Flash News

ബ്ലസ്സിയുടെ അടുത്ത ചിത്രം ആടു ജീവിതത്തില്‍ പൃഥ്വിരാജും അമല പോളും; മാര്‍ച്ച് ആദ്യ ആഴ്ച ചിത്രീകരണം ആരംഭിക്കുന്നു

February 19, 2018

aadu-jeevitham-830x412ബ്ലെസി പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആടുജീവിതത്തില്‍ നായികയായി അമല പോള്‍. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിയുടെ നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായ സൈനുവായിട്ടാണ് അമല പ്രത്യക്ഷപ്പെടുക. അടുത്തവര്‍ഷം ഭൂരിഭാഗം സമയവും ഇരുതാരങ്ങളും സിനിമയുടെ സെറ്റിലായിരിക്കുമെന്നും സൂചനയുണ്ട്.

അമലയുടെ അഭിനയത്തെക്കുറിച്ചും ബ്ലസി പ്രതികരിച്ചു. അമലയുടെ അഭിനയ കഴിവുകള്‍ ഇതുവരെ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതിനുതക്ക കഥാപാത്രങ്ങളെയും അവര്‍ക്ക അധികം ലഭിച്ചിട്ടില്ല. ഞാന്‍ കണ്ട സിനിമകളില്‍വച്ച്, മിലിയില്‍ മാത്രമാണ് അവര്‍ക്ക് എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നത്. അതവര്‍ മികച്ചതുമാക്കി- ബ്ലസി പറയുന്നു.

സൈനുവിന്റെ ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളിലൂടെയാകും അമല കടന്നുപോകുക. ഇതുവരെ ചെയ്തതില്‍നിന്നും വെല്ലുവിളി ഉയര്‍ത്തുന്ന വേഷമാകും ഇത്. പരമാവധി പെര്‍ഫോം ചെയ്യാവുന്ന തരത്തിലായിരിക്കും സിനിമയിലെ അവരുടെ വേഷപ്പകര്‍ച്ചയും. അമലയ്ക്കത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമെന്നാണു കരുതുന്നതെന്നും ബ്ലസി പറഞ്ഞു. അമലയുടെ കണ്ണുകളിലൂടെതന്നെ സൈനുവിന്റെ സ്വപ്‌നങ്ങളും ജീവിതവും പ്രതഫലിപ്പിക്കാന്‍ കഴിയും.

മാര്‍ച്ച് ഒന്നിനു ചിത്രീകരണം ആരംഭിക്കാനാണു പദ്ധതി. ആദ്യം കേരളത്തിലായിരിക്കും ലൊക്കേഷന്‍. അതിനുശേഷം രാജസ്ഥാന്‍, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലും ഷൂട്ടിങ് ഉണ്ടാകും. ലീനിയര്‍ നരേറ്റീവിലൂടെയാകും ഷൂട്ടിങ്. അതുപോലെ മാത്രമേ ഇതു ചിത്രീകരിക്കാന്‍ കഴിയൂ. നജീബിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ സൗദി അറേബ്യയിലും പോകേണ്ടിവരും. ആദ്യ ഭാഗത്ത് നജീബ് ആരോഗ്യവാനാണ്. അതിനുശേഷമാകും പൃഥ്വിരാജ് ക്ഷീതിനായി, മെലിഞ്ഞുണങ്ങുക. 18 മാസമാണ് ആടുജീവിതത്തിനായി പൃഥ്വിരാജ് മാറ്റിവച്ചിരിക്കുന്നത്.

ആടുജീവിതം പൂര്‍ത്തിയാക്കുന്നതോടെ ‘വേലുത്തമ്പി ദളവ’യായിരിക്കും അടുത്ത പ്രോജക്ട് എന്നു പൃഥ്വിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ആടുജീവിതത്തിനുവേണ്ടി അടുത്തിടെ പൃഥ്വിരാജ് കാസ്റ്റിങ് കോള്‍ പുറത്തുവിട്ടിരുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചു വിവരമൊന്നും ഇല്ലാതായതോടെ സിനിമ നിര്‍ത്തിവച്ചെന്നുവരെ പ്രചാരണമുണ്ടായിരുന്നു. ഇതെല്ലാം അപ്രസക്തമാക്കിയാണ് അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ കാസ്റ്റിങ് കോള്‍ നടത്തിയത്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ.

നാട്ടില്‍നിന്നും ജോലിക്കായി ഗള്‍ഫിലെത്തി അറബിയുടെ ആടിനെ മേയ്ക്കുന്ന ജോലിയില്‍ ദുരിതം അനുഭവിക്കുന്ന യുവാവിന്റെ കഥയാണ് ആടുജീവിതം. മണല്‍ വാരല്‍ തൊഴിലാളിയായിരുന്നയാള്‍ മണലാരണ്യത്തില്‍ കൊടും ചൂടില്‍, സംസാരിക്കാന്‍ പോലും ആളില്ലാതെ ആടുകളോടു സംസാരിച്ച് ഭാഷ മറന്നുപോകാതിരിക്കാനുള്ള കഠിന ശ്രമവും നടത്തുന്നത് അങ്ങേയറ്റം സങ്കീര്‍ണ രംഗങ്ങളാണ്. ഇവിടെനിന്നും രക്ഷപ്പെട്ട് ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തുന്നതാണ് കഥ.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ബെന്യാമിന്‍ രചിച്ച നോലിലെ ‘യഥാര്‍ഥ’ നായകനു വീണ്ടും കുടുംബത്തിലെ പട്ടിണി മാറ്റാന്‍ ഗള്‍ഫിലേക്കു തിരികെപ്പോകേണ്ടിവന്നു എന്നതു മറ്റൊരു സത്യം. പൃഥ്വിരാജിന് ഏറെ വെല്ലുവിളിയുണ്ടാക്കുന്ന വേഷമായിരിക്കും ഇതെന്നതില്‍ സംശയമില്ല.

aadujeevitham-movie-prithviraj-450x600


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top