Flash News

ഷുഹൈബിന്റെ കൊലപാതകം; മുഖ്യമന്ത്രി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് കെ. സുധാകരന്‍ നിരാഹാര സമരം ആരംഭിക്കുന്നു

February 16, 2018

K-Sudhakaran-Full-198198-830x412

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തില്‍ നീതിതേടി കെ.സുധാകരന്‍ തിങ്കളാഴ്ച നിരാഹാരസമരം തുടങ്ങും. യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

കണ്ണൂര്‍ എസ്.പിയെ കെട്ടിയിട്ടിരിക്കുകയാണെന്ന് കെ.സുധാകരന്‍ ആരോപിച്ചു. എം.വി.ജയരാജന്‍ ഡിവൈ.എസ്.പിമാരെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ്. പരോളിലല്ലാതെ കൊടി സുനി രാത്രി ജയിലിന് പുറത്തുപോകുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

എന്നാല്‍ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് കണ്ണൂർ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം അവകാശപ്പെട്ടു. പൊലീസിന് വീഴചയുണ്ടായിട്ടില്ല. കേസ് തെളിയിക്കാൻ സമർദമുണ്ടെങ്കിലും അന്വേഷണത്തിലാണ് പൊലീസ് ശ്രദ്ധയെന്നും എസ്പി ന്യൂസിനോട് പറഞ്ഞു.

ആരോപണവുമായി ചെന്നിത്തലയും

ഷുഹൈബ് വധക്കേസില്‍ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി.പി വധക്കേസിലെ പ്രതി കൊടി സുനി അടക്കം 19 പേര്‍ക്ക് പരോള്‍ അനുവദിച്ചത് ഷുഹൈബിനെ വധിക്കാനാണെന്ന് ചെന്നിത്തല ആരോപിച്ചു. കൊലപാതകത്തിന് പിന്നില്‍ ജയിലില്‍ നിന്നിറങ്ങിയ വാടകക്കൊലയാളികളാണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരോള്‍ ഉത്തരവിന്റ പകര്‍പ്പുകളും ചെന്നിത്തല മാധ്യമങ്ങള്‍ക്ക് കൈമാറി.

കഴിഞ്ഞമാസം 12ന് കണ്ണൂരില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ ഷുഹൈബിനെ സ്പെഷല്‍ ജയിലില്‍ വച്ച് ചില സി.പി.എമ്മുകാരായ തടവുകാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഒപ്പമുമുണ്ടായിരുന്നയാള്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവിന്റ ഗുരുതര ആരോപണം. കഴിഞ്ഞ 23ന് ടി.പി വധക്കേസിലെ പ്രതി കൊടി സുനിയടക്കം 19 പേര്‍ക്ക് പരോള്‍ അനുവദിച്ചത് ഷുൈഹബിനെ കൊല്ലാനുള്ള നീക്കത്തിന്റ ഭാഗമാണന്നാണ് ചെന്നിത്തലയുടെ ആരോപണം. നേരത്തെയിറങ്ങിയ മറ്റ് ചിലരുടെ പരോള്‍ വീണ്ടും 15 ദിവസത്തേക്ക് കൂടി നീട്ടികൊടുത്തതും ഇതിനുവേണ്ടിയാകാം.

ഡമ്മി പ്രതികളെ സി.പി.എം കൈമാറുന്നത് കാത്തിരിക്കുകയാണ് പൊലീസ്. മുഖ്യമന്ത്രിയുടെ മൗനം പ്രതികളെ സഹായിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു. പൊലീസിന്റ നിസംഗതയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും ഷുഹൈബിന്റ കുടുംബത്തെ സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top