Flash News

അന്വേഷണം (കഥ)

March 7, 2018 , ജോണ്‍ ഇളമത

Anweshanamഅങ്ങനെ ഒരു തീരുമാനം എന്നെ അമ്പരപ്പിച്ചു. മുപ്പത്തിയാറ് വയസായപ്പോള്‍ എന്‍െറ മകന്‍െറ തീരുമാനം. ഇന്ത്യയില്‍ പോകുക. അവിടെ കേരളമെന്നൊരു നാടുണ്ട്. കേരവൃക്ഷങ്ങള്‍ തിങ്ങി, നെല്‍പ്പാടങ്ങള്‍ കാറ്റില്‍ തലയാട്ടി നില്‍ക്കുന്ന നാട്. കായലും, നദിയും കളകളം പാടിയൊഴുകുന്ന നാട്. അതാണെന്‍െറ നാട് ‘കുട്ടനാട് !’ ഴയും, കപ്പയും, ചേനയും, കാച്ചിക്കായും വിളയുന്ന നാട്. അവിടെ അപ്പനപ്പൂപ്പന്മാര്‍, കോണാനുടുത്ത്, കച്ചതോര്‍ത്ത് അരയില്‍ ചുറ്റി ചക്രം ചവിട്ടിയും, കാക്കകളെയും, മുണ്ടികളെയും ആട്ടിപ്പായിച്ച് നെല്‍ക്കൃഷി ചെയ്ത് പത്തായവും, അറയും നിറയെ നെല്ലുകൂട്ടിയിട്ട് പുഴുങ്ങിക്കുത്തി കുത്തരിയുടെ ചോറുണ്ട രാജ്യം. ആറ്റിലും തോട്ടിലും വലയിട്ടും, ഒറ്റാലുകൊണ്ട് ഒറ്റിപ്പിടിച്ചും വാളയും, കൂരിയും, കൊഞ്ചും കഴിച്ച നാട്.

അങ്ങനെ ഒരു ദേശത്തെപ്പറ്റി ഈ അടുത്തകാലം വരെ എന്‍െറ മകനു പുച്ഛമായിരുന്നു. ബ്രിട്ടീഷുകാര് അടിമകളാക്കി വെച്ചിരുന്ന കറുത്ത ദ്രാവിഡരുടെ നാട്. കാര്‍ക്കിച്ചു വഴിയില്‍ തുപ്പുന്നവരുടെ നാട്. വഴീ മുള്ളുന്നവരടെ നാട്. സദാ പൊറിവിട്ട് നടക്കുന്നവരും, കരിമ്പിങ്കാട്ടിലും, പരുത്തിക്കാട്ടിലും തൂറുന്നോര്‍. ബലാത്സംഗ വീരന്മാര്‍. ഒരു പെണ്ണിനെ കണ്ടാ അന്തം വിട്ട് നില്‍ക്കുന്നോര്‍, എന്നുവേണ്ട സര്‍വ്വവിധ സാമൂഹ്യവിരുദ്ധരുടേയും നാട്.

എന്താണിങ്ങനെ ഒരു മനംമാറ്റം എന്നാലോചിച്ച് ചോദിച്ചപ്പോഴവന്‍െറ മറുപടി- ങും! ഡാഡ് നാട്ടി പോയിട്ടെത്ര കാലായി. ഞാനവിടെ അഞ്ചാം ക്ലാസു വരെ പഠിച്ചല്ലേ ഇങ്ങോട്ടു വന്നെ. എന്നാലിപ്പോ പണ്ടത്തെ സ്ഥിതി മാറി. പരിഷ്ക്കാരം വന്നു. ടീവി, കംപ്യൂട്ടര്‍,എല്ലാ ടെക്‌നോളജീം വളര്‍ന്ന് അമേരിക്കേകാളും മുമ്പിലാ. പെമ്പിള്ളേരൊക്കെ ഫോര്‍വേഡാ. നാണം കൊണ്ട് നഖം കടിച്ച് പെരുവെരല്‍ കൊണ്ട് കളമെഴുതുന്ന കാലൊക്കെ പോയി.നല്ല സെക്‌സിയായ പെമ്പിള്ളേരാ ചാനലു മുഴുവന്‍. ഈയിടെ ഒരു ഡോക്ക്മന്‍ററി കണ്ടു. “ദൈവത്തിന്‍െറ നാട്”!

എത്ര മനോഹരം. കായല്‍പ്പരപ്പിലൂടെ ഓളങ്ങളെ മുറിച്ച് പക്ഷികളേപ്പോലെ പറക്കുന്ന ഹൗസ്‌ബോട്ടുകള്‍. തീരത്തേക്ക് ചാഞ്ഞു നില്‍ക്കുന്ന ചീനവലകള്‍, ചുറ്റിലും “കള്ള്” എന്ന നാടന്‍ ബിയര്‍ ചുരത്തുന്ന തൈത്തെങ്ങുകള്‍. ഓടിവള്ളങ്ങളില്‍ ചെത്തി ഇറങ്ങുന്ന കള്ളിന്‍ കുടങ്ങള്‍ ചെന്നവസാനിക്കുന്ന തെങ്ങോല മേഞ്ഞ ഷാപ്പുകള്‍. ഷാപ്പുകളിലെ എരിവും പുളിയുമുള്ള കറികള്‍. അവിടെ അട്ടഹാസവും, പൊട്ടിച്ചിരിയും, പൂരപ്പാട്ടും. ഇതൊക്കെ കണ്ടപ്പം ഡാഡിന്‍െറ ജന്മനാടിന്‍െറ മേന്മ, എന്‍െറ മനസില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തി. പിന്നെ മറ്റൊന്ന് അവിടത്തെ യുവതികള്‍ സുന്ദരികള്‍, കണ്ണെഴുതി പൊട്ടുതൊട്ട് പൗഡറുപൂശി കരിവളകിലുക്കി നടക്കുന്ന ടീനേജുകള്‍ മുതല്‍ സീരിയലു കണ്ട് അണിഞ്ഞൊരുങ്ങി നടക്കുന്ന സുന്ദരിമാര് വരെ. അവരുടെ ചിരിയും വര്‍ത്തമാനവും ഏതു യുവാവിനും ഹരമേകും. ഓ, നമ്മടെ നാട്ടി കാനഡയി സുന്ദരിമാരൊണ്ടോ! വാഴപിണ്ടീടെ നെറമുള്ള തടിച്ചികള്, അല്ലേ മലര്‍ന്ന ചിറി ഒള്ള കാപ്പിരികള്, അതുമല്ലേ പകുതി കണ്ണടച്ചുറങ്ങി തൂങ്ങിയപോലെ കണ്ണുള്ള ചൈനാക്കാരും, കൊറിയാക്കാരും. എന്തോന്നു സൗന്ദര്യം അടിമുടി ഒരുപോലെ, ഒരുതരം കല്ലൊരലുപോലെ. അതൊക്കെ നോക്കിയാ എത്ര ഷേപ്പോള്ളോരാ നമ്മടെ പെങ്കൊച്ചുങ്ങള്!

ഈശ്വരാ, രക്ഷപ്പെട്ടു. എന്‍െറ കൊച്ചനീ പൂതോദേയം പണ്ടേ ഒണ്ടാരുന്നെ എനിക്കിപ്പം എത്ര കൊച്ചുമക്കളു കണ്ടേനെ. ആകെ ഒന്നേ ഒള്ളൂ, ഒരു മകന്‍! പൊന്നുംപൊടി പോലെ. എന്നിട്ടീ പ്രായത്തിനെടേ എത്ര വേണ്ടാതീനം കാണിച്ചു നടന്നു. ആദ്യം ഒരു വെളുമ്പിയെ പ്രേമിച്ചു, പിന്നൊരു കറമ്പിയെ, ഒടുവി കണ്ണടഞ്ഞിരിക്കുന്ന ഒരു കൊറിയാക്കാരിയേം. ങും! മലയാളി പെമ്പിള്ളേരവിടില്ലാഞ്ഞിട്ടാണോ, അല്ല ഏതിനെ കാണിച്ചാലും പറേം, അതുവേണ്ട ഞങ്ങളു കൂട്ടുകാരാ, അല്ലേ പറേം ഓ, അവളെ ഇന്നാള് നൈറ്റ് ക്ലബ്ബീ കണ്ടു, മറ്റൊരു പെണ്ണിന്‍െറ കൂടെ, ലസ്ബിയനാ!

ഹൊ, ഹൊ, എന്തായാലും ഇങ്ങനെ ഒരു സല്‍ബുദ്ധി തോന്നീല്ലോ. ഞാം നാട്ടിപോയിട്ട് കൊല്ലം അഞ്ചാകുന്നു. സഹികെട്ട് പോക്ക് നിര്‍ത്തിയതാ. എപ്പ നാട്ടിപോയാലും പേരപ്പമാരടെ ചോദ്യമതാ-

“എടാ കുഞ്ഞിപെലി! നിന്‍െറ മോന്‍ കെട്ടിയോ, അവനിപ്പോ എത്ര വയസായി. എന്‍െറ ഭാര്യ ത്രേസ്യമ്മേടെ വകേലൊരു നാത്തൂന്‍െറ മോളൊണ്ട്, ഒന്നാലോചിക്കട്ടെ!”

എന്‍െറ മോനോട് ചോദിച്ചപ്പം അവമ്പറഞ്ഞു-

“വേണ്ട ഡാഡ്! അതുങ്ങളെ ഒന്നും പറ്റുകേലാ, മൂടി പൊതച്ച് നഖോം കടിച്ചു നടക്കുന്നതിനെ ഒക്കെ. പരിഷ്ക്കാരമില്ലാത്ത ജാതികള്!”

എന്തിനേറെ പറയട്ടെ, ഞാനും മോനും കൂടെ പ്ലെയിന്‍ കേറി, നാട്ടിലേക്ക്. ഒരു ഭാഗ്യക്കുറി, ഒത്താലൊക്കട്ടെ. കൊച്ചീ ചെന്നറങ്ങി നേരെ ചെക്കിടിക്കാട്ടെത്തത്തി ഒരു കല്യാണ ബ്രോക്കറെ കാണാന്‍. അതാണല്ലോ നാട്ടുനടപ്പ്. എന്തിനാ ചെക്കിടിക്കാട്ട് എന്‍െറ നാട്ടി പോയേന്നറിയാമോ! കൊച്ചീലും, കോഴിക്കോട്ടും, കൊല്ലത്തും പെണ്ണില്ലാഞ്ഞിട്ടല്ല. അതെന്‍െറ സൂത്രം! അവിടെ പട്ടണങ്ങളിലെ പെമ്പിള്ളേര് തന്‍േറടികളാ, അമേരിക്കേലെ പെമ്പിള്ളേരെ കടത്തി വെട്ടുന്നോര്. അതാ എന്‍െറ മുന്നനുഭവം. പണ്ട് ഞാനെവനുതന്നെ അവന്‍െറ അനുവാദം കൂടാതെ പെണ്ണന്വേഷിച്ചതാ. ഒരോ അവളുമാരടെ ഡിമാന്‍റു കേക്കണം. അതോണ്ടാ. ചെക്കിടിക്കട്ടെറങ്ങി കടത്തുവള്ളം കേറി ബ്രോക്കര്‍ ലാസറിനെ കാണാമ്പോയ വഴിക്ക് വള്ളത്തേക്കേറാം വന്ന ഒരു സുന്ദരി പെങ്കൊച്ചിനെ അവന്‍ കണ്ടു. ഒരു കോളേജുകുമാരിയെ അല്ലേല്‍ ഏതേലും ആഫീസി ജോലിക്കു പോണ യുവതിയെ. ആ പെണ്ണിനെ അവന്‍ തുറിച്ചു നോക്കീട്ടു ഇംഗ്ലീഷി ചോദിക്കുവാ-

“ഡാഡ് എങ്ങനൊണ്ടീ പെങ്കൊച്ച്, സെക്‌സിയാ അല്ലേ! ഇതുപോലൊരണ്ണത്തിനെ മതി”

അപ്പനോട് ചോദിക്കാന്‍ പറ്റിയ ചോദ്യം അല്ലേ! എന്‍െറ ചെറുപ്പത്തി എന്‍െറ അപ്പനോട് ഇങ്ങനെ ചോദിച്ചാ എന്താ ഉത്തരം കിട്ടുക,…..തന്തക്കു പിറക്കാത്ത കഴുവേറി….എന്നായിരിക്കില്ലേ ! എന്തായാലും ഇംഗ്ലീഷു മനസിലാകുന്ന പെങ്കൊച്ചിതു കേട്ട് കിലുക്കാം പെട്ടി പോലെ കളിയാക്കി ചിരിക്കുന്നതു കേട്ടു.

ലാസറിനെ കണ്ടു. ലാസറിന് വലിയ സന്തോഷം, കൊന്ത്രപ്പല്ലുകള്‍ മുഴുവന്‍ പുറത്തിറക്കി അയാളതു പ്രകടിപ്പിച്ചു. ഏതു വേണം സാറിന്? തരാതരം ഞാന്തരാം. മാട്രിമോണി കമ്പിനി എല്ലാം ചീറ്റിംങാ!

ഒരു നാടന്‍ ഗ്രാമീണ സൗന്ദര്യം! അടക്കമൊതുക്കമുള്ള തനി കുട്ടന്‍നാട് മതി. അല്പം വേര്‍പ്പ് മണമൊണ്ടേലും അതാ നല്ലത്. പട്ടണത്തിലേതൊക്കെ ആഴ്‌ച്ചേലൊരിക്ക കുളിച്ചേച്ച് പാരീസ് ഫെര്‍ഫ്യൂം ഇട്ടതുങ്ങളാ.

ങാ, അതാ ഞാനും പറേന്നെ. പറ്റിയ കേസൊണ്ട്. വഴി അലം ദുര്‍ഘടമാ. ആരും ചെന്നുപറ്റാനലപ്പം വിഷമമായതിനാലാ അധികം പേരങ്ങോട്ട് ചെല്ലാത്തെ. ങാ, അല്ലേലും സൗന്ദര്യോള്ള താമര ചേറ്റിലല്ലേ വളരൂ. ലാസര്‍ വീണ്ടും ക്രോന്ത്രപ്പല്ലു പുറത്തിറക്കി വികൃതച്ചിരി ചിരിച്ചു.

അതൊന്നും സാരോല്ല പെണ്ണ് നന്നായിരിക്കണം, കണ്ടാ ചേലുവേണം, സ്വഭാവോം നന്നായിരിക്കണം.

ലാസറ് കവലേന്നൊരു ടാക്‌സി പിടിച്ച് എന്നേം മകനേം കേറ്റി ഡ്രൈവറോട് കല്പ്പിച്ചു: വിട്ടോടോ ഇവിടുന്നു തകഴി വഴി മിത്രക്കരി കഴിഞ്ഞ് ഊരംങ്കരി അവടെ പാടത്തിന്‍െറ മൊനമ്പിലെ കുരിശടീ വണ്ടി നിര്‍ത്തിയാ മതി, എന്നിട്ട് താനവടെ വെയിറ്റ് ചെയ്‌തോ. അവിടന്ന് പാടത്തിനരികത്തെ തോട്ടുങ്കരേകൂടെ ഒന്നൊന്നര മൈലു നടക്കണം. അതിലേ വണ്ടി പോയിട്ട് കാളവണ്ടി പോലും ചെല്ലത്തില്ല. ഒറ്റയടിപാതയാ ഒരാക്കു നടക്കാമ്പരുവത്തി!

ഡ്രൈവറോട് കല്പിച്ചതിനുശേഷമുള്ള ഭാഗം ലാസര്‍, ഞാം കേക്കാമ്പറഞ്ഞതാണ് എന്നെനിക്കു മനസ്സലായി.

ങാ, എന്തായാലും വഴി എങ്ങനേം കെടക്കട്ടെ, ചേറ്റിലെ താമരക്ക് നെറോം ഗുണോം ഒണ്ടങ്കി. വണ്ടി ഓടി. പാടത്തിന്‍െറ മദ്ധ്യത്തിലെ കുത്തിക്കുഴിഞ്ഞ റോഡിലൂടെ. കൊയ്ത്തു കഴിഞ്ഞ പാടത്ത് താറാവുകളുടെ പട. അവയുടെ ചെവിതുളക്കുന്ന വൃത്തികെട്ട ശബ്ദം. അവയെ മേയിക്കുന്ന താറാവുകാരുടെ അശ്ലീല ആക്രോശങ്ങള്‍. ഇടക്കിടെ മുണ്ടികള്‍ പറക്കുന്നു. കലക്ക വെള്ളത്തിലെ തറാവുകളുടെ കാഷ്ഠത്തിന്‍െറ നാറ്റം കാറ്റില്‍ ചുറ്റിയടിക്കുന്നു.

എന്തോ ചീഞ്ഞ മണം! മകന്‍ പറഞ്ഞു.

മേനെ ഇത് കുട്ടനാടാ!, തോട്ടിലെ ആഫ്രിക്കന്‍ പായല് കരേവാരീട്ട് ചീഞ്ഞേന്‍െറ നാറ്റമാ. ഞാനാ നാറ്റത്തിന്‍െറ പൊരുള്‍ മകനിലേക്കെത്തിച്ചു.

വണ്ടി കുരശടീ നിന്നു. പാടത്തിന്‍െറ ഓരത്തെ തോട്ടുവക്കിലൂടെ ലാസര്‍ മുമ്പേ പിന്നാലെ ഞാനും, മോനും. കൈതക്കാടിനിയിലൂടെ. മുള്ളുകൊണ്ടാലും വേണ്ടില്ല ഒരു സുന്ദരിപെണ്ണിനെ എന്‍െറ മോന് തരപ്പെടണേ എന്ന് സര്‍വ്വ പുണ്യാളന്‍മാരോടും പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ നടന്നു. അതിനിടെ എന്‍െറ മോനൊരു ചോദ്യം-

ഡാഡ് ഇവിടെ ഡിസ്‌കോ ഒണ്ടോ?

എന്തിനാ?

നല്ല പെമ്പിള്ളേരെ കണ്ടുമുട്ടിയാ ഡേറ്റിങിന് ഒരു നൈറ്റിങിനു പോകാനാ! ആദ്യം നീ കാണ്,എന്നിട്ട് ആട്ടെ ബാക്കി തീരുമാനം.

നല്ലകാര്യം! ഡിസ്‌ക്കോ, ഈ കുഗ്രാമത്തില്‍ല്‍ സന്ധ്യക്ക് ഏഴുമണിക്ക് കുരുശുവര, അത്താഴം, ഒമ്പതിന് മുമ്പ് കിടപ്പ്, പിന്നെ ഗ്രാമം ഒറങ്ങി. ഡിസ്‌കോയി നൈറ്റില്‍ കൂട്ടികൊണ്ടുപോയി ഡേറ്റിങ് നടന്നതാ, അവടപ്പനോട് അങ്ങനൊന്നാവശ്യപ്പെട്ടാ, അടി പാഴ്‌സലാ!

നടന്നുനടന്ന് ഒരുവിധം ഡെസ്റ്റിനേഷനില്‍ എത്തി.ലാസര്‍ പറഞ്ഞു-

ഇതാ വീട്!

പാടത്തിന്‍െറ മദ്ധ്യത്തിലെ ദ്വീപില്‍, തെങ്ങുകള്‍, മാവുകള്‍, പ്ലാവുകള്‍, മറ്റു ഫലവൃക്ഷങ്ങള്‍, ആത്ത, ചാമ്പ, പേര എന്നിവക്കു നടുവില്‍ അതിപുരാതനായ അറയും, പത്താഴവുമുള്ള ഒരു വലിയവീട്. അല്പം അകലെ പശുതൊഴുത്ത്, ആട്ടുകൂട്, കോഴിക്കൂട്, കക്കൂസ്, കുളിപ്പെര, അവിടെ കച്ചിയുടെയും, പുന്നെല്ലിന്‍െറയും, മൂത്രത്തിന്‍െറയും, ചാണകത്തിന്‍െറയും, ആട്ടുങ്കാട്ടത്തിന്‍റയും, കോഴികാഷ്ഠത്തിന്‍െറയും നാറ്റം!

പൂമുഖത്തിന്‍െറ മുറ്റത്തേക്ക് പ്രവേശിച്ചപ്പോള്‍, മുറ്റത്തരുകിലെ തൈമാവില്‍ തുടലിട്ടു പൂട്ടിയ പൂടപൊഴിഞ്ഞ വയസ്സന്‍ പട്ടി ഒന്നെണീറ്റു നിന്നൊന്നു മുരണ്ടു, എന്നിട്ട് ശക്തിയില്ലാത്ത രണ്ടു കുരച്ചു. വീണ്ടും ചടഞ്ഞുകൂടി കിടന്നു, ഡ്യൂട്ടി തീര്‍ന്നമട്ടില്‍. പൂമുഖത്തേക്ക് പ്രവേശിച്ചപ്പോള്‍ അവിടെ ഇട്ടിരുന്ന വലിയ വട്ടമേശയുടെ പുറത്ത് വെച്ചിരുന്ന ചെറുകൂടയില്‍ ഒരു പിടക്കോഴി മുട്ട ഇട്ട് ഉയര്‍ന്നു കീര്‍ത്തനം പാടി. അറയിലും, നിരയിലും, പല്ലി, പാറ്റ, ചിലന്തി തുടങ്ങിയ കുടുബ പെറ്റുകള്‍ സൈര്യവിഹാരം ചെയ്യുന്നതു കൗതുകത്തേടെ നോക്കി ഞാനോര്‍ത്തു- എന്തായാലും വേണ്ടില്ല, പെണ്ണ് ജോറായിരുന്നാ മതി.

ബ്രോക്കര്‍ അകത്തേക്ക് നോക്കി അല്പം ഉറക്കെ വിളിച്ചു ”തൊമ്മിക്കുഞ്ഞേ!”

തൊമ്മിക്കുഞ്ഞ് ഇറങ്ങി വന്നു. ശുദ്ധ കൃഷീവലന്‍, കച്ച തോര്‍ത്തും രോമാവൃതമായ നഗ്‌ന മാറിടവും കാട്ടി. അയള്‍ക്ക് വേര്‍പ്പിന്‍െറയും പുന്നെല്ലിന്റേയും മണം. ബ്രോക്കര്‍ അയാളെ മാറ്റി ചെവിയില്‍ എന്തൊക്കയോ കുശുകുശുത്തു.

ബ്രോക്കര്‍ ഞങ്ങളോടായി പറഞ്ഞു-

തൊമ്മിക്കുഞ്ഞിന് ഒമ്പതാ മക്കള്‍! ആറു പെണ്ണും, മൂന്നാണും. ഓള്‍ഡ് ഫാഷനാ! കറന്‍റും, ടീവീമൊക്കെ ഇവിടെ എത്തീട്ട് ഒരു കൊല്ലമേ ആയൊള്ളൂ, അതോണ്ട. ബ്രോക്കര്‍ വൃത്തികെട്ട ചിരി ചിരിച്ചു.

തൊമ്മിക്കുഞ്ഞ് ഞങ്ങളെ കച്ചിപ്പൊട്ടി തട്ടിതുടച്ചു പഴയ കട്ടി തടിയന്‍ കസേരകളില്‍ ഇരുത്തി. എന്നിട്ട് എന്‍െറ മകനെ അടിമുടി നോക്കിപറഞ്ഞു- “എന്‍െറ മൂത്തമോന്‍ എംഏ ക്കാരനാ. ഞങ്ങക്കേറെ സൊത്തൊണ്ട്. ഇവിടെ കണ്ടോം കൃഷിമായിട്ട് കഴിഞ്ഞാമതീന്ന് പറഞ്ഞപ്പം അവനമേരിക്കേ പോണം, അതോണ്ടാ. ഞാനൊന്ന് ഞെട്ടി ലാസറെ നോക്കി – താനാര്‍ക്കാ കല്യണമാലോചിക്കുന്നെ, ആണിനോ, പെണ്ണിനോ? ലാസര്‍ എന്നെ മിഴിച്ചു നോക്കി വൃത്തികെട്ട ചിരിചിരിക്കാതെ കോന്ത്രപ്പല്ലു കാട്ടി ഗൗരവത്തി പറഞ്ഞു-

സാറിന്‍െറ മോക്ക്, അപ്പോ പെണ്ണല്ലേ!

എന്‍െറ മോന്‍ ആണാ, അവനാരു പെണ്ണിനെയാ വേണ്ടേ!

ലാസര്‍ ക്ഷമാപണത്തോടെ പറഞ്ഞു-

“പൊന്നു സാറെ, സാറിന്‍െറ മോന്‍െറ ലിംഗം എനിക്കു തെറ്റിപ്പോയി. പെണ്ണാന്നാ കരുതീത്. പോണീടെയിലും, ഇരുകാതുകളിലെ റിംങും ,ക്ലീന്‍ ഷേവും, വീകഴുത്തൊള്ള ടീഷര്‍ട്ടും, കുണുകുണാന്നു കുലുങ്ങിയുള്ള നടത്തവും കണ്ടപ്പം ഞാനോര്‍ത്തു, പെണ്ണാന്ന്!”

“ങേ! പെണ്ണല്ലേ, ആണാണോ?”

ആശ്ചര്യത്തോടെ തൊമ്മിക്കുഞ്ഞ് ചോദിച്ചു. തൊമ്മിക്കുഞ്ഞൊന്നടങ്ങി. ഇരുത്തം വന്ന നിലയില്‍ തൊമ്മിക്കുഞ്ഞ് ആലോചന ഒന്നു മാറ്റി പറഞ്ഞു-

“അപ്പോ പിന്നെ നമ്മക്ക് മറ്റേവഴി ആലോചിക്കാം! ഇവന്‍െറളേത് പെണ്ണാ, ബെറ്റി, അല്പം പ്രായക്കൊറവാ ഇരുപത്തിമൂന്ന്. ബിഎസി കഴിഞ്ഞ് എംഎസിക്ക് ആദ്യത്തെ കൊല്ലമാ, അവക്കങ്ങാലോചിക്കാം, അവക്കും ഫോറിന്‍ മോഹം ഉണ്ട്, പക്ഷ..ചില കണ്ടീഷന്‍ അല്ലാണ്ട് ഞങ്ങടെ ബന്ധുക്കള് സമ്മതിക്കത്തില്ല , ചെറുക്കന്‍ മുടിമുറിച്ച് കമ്മലൂരി, നേരാം വണ്ണം ആണിനെപ്പോലെ ഡ്രസിട്ടാ കല്യാണം നടത്താം, നല്ല സ്ത്രീധനോം തരാം!”

ഇതിനിടെ കാര്യത്തിന്‍െറ ഗൗരവം ഏറെക്കുറെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടികൊണ്ടിരുന്ന മകന്‍െറ മുമ്പിലേക്ക് മച്ചില്‍ നിന്നൊരു പല്ലി താഴെവീണ് വാല് മുറിച്ചിട്ടോടി. സിംഹത്തിന്റെ മുമ്പി അകപ്പെട്ട കാളക്കുട്ടിയേപ്പോലെ മകന്‍ ചാടി എണീറ്റു നിന്നു വിറച്ചു, ഉച്ചത്തില്‍ ഇംഗ്ലീഷില്‍ ആക്രോശിച്ചു-

“….ഫക്കോ…..ഫ്!, ഇവിടുന്നു പെണ്ണുംവേണ്ടാ, പെടക്കോഴീം വേണ്ടാ!!”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top