇലക്ഷന്‍ ഏജന്റുമാര്‍ പോലും പാര്‍ട്ടിക്കു വോട്ടു ചെയ്തില്ലെന്നതാണു സത്യം.

അല്‍വര്‍ ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ ഡോ. കരണ്‍സിങ് യാദവ് 1,96,496 വോട്ടുകള്‍ക്കാണു സംസ്ഥാന തൊഴില്‍ മന്ത്രിയായ ബിജെപി സ്ഥാനാര്‍ഥി ഡോ.ജസ്വന്ത് സിങ് യാദവിനെ തോല്‍പ്പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 6,42,416 വോട്ടു ലഭിച്ചപ്പോള്‍ ബിജെപി 4,45,920 വോട്ടുകള്‍ നേടി. 2014ല്‍ ബിജെപി 2.5 ലക്ഷം വോട്ടിനു ജയിച്ച മണ്ഡലമാണിത്. രണ്ടു ലക്ഷത്തോളം വോട്ടുകളാണ് ഉപതെരഞ്ഞെടുപ്പില്‍ ഒലിച്ചുപോയത്.

അജ്‌മേര്‍ ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ രഘു ശര്‍മ 84,414 വോട്ടുകള്‍ക്കു ബിജെപിയുടെ രാംസ്വരൂപ് ലാംബയെ കീഴടക്കി. രഘു ശര്‍മ 6,11,514 വോട്ടുകളും രാംസ്വരൂപ് 5,27,100 വോട്ടുകളും നേടി. മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിവേക് ധക്കര്‍, ബിജെപിയുടെ ശക്തിസിങ് ഹഡയെ 12,976 വോട്ടുകള്‍ക്കാണു തോല്‍പിച്ചത്.

മോദി തരംഗത്തില്‍ 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പിറ്റേ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിലും വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ആക്കം കൂട്ടുന്നതാണു വിജയം. ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസ് ശക്തമായി തുടരുന്നതിന്റെ സൂചനകളാണിതെന്നാണു കരുതുന്നത്. പക്ഷേ, ഭരണകക്ഷിയായ ബിജെപിയുടെ നില പരുങ്ങലിലാണെന്നു പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

വിവിധ സാമുദായിക വിഭാഗങ്ങള്‍ക്കു മുഖ്യമന്ത്രി വസുന്ധര രാജെയോടുള്ള അതൃപ്തി, കാര്‍ഷികമേഖലയിലെ പ്രതിസന്ധി, നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുള്ള നടപടികള്‍ മൂലം പ്രതിസന്ധിയിലായ വ്യാപാര-വാണിജ്യ മേഖല എന്നിവയൊക്കെ പരാജയത്തിന് കാരണമായെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിജെപി നേതാവ്‌

ജയ്പൂര്‍: രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജയെയും പാർട്ടി സംസ്ഥാന അധ്യക്ഷൻ അശോക് പർനാമിയെയും തൽസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ബിജെപി നേതാവ് അശോക് ചൗധരി. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ചൗധരി കത്തെഴുതി. വസുന്ധര രാജയുടേയും അശോക് പർമാനിയുടേയും പ്രവർത്തനത്തിൽ പാർട്ടി പ്രവർത്തകർ അതൃപ്തരാണ്. രാജസ്ഥാനിലെ ബിജെപി പ്രവർത്തകരുടെ ശബ്ദമാണ് തന്റെ കത്തിലുള്ളത്. പ്രവർത്തകരുടെ നിസഹായാവസ്ഥയാണ് കത്തിലെ ഓരോ വാക്കിലുമുള്ളതെന്നും അദ്ദേഹം പറയുന്നു. ബിജെപിയുടെ ഒബിസി സെൽ കോട്ട ജില്ലാ അധ്യക്ഷനാണ് ചൗധരി.

അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ മണ്ഡലത്തിലും ബിജെപിക്ക് കനത്ത പരാജയം സംഭവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടിയിൽ പൊട്ടിത്തെറികൾ രൂപപ്പെട്ടത്.

വസുന്ധരയുടെ പ്രവർത്തനത്തിൽ സംസ്ഥാനത്തെ ജനങ്ങൾ അതൃപ്തിയിലാണ്. അവരുടെ പ്രവർത്തന ശൈലിയിൽ പാർട്ടിപ്രവർത്തകർ‌ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. സംസ്ഥാന അധ്യക്ഷൻ പർനാമി മുഖ്യമന്ത്രിയുടെ അടിമയായാണ് പ്രവർത്തിക്കുന്നത്. ഉപതെരഞ്ഞെടുപ്പിലെ പരാജയം താഴേത്തട്ടിലെ പ്രവർത്തകർ അനുമാനിച്ചിരുന്നതാണ്. പാർട്ടിയെ വസുന്ധര നയിച്ചാൽ തോൽവി വീണ്ടും ഉണ്ടാകും. കർഷകർ അടക്കുമുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ വസുന്ധരയുടെ ഭരണത്തിൽ കടുത്ത അമർഷത്തിലാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top