Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****    ഇമിഗ്രേഷന്‍ വിഷയങ്ങളിലെ അവ്യക്തത കോവിഡിനു ശേഷവും തുടരും; ഫോമാ വെബിനാറില്‍ അറ്റോര്‍ണി സ്റ്റെഫാനി സ്കാര്‍ബോറോ   ****    ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****    രമ്യ ഹരിദാസ്‌ എംപി പ്രവാസി മലയാളികളുമായി സംവദിക്കുന്നു   ****   

കോണ്‍ഗ്രസ് മുക്ത ഭാരതവും മോദിയുടെ ചരിത്ര നിര്‍മ്മിതിയും

February 15, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

cong banner1കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയം ആരുടേതാണ്. ഗാന്ധിജിയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ എഴുന്നേറ്റുനിന്നു പറയുമ്പോള്‍ അത് ചരിത്രമായി രാജ്യം സ്വീകരിക്കണം. അല്ലെന്നുവരുമ്പോള്‍ വിശ്വാസ്യത തകര്‍ന്നുവീഴുക പ്രധാനമന്ത്രിയുടേതു മാത്രമല്ല പാര്‍ലമെന്റിന്റേതുകൂടിയാണ്.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കവെ ലോകസഭയില്‍ ഞെട്ടിപ്പിക്കുന്ന നിരവധി ചരിത്ര പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി നടത്തി. രാഷ്ട്രപിതാവിനെത്തന്നെ സാക്ഷിയായി ഉദ്ധരിച്ച് കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ രാഷ്ട്രീയ മുദ്രാവാക്യം പ്രധാനമന്ത്രി ന്യായീകരിച്ചു:

‘കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന് ആദ്യമുന്നയിച്ചത് ബി.ജെ.പിയല്ല. ഗാന്ധിജിയാണ്. സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചുവിടണമെന്നാണ് ഗാന്ധിജി ആവശ്യപ്പെട്ടത്.’

രാഷ്ട്രപിതാവിന്റെ അന്തിമ ഒസ്യത്തെന്നും കല്പനയെന്നും ചരിത്രം വിശേഷിപ്പിക്കുന്ന ഒരു കുറിപ്പ് 1948 ജനുവരി 30ന് നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റ് മരണപ്പെടുന്നതിന്റെ മൂന്നുദിവസം മുമ്പ് ഗാന്ധിജി തയാറാക്കിയിരുന്നു. അതിന്റെ ആദ്യ ഖണ്ഡിക ഇങ്ങനെ:

‘രണ്ടായി പിളര്‍ന്നെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവിഷ്‌ക്കരിച്ച മാര്‍ഗങ്ങളിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയിരിക്കുന്നു. കോണ്‍ഗ്രസ് ഇന്നത്തെ അതിന്റെ ഘടനയിലും ആകൃതിയിലും അതിന്റെ ഉപയോഗം അതിജീവിച്ചുകഴിഞ്ഞു. ഇപ്പോഴത് ഒരു പാര്‍ലമെന്ററി യന്ത്രവും പ്രചാരണ വാഹനവുമാണ്.

Photo1‘ഇന്ത്യന്‍ നഗരങ്ങളില്‍നിന്നും പട്ടണങ്ങളില്‍നിന്നും വേറിട്ടു നില്‍ക്കുന്ന ഏഴു ലക്ഷം ഗ്രാമങ്ങള്‍ക്ക് സാമൂഹികവും ധാര്‍മ്മികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം നേടിയെടുക്കേണ്ടതുണ്ട്. സൈനിക ശക്തിക്കുമേല്‍ സിവില്‍ സമൂഹത്തിന്റെ ആധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടം നടക്കാന്‍ പോകുന്നു. രാജ്യത്തിന്റെ ജനാധിപത്യ ലക്ഷ്യങ്ങള്‍ക്കും പുരോഗതിക്കും രാഷ്ട്രീയ പാര്‍ട്ടികളും വര്‍ഗീയ സംഘടനകളുമായുള്ള അനാരോഗ്യകരമായ മത്സരത്തില്‍നിന്ന് കോണ്‍ഗ്രസിനെ പുറത്തു നിര്‍ത്തേണ്ടതുണ്ട്.

‘ഇതടക്കം സമാനമായ മറ്റ് കാരണങ്ങള്‍ കൊണ്ട് നിലവിലുള്ള കോണ്‍ഗ്രസ് സംഘടനയെ പിരിച്ചുവിടാന്‍ എ.ഐ.സി.സി തീരുമാനിക്കുന്നു. താഴെ പറയുന്ന വകുപ്പുകളനുസരിച്ച് ഒരു ലോകസേവാ സംഘമായി വികസിപ്പിക്കാന്‍ തീരുമാനിക്കുന്നു. സന്ദര്‍ഭം ആവശ്യപ്പെടുന്ന പക്ഷം അതില്‍ മാറ്റം വരുത്താനുള്ള അധികാരത്തോടെ.’

രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടിയതോടെ കോണ്‍ഗ്രസ് സംഘടനയുടെ ആവശ്യമില്ലാതായെന്നും അതിനെ ചവറ്റുകുട്ടയിലെറിയണമെന്നുമല്ല ഗാന്ധിജി പറഞ്ഞത്. സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടി, വിശേഷിച്ചും ഗ്രാമീണ ഭാരതത്തിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് തുല്യനീതി ലഭ്യമാക്കുന്ന സേവനത്തിന് വിപുലമായ ജനസേവന സംഘമായി കോണ്‍ഗ്രസിനെ രൂപാന്തരപ്പെടുത്തണമെന്നാണ്. അത് എ.ഐ.സി.സി ചര്‍ച്ചചെയ്ത് അംഗീകരിക്കാനുള്ള കരട് ഭരണഘടനാ രൂപവും വ്യവസ്ഥകളും ആ സംഘടനയോട് ബന്ധപ്പെടുത്തി പ്രവര്‍ത്തിപ്പിക്കേണ്ട അഞ്ച് സ്വയംഭരണ സംഘടനകളുടെ വിശദാംശങ്ങളുമാണ് കരട് രൂപമായി ഗാന്ധിജി തയാറാക്കിയിരുന്നത്. അതിനുള്ള സാമ്പത്തിക സ്രോതസ് പാവപ്പെട്ടവരില്‍നിന്നു മാത്രം സ്വരൂപിക്കണമെന്ന നിര്‍ദ്ദേശത്തോടെ.

ഗാന്ധിജിയുടെ മരണാനന്തരം 1948ല്‍ പുറത്തുവന്ന ‘ഹരിജനി’ലാണ് ‘അവസാന ഒസ്യത്തും കല്പനയു’മെന്ന തലക്കെട്ടില്‍ ഇത് പരസ്യപ്പെടുത്തിയത്.

ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ച, ബി.ജെ.പി അവരുടെ രാഷ്ട്രീയ മുദ്രാവാക്യമായി മുന്നോട്ടുകൊണ്ടുപോകുന്ന ‘കോണ്‍ഗ്രസ്മുക്ത ഭാരതം’ എന്ന ലക്ഷ്യം ഗാന്ധിജി നേരത്തെ മുന്നോട്ടു വെച്ചതാണെന്ന് ഇപ്പോള്‍ പ്രധാനമന്ത്രിയെപ്പോലൊരാള്‍ പ്രഖ്യാപിക്കുന്നതിനെപ്പറ്റി ലജ്ജാകരമെന്നല്ലാതെ മറ്റെന്തു പറയാനാകും.

സ്വാതന്ത്ര്യ സമരത്തിന് നിര്‍ണ്ണായക നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനെയും ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിനെയും കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞതിങ്ങനെ: ‘1947 ഓഗസ്റ്റ് 15നാണ് ഇന്ത്യ ഉണ്ടായതെന്നും പണ്ഡിറ്റ് നെഹ്‌റു വഴിയാണ് ഇന്ത്യയില്‍ ജനാധിപത്യം വന്നതെന്നും കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു.’

പ്രധാനമന്ത്രി നെഹ്‌റു ഇരുന്ന അതേ സീറ്റില്‍ എഴുന്നേറ്റുനിന്ന് മോദി ചെയ്ത പ്രസംഗം കോണ്‍ഗ്രസിനെ വലിച്ചുകീറി എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ ചരിത്രമാണ് പ്രധാനമന്ത്രി വലിച്ചു കീറിയത്.

D3_6_10

പുതിയ യുഗം : ജവഹര്‍ലാല്‍ നെഹ്‌റു 1947 ആഗസ്റ്റ് 15ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്യുന്നു.

രാജ്യത്തെ വിഭജിച്ചതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസില്‍ മാത്രം കെട്ടിവെച്ചതും, ആദ്യ പ്രധാനമന്ത്രി സര്‍ദാര്‍ പട്ടേലായിരുന്നെങ്കില്‍ കശ്മീരിന്റെ ഒരു ഭാഗം പാക്കിസ്താന് അടിയറവെക്കേണ്ടി വരികയില്ലായിരുന്നു എന്നും, ഒരു കുടുംബത്തിനു വേണ്ടിയാണ് കോണ്‍ഗ്രസ് രാജ്യതാല്പര്യം ബലികഴിച്ചതെന്നും മറ്റും മോദിയുടെ വിമര്‍ശിക്കുകയുണ്ടായി. വ്യക്തിഗതമായ രാഷ്ട്രീയ ആരോപണങ്ങള്‍. അതുപക്ഷെ, പാര്‍ലമെന്റിന്റെ വേദിയില്‍ അവതരിപ്പിച്ചതിന്റെ ന്യായാന്യായതകളെക്കാള്‍ പ്രധാനം മുകളില്‍ പറഞ്ഞ ചരിത്ര വിഷയങ്ങളാണ്.

1947 ആഗസ്റ്റ് 15ന് ഒരു പുതിയ ഇന്ത്യ ഉണ്ടായി എന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്. അതിന്റെ തുടര്‍ച്ചയില്‍നിന്നാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദി ലോകസഭയില്‍ സംസാരിച്ചതുപോലും.

1947 ആഗസ്റ്റ് 14ന് പാതിരാത്രി മുഴങ്ങുമ്പോള്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന നിലയില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നെഹ്‌റുതന്നെയാണ് ഇന്ത്യയുടെ പുതിയ ജന്മത്തെക്കുറിച്ച് പറഞ്ഞത്: ലോകം ഉറങ്ങിക്കിടക്കവെ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നെണീക്കുകയാണെന്ന്. ഒരു യുഗം അവസാനിക്കുകയും ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യയുടെ ആത്മാവ് സംസാരിച്ചു തുടങ്ങുകയാണെന്ന്. ഇന്ത്യ ആ ദിവസമാണ് പിറന്നുവീണതെന്നല്ല നെഹ്‌റു പറഞ്ഞത്. ‘നീണ്ട വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മള്‍ (ഇന്ത്യക്കാര്‍) വിധിയുമായി ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു എന്നും ഇപ്പോള്‍ അതിന്റെ സമയം സമാഗതമായെന്നു’മാണ്.

പ്രധാനമന്ത്രി പേരിനു പ്രസംഗത്തില്‍ പരാമര്‍ശിച്ചുപോയ ബി.സി കാലഘട്ടത്തിലെ ലിച്ചാവി ഗോത്രങ്ങളുടെ ജനാധിപത്യ ഭരണരീതികളോ മഹാവീര – ബുദ്ധ കാലങ്ങളിലെ ചരിത്ര-സാംസ്‌ക്കാരിക വസ്തുതകളോ നെഹ്‌റു തള്ളിപ്പറഞ്ഞിട്ടില്ല. ചരിത്രത്തിന്റെ പുലര്‍വേളയില്‍തന്നെ ഇന്ത്യ അതിന്റെ അവസാനിക്കാത്ത അന്വേഷണം ആരംഭിച്ചതാണെന്നും നൂറ്റാണ്ടുകളിലൂടെ അതിന്റെ മുന്നേറ്റവും പരാജയവും ഒരുപോലെ രേഖപ്പെടുത്തി പോന്നതാണെന്നുമാണ് പറഞ്ഞത്. അതുകൊണ്ടൊന്നും കാഴ്ചയോ അന്വേഷണമോ നഷ്ടമായില്ലെന്നും കരുത്തു പകര്‍ന്ന ആശയങ്ങള്‍ വിസമരിക്കപ്പെട്ടില്ലെന്നുമാണ്. കോളനി വാഴ്ചയുടെ നീണ്ട അടിമത്തം അവസാനിപ്പിച്ച് ഇന്ത്യ വീണ്ടും സ്വയം കണ്ടെത്തുകയാണെന്നുമാണ്.

ജനപ്രതിനിധികളെന്ന നിലയില്‍ എല്ലാവര്‍ക്കുംവേണ്ടി രാജ്യത്തെ ജനങ്ങളോട് നെഹ്‌റു അഭ്യര്‍ത്ഥിച്ചത് ഏറ്റെടുക്കാന്‍പോകുന്ന മഹത്തായ ദൗത്യത്തില്‍ പങ്കാളികളാവാനാണ്. നിസ്സാരവും നാശകരവുമായ വിമര്‍ശനങ്ങള്‍ക്കുള്ള സമയമല്ലെന്നും പരസ്പരം കുറ്റപ്പെടുത്തുന്നതിനും വെറുപ്പു സൃഷ്ടിക്കുന്നതിനുമുള്ള സമയമല്ലെന്നുമാണ്. സ്വതന്ത്ര ഇന്ത്യയുടെ എല്ലാ മക്കള്‍ക്കും കഴിയാനുള്ള മഹത്തായ സൗധം കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ കര്‍ത്തവ്യമെന്നും. ലോകത്തിനുകൂടിയുള്ള ഇന്ത്യയുടെ ആ സ്വപ്നം ഒരിക്കലും ഒറ്റപ്പെട്ട, ചിതറിയ കഷണങ്ങളാക്കി പിളര്‍ക്കാകെ നോക്കണമെന്നുമാണ്. പക്ഷെ, നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി അതിന്റെ പൊരുള്‍ മനസ്സിലാക്കാതെപോയി.

ഭരണഘടനാ സഭയില്‍ സന്നിഹിതരായ അംഗങ്ങള്‍ക്കെല്ലാം പ്രധാനമന്ത്രി നെഹ്‌റു ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഇങ്ങനെ: ‘ഇന്ത്യയിലെ ജനങ്ങള്‍ കഠിന യാതനകളിലൂടെയും ബലിദാനങ്ങളിലൂടെയും സ്വാതന്ത്യം നേടിയെടുത്ത ഈ പാവന നിമിഷത്തില്‍ ഇന്ത്യയുടെ ഭരണഘടനാ സഭയില്‍ അംഗമായ — എന്ന ഞാന്‍ എല്ലാ വിനയത്തോടും ഇന്ത്യയുടെയും അവരുടെ ജനങ്ങളുടെയും സേവനത്തിനായി സ്വയം സമര്‍പ്പിക്കുന്നു. ഈ അതിപുരാതന രാജ്യത്തിന് ലോകത്ത് അര്‍ഹമായ സ്ഥാനം ലഭ്യമാക്കുന്നതിനും ലോകസമാധാനവും മാനവരാശിയുടെ ക്ഷേമവും ലഭ്യമാക്കുന്നതിനും സ്വയം സമര്‍പ്പിക്കുന്നു’ എന്നാണ്.

modi-in-parliament-pti

ചരിത്രം തിരുത്തുന്നു : ലോകസഭയില്‍ പ്രധാനമന്ത്രി മോദി

വിധിയോടുള്ള സമാഗമം എന്ന നെഹ്‌റുവിന്റെ ചരിത്രവിഖ്യാത പ്രസംഗം ഒരിക്കല്‍ക്കൂടി പാര്‍ലമെന്റില്‍ മുഴങ്ങി. 1987 ആഗസ്റ്റ് 30ന് അതേ സെന്‍ട്രല്‍ ഹാളില്‍ നെഹ്‌റുവിന്റെ പ്രസംഗം കേള്‍പ്പിച്ചായിരുന്നു സ്വാതന്ത്ര്യത്തിന്റെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ തുടക്കംകുറിച്ചത്. പാവനമായ ആ ചടങ്ങില്‍ ആദരം പകര്‍ന്ന് രാഷ്ട്രപതി വെങ്കട്ടരാമനും പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഉപരാഷ്ട്രപതിയും ഇരുസഭകളുടെ അധ്യക്ഷരും മന്ത്രിമാരും നയതന്ത്രപ്രമുഖരും മാത്രമല്ല സാദരം എഴുന്നേറ്റുനിന്നത്. ഇന്നത്തെ പ്രധാനമന്ത്രി മോദിയുടെ പാര്‍ട്ടിയായ ബി.ജെ.പിയുടെ സ്ഥാപകനേതാക്കള്‍ എ.ബി വാജ്‌പേയിയും എല്‍.കെ അദ്വാനിയും ആ ചരിത്ര സദസ്സിന്റെ മുന്‍നിരയില്‍ വിനയാദരവോടെ നില്‍പ്പുണ്ടായിരുന്നു.

തുല്യ അവസരവും തുല്യ നീതിയും ജാതി-മത- പ്രാദേശിക- ഭാഷാ – വിശ്വാസഭേദമന്യേ സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യം നമുക്കിനിയും നേടാനായിട്ടില്ല. അക്കാര്യം നിരന്തരം നെഹ്‌റു ഓര്‍മ്മിപ്പിച്ചിരുന്നു. ഒടുവില്‍ മരണം അടിവെച്ച് അടുക്കുമ്പോഴും തന്റെ പ്രതിജ്ഞയും ലക്ഷ്യവും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന കുറ്റബോധം നെഹ്‌റുവിനെ നയിച്ചിരുന്നു. ‘ഇനിയും ഏറെ നാഴികകള്‍ താണ്ടാനുണ്ടെ’ന്ന റോബര്‍ട്ട് ഫ്രോസ്റ്റ് എന്ന മഹാകവിയുടെ വരികളിലുടക്കിയാണ് അവസാനം നെഹ്‌റുവിന്റെ കണ്ണിലെ വെളിച്ചംപോലും പറന്നുപോയത്.

നെഹ്‌റുവിന്റെ കാലത്തും തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മറ്റ് പ്രധാനമന്ത്രിമാര്‍ ഭരണം തുടര്‍ന്നപ്പോഴും പലപ്പോഴും ലക്ഷ്യത്തില്‍നിന്ന് പിഴയ്ക്കുകയും തെറ്റുകള്‍ ചെയ്തുകൂട്ടുകയും ഉണ്ടായിട്ടുണ്ട്. ആ വിമര്‍ശം വസ്തുതാപരവും സത്യസന്ധവുമായി ഉയര്‍ത്തുകയും അത് തിരുത്തുകയും പൂര്‍ത്തിയാകാത്ത ജനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നയങ്ങളും പരിപാടികളും മുന്നോട്ടുകൊണ്ടുപോകുകയും ആയിരുന്നു ബി.ജെ.പിയുടെ നേതാവാണെങ്കില്‍പോലും നെഹ്‌റുവിന്റെ പിന്‍ഗാമിയായ നരേന്ദ്രമോദി ചെയ്യേണ്ടിയിരുന്നത്.

പകരം ‘കോണ്‍ഗ്രസ്മുക്ത ഭാരതം’ തന്റെ മുന്‍ഗണനയും ലക്ഷ്യവുമായി പാര്‍ലമെന്റിലും ജനങ്ങള്‍ക്കുമുമ്പിലും അവതരിപ്പിച്ചാല്‍ ചരിത്രം എങ്ങനെ പ്രതികരിക്കുമെന്നത് കാണാനിരിക്കുന്നതേയുള്ളൂ.

പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയും മന്ത്രിസഭയില്‍ അംഗങ്ങളായ സഹപ്രവര്‍ത്തകും ഇരുസഭയുടെയും അധ്യക്ഷ സ്ഥാത്തേക്ക് നിയോഗിക്കപ്പെട്ട ബി.ജെ.പി നേതാക്കളും രാഷ്ട്രപതിയായി അധികാരമേറ്റ ബി.ജെ.പിയുടെ പ്രതിനിധിയുമെല്ലാം ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്തവരാണ്. ആ ഭരണഘടനയുടെ ആധാരമായ നയപ്രഖ്യാപന പ്രമേയം അവതരിപ്പിച്ചതും അംഗീകരിപ്പിച്ചതും ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ബി.ആര്‍ അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഭരണഘടനാ ശില്പികള്‍ ലോകോത്തരമായ ഒരു ഭരണഘടന യാഥാര്‍ത്ഥ്യമാക്കിയതില്‍ നെഹ്‌റുവിനുള്ള പങ്ക് മാറ്റിനിര്‍ത്താനാവില്ല.

ഇതിനുമുമ്പ് മൂന്നുതവണ അധികാരത്തില്‍ വരികയും ഇപ്പോള്‍ ഭരണകാലാവധി പൂര്‍ത്തിയാക്കാനിരിക്കുകയും ചെയ്യുന്ന ബി.ജെ.പി ഗവണ്മെന്റുകള്‍ ഇക്കാര്യത്തില്‍ എന്തു നിര്‍വ്വഹിച്ചു എന്ന് പാര്‍ലമെന്റിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് മോദി ചെയ്യേണ്ടിയിരുന്നത്. പകരം പാര്‍ലമെന്റിലും പുറത്തും ഉയരുന്ന ഗുരുതരമായ ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരം നല്‍കാതെ മുന്നോട്ടുപോകുകയാണ്. അപ്പോഴും രാജ്യത്തിന്റെ ഭരണചരിത്രംപോലും വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും എന്നതിലേറെ രാജ്യത്തിനും ഇതെന്തു ഗുണം ചെയ്യുമെന്നാണ് ഭരണഘടന തൊട്ട് പ്രതിജ്ഞചെയ്ത പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദി ചിന്തിക്കേണ്ടത്.

പട്ടേല്‍ ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ കശ്മീരിന്റെ ഒരു ഭാഗം പാക്കിസ്താന്‍ അധീനത്തിലാകുമായിരുന്നില്ലെന്ന് പ്രധാനമന്ത്രി മോദി പറയുമ്പോള്‍ 1950 ജൂലൈ 10ന് ഷേഖ് അബ്ദുള്ള നെഹ്‌റുവിനെഴുതിയ കത്തിലെ ഈ പരാമര്‍ശംകൂടി ഓര്‍ക്കേണ്ടതാണ്:

‘ഇന്ത്യയോട് ചേരണമെന്ന് പലവട്ടം ഞാന്‍ വ്യക്തമാക്കിയതാണ്. പ്രതീക്ഷയുടെയും ഉത്ക്കടമായ അഭിലാഷത്തിന്റെയും രണ്ടു നക്ഷത്രങ്ങളായി ഗാന്ധിജിയെയും താങ്കളെയുമാണ് ഞങ്ങള്‍ കാണുന്നത്. പാക്കിസ്താനോട് എന്തൊക്കെ പൊരുത്തം ഞങ്ങള്‍ക്കുണ്ടെങ്കിലും അവരുടെ നയങ്ങളുമായി ഒരിക്കലും ഞങ്ങളുടെ പരിപാടി യോജിക്കുന്നില്ല. അതുകൊണ്ടാണ് ഞങ്ങള്‍ അവരുമായി ചേരാതിരുന്നത്.’

ആദ്യ മന്ത്രിസഭയിലേക്ക് പട്ടേലിനെ ക്ഷണിച്ചുകൊണ്ട് നെഹ്‌റു എഴുതിയ കത്തിന് പട്ടേല്‍ അയച്ച മറുപടിയും മോദി ഇനിയെങ്കിലും വായിച്ചറിയേണ്ടതുണ്ട്. ക്ഷണം സ്വീകരിച്ച് പട്ടേല്‍ നെഹ്‌റുവിന് എഴുതി: ‘എന്റെ സേവനം താങ്കളെ ഞാന്‍  ഭാരമേല്പിക്കുന്നു. എന്റെ ജീവിതാന്ത്യംവരെ ചോദ്യം ചെയ്യാനാവാത്ത കൂറും എന്നില്‍നിന്നു താങ്കള്‍ക്കു പ്രതീക്ഷിക്കാം. താങ്കളെപ്പോലെ ഇന്ത്യയ്ക്കുവേണ്ടി ത്യാഗംചെയ്ത മറ്റൊരാളില്ല. തകര്‍ക്കാന്‍ കഴിയാത്തതാണ് നമ്മുടെ ചേര്‍ച്ച. അവിടെയാണ് നമ്മുടെ ശക്തി നിലകൊള്ളുന്നത്.’


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top