Flash News

‘മാണിക്യമലരി’ന്റെ രചയിതാവ് ഇവിടെയുണ്ട്​, റിയാദില്‍

February 13, 2018 , നജീം കൊച്ചുകലുങ്ക്, റിയാദ്

jabbar-karuppadanna-maijnറിയാദ്: യൂട്യൂബില്‍ തരംഗം തീര്‍ക്കുന്ന ‘മാണിക്യമലരായ പൂവി’യെ സൃഷ്ടിച്ച പാട്ടെഴുെത്തുകാരന്‍ തിരക്കിലാണ്. പലചരക്ക് കടയില്‍ നിറയെ ആളുകള്‍. കസ്റ്റമറുടെ ആവശ്യമറിയണം, സാധനങ്ങളുടെ വിലപറയണം, കണക്ക് പറഞ്ഞ് പണം വാങ്ങണം. അതിനിടയില്‍ അസര്‍ ബാങ്ക് കേള്‍ക്കുന്നു. കടയടക്കണം. സഹജോലിക്കാരന്‍ ഷട്ടറിടുന്നു. അപ്പോള്‍ മാത്രം ഒന്ന് മൂരി നിവര്‍ന്നുനിന്നു. ‘‘ക്ഷമിക്കണം, ഇതാണ് അവസ്ഥ. ഇപ്പോള്‍ ബാങ്കുവിളിച്ചത് കൊണ്ട് നമുക്കല്‍പം സംസാരിക്കാം.’’ പി.എം.എ ജബ്ബാര്‍ കരുപ്പടന്ന എന്ന ബഖാല ജീവനക്കാരന്‍, സിനിമാ പാട്ടെഴുത്തുകാരനായി, അല്ല നാല് പതിറ്റാണ്ടായി മലയാളികളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്ന വിശ്രുത മാപ്പിളപ്പാട്ടിന്റെ രചയിതാവായി സംസാരിക്കാന്‍ തുടങ്ങി.

‘ഒരു അഡാര്‍ ലവ്’ എന്ന പുതിയ മലയാള സിനിമയിലെ 10 പാട്ടുകളിലൊന്നായ ‘മാണിക്യമലരായ പൂവി’ റിലീസ് ചെയ്തത് വെള്ളിയാഴ്ചയാണ്. വൈകീട്ടത് യൂട്യൂബിലെത്തി മണിക്കൂറുകള്‍ക്കകം തരംഗമായി മാറി. 48 മണിക്കൂർ കഴിയുമ്പോഴേക്കും ഹിറ്റ് 30 ലക്ഷം കടന്നു. പാട്ടിന്റെ വിജയശില്‍പികളുടെ പേരുകള്‍ക്കിടയിൽ കണ്ട പി.എം.എ ജബ്ബാര്‍ കരുപ്പടന്ന റിയാദിലുണ്ടെന്ന് അറിഞ്ഞ് അദ്ദേഹം ജോലി ചെയ്യുന്ന ബഖാല തേടിപ്പിടിച്ചുപോയതാണ്. മൊബൈല്‍ നമ്പര്‍ തരപ്പെടുത്തി അതില്‍ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. വാട്സ് ആപ്പിലും ഫേസ്ബുക്കിലുമൊന്നും പ്രതികരണമില്ല. ഒടുവില്‍ സത്താര്‍ മാവൂര്‍ എന്ന മാപ്പിളപ്പാട്ട് ഗായകന്റെ സഹായത്തോടെയാണ് മലസ് ഫോര്‍ട്ടീന്‍ സ്ട്രീറ്റിലെ ആഷിഖ് സ്റ്റോര്‍ ബഖാലയില്‍ നിന്ന് ആളെ കൈയ്യോടെ പിടികൂടിയത്.

27797354_10156151854932265_8205407058665324005_o‘‘ദേഷ്യമരുത്, ഫോണ്‍ എടുക്കാന്‍ പോലും സമയമില്ലാത്തത് കൊണ്ടാണെന്ന്’’ കണ്ടയുടനെ തന്നെ ക്ഷമാപണം. പാട്ട് റിലീസ് ചെയ്തതും ഹിറ്റാവുന്നതും എല്ലാം അറിയുന്നുണ്ട്. അന്ന് തന്നെ യൂട്യൂബില്‍ കയറി പാട്ടും കേട്ടു. ഷാന്‍ റഹ്മാന്റെ പുനരാവിഷ്കാരവും ഉമര്‍ ലുലുവിന്റെ ദൃശ്യാവിഷ്കാരവും ഇഷ്ടമായി. പാട്ട് രംഗങ്ങളെ കുറിച്ച് ചില്ലറ വിവാദങ്ങളുണ്ടെന്ന് കേള്‍ക്കുന്നു. അതിലൊരു കാര്യവുമില്ല. ഒരു പാട്ട് കേള്‍ക്കുമ്പോള്‍, സിനിമ കാണുമ്പോള്‍ ആളുകളുടെ മനസില്‍ പല വികാരങ്ങളും വിചാരങ്ങളും വരും. പ്രവാചകനും ഖദീജയും തമ്മിലുള്ള വിവാഹവും അവര്‍ തമ്മിലുള്ള സ്നേഹത്തിന്റെ ഇഴയടുപ്പവുമാണ് പാട്ടിന്റെ വിഷയം.

സ്കൂളിലെ കലോത്സവ വേദിയില്‍ ഒരു ഗായകന്‍ പാടുന്നതാണ് സിനിമയിലെ രംഗം. അത് കേള്‍ക്കുമ്പോള്‍ കൗമാര പ്രായക്കാരുടെ മനസില്‍ വിടരുന്ന വികാര വിചാരങ്ങളും ഭാവനയുമാണ് അതിലുള്ളത്. മനോഹരമായാണ് അത് ചിത്രീകരിച്ചിരിക്കുന്നത്. പാട്ടിനെ പാട്ടായും പ്രണയത്തെ പ്രണയമായും സിനിമയെ സിനിമയുമായി കണ്ടാല്‍ ഒരു വിവാദത്തിനുമിടയില്ല. പാട്ടിന്റെ സിനിമാവിഷ്കാരം ഇത്ര ഹിറ്റാവുമെന്ന് കരുതിയതേയില്ല.

1978ലാണ് താനീ പാട്ട് എഴുതുന്നത്. ആകാശവാണിയിലൂടെയും മറ്റും അറിയപ്പെട്ട മാപ്പിളപ്പാട്ടുകാരനായ റഫീഖ് തലശ്ശേരി തന്റെ ഒരു ബന്ധുവിനെയാണ് വിവാഹം കഴിച്ചത്. അങ്ങനെയാണ് അദ്ദേഹവുമായുള്ള അടുപ്പം. മാണിക്യമലരടക്കം താനെഴുതിയ നിരവധി പാട്ടുകള്‍ റഫീഖ് ഇൗണം നല്‍കി പാടിയിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് ഷാന്‍ റഹ്മാന്‍ സിനിമക്ക് വേണ്ടി ഇൗ പാട്ട് ആവശ്യപ്പെട്ട വിവരം റഫീഖ് അറിയിച്ചത്. സന്തോഷം തോന്നി. പാട്ട് റിലീസ് ചെയ്യുന്ന വിവരവും ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.

തൃശൂര്‍ ജില്ലയിലെ കരൂപ്പടന്ന പുതിയ വീട്ടില്‍ പരേതരായ മുഹമ്മദ് മുസ്ലിയാര്‍ – ആമിന ദമ്പതികളുടെ ഏക ആണ്‍തരിയായാണ് ജനനം. ഒരു സഹോദരിയുണ്ട് ഫാത്തിമ. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളജില്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചുകാലം മതപഠനം നടത്തി. ഒരു മദ്റസയിൽ അധ്യാപകനായി. അതുകൊണ്ട് ആളുകള്‍ ഇപ്പോഴും ഉസ്താദ് എന്നാണ് വിളിക്കാറ്. 15 വര്‍ഷം ഖത്തറില്‍ ജോലി ചെയ്തു. പിന്നീടാണ് റിയാദിലേക്ക് വന്നത്. പുത്തന്‍ചിറ ചിലങ്ക സ്വദേശി അബ്ദുറഷീദാണ് വിസ തന്ന് ഇവിടെ കൊണ്ട് വന്ന് ബഖാലയില്‍ ജോലിയേല്‍പിച്ചത്. ഇവിടെയും 15 വര്‍ഷമായി. എട്ടുമാസം മുമ്പാണ് ഒടുവില്‍ നാട്ടില്‍ പോയി മടങ്ങിയത്. ഭാര്യ: ആയിഷ ബീവി. ഗ്രാഫിക് ഡിസൈനറായ മകന്‍ അമീന്‍ മുഹമ്മദ് കുറച്ചുകാലം റിയാദിലുണ്ടായിരുന്നു. മകള്‍ റഫീദ വിവാഹിത. അനീഷാണ് മരുമകന്‍.

കുട്ടിക്കാലം മുതലേ പരന്ന വായനയുണ്ടായിരുന്നു. ഇപ്പോഴും വായിക്കും. നാട്ടില്‍ പോയിവരുമ്പൊഴെല്ലാം പുസ്തകങ്ങള്‍ കൊണ്ടുവരും. വായനയില്‍ നിന്നാണ് വാക്കുകളുടെ സമ്പത്തുണ്ടായത്. 16 വയസ് മുതല്‍ പാട്ടെഴുെതുന്നു. ഇതുവരെ 500ലേറെ പാട്ടുകളെഴുതി കഴിഞ്ഞു. എന്നാലും ‘മാണിക്യമലരോളം’ ഹിറ്റായത് വേറെയില്ല. എന്നാല്‍ സര്‍ഗവഴിയില്‍ നിന്ന് ഇതുവരെ ഒരു വരുമാനവും ലഭിച്ചിട്ടില്ല. മാണിക്യമലരിന്റെ രചയിതാവ് എന്ന് തിരിച്ചറിഞ്ഞ റിയാദിലെ ചില സാംസ്കാരിക പ്രവര്‍ത്തകര്‍ മുമ്പൊരിക്കല്‍ ഒരു സ്വീകരണം നല്‍കിയിരുന്നു. ആ ചടങ്ങില്‍ രണ്ട് നോട്ടുമാല ആളുകള്‍ അണിയിച്ചു. മാലകള്‍ അഴിച്ച് എണ്ണിയപ്പോള്‍ ആയിരത്തിലേറെ റിയാലുണ്ടായിരുന്നു. അതാണ് പാട്ടിലൂടെ ആകെ കിട്ടിയ വരുമാനം. വരുമാനത്തിന് വേണ്ടിയല്ല, മനഃസംതൃപ്തിക്കും റഫീഖിന് പാടാനും വേണ്ടിയാണ് എഴുതിയിരുന്നത്. അടുത്തിടെ എഴുതിയ 12 പാട്ടുകള്‍ റിയാദിലെ സുഹൃത്ത് സത്താര്‍ മാവൂര്‍ ‘അറേബ്യന്‍ നശീദ’ എന്ന പേരില്‍ മാപ്പിളപ്പാട്ട് ആല്‍ബമാക്കി ഇറക്കിയിട്ടുണ്ട്. ഇത്രയും പറഞ്ഞുകഴിയുമ്പോഴേക്കും അസര്‍ നമസ്കാര സമയം കഴിഞ്ഞു കട തുറക്കേണ്ട സമയമായിരുന്നു. ഷട്ടര്‍ തുറന്നതും പുറത്തുകാത്തുനിന്ന ആളുകള്‍ അകത്തേക്ക് കയറി. മാണിക്യമലര് മൂളി അദ്ദേഹം ജോലിയിലേക്കും ഞങ്ങള്‍ പുറത്തേക്കും.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top