Flash News

നടി ആക്രമിക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല; അന്വേഷണ സംഘവും ഇപ്പോഴില്ല; ദിലീപ് പുതിയ സിനിമയുടെ തിരക്കില്‍

February 18, 2018

Dileep_Suni_760x400കൊച്ചി: നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. കേരളത്തെ പിടിച്ചുകുലുക്കിയ സംഭവത്തില്‍ നടന്‍ ദിലീപ് അടക്കം 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരുടെ വിചാരണ തുടങ്ങാനിരിക്കെ കേസിലെ നിര്‍ണായക തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നടിയെ ആക്രമിയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനായുള്ള അന്വേഷണം നിലച്ചിരിക്കുകയാണ്.

ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരു അന്വേഷണ സംഘം തന്നെ നിലവിലില്ലെന്നതാണ് വസ്തുത. രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചതോടെ അന്വേഷണ സംഘത്തെ ഏതാണ്ട് പിരിച്ചുവിട്ട അവസ്ഥയാണ്. ഇതു സംബന്ധിച്ച ഔദ്യോഗികമായി അറിയിപ്പൊന്നും വന്നില്ലെങ്കിലും അന്വേഷണസംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും മറ്റു ചുമതലകളേറ്റെടുത്ത് വിവിധ സ്ഥലങ്ങളിലേക്ക് മാറിക്കഴിഞ്ഞു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണോ മെമ്മറി കാര്‍ഡോ കണ്ടെത്തുന്നതില്‍ പൊലീസിന് വലിയ വീഴ്ച പറ്റി. ഇവ രണ്ടും ഇതിനോടകം നശിപ്പിക്കപ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് അവസാനം അന്വേഷണസംഘം എത്തിനില്‍ക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി കേസിലെ മറ്റു പ്രതികളായ അഭിഭാഷകര്‍ക്ക് കൈമാറിയിരുന്നു. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഇവര്‍ ഈ തൊണ്ടിമുതല്‍ നശിപ്പിച്ചിരിക്കാമെന്ന് പൊലീസ് കരുതുന്നു.

അതേസമയം കേസില്‍ രണ്ടാമത് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഫോണ്‍ വീണ്ടെടുക്കാനായി അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്. ഫോണ്‍ നശിപ്പിക്കപ്പെട്ടുവെന്ന വിവരം വിചാരണ ആരംഭിക്കുന്നതിന് മുമ്പായി കോടതിയെ പൊലീസ് അറിയിച്ചേക്കും എന്നാണ് സൂചന. ഫോണിന് എന്തു സംഭവിച്ചു എന്ന കാര്യം കോടതിയെ കൃത്യമായി ബോധിപ്പിച്ചാല്‍ മാത്രമേ പോലീസ് ഇനി മുന്നോട്ട് പോകാന്‍ സാധിക്കൂ. കേസിലെ നിര്‍ണായക തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് ദുര്‍ബലമാകും, പ്രതികളുടെ മേലുള്ള പിടി അയയും.

2017 ഫെബ്രുവരി 17ന് രാത്രി കൊച്ചിയില്‍ ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടത്. നടിയെ ആക്രമിക്കുന്നതിന് കൂട്ടു നിന്ന ഡ്രൈവര്‍ മാര്‍ട്ടിന്‍ ആദ്യം പൊലീസ് പിടിയിലായി. പിന്നീട് സംഭവത്തില്‍ ഗൂഢാലോചന മണത്ത പൊലീസ് സിനിമാ പ്രവര്‍ത്തകരുടെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. അവസാനം എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയില്‍ നിന്ന് വലിച്ചിറക്കി പൊലീസ് അറസ്റ്റു ചെയ്തു.

ചലച്ചിത്ര മേഖലയിലെ വനിതാ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. ഇവര്‍ വിഷയത്തില്‍ ശക്തമായി ഇടപെടുകയും മാധ്യമങ്ങള്‍ വാര്‍ത്ത സജീവമാക്കി നിര്‍ത്തുകയും ചെയ്തതോടെ പൊലീസ് അന്വേഷണവും ഊര്‍ജിതമാക്കി. പണത്തിന് വേണ്ടി ക്വട്ടേഷന്‍ സംഘം നടത്തിയ ആക്രമണം എന്നതില്‍ ഒതുങ്ങിപ്പോകാമായിരുന്ന കേസ് അങ്ങിനെ നടന്‍ ദിലീപിലേക്ക് എത്തി.

പൊലീസിന്റെ ആദ്യ കുറ്റപത്രത്തില്‍ നടിയെ ആക്രമിച്ച് ബ്ലാക്‌മെയില്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗപ്പെടുത്തിയെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കേസില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് പൊലീസ് മൗനം പാലിച്ചു. പിന്നെയാണ് സുനി ജയിലില്‍ നിന്ന് എഴുതിയ കത്ത് പുറത്തുവരുന്നതും ദിലീപിനെതിരെ ആരോപണം ശക്തമായതും. ജൂണ്‍ 28ന് ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും പൊലീസ് ചോദ്യം ചെയ്തു. 13 മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു.

ഒടുവില്‍ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായി. എന്നാല്‍ പ്രധാന തൊണ്ടിമുതല്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതിനിടയില്‍ ജാമ്യത്തിന് വേണ്ടി ദിലീപ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവില്‍ 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു. 12 പേരാണ് കേസിലെ പ്രതികള്‍. വിചാരണ എപ്പോള്‍ തുടങ്ങണമെന്ന് തീരുമാനിക്കാനായി കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.

കേസിലെ തൊണ്ടിമുതല്‍ ഹാജരാക്കാന്‍ പൊലീസിന് കഴിയാതെ വന്നതോടെ കേസ് ദുര്‍ബലമാകാനുള്ള സാധ്യതയാണുള്ളത്. ആ ആശ്വാസത്തിലാകണം ദിലീപും. അദ്ദേഹം ഇപ്പോള്‍ കമ്മാര സംഭവം എന്ന സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. ചിത്രത്തില്‍ 96 വയസ്സുകാരന്‍ കമ്മാരനായുള്ള ദിലീപിന്റെ രൂപമാറ്റം ശ്രദ്ധ നേടിക്കഴിഞ്ഞു. മരുളി ഗോപി തിരക്കഥയെഴുതി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top