Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****    ഇമിഗ്രേഷന്‍ വിഷയങ്ങളിലെ അവ്യക്തത കോവിഡിനു ശേഷവും തുടരും; ഫോമാ വെബിനാറില്‍ അറ്റോര്‍ണി സ്റ്റെഫാനി സ്കാര്‍ബോറോ   ****    ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****    രമ്യ ഹരിദാസ്‌ എംപി പ്രവാസി മലയാളികളുമായി സംവദിക്കുന്നു   ****   

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഞ്ചു വര്‍ഷങ്ങളും അജപാലനവും

February 19, 2018 , ജോസഫ് പടന്നമാക്കല്‍

Pope banner1കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ജോര്‍ജ് ബെര്‍ഗോളിയോ (ഫ്രാന്‍സിസ് മാര്‍പാപ്പ) 1936 ഡിസംബര്‍ പതിനേഴാം തിയതി അര്‍ജന്റീനയില്‍ ബ്യൂണസ് അയേഴ്‌സ് (Buenos Aires) എന്ന ഗ്രാമത്തില്‍ ജനിച്ചു. മാതാവ് മാരിയോയും പിതാവ് റജീന ബെര്‍ഗോളിയുമായിരുന്നു. 2013-ല്‍ മാര്‍പാപ്പയായി ചുമതലയേറ്റപ്പോള്‍ അസ്സീസിയിലെ ഫ്രാന്‍സീസിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചു. യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നല്ലാത്ത പ്രഥമ മാര്‍പാപ്പയായി അറിയപ്പെടുന്നു. അതുപോലെ അമേരിക്കന്‍ ഉപഭൂഖണ്ഡത്തില്‍നിന്നും ആദ്യമായി മാര്‍പാപ്പയുടെ കിരീടം അണിഞ്ഞുതും അദ്ദേഹമായിരുന്നു. ജെസ്യുട്ട് സഭയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയായും ചരിത്രം കുറിച്ചു.

padanna3ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍ജന്റീനയില്‍ സ്വന്തം നാട്ടില്‍ കര്‍ദ്ദിനാളായിരുന്ന കാലത്തുപോലും സാധാരണക്കാരനെപ്പോലെ ജീവിച്ചിരുന്നു. കര്‍ദ്ദിനാള്‍മാര്‍ക്കുള്ള കൊട്ടാരത്തില്‍ താമസിക്കാതെ ലളിതമായ അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്. യാത്രകള്‍ ചെയ്തിരുന്നത് കൂടുതലും ട്രെയിനിലും മറ്റു പൊതു വാഹനങ്ങളിലുമായിരുന്നു. സെമിനാരിയില്‍ പഠിക്കുന്നതിനു മുമ്പ് അദ്ദേഹം കെമിക്കല്‍ എഞ്ചിനീയറായിരുന്നു. കൂടാതെ നിശാക്ലബില്‍ അതിഥികളായി വരുന്നവരെ ശ്രദ്ധിക്കാനായി ബൗണ്‍സര്‍ ജോലിയും ചെയ്തിരുന്നു. 1969-ല്‍ പൗരാഹിത്യം സ്വീകരിച്ചു. മാര്‍പാപ്പയായി തിരഞ്ഞെടുത്തയുടന്‍ ലോകത്തെ അനുഗ്രഹിക്കുന്നതിനു പകരം തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനാണ് ആവശ്യപ്പെട്ടത്. മുന്‍ഗാമികള്‍ താമസിച്ചിരുന്ന മനോഹര രാജമന്ദിരത്തില്‍ താമസിയ്ക്കാതെ അവിടെ ഒഴിഞ്ഞുകിടന്നിരുന്ന ഒരു ചെറിയ വീട്ടില്‍ താമസവും ആരംഭിച്ചു. .

മാര്‍പാപ്പ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍കൊണ്ട് ക്രിയാത്മകവും പുരോഗമനപരവുമായ പ്രവര്‍ത്തനങ്ങളില്‍ക്കൂടി പ്രസിദ്ധനായി തീര്‍ന്നു. മാറ്റങ്ങളുടെ മാര്‍പാപ്പയെന്നും ഇദ്ദേഹത്തെ വിളിക്കാറുണ്ട്. മനുഷ്യന്‍ എന്തു ജാതിയാണെങ്കിലും ഏതു മതത്തില്‍ വിശ്വസിച്ചാലും ലോകത്ത് നടമാടിയിരിക്കുന്ന അനീതിയിലും അക്രമത്തിലും ലജ്ജിക്കണമെന്നു മാര്‍പാപ്പ പറയുന്നു. സമത്വപൂര്‍ണ്ണമായ ഒരു ലോകത്തെയാണ് അദ്ദേഹം സ്വപ്നം കാണുന്നത്.

വിനയവും ലാളിത്യവും അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. ദരിദ്ര ലോകത്തോടും രോഗികളോടും ഉത്കണ്ഠ പുലര്‍ത്തിക്കൊണ്ടുള്ള ഒരു ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. വ്യത്യസ്തമായ ജീവിതരീതികളും സാംസ്‌ക്കാരിക ദര്‍ശനങ്ങളും ലളിതമായ ജീവിതവും കാരണം ഫ്രാന്‍സീസ് മാര്‍പാപ്പ ലക്ഷോപലക്ഷം ജനങ്ങളുടെ ഹൃദയങ്ങളില്‍ പ്രിയപെട്ട പാപ്പയായി സ്ഥാനം പിടിച്ചു കഴിഞ്ഞു. ആഡംബര ജീവിതവും പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നതും എതിര്‍ക്കുന്നു. സ്വതന്ത്രമായ ഒരു സഭാന്തരീക്ഷം അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ധര്‍മ്മപ്രബോധവും സന്മാര്‍ഗവുമായ ജീവിതവും ലോകത്തിനുതന്നെ ഒരു മാതൃകയാണ്.

ആഗോളതലത്തില്‍ മാര്‍പാപ്പയുടെ പ്രയത്നം ഏറ്റവുമധികം സഫലമായത് അമേരിക്കന്‍ ഐക്യനാടുകളും ക്യൂബയും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിലൂടെയായിരുന്നു. അക്കാര്യത്തില്‍ മാര്‍പാപ്പയുടെ നേതൃത്വം ലോക സമാധാനത്തിനു നല്‍കിയ അനിവാര്യമായ ഒരു സംഭാവന തന്നെയാണ്. ഒബാമ ഭരണകൂടവും ക്യൂബയുടെ സര്‍ക്കാരും തമ്മിലുള്ള ഉടമ്പടികളുടെ ഗുണദോഷങ്ങളെപ്പറ്റി ട്രംപ് ഭരണകൂടത്തില്‍ ഔപചാരികമായ ചര്‍ച്ചകളുണ്ടായിരുന്നു.

a1 (1)എന്നിരുന്നാലും മാര്‍പാപ്പയുടെ ശ്രമങ്ങള്‍ക്ക് ഫലം കണ്ടതും അതുവഴി ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചതും അഭിനന്ദിനീയം തന്നെ. 2015 മെയ് ഇരുപത്തിയൊമ്പതാം തിയതി ക്യൂബായെ അമേരിക്കയുടെ ഭീകര ലിസ്റ്റില്‍ നിന്ന് എടുത്തുകളയുകയും ചെയ്തു. ശീത സമരത്തിനുശേഷം ക്യൂബായുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു ശമനമുണ്ടായതും ഫ്രാന്‍സീസ് മാര്‍പാപ്പയുടെ നേട്ടമായിരുന്നു. മാര്‍പാപ്പയുടെ ശ്രമഫലമായി ക്യൂബയിലും അമേരിക്കയിലും ജയിലില്‍ കഴിയുന്ന തടവുകാരായ പൗരന്മാരെ മോചിപ്പിച്ചു. 2014 ഡിസംബറില്‍ ‘റൗള്‍ കാസ്‌ട്രോ’ മാര്‍പാപ്പയുടെ സേവനങ്ങളെ മാനിച്ചുകൊണ്ട് പരസ്യമായി നന്ദി രേഖപ്പെടുത്തിയതും ചരിത്രമായിരുന്നു. 1959-ല്‍ ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോ പള്ളികള്‍ പണിയുന്നത് നിരോധിച്ചിരുന്നു. ഫ്രാന്‍സീസ് മാര്‍പാപ്പയുടെ നയതന്ത്ര ഫലമായി ആ ഉപരോധം നീക്കം ചെയ്യുകയും ചെയ്തു.

മാര്‍പാപ്പയായി ചുമതലയേറ്റ ശേഷം ഏതാനും മാസത്തിനുള്ളില്‍തന്നെ വത്തിക്കാന്‍ ബാങ്കിനുള്ളിലെ ക്രമക്കേടുകളെ ഇല്ലാതാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് വത്തിക്കാന്‍ ബാങ്കില്‍ വമ്പിച്ച തോതില്‍ സാമ്പത്തിക ക്രമക്കേടുകളുണ്ടായിരുന്നു. ബാങ്കിങ്ങ് പ്രവര്‍ത്തനങ്ങളെ സമൂലമായി മാറ്റങ്ങള്‍ക്കു വിധേയമാക്കിയും ബാങ്കിന്റെ വരവ് ചിലവുകളെപ്പറ്റി ശരിയായ ബാലന്‍സ്ഷീറ്റ് തയ്യാറാക്കിയും വത്തിക്കാന്‍ ബാങ്കിങ്ങ് വളരെയധികം കാര്യക്ഷമമുള്ളതാക്കി തീര്‍ത്തു.

പരിഷ്‌ക്കരണങ്ങള്‍ക്കായി പോപ്പ് ഫ്രാന്‍സിസ് ഒരു കമ്മറ്റിയെ നിയമിക്കുകയും ചെയ്തു. കമ്മറ്റി ബാങ്കിന്റെ മുഴുവനുമുള്ള അക്കൗണ്ടുകളും ബാങ്കിനെ സംബന്ധിച്ചുള്ള അഴിമതികളും കുറ്റാരോപണങ്ങളും പരിശോധിക്കുകയും ചെയ്തു. ബാങ്കിന്റെ സുപ്രധാന ചുമതലകളുണ്ടായിരുന്ന നാലഞ്ച് കര്‍ദ്ദിനാളന്മാരെ അവരുടെ സ്ഥാനമാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. അവരെ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ വിരമിക്കുന്ന കാലത്ത് നിയമിച്ചവരായിരുന്നു. പകരം ബാങ്ക് നടത്താന്‍ കഴിവുള്ള വിദഗ്ദ്ധരെ അവരുടെ സ്ഥാനങ്ങളില്‍ നിയമിക്കുകയും ചെയ്തു. ബാങ്കില്‍ പരിഷ്‌ക്കാരങ്ങള്‍ സാധിച്ചില്ലെങ്കില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയപ്രദമായില്ലെങ്കില്‍ വത്തിക്കാന്റെ ഈ സ്വകാര്യ ബാങ്ക് നിര്‍ത്തല്‍ ചെയ്യുമെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ മുന്നറിയിപ്പ് കൊടുത്തിരുന്നു.

a1

Pope Francis meets a group of Rohingya refugees in Dhaka

ജോണ്‍ ഇരുപത്തിമൂന്നാമനു ശേഷം പാവങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന സഭയ്ക്കു ലഭിച്ച ഒരു മാര്‍പാപ്പയായി ഫ്രാന്‍സിസ് മാര്‍പാപ്പയെ ലോകം കാണുന്നു. ലിബറലും കണ്‍സര്‍വേറ്റിവും റാഡിക്കലുമൊത്തുചേര്‍ന്ന ചിന്തകളുള്ള അദ്ദേഹത്തെ മുന്‍ഗാമികളായ മറ്റു മാര്‍പാപ്പാമാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. അദ്ദേഹം സഭയുടെ ഭരണമേറ്റെടുത്ത നാളുകള്‍ മുതല്‍ വിശ്വാസികള്‍ക്ക് സഭയോട് അടിസ്ഥാനപരമായ ഒരു അടുപ്പത്തിനും ആത്മീയബോധനത്തിനും വഴിതെളിയിച്ചു. ശരീര മാസകലം വൃണങ്ങള്‍കൊണ്ട് വൈകൃതമായിരിക്കുന്നവനെ ആലിംഗനം ചെയ്യുന്ന കാഴ്ചകളൊക്കെ കാണുമ്പോള്‍ സഭയെ ഫാസിസത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന്, മാര്‍പ്പാപ്പ ആഗ്രഹിക്കുന്നുവെന്നു വേണം കരുതാന്‍. ദരിദ്രരോടുള്ള സമീപനം വാക്കുകളേക്കാള്‍ പ്രവര്‍ത്തിയില്‍ മാര്‍പാപ്പ കാണിക്കുന്നു.

മാര്‍പാപ്പയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളിലെ ഭരണകാലത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള പദ്ധതികള്‍ക്കും രൂപം നല്‍കിയിരുന്നു. ആഗോള ദാരിദ്ര്യത്തെപ്പറ്റിയുള്ള പരിഗണനകള്‍ വത്തിക്കാന്റെ പ്രധാന വിഷയങ്ങളില്‍ ഒന്നായി മാറിയിരുന്നു. സാമ്പത്തികമായി പുരോഗമിച്ച രാജ്യങ്ങളോട് ദരിദ്രരായ രാജ്യങ്ങളുടെ സ്ഥിതി വിശേഷങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. പണത്തെ ബിംബമായി കാണരുതെന്നും അഭ്യര്‍ത്ഥിച്ചു. അടിമത്വത്തെ അദ്ദേഹം ലോകനേതാക്കന്മാരുമൊത്തു ചേര്‍ന്ന് അപലപിച്ചു. 2020 ആകുമ്പോള്‍ ആഗോള തലത്തിലുള്ള അടിമത്വം മുഴുവനായി അവസാനിപ്പിക്കാനുള്ള ഒരു ഉടമ്പടിയില്‍ ലോകനേതാക്കന്മാരുമൊത്ത് ഒപ്പു വെക്കുകയും ചെയ്തു.

a2‘അടിമത്വം മനുഷ്യത്വത്തോടുള്ള പാപമാണെന്നും’ പ്രഖ്യാപിച്ചു. ‘അടിമകളാക്കി ചൂഷണം ചെയ്യുന്ന മനുഷ്യക്കടത്തിനെപ്പറ്റിയും’ അപലപിച്ചു. ഈ വിഷയം സംബന്ധിച്ച് 2015ലെ ആഗോള സമാധാന സന്ദേശത്തില്‍ അദ്ദേഹത്തിന്റെ ഒരു പ്രഖ്യാപനവുമുണ്ടായിരുന്നു. ‘അടിമത്വത്തിനെതിരായി ലോകത്തുള്ള എല്ലാ രാജ്യങ്ങളും ജനവിഭാഗങ്ങളും ഒരുപോലെ പോരാടാന്‍’ അദ്ദേഹം ആവശ്യപ്പെട്ടു. ‘മനുഷ്യരെല്ലാം സഹോദരി സഹോദരരെന്നും സ്വതന്ത്രമായി ജീവിക്കാന്‍ ഓരോരുത്തര്‍ക്കും തുല്യ അവകാശമുണ്ടെന്നും’ മാര്‍പാപ്പ പറഞ്ഞു.

ആഗോളതലത്തിലുള്ള സാമ്പത്തിക അസമത്വങ്ങളെ മാര്‍പാപ്പ വിമര്‍ശിക്കാറുണ്ട്. ഉപഭോക്താക്കളുടെ ഉപയോഗ വസ്തുക്കള്‍ അമിതമായി പാഴാക്കുന്ന രീതികളെ വിമര്‍ശിച്ചു. അത് പ്രത്യേകിച്ച് അമേരിക്കയെയാണ് ബാധിക്കുന്നത്. അമിതമായി പാഴ്ചിലവുകള്‍ നടത്തുന്ന രീതികളാണ് പൊതുവെ അമേരിക്കന്‍ സംസ്‌ക്കാരത്തിലുള്ളത്. സമ്പത്ത് വ്യവസ്ഥിതിയെന്നുള്ളത് സമത്വത്തിലടിസ്ഥാനമായിരിക്കണം. പാവപ്പെട്ട ഒരു മനുഷ്യന്‍ മരിച്ചാല്‍ വളര്‍ത്തു മൃഗത്തിന്റെ വിലപോലും നല്‍കില്ല. സ്റ്റോക്ക് മാര്‍ക്കറ്റ് രണ്ടുശതമാനം താഴ്ന്നാല്‍ ആഗോള വാര്‍ത്തയാകും. വന്‍ കോര്‍പ്പറേറ്റുകളുടെ സ്വാര്‍ത്ഥത നിറഞ്ഞ അമിത ലാഭമോഹങ്ങളെയും മാര്‍പാപ്പ വിമര്‍ശിച്ചു.

ബുദ്ധമതവും വത്തിക്കാനുമായി നല്ലബന്ധം സ്ഥാപിക്കാനും മാര്‍പാപ്പ ശ്രമിക്കുന്നു. ബുദ്ധമതക്കാരുടെയും കത്തോലിക്കരുടെയും ആത്മീയ നേതാക്കളുടെ കൂടിക്കാഴ്ച വത്തിക്കാനിലുണ്ടായിരുന്നു. ഈ സമ്മേളനം സംഘടിപ്പിച്ചത് വത്തിക്കാന്റെ പൊന്തിഫിക്കല്‍ കൗണ്‍സിലും അമേരിക്കയുടെ കാത്തലിക്ക് ബിഷപ്പ് കോണ്‍ഫെറന്‍സുമായിരുന്നു.

a1 (2)ആഗോളതലങ്ങളിലുളള സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബുദ്ധമതക്കാരും കത്തോലിക്കരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. കോണ്‍ഫെറന്‍സിനുള്ളില്‍ മാര്‍പാപ്പയുടെ പ്രസംഗത്തിനുശേഷം ബുദ്ധ മതക്കാരുടെ ആത്മീയ നേതാക്കള്‍ കത്തോലിക്ക ആത്മീയ നേതൃത്വവുമായി ഒന്നിച്ചു പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിരുന്നു. പരസ്പ്പരം ആത്മീയ വെളിച്ചത്തില്‍ അനുഗ്രഹാശീശുകള്‍ അര്‍പ്പിക്കുകയും ചെയ്തു. 2017-നവംബര്‍ ഇരുപത്തിയേഴാം തിയതി ഫ്രാന്‍സീസ് മാര്‍പാപ്പ ബുദ്ധമതാനുയായികളുടെ രാജ്യമായ മ്യാന്‍മാര്‍ സന്ദര്‍ശിച്ചു. അവിടുത്തെ രാജ്യഭരണാധികാരിയായ മിലിറ്ററി നേതാവായും കൂടികാഴ്ചയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശന വേളയില്‍ ‘റോഹിന്‍ഗ്യ’ പ്രശ്‌നങ്ങളൊന്നും ചര്‍ച്ച ചെയ്തില്ല. തുടര്‍ന്ന് ലോക സമാധാനത്തിനായി ഭാവിയിലും ഇരുമതങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മ്യാന്‍മാറില്‍ മാര്‍പാപ്പ സന്ദര്‍ശിച്ചപ്പോള്‍ റോഹിങ്കരുടെ അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ രണ്ടുദിവസത്തെ ബംഗ്‌ളാദേശ് സന്ദര്‍ശന വേളയില്‍ ‘റോഹിങ്ക’ മുസ്ലിമുകളോട് മാര്‍പാപ്പ മാപ്പ് പറഞ്ഞു. റോഹിങ്കര്‍ അഭയാര്‍ഥികളുമായി അഭിമുഖ സംഭാഷണം നടത്തി. അഭയാര്‍ഥികളുടെ പ്രതിനിധികളായി പതിനാല് പേര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. അവരുടെ കൈകള്‍ പിടിച്ചുകൊണ്ട് അവര്‍ക്കുണ്ടായ കഷ്ടപ്പാടുകളുടെയും വേദനകളുടെയും കഥകള്‍ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ലോകം കാട്ടുന്ന ക്രൂരതകളോട് പ്രതികാരത്തിനു പോയാല്‍ കൂടുതല്‍ ഭവിഷ്യത്തുക്കള്‍ക്ക് ഇടയാക്കുമെന്നും പ്രശ്‌നങ്ങളെ സമാധാനമായും ക്ഷമയോടെയും നേരിടണമെന്നും മാര്‍പാപ്പ അവരോട് പറഞ്ഞു.

ചൈനയും റോമുമായുള്ള ഒരു ഒത്തുതീര്‍പ്പു ഫോര്‍മുലായ്ക്കായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പരസ്പ്പരം നയതന്ത്രം സ്ഥാപിക്കാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്. ചൈനയുമായി കത്തോലിക്ക സഭ ഒരു സൗഹാര്‍ദ്ദം സ്ഥാപിക്കുകയാണെങ്കില്‍ അത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഭവമായിരിക്കാം.

വത്തിക്കാന്‍ ചൈനയിലെ നാസ്തിക സര്‍ക്കാരിന് കീഴടങ്ങുമോയെന്നതാണ് പ്രശ്‌നം. ചൈനയില്‍ കത്തോലിക്ക ജനസംഖ്യ വളരെ കുറവാണെങ്കിലും അവിടെ ബിഷപ്പിനെ നിയമിക്കുന്നത് സര്‍ക്കാരിന്റ ചുമതലയിലാണ്. ചൈനീസ് സര്‍ക്കാരിനെ പിന്താങ്ങുന്നവരും മാര്‍പാപ്പയെ അനുകൂലിക്കുന്നവരുമായി കത്തോലിക്കര്‍ അവിടെ രണ്ടു വിഭാഗങ്ങളായി ചേരി തിരിഞ്ഞുകൊണ്ടു ആരാധനകള്‍ നടത്തന്നു. മാര്‍പാപ്പയെ അനുകൂലിക്കുന്നവര്‍ രഹസ്യമായ സങ്കേതങ്ങളില്‍ മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുന്നു. ചൈനയുമായി ഒരു ഒത്തുതീര്‍പ്പില്‍ എത്തുന്നുണ്ടെങ്കിലും ചൈനയുടെ വ്യവസ്ഥകള്‍ മുഴുവനായി വത്തിക്കാന്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബിഷപ്പുമാരെ നിയമിക്കുന്നത് അവിടെയുള്ള കമ്മ്യുണിസ്റ്റ് പാര്‍ട്ടിയാണ്. അങ്ങനെ വരുകയാണെങ്കില്‍ ചൈനയിലെ കമ്മ്യുണിസത്തെ വത്തിക്കാന്‍ മാനിക്കേണ്ടി വരും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ നയതന്ത്രം ചൈനയ്ക്ക് നല്‍കുന്ന ഏകപക്ഷീയമായ ഒരു ഔദാര്യവുമായിരിക്കും. വത്തിക്കാന്‍ ഒരു നാസ്തിക സര്‍ക്കാരായ ചൈനയുടെ തീരുമാനത്തിന് വിധേയപ്പെടേണ്ടിയും വരും.

a1 (3)മാര്‍പാപ്പയുടെ ഈ ദൗത്യം വിജയിക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ 1.4 ബില്യണ്‍ ജനസംഖ്യയുള്ള ചൈനയും ഏറ്റവും വലിയ മതം 1.2 ബില്ലിയനുള്ള കത്തോലിക്ക സഭയുമായി ഒരു ഐക്യം സ്ഥാപിക്കാന്‍ സാധിക്കും. മാര്‍പാപ്പയെ അംഗീകരിക്കുന്ന പത്തു മില്യണ്‍ കത്തോലിക്കര്‍ മാത്രമേ ചൈനയിലുള്ളു. അവര്‍ ആചാരങ്ങള്‍ നടത്തുന്നത് ഒളിവു സങ്കേതങ്ങളില്‍ നിന്നുമാണ്. ചൈനയുടെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള 70 മില്യണ്‍ കത്തോലിക്കരില്‍ വത്തിക്കാനു യാതൊരു സ്വാധീനവുമില്ല. അവരില്‍ പ്രൊട്ടസ്റ്റന്റ് സഭകളും ഉള്‍പ്പെടും. ചൈനയിലെ കമ്മ്യുണിസ്റ്റ് നാസ്തിക സര്‍ക്കാര്‍ കൂടുതല്‍ ഔദാര്യം കാണിക്കുമോയെന്നതും കാത്തിരുന്നു കാണേണ്ട സംഗതിയാണ്.

ഇന്ന് കത്തോലിക്ക സഭയുടെ സിനഡുകളില്‍ നടക്കുന്ന സംവാദങ്ങളും ചര്‍ച്ചകളും മാര്‍പാപ്പ നേരിട്ട് നടത്തുന്നതും ശ്രദ്ധേയമാണ്. മുന്‍കാലങ്ങളില്‍ വത്തിക്കാനിലെ ബ്യുറോ ക്രാറ്റുകള്‍ അവരുടെ അധികാരം ഉപയോഗിച്ച് മെത്രാന്മാരുടെ സഭാ സിനഡ് വിളിച്ചുകൂട്ടുമായിരുന്നു. അഭിപ്രായങ്ങള്‍ പറയുന്നതും തീരുമാനങ്ങളെടുക്കുന്നതും വത്തിക്കാനിലെ അധികാരികളുടെ താല്‍പര്യങ്ങളില്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട് മാര്‍പാപ്പയെ വിമര്‍ശിക്കുന്നവരെയും സിനഡിലേക്ക് ക്ഷണിക്കാറുണ്ട്. പൊതുവായ വിഷയം കൂടാതെ മെത്രാന്മാര്‍ക്ക് തുറന്ന അഭിപ്രായങ്ങളും ചര്‍ച്ചകളും നടത്താന്‍ കഴിയുന്നുവെന്നത് വത്തിക്കാനിലെ പുത്തന്‍ നടപടിക്രമങ്ങളില്‍പ്പെട്ടതാണ്.

പരിസ്ഥിതി, ആഗോള താപനം എന്നീ വിഷയങ്ങളെ ആധാരമാക്കി അദ്ദേഹം ഒരു ചാക്രീയ ലേഖനം തന്നെ ഇറക്കിയിട്ടുണ്ട്. പ്രകൃതിയേയും പ്രകൃതിയുടെ സൃഷ്ടി ജാലങ്ങളെയും സംരക്ഷിക്കണമെന്നാണ് ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. നാശോന്മുഖമായിരിക്കുന്ന പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കാന്‍, രക്ഷിക്കാന്‍ ലോകത്ത് ഇന്ന് ഏറ്റവും കഴിവുള്ള നേതാവായിട്ടാണ് മാര്‍പാപ്പയെ കരുതിയിരിക്കുന്നത്. പരിസരങ്ങളും അന്തരീക്ഷവും മലിനമാക്കുന്നത് പാപമാണെന്നും അദ്ദേഹം പറഞ്ഞു.

a1 (5)

President Raúl Castro of Cuba, left, with Pope

വിശുദ്ധ വാരങ്ങളില്‍ അക്രൈസ്തവരുടെയും രോഗികളുടെയും ജയില്‍ അന്തേവാസികളുടെയും സ്ത്രീകളുടെയും കാലുകള്‍ കഴുകി പാരമ്പര്യത്തെ പവിത്രീകരിക്കുകയും മാറ്റിയെഴുതുകയും ചെയ്തു. ഇത്തരം വിനയപൂര്‍വ്വമായ പ്രവര്‍ത്തികള്‍മൂലം അദ്ദേഹത്തെ സ്‌നേഹത്തിന്റെ മൂര്‍ത്തികരണ ഭാവമായ മാര്‍പാപ്പയെന്ന നിലയില്‍ ലോകം ആദരിക്കാന്‍ തുടങ്ങി. മില്യണ്‍ കണക്കിന് ചെറുപ്പക്കാരായ കത്തോലിക്കര്‍ അദ്ദേഹത്തിന്റെ പടങ്ങളും നല്ല പ്രവര്‍ത്തികളും പ്രഭാഷണങ്ങളും പങ്കു വെക്കുന്നു. കത്തോലിക്ക സഭയില്‍നിന്നു പിരിഞ്ഞു പോയ അനേകര്‍ മാതൃസഭയിലേക്ക് മടങ്ങി വന്നുകൊണ്ടുമിരിക്കുന്നു.

ഗര്‍ഭചിന്ദ്രം കൊടുംപാപമായിട്ടാണ് സഭ കരുതിയിരുന്നത്. അതിനുള്ള പാപമോചനം ബിഷപ്പിന്റെ അധികാര പരിധിയിലായിരുന്നു. മാര്‍പാപ്പ അതിന് മാറ്റം വരുത്തി അത് സാധാരണ പാപത്തിനു തുല്യമാക്കി. വിവാഹമോചന കാര്യത്തിലും മാര്‍പാപ്പ ഇടപെട്ടു. മുമ്പൊക്കെ പുനര്‍വിവാഹം ചെയ്യുന്നതിന് സഭാ കോടതി വേണമായിരുന്നു. ഇന്ന് ഒരു വിവാഹം റദ്ദാക്കാന്‍ (nullify) സ്ഥലത്തെ ബിഷപ്പിന് അനുവാദം കൊടുക്കാം. രണ്ടാമത് വിവാഹം ചെയ്യുന്നവര്‍ക്കും സഭയുടെ വാതില്‍ തുറന്നു കൊടുക്കാന്‍ മാര്‍പാപ്പ പറഞ്ഞു.

സ്ത്രീയും പുരുഷനുമല്ലാത്ത മൂന്നാം ലിംഗ വിഭാഗക്കാരെ (transgenders)പിശാചിന്റെ മക്കളെന്നു വരെ വിളിച്ചപമാനിക്കുന്ന വ്യവസ്ഥിതിയാണുള്ളത്. അവര്‍ ദൈവത്തിന്റെ മക്കളെന്നു മാര്‍പാപ്പ ഉച്ചത്തില്‍ പറഞ്ഞു. മാര്‍പാപ്പ ഈ വിഷയം സംസാരിച്ചുകൊണ്ടിരിക്കെ, അങ്ങകലെ ലെജറാഗേ (Lejarrage) എന്ന ട്രാന്‍സ്ജെന്‍ഡര്‍ ‘പാപ്പ’ എനിക്ക് സഭയില്‍ പ്രവേശനമുണ്ടോയെന്നു വിളിച്ചു ചോദിച്ചു. മാര്‍പാപ്പ അയാളുടെ സമീപത്തു ചെന്ന് സഭയിലങ്ങനെ ഒരു വിവേചനമില്ലെന്നും അറിയിച്ചു.

മറ്റുള്ള മാര്‍പാപ്പമാരില്‍ നിന്നും വ്യത്യസ്തനായി സ്വവര്‍ഗ രതികളുടെ അവകാശങ്ങള്‍ക്കായി ഫ്രാന്‍സീസ് മാര്‍പാപ്പ വാദിക്കുന്നു. സ്വവര്‍ഗ രതികളുടെ നീതിക്കായി പോരാടുന്ന എല്‍.ജി.ബി.റ്റി സംഘടനയെ പിന്താങ്ങുകയും ചെയ്യുന്നു. കത്തോലിക്ക സ്‌കൂളുകളിലെ വേദപാഠം ക്ലാസിലും സ്വവര്‍ഗ രതികളുമായി സഹവര്‍ത്തിത്വം പാടില്ലെന്നു പഠിപ്പിക്കാറുണ്ട്. സ്വവര്‍ഗ സമൂഹങ്ങള്‍ മാര്‍പാപ്പയുടെ കാഴ്ചപ്പാടിനെ അഭിനന്ദിക്കാറുമുണ്ട്. പേപ്പസിയുടെ നിലവിലുള്ള നയങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. 2015 ജൂലൈയില്‍ ബ്രസീലില്‍ നിന്നുള്ള മടക്കയാത്രയില്‍ സ്വവര്‍ഗ രതിക്കാരെപ്പറ്റി മാര്‍പാപ്പ പറഞ്ഞു, ‘ഒരാള്‍ സ്വവര്‍ഗാനുരാഗിയെങ്കില്‍ അയാള്‍ ദൈവത്തെ അന്വേഷിക്കുന്നുവെങ്കില്‍ അവനില്‍ നന്മയുണ്ടെങ്കില്‍ ഞാന്‍ ആര് അവനെ വിധിക്കാന്‍.’

ബെനഡിക്റ്റ് പതിനാറാമന്‍ സ്വവര്‍ഗ രതിലീലകള്‍ ചാവു ദോഷമായി(Intrinsic sin) കരുതിയിരുന്നു. മാര്‍പാപ്പ, അനുകൂലമായ അഭിപ്രായപ്രകടനങ്ങള്‍ നടത്താറുണ്ടെങ്കിലും വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പില്‍ സഭ സ്വവര്‍ഗരതികളെ അംഗീകരിക്കില്ലെന്നും പ്രസ്താവനകള്‍ നടത്തിയിരുന്നു. മറ്റുളളവരെ വിധിക്കാതെ എല്ലാ മനുഷ്യര്‍ക്കും സഭയില്‍ ആത്മീയതയ്ക്കായുള്ള അവസരങ്ങള്‍ നല്കണമെന്നുള്ളതാണ്, ഫ്രാന്‍സീസ് മാര്‍പാപ്പാ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ പാസ്റ്ററല്‍ ശുശ്രുഷ ലോകത്തിന്റെ നാനാതുറകളിലുള്ള ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. നല്ലവനായി, മാന്യനായി ജീവിക്കുന്ന നാസ്തികര്‍ക്കുപോലും സ്വര്‍ഗ്ഗമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രിസ്തു ബലിയര്‍പ്പിച്ചത് കത്തോലിക്കരെ മാത്രം രക്ഷിക്കാനല്ല, എല്ലാവരും, ദൈവവിശ്വാസം ഉള്ളവരും ഇല്ലാത്തവരും അതില്‍ ഉള്‍പ്പെടും.

ഫ്രാന്‍സീസ് മാര്‍പാപ്പ സഭയുടെ ചരിത്രത്തില്‍ പുരോഗമനപരമായ നിരവധി മാറ്റങ്ങള്‍ വരുത്തിയെങ്കിലും ദൈവശാസ്ത്ര മേഖലയില്‍ കടുത്ത യാഥാസ്ഥിതികമായ ചിന്തകളാണ് അദ്ദേഹത്തിനുള്ളത്. ഗര്‍ഭഛിദ്രം, സ്ത്രീ പൗരാഹിത്യം, വൈദിക ബ്രഹ്മചര്യം, കൃത്രിമ ജനന നിയന്ത്രണം മുതലായ സഭയുടെ വിശ്വാസങ്ങളില്‍ അദ്ദേഹം തന്റെ മുന്‍ഗാമികളുടെ പാതകള്‍ തന്നെ പിന്തുടരുന്നു. മാറ്റങ്ങള്‍ക്ക് കാര്യമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ല. സ്വവര്‍ഗാനുരാഗത്തിന്റെ കാര്യത്തിലും അവരോട് കരുണ കാണിച്ചെങ്കിലും വത്തിക്കാന്റെ കീഴ്വഴക്കങ്ങള്‍ക്കെതിരായി അദ്ദേഹം യാതൊരു പരിഷ്‌ക്കാരങ്ങള്‍ക്കും മുതിര്‍ന്നിട്ടില്ല. സ്വവര്‍ഗ രതികള്‍ സഭയുടെ ദൃഷ്ടിയില്‍ ഇന്നും കടുത്ത പാപമായി തന്നെ തുടരുന്നു.

a1 (4)ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ ലാറ്റിനമേരിക്കന്‍ നാടുകളില്‍ കടുത്ത വിമോചന ശാസ്ത്രം പ്രചരിച്ചിരുന്നു. ദൈവശാസ്ത്രത്തോടൊപ്പം മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങളും കൂട്ടിക്കുഴച്ചുള്ള വിഷയങ്ങള്‍ സഭയൊന്നാകെ പ്രതിഫലിച്ചിരുന്നു. ഫ്രാന്‍സീസ് മാര്‍പാപ്പ കര്‍ദ്ദിനാളായിരുന്ന നാളുകളില്‍ മാര്‍ക്‌സിയന്‍ തത്ത്വങ്ങളും ദൈവശാസ്ത്രവുമായി കലര്‍ന്ന തത്ത്വങ്ങളെ ശക്തിയുക്തം എതിര്‍ത്തിരുന്നു. മാര്‍ക്‌സിയന്‍ ചിന്താഗതികളെ എതിര്‍ത്തിരുന്ന മിലിറ്ററി ഏകാധിപത്യ ഭരണത്തെ അദ്ദേഹം പിന്താങ്ങിയിരുന്നു. അനേക പുരോഹിതരും വിമോചന ദൈവശാസ്ത്രത്തെ അനുകൂലിച്ചു.

അവരെ ഇല്ലാതാക്കാന്‍, കമ്മ്യുണിസത്തെ ചെറുക്കാന്‍ അന്നത്തെ മിലിട്ടറി ഭരണകൂടം കൊടും ക്രൂരതകളും കാണിച്ചിട്ടുണ്ട്. പുതിയ ദൈവശാസ്ത്രത്തെ അനുകൂലിച്ച പുരോഹിതരെ ജയിലിലുമടച്ചു. ചിലരെ വധിക്കുകയും ചെയ്തു. ഫ്രാന്‍സീസ് മാര്‍പാപ്പ മിലിറ്ററി ഭരണകൂടത്തെ അനുകൂലിച്ചെങ്കിലും സാധാരണക്കാര്‍ക്ക് വേണ്ടിയും ദരിദ്ര കോളനികളിലും അദ്ദേഹം ജോലി ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും അദ്ദേഹം മിലിട്ടറി ഭരണത്തിന്റെ ക്രൂരതയില്‍ കണ്ടില്ലെന്നു ഭാവിച്ച് നിശ്ശബ്ദത പാലിച്ചതിലും വിമര്‍ശനങ്ങളുണ്ട്.

ഒരു മാര്‍പാപ്പയുടെ ലളിതമായ ജീവിതം ഇത്രമാത്രം പ്രാധാന്യം കൊടുക്കണമോയെന്നു തോന്നിപ്പോവും! ഭൂമുഖത്തെ ഏറ്റവും പ്രസിദ്ധനായ ഈ പാസ്റ്റര്‍ ഇങ്ങനെ ലളിത ജീവിതം നയിക്കാന്‍ പ്രതീക്ഷിക്കണമോയെന്നും ചോദ്യം വരാം. സംഘിടിത മതങ്ങളെല്ലാം ‘അത് ചെയ്യണം, അത് ചെയ്യരുതെന്നുള്ള’ തത്ത്വങ്ങളാണ് എഴുതിയുണ്ടാക്കിയിരിക്കുന്നത്. അങ്ങനെയുള്ള നിയമങ്ങള്‍ മനുഷ്യരെ യോജിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനു കാരണമാകുന്നു. അവിടെയാണ് ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ലാളിത്വത്തിന്റെ മഹത്വം വെളിവാകുന്നത്. മതത്തിന്റെ മൂല്യതയില്‍ വിലമതിക്കാനും ഗര്‍വ് കളഞ്ഞു വിനയശീലനാവാനും ഇത് സഭയിലുള്ള അംഗങ്ങള്‍ക്കു പ്രചോദനമാകും. ദുഃഖിതരായവരെ സഹായിക്കുക, നമുക്കെതിരായുള്ളവരെയും തുല്യമായി കരുതുക എന്നീ തത്ത്വങ്ങള്‍ പ്രാവര്‍ത്തികമാക്കാനും സഹായകമാകും. കത്തോലിക്ക ലോകം വിവാദ വിഷയങ്ങള്‍ കൊണ്ട് പരസ്പ്പരം വിഘടിച്ചു ജീവിക്കുന്നു. മതസ്വാതന്ത്ര്യം, മൂല കോശ ഗവേഷണം (stem cell research) എന്നീ കാര്യങ്ങളില്‍ സഭയൊന്നാകെ അഭിപ്രായ വിത്യാസങ്ങളിലാണ്. അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ മാര്‍പാപ്പയ്ക്ക് സാധിക്കുമെന്നു തോന്നുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top