Flash News

ഭരണരാഷ്ട്രീയ നേതൃത്വങ്ങളുടെ റബര്‍ കര്‍ഷകസ്‌നേഹം കാപട്യം: ഇന്‍ഫാം

February 23, 2018 , ഇന്‍ഫാം

Ltrhd 2018കോട്ടയം: വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ നടത്തുന്ന റബര്‍ കര്‍ഷക സംരക്ഷണ പ്രഖ്യാപനങ്ങളുടെയും പ്രസ്താവനകളുടെയും കര്‍മ്മസമിതി രൂപീകരണ ചര്‍ച്ചകളുടെയും കാപട്യവും വഞ്ചനയും കര്‍ഷകര്‍ തിരിച്ചറിയണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റിയന്‍ സൂചിപ്പിച്ചു.

കഴിഞ്ഞ ഏഴുവര്‍ഷത്തിലേറെയായി തുടരുന്ന റബറിന്റെ വിലത്തകര്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ കര്‍മ്മസേന രൂപീകരിക്കുമെന്ന കേന്ദ്രവാണിജ്യമന്ത്രിയുടെ പ്രഖ്യാപനം വളരെ വിചിത്രമാണ്. നാലുവര്‍ഷക്കാലമായി കേന്ദ്രം ഭരിച്ചിട്ടും നൂറുകണക്കിന് ചര്‍ച്ചകളും പഠനങ്ങളും ഇതിനോടകം നടത്തിയിട്ടും, തകര്‍ച്ചതുടരുന്ന റബര്‍ വിപണിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ അഞ്ചുബജറ്റുകളിലും റബറിനെ തള്ളിപ്പറയുകയും ചെയ്തിട്ട് വീണ്ടും ചര്‍ച്ചകള്‍ക്കായി കര്‍മ്മസേന രൂപീകരിക്കുന്നതില്‍ അര്‍ത്ഥമില്ല.

റബറിനെ കാര്‍ഷികോല്പന്നമാക്കി ഇറക്കുമതി നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ശ്രമവും നടത്തുന്നില്ല. ലോകവ്യാപാരസംഘടന കരാറിനെ പഴിചാരി രക്ഷപെടുന്നത് വിചിത്രമാണ്. ഒരു വ്യാപാരക്കരാറും അന്തിമമല്ല. തിരുത്തലുകള്‍ക്ക് വിധേയമാണ്. കരാര്‍മൂലം ആഭ്യന്തരവിപണി തകരുന്നെങ്കില്‍ കരാറില്‍നിന്നുതന്നെ പൂര്‍ണ്ണമായും ഏത് അംഗരാജ്യത്തിനും പിന്മാറാം. ഇതിനുദാഹരണമാണ് ട്രാന്‍സ് പസഫിക് പാര്‍ട്ട്ണര്‍ഷിപ്പില്‍നിന്ന് അമേരിക്ക പിന്മാറിയത്. വിവിധ വ്യാപാരക്കരാറുകളില്‍നിന്ന് പല വികസിതരാജ്യങ്ങളും പിന്മാറുന്നത് ഇന്ത്യയും മാതൃകയാക്കേണ്ടതാണ്.

ലോകവ്യാപാരസംഘടനയ്ക്കു മുമ്പാകെ റബറിനെ വ്യവസായ അസംസ്കൃത വസ്തുവായി ലിസ്റ്റ് ചെയ്യിച്ചതും ഇറക്കുമതിച്ചുങ്കം ലാറ്റക്‌സ് ഒഴികെയുള്ളവയ്ക്ക് 25 ശതമാനം ബൗണ്ട് റേറ്റില്‍ തീരുമാനിച്ചതും 1991-95 കാലഘട്ടത്തിലെ കോണ്‍ഗ്രസ് നേതൃത്വ നരസിംഹറാവു സര്‍ക്കാരാണ്. വ്യാപാരക്കരാറുകളില്‍ തിരുത്തലുകള്‍ നടത്തുവാന്‍ അവസരമുണ്ട്. ലോകവ്യാപാരസംഘടനയുടെ മന്ത്രിതലസമ്മേളനങ്ങളില്‍ അംഗരാജ്യങ്ങളുടെ അംഗീകാരം വേണമെന്നുമാത്രം. 2015ല്‍ നെയ്‌റോബിയിലും 2017ല്‍ അര്‍ജന്റീനയിലും നടന്ന സമ്മേളനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനു തയ്യാറായിട്ടില്ല. അടുത്ത സമ്മേളനം 2019 ലാണെന്നിരിക്കെ റബറിനെ കാര്‍ഷികോല്പന്നമാക്കി പ്രഖ്യാപിച്ച് ഇറക്കുമതി നിയന്ത്രണം നടത്തുവാന്‍ ഉടന്‍ സാധിക്കില്ല. അതേസമയം നിലവിലുള്ള വ്യവസ്ഥകള്‍ വഴി ആന്റി ഡമ്പിംഗ് ഡ്യൂട്ടി, സെയ്ഫ് ഗാര്‍ഡ് ഡ്യൂട്ടി, അടിസ്ഥാന ഇറക്കുമതിവില എന്നിവ പ്രഖ്യാപിച്ച് ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മനസുവെച്ചാല്‍ മാത്രംമതി. അതുപോലെ അടിസ്ഥാനവില പ്രഖ്യാപിച്ച് വിപണിയില്‍ നിന്ന് നേരിട്ടു റബര്‍ സംഭരിക്കാം. ഇതിനെല്ലാം വ്യവസ്ഥകള്‍ റബര്‍ ആക്ടില്‍ നിലവിലുണ്ട്. ഇതിനൊന്നും ശ്രമിക്കാതെ കര്‍മ്മസമിതി രൂപീകരിച്ച് ചര്‍ച്ചനടത്താമെന്ന് കേന്ദ്രവാണിജ്യമന്ത്രി വീണ്ടും പറയുമ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്തുനടന്ന ചര്‍ച്ചകള്‍ വരാന്‍പോകുന്ന ലോകസഭാതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുവാനുള്ള രാഷ്ട്രീയനാടകവും കാപഠ്യവുമാണെന്ന് വ്യക്തമാകുന്നുവെന്നും റബര്‍നയമല്ല, നടപടികളും റബര്‍സംഭരണവുമാണ് വേണ്ടതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top