Flash News

ഷുഹൈബ് വധവും തൃശൂര്‍ സമ്മേളനവും (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

February 22, 2018

Shuhaib-new.jpg.image.784പാര്‍ട്ടി കൂട്ടായും അതിന്റെ നേതാക്കള്‍ വ്യക്തിപരമായും സ്വീകരിക്കുന്ന തെറ്റായ സംഘടനാ രീതികളും രാഷ്ട്രീയ നയങ്ങളും തിരുത്തുന്നതിനാണ് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ കോണ്‍ഗ്രസും അതിന്റെ മുന്നോടിയായി സമ്മേളനങ്ങളും നടത്തിവന്നിരുന്നത്. മുകളില്‍നിന്നു കെട്ടിപ്പടുക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് വിമര്‍ശവും സ്വയം വിമര്‍ശവും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമാകുന്നില്ലെങ്കില്‍ ഒരു മാര്‍ക്‌സിസ്റ്റുപാര്‍ട്ടി സ്വയം അതിന്റെ ശവക്കുഴി തോണ്ടും.

അതു തടയാനാണ് മൂന്നുവര്‍ഷം കൂടുമ്പോള്‍ നയപരമായും സംഘടനാപരമായുമുള്ള തെറ്റുകള്‍ തിരുത്തി സംഘടനയെ ശുദ്ധീകരിച്ചും നവീകരിച്ചും മുന്നോട്ട് കോണ്ടുപോകണമെന്ന് മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് പാര്‍ട്ടികളുടെ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

PHOTOഇത്തവണത്തെ സി.പി.എം സംസ്ഥാന സമ്മേളനം സാധാരണയില്‍ കവിഞ്ഞ താല്പര്യത്തോടെ ജനങ്ങള്‍ വീക്ഷിക്കും. സംസ്ഥാനം ഭരിക്കുന്ന മുന്നണിയുടെ നേതാവായ പാര്‍ട്ടിയും ആഭ്യന്തര വകുപ്പ് കയ്യാളുന്ന, മുഖ്യമന്ത്രികൂടി നയിക്കുന്ന പാര്‍ട്ടി സമ്മേളനമെന്ന നിലയ്ക്ക്. സമ്മേളന ഗതി വ്യക്തികളെന്ന നിലയില്‍ ജനങ്ങളെയും സമൂഹത്തെയും നിര്‍ണ്ണായകമായി ബാധിക്കുന്നതായതുകൊണ്ട്. ഈ ഗവണ്മെന്റും പാര്‍ട്ടിയുമായും ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ നയപരവും സംഘടനാപരവുമായ അതിഗൗരവ പ്രശ്‌നങ്ങള്‍ സമൂഹവുമായി ബന്ധപ്പെട്ട് ഉള്‍ക്കൊള്ളുന്നതുകൊണ്ട്.

ദേശീയതലത്തില്‍തന്നെ വിഭവശേഷിയിലും അംഗത്വത്തിലും സി.പി.എമ്മിന്റെ ഏറ്റവും വലിയ ഘടകമാണ് കേരളത്തിലേത്. മോദി ഗവണ്മെന്റിനെ താഴെയിറക്കി അതിന്റെ ഫാഷിസ്റ്റ് ഭീഷണിയില്‍നിന്നും ആപത്ക്കരമായ സാമ്പത്തിക നയങ്ങളില്‍നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള രാഷ്ട്രീയ അടവുനയത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായകമായ കേരളഘടകത്തിന്റെ നീക്കം ഏതു ദിശയിലേക്കായിരിക്കും എന്നത് പ്രധാനമാണ്.

എന്നാല്‍ സി.പി.എമ്മിന്റെ 54 വര്‍ഷത്തെ സംഘടനാ ചരിത്രത്തില്‍ ഒരു സംസ്ഥാന ഘടകവും നേരിട്ടിട്ടില്ലാത്ത നയപരവും സംഘടനാപരവുമായ തെറ്റുകളുടെ ഭൂതഗണങ്ങള്‍ തുറിച്ചുനോക്കി നില്‍ക്കുമ്പോഴാണ് ഇത്തവണ ഇവിടെ സമ്മേളനത്തിനു കൊടിയുയരുന്നത്. അവസാനത്തെ ജില്ലാ സമ്മേളനം തിരുവനന്തപുരത്തു നടക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട തട്ടിപ്പുവിവാദം ഉയര്‍ന്നത്. ഡല്‍ഹിയിലെ സി.പി.എം ജനറല്‍ സെക്രട്ടറിക്കു ലഭിച്ച പരാതി കേരളത്തിലും ഗള്‍ഫിലും അപവാദവിവാദമായി കത്തിക്കാളുകയായിരുന്നു.

അതിന്റെ പുകമറയ്ക്കുള്ളില്‍ സി.പി.എം ശ്വാസംമുട്ടുമ്പോഴാണ് കണ്ണൂരില്‍ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ ടി.പി വധ മാതൃകയില്‍ അതിക്രൂരമായി കൊലചെയ്തത്. സംഘര്‍ഷരഹിത കണ്ണൂര്‍ എന്ന് ഒരുവര്‍ഷംമുമ്പു സമാധാന സമ്മേളനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇതുസംബന്ധിച്ചു പുലര്‍ത്തിയ നീണ്ട മൗനം വാചാലമായി. സംസ്ഥാന സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സി.പി.എമ്മിനു കൊലയില്‍ പങ്കില്ലെന്നു ആവര്‍ത്തിച്ച് ആണയിട്ടു. അതു നിരാകരിക്കുന്ന, പാര്‍ട്ടിയുടെയും ഗവണ്മെന്റിന്റെയും വിശ്വാസ്യത തകര്‍ക്കുന്ന വിവരങ്ങള്‍ തുടര്‍ന്ന് പുറത്തുവന്നു.

ഷുഹൈബിനെ കൊലപ്പെടുത്തിയത് സി.പി.എമ്മിലെ കൊടും ക്രിമിനലുകളാണെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാനും അറസ്റ്റുചെയ്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കിയ റിമാന്റ് റിപ്പോര്‍ട്ടും വെളിപ്പെടുത്തി. ‘പ്രതികള്‍ നിരപരാധികളാണെ’ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം ആര്‍ക്കും പറയാം. അല്ലെന്ന് കോടതിയില്‍ തെളിയിക്കേണ്ട ബാധ്യത പൊലീസ് നിറവേറ്റുമെന്ന് ഡി.ജി.പി പ്രസ്താവിച്ചതോടെ ഷുഹൈബ് കൊലക്കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സി.പി.എം ആണ്.

2012ലെ ടി.പി ചന്ദ്രശേഖരന്‍ വധം, ജില്ലാസെക്രട്ടറി പി ജയരാജനടക്കം പ്രതികളായ അരിയില്‍ ഷുക്കൂര്‍വധം, ഫൈസല്‍വധം, ആര്‍.എസ്.എസ് നേതാവ് മനോജിന്റെ കൊലപാതകം – ഇതെല്ലാം വാടകക്കൊലയാളികളെയും ക്രിമിനലുകളെയും വിട്ട് സി.പി.എം നടത്തിപ്പോന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയാണെന്ന് ഒരിക്കല്‍ക്കൂടി സാക്ഷ്യപ്പെടുത്തുന്നതായി ഷുഹൈബ് വധം.

ടി.പി ചന്ദ്രശേഖരനെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വാടകക്കൊലയാളികളെ വിട്ട് കൊലചെയ്യിച്ചതിന്റെ തെളിവായി സി.പി.എം പാനൂര്‍ ഏരിയാകമ്മറ്റിയംഗം കുഞ്ഞനന്തന്‍ ഉള്‍പ്പെടെ പാര്‍ട്ടിയംഗങ്ങളും വാടകക്കൊലയാളികളുമായ പതിനൊന്നുപേര്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ശിക്ഷാതടവ് അനുഭവിക്കുകയാണ്. രാഷ്ട്രീയ കൊലപാതകം പാര്‍ട്ടിയുടെ നയമല്ലെന്നും പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും സി.പി.എം കേന്ദ്രനേതൃത്വം ആവര്‍ത്തിച്ചു നല്‍കിയ ഉറപ്പുകള്‍ ജലരേഖകളാണെന്ന് കേരളത്തിലെ ജനങ്ങള്‍ നേരിട്ടറിഞ്ഞുകഴിഞ്ഞു. പ്രതികളായവര്‍ക്കും ശിക്ഷിക്കപ്പെട്ടവര്‍ക്കും പാര്‍ട്ടി നല്‍കുന്ന സംരക്ഷയും ഗവണ്മെന്റ് നല്‍കുന്ന പരിധിവിട്ടുള്ള സഹായങ്ങളും ദിവസേന പുറത്തുവരുമ്പോള്‍.

ഇതിന്റെ പ്രത്യാഘാതം സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ദേശീയ രാഷ്ട്രീയത്തിലെ അടിയന്തര ദൗത്യത്തെയും അതിന്റെ പ്രസക്തിയെയും നിലനില്‍പ്പിനെതന്നെയും ചോദ്യം ചെയ്യുന്നതാണ്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ മോദി ഗവണ്മെന്റിനെ താഴെയിറക്കാനുള്ള മതനിരപേക്ഷ കൂട്ടായ്മ മുഖ്യകടമയായി ഏറ്റെടുത്തിട്ടുള്ള സി.പി.എം അതിനുള്ള ധാര്‍മ്മികയോഗ്യതയും വിശ്വാസ്യതയും ഈ രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ നഷ്ടപ്പെടുത്തുന്നു.

കണ്ണൂരില്‍ ന്യൂനപക്ഷ സമുദായത്തില്‍പെട്ടവരെ വെട്ടിക്കൊല്ലുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിക്കു പിന്നില്‍നിന്ന് ന്യൂനപക്ഷങ്ങള്‍ അകന്നുപോകുകയാണ്. പാര്‍ട്ടിക്കകത്തും ജനപിന്തുണയ്ക്കു പിന്നിലുമുള്ള ജനാധിപത്യ – മതനിരപേക്ഷ വിശ്വാസികളും. ദേശീയതലത്തിലും ബുദ്ധിജീവികളും ന്യൂനപക്ഷ- മതനിരപേക്ഷ ജനവിഭാഗങ്ങളും സി.പി.എമ്മിനെ സംശയത്തോടെ വീക്ഷിച്ചുതുടങ്ങി. എന്നിട്ടും കേരളത്തില്‍ രക്തസാക്ഷികളുടെ എണ്ണത്തില്‍ സി.പി.എം ആണ് ഇപ്പോഴും മുമ്പിലെന്ന കണക്ക് ഉദ്ധരിച്ച് തെറ്റിനെ ന്യായീകരിക്കുകയാണ് സി.പി.എമ്മിലെ പുത്തന്‍ ബുദ്ധിരാക്ഷസന്മാര്‍.

പച്ചമനുഷ്യനെ ഏതുപാര്‍ട്ടിക്കാര്‍ കൊന്നാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി.പി.ഐയ്ക്ക് പറയേണ്ടിവരുന്നു. ആര്‍.എസ്.എസും ബി.ജെ.പിയുമാകട്ടെ ഈ അവസരം ഉപയോഗിച്ച് സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച് തങ്ങളുടെ ദേശീയ അജണ്ടയെ ന്യായീകരിക്കുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യം അപ്രസക്തമാണെന്ന് വരുത്താന്‍ ശ്രമിക്കുന്നു.

പാര്‍ട്ടിയും അടിസ്ഥാന വര്‍ഗവുമായുള്ള ഐക്യവും ഇടതുമുന്നണി ഐക്യവും ശക്തിപ്പെടുത്തുന്ന നയപരിപാടികളാണ് ഇ.എം.എസ് ഗവണ്മെന്റുതൊട്ട് കേരളത്തിലെ ഇടത് ഗവണ്മെന്റുകള്‍ സ്വീകരിച്ചുപോന്നത്. സി.പി.ഐ മന്ത്രിമാരെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുക, സി.പി.ഐയെ മുന്നണിയില്‍നിന്ന് ഒഴിവാക്കാനും അഴിമതിക്കാരെന്നു പാര്‍ട്ടി മുദ്രകുത്തിയ കെ.എം മാണിയെയും പാര്‍ട്ടിയെയും മുന്നണിയില്‍ കൊണ്ടുവരാനുമുള്ള നീക്കങ്ങളാണ് സി.പി.എമ്മിനകത്ത് തകൃതിയായി നടക്കുന്നത്.

സി.പി.എമ്മിന്റെ ചരിത്രത്തില്‍ മൂന്നു സംസ്ഥാനങ്ങള്‍ തുടര്‍ച്ചയായോ മാറിമാറിയോ ഭരിച്ചിട്ടും മുഖ്യമന്ത്രിയുടേയോ സംസ്ഥാന സെക്രട്ടറിയുടേയോ മക്കളോ കുടുംബവുമായോ ബന്ധപ്പെട്ട് ഒരിക്കലും ഉയര്‍ന്നിട്ടില്ലാത്ത അഴിമതിയാരോപണമാണ് കോടിയേരി ബാലകൃഷ്ണന്റെ കുടുംബവുമായി ബന്ധപ്പെട്ടുയര്‍ന്നത്. ഇത് മറച്ചുപിടിക്കുന്നതിനുവേണ്ടി സംസ്ഥാനം ഭരിക്കുന്ന ഗവണ്മെന്റിന്റെ സ്വാധീനത്തില്‍ തല്‍ക്കാലം തെളിവുകളും കേസുകളും ഇല്ലാതാക്കുന്നതില്‍ വിജയിച്ചിട്ടുണ്ടാകാമെങ്കിലും.

ചൈനീസ് പാര്‍ട്ടിയുടെ മാതൃകയ്ക്കു പകരം ഉന്നത ഭരണാധികാരികളുമായുള്ള പാര്‍ട്ടി നേതാക്കളുടെ സ്വാധീന ജാമ്യത്തില്‍ മക്കള്‍ക്ക് വിദേശരാജ്യങ്ങളില്‍ അഴിമതിയും തട്ടിപ്പും നടത്താന്‍ വഴിതുറന്നു കൊടുക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് കേരളത്തിലെ പാര്‍ട്ടിഘടകം സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ശരിയും തെറ്റും സി.പി.എം സംസ്ഥാന കമ്മറ്റിപോലും ചര്‍ച്ചചെയ്തില്ലെന്നാണ് കഴിഞ്ഞദിവസം വാര്‍ത്തവന്നത്. സംസ്ഥാന സമ്മേളനത്തിനു മുമ്പ് എ.കെ.ജി സെന്ററില്‍ ചേര്‍ന്ന അവസാന സംസ്ഥാന കമ്മറ്റി യോഗത്തില്‍ ചെക്കുവിവാദവും തട്ടിപ്പും ചര്‍ച്ചയായില്ല എന്നാണ് ഔദ്യോഗിക വെളിപ്പെടുത്തല്‍. രണ്ടുദിവസം നടക്കേണ്ടിയിരുന്ന സംസ്ഥാനകമ്മറ്റിയോഗം ആദ്യദിവസംതന്നെ ചര്‍ച്ച പൂര്‍ത്തിയാക്കി കൈകൊടുത്തു പിരിഞ്ഞെന്നും.

അഴിമതിക്കാരനായ മാണിയെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് നിയമസഭയെ അമ്മാനമാടിയ ഇ.പി ജയരാജനെപ്പോലുള്ളവര്‍ മാണിക്ക് സ്വാഗതഗീതം പാടുമ്പോള്‍ സി.പി.എമ്മിനും ഇടതുമുന്നണി ഗവണ്മെന്റിനും അഴിമതിവിരുദ്ധമുഖം നഷ്ടമാകുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തോടെ അംബാനി, അദാനി, നീരവ് മോദി തുടങ്ങിയവരുമായി രൂപപ്പെട്ട ആഗോള ചങ്ങാത്ത മുതലാളിത്തവും അതിനെതുടര്‍ന്ന് ഇപ്പോള്‍ അനാവരണം ചെയ്യപ്പെടുന്ന ശതകോടികളുടെ ബാങ്ക് തട്ടിപ്പുകളും തുറന്നുകാട്ടേണ്ട രാഷ്ട്രീയ ബാധ്യത നിര്‍വ്വഹി ച്ചിരുന്നത് ഇടതുപക്ഷമാണ്. കേരളത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ചങ്ങാത്തമുതലാളിത്തത്തിന്റെ പാര്‍ട്ടിയായി സി.പി.എമ്മും ഇടതുമുന്നണിയും അതിവേഗം മാറുന്നു എന്നതാണ് ഇതിനകം വ്യക്തമായത്.

സി.പി.ഐ(എം) അതിന്റെ സമ്മേളനങ്ങളില്‍ ചൈനീസ് പാര്‍ട്ടിയെക്കുറിച്ചും ഉത്തര കൊറിയയെക്കുറിച്ചും ആവേശം കൊള്ളുന്നുണ്ടെങ്കിലും അഴിമതിക്കെതിരായ പോരാട്ടത്തെപ്പറ്റി നിശബ്ദമാണ്. സി.പി.എം കേന്ദ്രകമ്മറ്റി പാര്‍ട്ടി ഘടകങ്ങളുടെ ചര്‍ച്ചയ്ക്കു തയാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചൈനീസ് പാര്‍ട്ടിയുടെ 19-ാം കോണ്‍ഗ്രസ് അഴിമതിക്കെതിരെയെടുത്ത സുപ്രധാനമായ തീരുമാനം ഇങ്ങനെ ഉദ്ധരിച്ചിട്ടുണ്ട്:

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 18-ാം കോണ്‍ഗ്രസിനു ശേഷമുള്ള കാലയളവില്‍ അഴിമതിക്കെതിരെ വലിയ തോതില്‍ പോരാട്ടം നടത്തി. പാര്‍ട്ടിയുടെ ഉന്നത തലത്തിലുള്ള നേതാക്കളെപോലും വിട്ടില്ല. അവരെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്തു. അഴിമതിക്കെതിരായ സമരം മുന്നോട്ടുകൊണ്ടുപോയി ഇത്തരം കുറ്റവാളികളില്‍നിന്ന് പാര്‍ട്ടിയെ ശുദ്ധീകരിച്ച് ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്.

എന്നാല്‍ അഴിമതിക്കാരെ പാര്‍ട്ടിയില്‍നിന്ന് പുറന്തള്ളി സംഘടനയെ ശുദ്ധീകരിക്കുന്നതിനുള്ള ചര്‍ച്ചയോ നീക്കങ്ങളോ സംസ്ഥാന സമ്മേളനത്തില്‍ നടക്കില്ലെന്നതിന്റെ പ്രഖ്യാപനമാണ് അഴിമതിക്കാരെ ഇടതുമുന്നണിയിലേക്കു ആനയിക്കുമെന്നതിന്റെ നിര്‍ലജ്ജവും അവസരവാദ പരവുമായ പ്രസ്താവനകള്‍ക്കു പിന്നിലുള്ളത്.

ആഗോള വത്ക്കരണത്തോടെ നവ- ഉദാരീകരണത്തിലൂന്നിയുള്ള സാമ്പത്തിക പരിഷ്‌ക്കരങ്ങള്‍ വികസനവുമായി ബന്ധപ്പെട്ട് നടപ്പില്‍ വരുത്തുമ്പോള്‍ കേന്ദ്ര-സംസ്ഥാന ഭരണങ്ങളുമായി ബന്ധപ്പെട്ട് പുതിയ തരത്തിലുള്ള അഴിമതികളുടെയും വെട്ടിപ്പുകളുടെയും ആഗോളതല സമാന്തര മുന്നേറ്റംതന്നെ നടക്കുകയാണ്. നേരത്തെ യു.പി.എ ഗവണ്മെന്റിനു കീഴിലും ഇപ്പോള്‍ നരേന്ദ്രമോദി ഗവണ്മെന്റിനു കീഴിലും നടക്കുന്ന ഈ അഴിമതികളെ തുറന്നുകാട്ടുകയും തിരുത്തി ഭരണവും പൊതുജീവിതവും സംശുദ്ധമാക്കുകയും വികസന പദ്ധതികളും പൊതു ഖജനാവിലെ പണവും നൂറുശതമാനവും ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം വേറിട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ പൈതൃകമായി ഇടതുപാര്‍ട്ടികള്‍ക്കും അവരുടെ ഗവണ്മെന്റിനും ഉള്ളതാണ്.

അനുഷ്ഠാനങ്ങളുടെ വൈകാരിക-മായിക അന്തരീക്ഷത്തില്‍ മനംമയക്കുന്നവയായിരുന്നില്ല കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പാര്‍ട്ടികോണ്‍ഗ്രസുകള്‍. പീഡിപ്പിക്കപ്പെടുന്നവരും കഷ്ടപ്പെടുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരുമായ ജനസമൂഹത്തെ മാറോടടുപ്പിച്ച് നിലവിലുള്ള വ്യവസ്ഥയെ എതിര്‍ത്ത് മാറ്റിയെടുക്കുന്നതിനുള്ള ജനശക്തിയും വിശ്വാസവും ആര്‍ജ്ജിക്കുന്നതിനുള്ള നയങ്ങളുടെയും ആശയങ്ങളുടെയും മാറ്റുരയ്ക്കുന്ന വേദികളായിരുന്നു അത്.

മാര്‍ക്‌സുതന്നെ പറഞ്ഞിട്ടുണ്ട് ചിലപ്പോള്‍ ചരിത്രം പ്രഹസനമായി അവതരിക്കുമെന്ന്. ദേശീയതലത്തിലും സംസ്ഥാനത്തിലുമുള്ള സി.പി.എമ്മിന്റെ ആന്തരികവും ബാഹ്യവുമായ ഗതിവിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ 22-ാം പാര്‍ട്ടി കോണ്‍ഗ്രസും അതിന്റെ ഭാഗമായ തൃശൂര്‍ സമ്മേളനവും ഒരു പ്രഹസനമായി ചരിത്രത്തില്‍ അവശേഷിക്കുമെന്ന് പറയേണ്ടിവരുന്നു. ആ പാര്‍ട്ടിയുടെ നേതാക്കള്‍ അതിന്റെ ചരിത്രത്തോടും വന്ന വഴിയോടും ഈ സമ്മേളന നഗരിക്കക ത്തിരിക്കുമ്പോള്‍ പോലും അതിന്റെ പ്രതിബദ്ധത ബോധ്യപ്പെടുത്താന്‍ തയാറാകാതിരിക്കുമ്പോള്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top