Flash News

സി.പി.എം സമ്മേളനത്തിന്റെ വെളുപ്പും കറുപ്പും

March 6, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

cpm sammelanam banner1പൂരം നഗരിയില്‍ സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയില്‍നിന്ന് ആവര്‍ത്തിച്ചുയര്‍ന്ന ഒരു ചോദ്യമുണ്ട്: ജനപങ്കാളിത്തവും സംഘശക്തിയും തെളിയിക്കുന്ന ഇതുപോലൊരു സമ്മേളനം നടത്താന്‍ കേരളത്തില്‍ ആര്‍ക്കാണ് കഴിയുക?

അതിന്റെ ഉത്തരം തന്നെയാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഏക വിജയഘടകവും. വര്‍ഗീയമായി ജനങ്ങളെ ധ്രുവീകരിക്കുന്ന ഒരു രാജ്യത്ത് അതിനെ ചെറുക്കുന്ന മതനിരപേക്ഷ ജനശക്തിയെ കേരളത്തില്‍ അണിനിരത്തുന്നതില്‍ സി.പി.എം മാതൃകയായി.

ജാതി-മത-വര്‍ഗീയ വിഭജനമില്ലാതെ വര്‍ഗരാഷ്ട്രീയത്തിനു പിന്നില്‍ അണിചേര്‍ന്ന സംസ്ഥാന ജനതയുടെ പരിച്ഛേദമായിരുന്നു തൃശൂരിലേത്. സി.പി.എമ്മിന്റെ അണികള്‍ക്കു പുറമെ ഇടത്-ജനാധിപത്യ മുന്നണി ഗവണ്മെന്റിന്റെ ഭരണനേട്ടങ്ങളില്‍ പ്രതീക്ഷയുളള വലിയൊരു വിഭാഗം ജനങ്ങളും അതില്‍ ഉള്‍പ്പെട്ടത് തേക്കിന്‍കാട് മൈതാനത്തെ വീര്‍പ്പുമുട്ടിച്ച.

PHOTOമതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ദര്‍ശനത്തിന്റെ വെളിച്ചം ഉതിര്‍ത്താണ് നവോത്ഥാന പ്രസ്ഥാനം ഇരുട്ടില്‍നിന്ന് ആധുനിക കേരളത്തിന്റെ വഴിതെളിയിച്ചത്. അതേനാട്ടില്‍ ജാതീയതയുടെയും വര്‍ഗീയതയുടെയും മതതീവ്രവാദത്തിന്റെയും വിഘടന-ധ്രുവീകരണ ശക്തികള്‍ മേഞ്ഞുനടക്കുന്നു. വര്‍ഗ-ബഹുജന സംഘടനകളുടെ മാനുഷിക കൂട്ടായ്മയും സംഘശക്തിയും രാഷ്ട്രീയ പ്രബുദ്ധതയും ദുര്‍ബലമായിത്തീരുന്നു. അരാഷ്ട്രീയ – വൈകാരിക ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നതില്‍നിന്ന് വേറിട്ടതുമായി തൃശൂരിലെ മനുഷ്യപൂരം.

മറ്റൊരു സവിശേഷത സോഷ്യലിസ്റ്റ് ലക്ഷ്യവും ചൂഷണമില്ലാത്ത സമൂഹവുമെന്ന മാനവികതയുടെ മുദ്രാവാക്യം ഉയര്‍ന്നുകേട്ടതാണ്. കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍തന്നെ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഉയര്‍ത്താന്‍ മടിക്കുന്ന മുദ്രാവാക്യം. അഞ്ഞൂറിലേറെ രക്തസാക്ഷി കുടീരങ്ങളില്‍നിന്നുള്ള ദീപശിഖകള്‍ മാഞ്ഞും മറഞ്ഞുംപോയ വര്‍ഗ രാഷ്ട്രീയ ചരിത്രത്തിന്റെയും മഹാത്യാഗത്തിന്റെയും ഓര്‍മ്മകള്‍ ജ്വലിപ്പിച്ചതും ശ്രദ്ധേയമായി.

എന്നാല്‍ ഇതെല്ലാം അപ്രസക്തമാക്കുന്നതാണ് സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കണ്ണൂരിലെ ഷുഹൈബ് കൊലപാതകം. സി.പി.എം ബന്ധമുള്ളവരാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് ബോധ്യപ്പെട്ടിട്ടും തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തുകയെന്ന സത്യസന്ധത സമ്മേളനത്തില്‍നിന്നുണ്ടായില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കുമെന്ന ഉറപ്പുനല്‍കാന്‍ മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ കഴിഞ്ഞില്ല. ചുരുങ്ങിയത് ഷുഹൈബിന്റെ കുടുംബത്തെ നേരില്‍ സാന്ത്വനിപ്പിക്കാനെങ്കിലും കേരളത്തിലെത്തിയ ദേശീയ നേതാക്കള്‍പോലും മുതിര്‍ന്നില്ല.

സി.പി.എം തുടരുന്ന ഇരട്ടത്താപ്പ് നയത്തിന്റെ പ്രത്യാഘാതത്തെപ്പറ്റി ‘മാധ്യമ’ത്തിന്റെ ഈ താളുകളില്‍തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. വെട്ടേറ്റുവീണ ഷുഹൈബിന്റെ ചിത്രം ഹൈക്കോടതിയില്‍ ഉയര്‍ത്തിക്കാട്ടി ‘ഒരു മനുഷ്യനോട് ചെയ്തതു കാണൂ’ എന്ന് നീതിപീഠത്തിനു പറയേണ്ടിവന്നു. കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്താന്‍ പൊലീസിനു കഴിയാത്തത് എന്തുകൊണ്ടെന്ന കോടതിയുടെ ചോദ്യം സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും വിശ്വാസ്യതയുടെ നെഞ്ചിലാണ് തറയ്ക്കുന്നത്.

നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരായി സ്വയം അവകാശപ്പെടുമ്പോഴും ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുപോലും സമൂഹ മന:സാക്ഷിയെ ഉണര്‍ത്തുകയും സ്വാധീനിക്കുകയും ചെയ്യുംവിധം പ്രവര്‍ത്തിക്കാനാകുന്നില്ല. മണ്ണാര്‍ക്കാട്ട് തുണിക്കടയില്‍ കുത്തേറ്റുമരിച്ചുവീണ സഫീര്‍ എന്ന യുവാവും പത്തനാപുരത്ത് ആത്മഹത്യചെയ്യേണ്ടിവന്ന പ്രവാസിയായ സുഗതനും ഇടതുപക്ഷ പാര്‍ട്ടികളുടെ മന:സ്സാക്ഷിക്കു മുമ്പിലെ ചോദ്യങ്ങളാണ്. അട്ടപ്പാടിയില്‍ പത്തുവര്‍ഷമായി മാനസിക വിഭ്രാന്തിയും വിശക്കുന്ന വയറുമായി കാട്ടിലെ ഗുഹയില്‍ കഴിഞ്ഞിരുന്ന മധു, ഇടത്-വലത് ഭേദമില്ലാതെ ഭരണകൂട അവഗണനയും ചൂഷണവും വംശനാശവും നേരിട്ടവരുടെ പ്രതീകമാണ്. രാഷ്ട്രീയ പ്രബുദ്ധമെന്ന്
അഹങ്കരിക്കുന്ന കേരള സമൂഹത്തിന്റെ കാപാലിക മനസിന്റെ ഇരയും.

28154263_1436133623179441_4533521079678795776_nതൃശൂരില്‍കണ്ട പാര്‍ട്ടിയുടെ ബഹുജന പിന്തുണ, പാര്‍ട്ടിയും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ മുന്നണിയും എന്ന രാഷ്ട്രീയ ദ്വന്ദത്തിന്റെ പ്രതിഫലനംകൂടിയാണെന്ന് വ്യക്തമാക്കിയല്ലോ. ആശയപരമായ ബോധവും ലക്ഷ്യവുമായി ആ ജനമുന്നേറ്റത്തെ ബന്ധിപ്പിക്കുന്നില്ലെങ്കില്‍ കൊഴിഞ്ഞും അകന്നുംപോകുന്ന കേവലം ആള്‍ക്കൂട്ടമായി ഈ കാഴ്ചയും അദൃശ്യമാകും.

കൊല്‍ക്കത്തയിലെ എക്‌സ്പ്ലനേഡിലും ബ്രിഗേഡ് ഗ്രൗണ്ടിലും നടന്നിരുന്ന തേക്കിന്‍കാട് മൈതാനിയിലെ ജനമുന്നേറ്റത്തെ വെല്ലുന്ന ബഹുജന റാലികളാണ് ഇടതുമുന്നണി ഗവണ്മെന്റിനെ മൂന്നു പതിറ്റാണ്ടിലേറെ പശ്ചിമബംഗാളില്‍ അധികാരത്തിലിരുത്തിയത്. ആ റാലികളില്‍നിന്നും പിന്തുണയില്‍നിന്നും ജനങ്ങള്‍ അവിടെ അകന്നുപോയി. എന്തുകൊണ്ടെന്ന് തിരിച്ചറിഞ്ഞുള്ള തീരുമാനങ്ങള്‍ സി.പി.എമ്മിന്റെ കേരള സമ്മേളനം എടുത്തതായി പാര്‍ട്ടിയുടെ ഔദ്യോഗിക വാര്‍ത്തകള്‍പോലും ബോധ്യപ്പെടുത്തുന്നില്ല. ഷുഹൈബിന്റെ കുടുംബത്തെ സ്വാന്തനിപ്പിക്കാനാവാത്ത സി.പി.എമ്മിന് സാന്ത്വന പരിപാടികള്‍കൊണ്ടോ 45 ഇന കര്‍മ്മപരിപാടികൊണ്ടോ കേരള സമൂഹത്തിന്റെ 50 ശതമാനത്തിലേറെ ജനപിന്തുണ ഉറപ്പാക്കാനാകുമോ? കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഹൃദയത്തില്‍ ഇടമുണ്ടായിരുന്ന പാവപ്പെട്ടവര്‍ കൊഴിഞ്ഞുപോകുകയാണെന്ന കണക്ക് സമ്മേളനം നിശബ്ദം കേട്ടിരിക്കേണ്ട സ്ഥിതികൂടിയുണ്ടാകുമ്പോള്‍.

സി.പി.എമ്മിന്റെ ചിരിക്കുന്ന മുഖമെന്നു വിശേഷിപ്പിക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ സമ്മേളന വിലയിരുത്തല്‍ ഗൗരവമായ മറ്റൊരു പരിശോധന ആവശ്യപ്പെടുന്നു: ‘സി.പി.എമ്മിന് ഒരു ശബ്ദമേയുള്ളു. പാര്‍ട്ടിയില്‍ വ്യത്യസ്ത ശബ്ദമില്ല. ഇത് പ്രധാന നേട്ടമാണ്.’

ഒരു ഫാഷിസ്റ്റ് പാര്‍ട്ടിക്കുമാത്രം അവകാശപ്പെട്ട ഉള്‍പ്പാര്‍ട്ടി അവസ്ഥയും സംഘടനാ രീതിശാസ്ത്രവുമാണ് നേട്ടമായി കോടിയേരി ചൂണ്ടിക്കാട്ടുന്നത്. ഒരൊറ്റ ശബ്ദം എന്നത് പട്ടാള അച്ചടക്കമാണ്. അത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നടപ്പാക്കിയാണ് ഹിറ്റ്‌ലറും മുസ്സോളിനിയും ഫാഷിസ്റ്റ് രാഷ്ട്രീയം മനുഷ്യരാശിക്കെതിരെ പ്രയോഗവത്ക്കരിച്ചത്.

ജനാധിപത്യ കേന്ദ്രീകരണ തത്വത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ സോവിയറ്റ് യൂണിയനിലടക്കം നേരത്തെ ജനങ്ങള്‍ ഉപേക്ഷിച്ചു. അവിടങ്ങളില്‍ ശേഷിച്ചത് ഫാഷിസ്റ്റ് പാര്‍ട്ടികളുടെ പുറന്തോടാണ്. അതിന്റെ ഞെട്ടല്‍ ലോകയാഥാര്‍ത്ഥ്യമായി ചോദ്യങ്ങള്‍ തൊടുത്തപ്പോഴാണ് സി.പി.എമ്മിന്റെ 14-#ാ#ം പാര്‍ട്ടി കോണ്‍ഗ്രസ് 1992ല്‍ ചെന്നൈയില്‍ ചേര്‍ന്നത്. ജനാധിപത്യ കേന്ദ്രീകരണമെന്ന മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് തത്വം പ്രയോഗത്തില്‍ തുടരുന്നതു സംബന്ധിച്ച് ഗൗരവമായ പരിശോധനയും തിരുത്തലും നടത്താന്‍ ശ്രമിച്ചത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ തുറന്ന വിമര്‍ശത്തിന് വ്യവസ്ഥചെയ്തത്. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാനും തെരഞ്ഞെടുപ്പു നടത്താനും തീരുമാനിച്ചത്. പാര്‍ട്ടി നേതൃത്വത്തില്‍നിന്നു സ്വതന്ത്രമായി അച്ചടക്ക നടപടികള്‍ തീരുമാനിക്കാനുള്ള സ്വതന്ത്ര കണ്‍ട്രോള്‍ കമ്മീഷനെ നിയോഗിച്ചത്. ‘ഉള്‍പ്പാര്‍ട്ടി ജനാധിപത്യം യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാനുള്ള ചില നിര്‍ദ്ദേശങ്ങളാണിവ. അവ ഇനിയും പുഷ്ടിപ്പെടുത്തേണ്ടിയിരിക്കുന്നു’ എന്ന് ജനറല്‍ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ ഇ.എം.എസ് വ്യക്തമാക്കുകയും ചെയ്തു.

പുഷ്ടിപ്പെടുത്തുന്നതിനു പകരം ഉള്‍പ്പാര്‍ട്ടി ജനാധിപത്യം സി.പി.എമ്മില്‍ വീണ്ടും ആസൂത്രിതമായി പിന്നീട് തകര്‍ത്തത് ഇ.എം.എസ് സ്ഥാപിച്ച കേരള പാര്‍ട്ടിയുടെ മുന്‍കൈയിലാണ്.

നേതൃത്വത്തെ വിമര്‍ശിക്കാത്ത, ചോദ്യം ചെയ്യാത്ത പാര്‍ട്ടിയംഗങ്ങളെയും കമ്മറ്റികളെയും കണ്‍ട്രോള്‍ കമ്മീഷനെയും സൃഷ്ടിക്കുന്ന പഴയകാല ശൈലിയിലേക്ക് സി.പി.എം തിരിച്ചുപോയി. തൃശൂര്‍ സമ്മേളനത്തില്‍ തെരഞ്ഞെടുത്ത കണ്‍ട്രോള്‍ കമ്മീഷന്‍തന്നെ ഉത്തമോദാഹരണം. സി.പി.എമ്മില്‍ വ്യത്യസ്ത ശബ്ദമില്ലെന്ന സംസ്ഥാന സെക്രട്ടറിയുടെ നിരീക്ഷണം, ഈ വസ്തുനിഷ്ഠ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ്.

സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ലോക്കല്‍ – ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങിയപ്പോള്‍ ശക്തമായ വിമര്‍ശങ്ങളുയര്‍ന്നിരുന്നു. അതിന് ശരവ്യരായവരെ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് മത്സരത്തിന് ഒരുങ്ങിയതായും മേല്‍ കമ്മറ്റികളില്‍നിന്നുള്ളവര്‍ ഇടപെട്ട് മത്സരങ്ങള്‍ ഒഴിവാക്കിയതായും വാര്‍ത്തകളുണ്ടായിരുന്നു.

സംസ്ഥാന സെക്രട്ടറിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളോ മുഖ്യമന്ത്രിയുടെ പൊലീസ് വകുപ്പിന്റെ നടത്തിപ്പു സംബന്ധിച്ച വിമര്‍ശങ്ങളോ ഗവണ്മെന്റും പാര്‍ട്ടിയുമായി ബന്ധപ്പെട്ട തിരുത്തപ്പെടേണ്ട വിഷയങ്ങളോ സംസ്ഥാന സമ്മേളനത്തില്‍ ഉയരാതെപോയത് അതുകൊണ്ടാണ്.

വിഭാഗീയത സി.പി.എമ്മിലും പാര്‍ലമെന്ററി തലത്തിലും പദവികളും അധികാരവും കയ്യടക്കുന്നതിനുള്ള ആസക്തിയും ഗ്രൂപ്പടിസ്ഥാനത്തിലുള്ള ഉള്‍പ്പാര്‍ട്ടി രഹസ്യനീക്കങ്ങളുമാണ്. നേതാക്കളും അവരെ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പുകളും ആശയപരമായും സംഘടനാപരമായും തള്ളിപ്പറയുകയും ഒരുപോലെ രഹസ്യമായി പ്രയോഗതലത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഒരു മാര്‍ക്‌സിസ്റ്റുവിരുദ്ധ അവസരവാദംകൂടിയാണ് വിഭാഗീയത.

പാര്‍ലമെന്റേതര മാര്‍ഗങ്ങള്‍ക്ക് പ്രവര്‍ത്തനത്തില്‍ ഊന്നല്‍ നല്‍കി അതിന് സഹായകമാകാന്‍ മാത്രം പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ ഉപയോഗിക്കുകയും വിപ്ലവം പരിപാടിയും ലക്ഷ്യവുമായി എഴുതിവെക്കുകയും ചെയ്ത മാര്‍ക്‌സിസ്റ്റുപാര്‍ട്ടി പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ കടകോല്‍മാത്രമായി വര്‍ത്തിക്കുന്ന പ്രക്രിയകൂടിയാണ് ഈ രാഷ്ട്രീയ പ്രതിഭാസം.

ഇതുപയോഗിച്ച് പാര്‍ട്ടി പിടിച്ചെടുത്ത് പാര്‍ട്ടിയുടെയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെയും തലപ്പത്തെത്തുകയും തുടര്‍ന്ന് വിഭാഗീയതയെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ കാപട്യമാണ് വിഭാഗീയതയ്‌ക്കെതിരെ എന്ന പേരില്‍ തൃശൂര്‍ സമ്മേളനത്തില്‍ നേതൃത്വത്തില്‍നിന്നുള്ള ആധികാരികതയോടെ നടത്തിയ പ്രഖ്യാപനങ്ങള്‍. മൂന്നു പതിറ്റാണ്ടുകാലത്തെ കേരള സി.പി.എമ്മിലെ വിഭാഗീയതയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ വ്യക്തമാകും.

സമ്മേളനത്തില്‍ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും നടത്തിയ അവകാശവാദങ്ങള്‍ ശ്രദ്ധേയമാണ്. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന കേന്ദ്രവും ജില്ലകളില്‍ ശേഷിച്ചിരുന്ന തുരുത്തുകളും ഇല്ലാതാക്കിയെന്ന്. വിഭാഗീയതയുടെ കാലയളവില്‍ സംഘടനയെ മുഖ്യമായി നയിച്ച മുഖ്യമന്ത്രിയും ‘പാര്‍ട്ടി ഏല്പിച്ച വിശ്വാസമാണ്’ തന്റെ സെക്രട്ടറി സ്ഥാനമെന്ന് അവകാശപ്പെടുന്ന സംസ്ഥാന സെക്രട്ടറിയുമാണ് വിഭാഗീയതയെ വിഴുങ്ങിയ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്നത്.

പ്രസരണ ശൃംഖലയെല്ലാം വിച്ഛേദിച്ച് ഉപയോഗശൂന്യമാക്കിയ ഒരു ‘രാഷ്ട്രീയ പവ്വര്‍ഹൗസ്’പോലെ പൊതുസമ്മേളന വേദിയില്‍ വാര്‍ദ്ധക്യത്തിന്റെ അവശതകളോടെ ഇരുന്ന വി.എസ് അച്യുതാനന്ദനെയാകാം ആ നേതാക്കള്‍ മനസില്‍ കണ്ടത്. നേതാവിന്റെയോ നേതാക്കളുടെയോ പിന്നിലല്ല പാര്‍ട്ടി എന്നുകൂടി അവര്‍ പറയുമ്പോള്‍ നേതൃത്വം ഒറ്റക്കെട്ടാണെന്നു പൊതുസമ്മേളനവേദിയില്‍ വിശദീകരിക്കുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാകാം അത്. ഒരുവേള തങ്ങളുടെ സഹപ്രവര്‍ത്തകനും പാര്‍ട്ടി പൊതുസദസുകളില്‍ തങ്ങളേക്കാളേറെ കയ്യടിനേടുന്ന സി.പി.എമ്മിലെ ഏറ്റവും വലിയ സാന്ത്വന- സമാധാനവാദികൂടിയായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഉദ്ദേശിച്ചു തൊടുത്തതുമാകാം ആ വിമര്‍ശനശരം.

കേരളത്തില്‍ അവസാനിപ്പിച്ചെന്ന് അവകാശപ്പെടുന്ന വിഭാഗീയത തൃശൂരിലെ സംസ്ഥാന സമ്മേളനത്തില്‍ സജീവമായി. അതുപക്ഷെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെയായിരുന്നെന്നു മാത്രം. യെച്ചൂരി പാര്‍ട്ടിക്കുമുകളില്‍ തന്നെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് ആവശ്യപ്പെടുന്നത് കുറുക്കുവഴിയിലൂടെ അധികാരത്തിലേറാനാണെന്നും സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശം ആസൂത്രിതമായിരുന്നു.

സൈദ്ധാന്തിക സ്വരത്തിലും ജനാധിപത്യ കേന്ദ്രീകരണ തത്വങ്ങള്‍ ഉയര്‍ത്തിയുമാണ് എന്നത്തേയുംപോലെ തൃശൂര്‍ സമ്മേളനത്തിലും വിഭാഗീയത അരങ്ങുതകര്‍ത്തത്. ന്യൂനപക്ഷ വര്‍ഗീയതയുമായി കൂട്ടുകെട്ട് പാടില്ലെന്ന ജനാധിപത്യ – കേന്ദ്രീകരണ തത്വത്തിന്റെ പേരിലായിരുന്നു കേരളത്തില്‍ വിഭാഗീയതയുടെ ആദ്യ വെട്ടിനിരത്തല്‍. ഇപ്പോഴത് കേന്ദ്രകമ്മറ്റി തള്ളിക്കളഞ്ഞ, കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന ആവശ്യം ഉന്നയിച്ചാണെന്ന് ജനറല്‍ സെക്രട്ടറിക്കുനേരെ പ്രതിനിധികള്‍ നിറയൊഴിച്ചു.

മുന്‍ കാലങ്ങളിലെന്നപോലെ അതിന്റെ ചാവേറുകളായി മുമ്പില്‍നിന്നത് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന – അഖിലേന്ത്യാ കമ്മറ്റി അധ്യക്ഷരായിരുന്നു. വിഭാഗീയതയ്ക്ക് അപ്പപ്പോള്‍ പാര്‍ട്ടിയില്‍ വരമ്പത്ത് സമ്മാനമുണ്ടെന്നും ബോധ്യപ്പെടുത്തി. മാനദണ്ഡമനുസരിച്ചുള്ള വനിതാ പങ്കാളിത്തം പുതിയ സംസ്ഥാന കമ്മറ്റിയില്‍ നടപ്പാക്കിയില്ലെങ്കിലും ജനറല്‍ സെക്രട്ടറിക്കെതിരെ വ്യക്തിപരമായ വിമര്‍ശനമുയര്‍ത്തിയ രണ്ടുപേരെയും സംസ്ഥാന കമ്മറ്റിയിലേക്ക് കയറ്റിയിരുത്തി. സമ്മേളന കാലയളവിലെ സി.പി.എമ്മിന്റെ കേരളത്തിലെ ഔദ്യോഗിക വക്താക്കള്‍ സംസ്ഥാന കമ്മറ്റിയംഗങ്ങള്‍പോലും ആയിരുന്നില്ലെന്ന വസ്തുതയും ഇതു വെളിപ്പെടുത്തി.

ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ രണ്ടു യുവ വിമര്‍ശകരുടെയും പേരെടുത്തു പറഞ്ഞ് ചുരുങ്ങിയത് പാര്‍ട്ടി പരിപാടിയെങ്കിലും വായിക്കണമെന്നാണ് യെച്ചൂരി ഉപദേശിച്ചത്. അടവുനയം സംബന്ധിച്ച തന്റെ നിലപാട് കേരള സി.പി.എം നേതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തത് പ്രത്യയശാസ്ത്ര – രാഷ്ട്രീയ ധാരണ ഇല്ലാത്തതു കൊണ്ടാണെന്ന് പരോക്ഷമായി പറഞ്ഞുവെക്കുകയാണ് യെച്ചൂരി ചെയ്തത്. നാലു പതിറ്റാണ്ടുമുമ്പ് കേരളത്തിലെ പാര്‍ട്ടിയെപ്പറ്റി സാല്‍ക്കിയാ പ്ലീനം നടത്തിയ അതേ വിലയിരുത്തല്‍. സി.പി.എമ്മിലെ ഏറ്റവും വലിയ പാര്‍ട്ടി ഘടകമായിട്ടും ആ അവസ്ഥ തുടരുകയാണെന്നാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top