Flash News

പുലിയായി വന്നു, എലി പോലെയായി; പുതുച്ചേരി വ്യാജ വിലാസത്തില്‍ ആഢംബര കാര്‍ വാങ്ങിയ സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവരുടെ കേസുകള്‍ ചുരുട്ടിക്കെട്ടി; കേസ് നിലനില്‍ക്കില്ലെന്ന് റിപ്പോര്‍ട്ട്

February 22, 2018

suresh-amala-fahad-830x412_InPixioവാഹനനികുതി വെട്ടിപ്പുകാരെയും ഇവര്‍ക്ക് കൂട്ടുനിന്ന ഇടനിലക്കാരെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പുതുച്ചേരി റജിസ്ട്രേഷന് കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി. രണ്ടുമാസമായി ഒരു കേസുപോലും ക്രൈംബ്രാഞ്ച് എടുത്തില്ല. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതെ മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്നു. പുതുച്ചേരി വാഹന റജിസ്ട്രേഷന് തട്ടിപ്പുകേസില് അന്വേഷണം തുടങ്ങിയത് ആഘോഷമായാണ്. സുരേഷ് ഗോപിയെയും ഫഹദ് ഫാസിലിനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അമല പോളിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇങ്ങനെ അതിവേഗം പായുന്നതിനിടെയാണ് സര്ക്കാരിന്റെ സഡന്‍ ബ്രേക്ക്.

പിഴ അടച്ച് കേരളത്തില് റജിസ്റ്റര്‍ ചെയ്യാമെന്ന ബജറ്റ് നിര്‍ദേശത്തിന് മുന്‍പ് തന്നെ അട്ടിമറിയുടെ അണിയറ നീക്കങ്ങള്‍ തുടങ്ങി. വാഹനങ്ങള്‍ നികുതി വെട്ടിച്ചെന്ന് കണ്ടെത്തിയെങ്കിലും കേസെടുത്തത് 13 എണ്ണത്തില്‍ മാത്രം. അവശേഷിക്കുന്ന വാഹന ഉടമകളുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് കൈമാറിയില്ല.

കേസ് അവസാനിപ്പിക്കുന്നതോടെ രക്ഷപെടുന്നത് വാഹന ഉടമകള്‍ മാത്രമല്ല, വ്യാജരേഖ ചമച്ച് നികുതിവെട്ടിപ്പിന് പ്രേരിപ്പിച്ച ഡീലര്‍മാരും ഏജന്‍സികളുമാണ്. ഇരുപതിലേറെ ഡീലര്‍മാരും നാല്പതോളം ഏജന്റുമാരും ഇതിനായി പ്രവര്‍ത്തിക്കുന്നൂവെന്ന് കണ്ടെത്തിയിരുന്നെങ്കിലും കേസെടുത്തത് ഏഴ് വൻകിട ഡീലർമാർക്കെതിരെ മാത്രം. വെട്ടിച്ച നികുതി പിഴയായി ഈടാക്കുന്നതിലെ സാമ്പത്തിക നേട്ടമാണ് കേസ് അവസാനിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ന്യായം. എന്നാല്‍ വ്യാജരേഖ ചമയ്ക്കുന്ന ജാമ്യമില്ലാ കുറ്റം കണ്ണടച്ച് ഇല്ലാതാക്കുകയാണ് ഇതിന്റെ മറപിടിച്ച് സര്‍ക്കാര്‍ ചെയ്യുന്നത്.

എന്നാല്‍, പോണ്ടിച്ചേരി രജിസ്‌ട്രേഷന്റെ പേരില്‍ കേസെടുക്കണമെങ്കില്‍ കേരള സര്‍ക്കാരിനു നിരവധി കടമ്പകള്‍ കടക്കേണ്ടി വരുമെന്നാണ് വിവരം. വാഹനം 12 മാസക്കാലത്തിലധികം ഒരു മേല്‍വിലാസത്തില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കില്‍ പുതിയ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് മോട്ടോര്‍ വാഹന നിയമത്തിലുള്ളത്. ഇതില്‍ ഭേദഗതിവരുത്തി കര്‍ണാടക സര്‍ക്കാര്‍ 30 ദിവസത്തില്‍ കൂടുതല്‍ അവിടെ ഓടുന്ന ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് നികുതി ഈടാക്കിയിരുന്നു. എന്നാല്‍, ഇതിനു ഹൈക്കോടതിയില്‍ തിരിച്ചടിയുമുണ്ടായി.

പന്ത്രണ്ടോളം പെറ്റീഷനുകളാണ് കര്‍ണാടക ഹൈക്കോടതിക്കു മുന്നിലെത്തിയത്. ഭേദഗതി റദ്ദാക്കിയ ഹൈക്കോടതി, ഈടാക്കിയ നികുതി തിരിച്ചു നല്‍കാനും നിര്‍ദേശിച്ചു. ഇതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് ഫയലില്‍ സ്വീകരിച്ച കോടതി, വിധി സര്‍ക്കാരിന് അനുകൂലമായാല്‍ പണം തിരികെ നല്‍കണമെന്ന് എഴുതി വാങ്ങി ഈടാക്കിയ പണം തിരിച്ചു നല്‍കാനാണ് നിര്‍ദേശിച്ചത്.

വാഹന രജിസ്‌ട്രേഷനു താമസിക്കുന്ന വീട്ടുവിലാസം തന്നെ വേണമെന്നുമില്ല. കച്ചവടസ്ഥാപനത്തിന്റെ വിലാസവുമാകാം. പോണ്ടിച്ചേരിയില്‍ വ്യാജവിലാസം നല്‍കി കബളിപ്പിച്ചുവെങ്കില്‍ കേസെടുക്കേണ്ടത് അവിടത്തെ പോലീസാണ്. കേരളത്തില്‍ വാഹനം വാങ്ങുമ്പോള്‍ താല്‍ക്കാലിക രജിസ്‌ട്രേഷനായി പോണ്ടിച്ചേരിയിലെ വ്യാജവിലാസം നല്‍കിയവര്‍ക്കെതിരെ മാത്രമേ കേരള പോലീസിന് നടപടിയെടുക്കാന്‍ കഴിയു. പോണ്ടിച്ചേരിയില്‍ വിലാസമുള്ളവര്‍ക്കെതിരെ നടപടിക്കു കഴിയില്ല. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും വിലക്കുറവില്‍ വാങ്ങിച്ച വാഹനങ്ങളും നിലവില്‍ കേരളത്തില്‍ ഓടുന്നുണ്ട്. ഇതരസംസ്ഥാന വാഹനങ്ങള്‍ക്കെതിരെ ഇവിടെ നടപടി കര്‍ശനമാക്കിയാല്‍ അവിടങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളും വേട്ടയാടപ്പെടുമെന്നും ആശങ്കയുണ്ട്.

പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിലോടുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഉടമകളെ തിരിച്ചറിയാന്‍ കഴിയില്ലെന്ന വാദത്തിലും കഴമ്പില്ല. സാധാരണ കാറുകള്‍ വാങ്ങാന്‍തന്നെ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളിലധികവും വിലയേറിയ ആഡംബര കാറുകളാണ്. ഇവയുടെ രജിസ്‌ട്രേഷന് പാന്‍കാര്‍ഡിനു പുറമെ ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയിലേതെങ്കിലും നല്‍കുന്നുണ്ടെന്ന് ഉടമസ്ഥര്‍ പറയുന്നു. നിലവില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഉടമകളെ കണ്ടെത്തിയതും അവിടെ നിന്നും ഇവിടത്തെ വിലാസങ്ങള്‍ സംഘടിപ്പിച്ചാണ്. ആധാര്‍ കാര്‍ഡില്‍ പോലും അഞ്ചുതവണ വിലാസം മാറ്റാന്‍ കഴിയും. ഒരു വിലാസം ഇല്ലാതാവുമ്പോള്‍ മാത്രമേ വിലാസം മാറ്റേണ്ടതുള്ളു. രണ്ടിടത്ത് വിലാസം നിലനിര്‍ത്തുന്നവര്‍ക്ക് വാഹനം ഏതെങ്കിലും ഒരു വിലാസത്തില്‍ നിലനിര്‍ത്താന്‍ കഴിയണമെന്നാണ് വാദം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top