Flash News

കാനഡയില്‍ ജീവിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇവിടെ ഒന്നും ‘ഫ്രീ’ അല്ല (ജയ് പിള്ള)

March 10, 2018 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_57858651കാനഡയിലെ സ്ഥിരതാമസക്കാർക്കും പൗരത്വം സ്വീകരിച്ചവർക്കും ഒരു ഓർമ്മപ്പെടുത്തൽ.

നമ്മുടെ ജന്മദേശവുമായി എല്ലായ്‌പോഴും മാനസികമായി നല്ല ഊഷ്മള ബന്ധങ്ങളുള്ളവരാണ് നമ്മള്‍. നമ്മുടെ ദൈനംദിന ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിഷയങ്ങളേയും താരതമ്യപ്പെടുത്തിയാല്‍ ചിലപ്പോഴെങ്കിലും ദുഃഖാകുലരാകുന്നവരുമുണ്ട്.

പലവിധ ആവശ്യങ്ങൾക്കായി കാനഡയില്‍ നിന്ന് പുറത്തേക്ക് യാത്രചെയ്യേണ്ടിവരുന്നവർ ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കില്‍ ചിലപ്പോൾ അതൊരു വലിയ വീഴ്ചയായും, ഒരു വൻ ബാധ്യതയായും മാറിയേക്കാം.

കാനഡയിൽ ചികിത്സാ രംഗത്ത് പല രീതിയിൽ ഉള്ള കാല താമസമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്നും, നല്ല ചികിത്സാരീതികളുമൊക്കെ നമ്മുടെ ജന്മദേശത്തും, യു എസ് ലും ഒക്കെ ലഭ്യമാണുതാനും. കാനഡയിൽ, പ്രത്യേകിച്ച് ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ, ചികിത്സാ ലഭ്യതയുടെ കാലതാമസം വളരെ ദാരുണാന്ത്യങ്ങൾക്കു വരെ സാക്ഷിയായിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച കനേഡിയൻ പൗരന് മെക്സിക്കോയിൽ അപകടം സംഭവിക്കുകയും, ചികിത്സാ ചെലവുകൾ താങ്ങാൻ കഴിയാതെ അയാളെ പ്രത്യേക സജീകരണങ്ങളോടെ ടൊറന്റോയിലേക്ക് കൊണ്ടുവരികയുമുണ്ടായി. പല മെച്ചപ്പെട്ട ആശുപത്രികളുലും വെന്റിലേറ്റർ അന്യോഷിച്ചു വാഹനം ഒരു രാത്രി മുഴുവൻ ഓടികൊണ്ടിരുന്നു. കാരണം, അത്യാവശ്യ വിഭാഗത്തിൽ ഈ രോഗിക്ക് വേണ്ട സൗകര്യങ്ങളുള്ള ആശുപത്രികൾ വളരെ വിരളം. അവസാനം നേരം പുലരുമ്പോൾ ഒന്റാറിയോ നോർത്ത് റീജിയനിൽ ഉള്ള ആശുപത്രിയിൽ അകാല മരണം സംഭവിച്ചുകൊണ്ട് ആ യാത്ര അവസാനിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രം.

ആരുടെ ഭാഗത്താണ് വീഴ്ച പറ്റിയത് ? കൃത്യമായി കാനഡയിലെ ആശുപത്രികളിൽ വിവരങ്ങൾ അറിയിച്ചു രോഗിയെ കൊണ്ടുവരാതിരുന്നു എന്നതാണ് കാരണം.

നാം വിദേശത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഉറപ്പായും ഒരു നല്ല ട്രാവൽ ഇൻഷുറൻസ് എടുത്തിരിക്കണം. കൂടാതെ ഇവിടെ ചികിത്സയിൽ കഴിയുന്നവർ, കൃത്യമായി രോഗ നിർണ്ണയം കഴിഞ്ഞു അതിനായി ചികിത്സ ലഭിച്ചുകൊണ്ടിരിക്കുന്നവർ ഒരു കാരണവശാലും, അന്യ ദേശത്തേക്കു ചികിത്സ തേടി പോകാതിരിക്കുക. ഇതിലും നല്ല രീതിയിൽ ഉള്ള ഒരു ആധുനിക സൗകര്യങ്ങളും ഇന്ത്യയിലും, യു എസ്സിലും ഇല്ല. പക്ഷെ ചികിത്സ കിട്ടുന്നതിനുള്ള സമയ പരിധി മാത്രം നമുക്ക് കുറയ്ക്കുവാൻ കഴിയും.

നീണ്ട അവധിയിൽ പോകുന്നവർ തിരിച്ചുള്ള യാത്രകൾ പാസ്പോർട്ട്, പി ആർ, ഹെൽത്ത് കാർഡ്, വിസ കാലാവധികൾ തീരുന്നതു വരെ കാത്തു നിൽക്കാതെ തിരികെ യാത്ര തിരിക്കുവാന്‍ ശ്രദ്ധിക്കുക. കാരണം, നിങ്ങൾ കനേഡിയൻ പൗരൻ ആണെങ്കിലും ഒരു വർഷത്തില്‍ കൂടുതല്‍ (365 ദിവസം) രാജ്യത്തിന് പുറത്തു താമസിക്കുമ്പോൾ എക്സിറ്റ് ആയ എയർ പോർട്ടിലെ സിസ്റ്റം നിങ്ങളുടെ ഡാറ്റ ഇമ്മിഗ്രേഷൻ സർവീസിൽ ആട്ടോമാറ്റിക് ആയി നിങ്ങളുടെ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നു. ഇതേ രേഖകൾ റവന്യൂ, ആരോഗ്യ വകുപ്പ്, കുട്ടികളുടെ വിദ്യാഭ്യാസം, സെൻസസ്, വോട്ടിങ്, പെൻഷൻ, ഡിസബിലിറ്റി, അങ്ങിനെ എന്തെല്ലാം ആനുകൂല്യങ്ങൾ ആണോ നമുക്ക് ലഭിക്കുന്നത് അവിടെ എല്ലാം രേഖപ്പെടുത്തുന്നു. നിശ്ചിത ദിവസം കഴിഞ്ഞു തിരികെ ഒന്റാറിയോ (കാനഡയിൽ ) വിമാനം ഇറങ്ങുമ്പോൾ നിങ്ങളുടെ കൂടെ യാത്രചെയ്ത ഭാര്യ/ഭർത്താവ്, പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇവരെ എല്ലാവരേയും കുറിച്ചുള്ള നൂറായിരം ചോദ്യങ്ങൾ, പഴയ അഡ്രസ്സ് , കഴിഞ്ഞ വർഷത്തെ വരുമാനം, നാട്ടിൽ/അന്യദേശത്തു തങ്ങിയ രേഖകൾ…..അങ്ങിനെ നീളുന്ന നിയമ കുരുക്കുകൾ. ഇനി ചികിത്സ തേടി പോയവർ ആണ് എങ്കിൽ, അവർ പുനർ ചികിത്സ തേടുന്നു എങ്കിൽ, ആരോഗ്യ വകുപ്പിൽ നിങ്ങളെ കാത്തിരിക്കുന്നത് രോഗങ്ങൾക്ക് അനുസരിച്ചു ലക്ഷങ്ങളുടെ ബില്ലുകൾ ആണ്. ആദ്യ മൂന്ന്‌ മാസം ഒരു ചികിത്സയും, ഡോക്ടർ കൺസൾട്ടേഷനും സൗജന്യം അല്ല. തീവ്ര പരിചരണം ആവശ്യമുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണിത്. സ്വന്തം ചെലവിൽ വീട്ടിൽ ചികിത്സിക്കാൻ നിയമം അനുവദിക്കുകയില്ലെന്നു മാത്രമല്ല, അങ്ങിനെ ചെയ്‌താൽ നിയമപരമായി പോലീസ് കേസുകൾ എടുക്കുകയും ചെയ്യും. പ്രായപൂർത്തിയാകാത്ത കുട്ടികളെ സ്‌കൂളുകളിൽ അയക്കാതെയിരുന്നാല്‍, പ്രതിരോധ കുത്തിവെയ്പുകള്‍ എടുക്കാതിരുന്നാല്‍, അതും ശിക്ഷാര്‍ഹമാണ്.

കാൻസർ, കിഡ്‌നി, പക്ഷാഘാതം, ശ്വാസകോശ രോഗങ്ങൾ ഇങ്ങനെ തീവ്ര പരിചരണം ആവശ്യമുള്ള രോഗങ്ങൾക്ക് നിങ്ങൾ നാട്ടിൽ ചെയ്ത ചികിത്സാ രീതികളിൽ പല രേഖകളും ഇവിടെ സ്വീകരിക്കുകയില്ല എന്നതിനാൽ വീണ്ടും എല്ലാ ടെസ്റ്റുകൾ ചെയ്യുമ്പോൾ കൈയ്യിൽ കരുതേണ്ടത് പതിനായിരങ്ങൾ ആണ്. ഡയാലിസിസ് ചെയ്യുന്നവർക്കു കൃത്യ സമയത്തു രക്തം ലഭ്യം ആകണം എന്ന് പോലും ഇല്ല.

കാനഡയിൽ വന്നാൽ എല്ലാം ‘ഫ്രീ’ എന്ന് കരുതുന്ന നമ്മുടെ ജന്മദേശത്തുള്ളവർക്കും, മറ്റു വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇത് ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്.

കഴിഞ്ഞ രണ്ടു ആഴ്ചകളിൽ ഒരു പ്രത്യേക ആവശ്യപ്രകാരം ഇന്ത്യൻ വംശജർ ആയ കനേഡിയൻ പൗരന്മാരുടെ ചികിത്സാ പ്രശ്നങ്ങൾ ഉന്നയിച്ചു വിവിധ പാർലമെന്റ് മെമ്പർ, പ്രൊവിൻഷ്യൽ മിനിസ്റ്റർ, ആരോഗ്യവകുപ്പ് മേധാവി, ടൊറന്റോ ആസ്ഥാനം ആയ തെക്കൻ ഏഷ്യൻ ഹെൽത്ത് സൊസൈറ്റി കൂട്ടായ്മയിലെ ഡോക്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ അറിയുവാൻ കഴിഞ്ഞ കാര്യങ്ങളാണ് ഇവയെല്ലാം.

പൗരത്വം കനേഡിയൻ ആണ് എങ്കിലും, ചികിത്സ,വിദ്യാഭ്യാസം ,തൊഴിൽ സെറ്റിൽമെന്റ്, ഇവ കൈകാര്യം ചെയ്യുന്നത് പ്രൊവിൻസുകൾ ആണ് എന്നതാണ് നിയമ കുരുക്കുകളുടെ മറ്റൊരു നൂലാമാല.

പല ആവശ്യങ്ങൾക്കായി വിദേശങ്ങളിൽ പോയി ചികിത്സാർത്ഥം തിരികെ വരുവാൻ കഴിയാത്തവർ,വീണ്ടും കാനഡയിൽ തിരികെ വന്നു ചികിത്സ തുടർന്നവരും/ തുടരേണ്ടവരും അവർക്കുണ്ടായ ഉണ്ടായ അനുഭവങ്ങൾ ഇവിടെ പങ്കു വയ്ക്കുക.വളരെ അത്യാവശ്യം ആയി,സമയ ബന്ധിതമായി പരിഹരിക്കേണ്ടുന്ന ഒരു വനിതയുടെ പ്രശനം നമുക്ക് മുൻപിൽ ഇന്നും നിലനിൽക്കുന്നു.നിങ്ങൾ ഏവരുടെയും സഹായവും,സഹകരണവും ആണ് അതിനുള്ള ഏക പോംവഴി. നാം പകലന്തി പണിയെടുത്തു നൽകുന്ന ടാക്‌സിന്റെ നല്ലൊരു ഭാഗം പരസ്പരം മതത്തിനു വേണ്ടി കലഹിക്കുന്ന രാജ്യങ്ങൾക്കു ദാനം ആയി നൽകുമ്പോൾ,അവരെ റഫ്യൂജി നിയമ പ്രകാരം പൂർണ്ണമായി സംരക്ഷിയ്ക്കപെടുമ്പോൾ, വിദ്യാഭ്യാസപരമായി, അദ്ധ്വാനത്തിന്റെ പേരിൽ ഭാഷാപരമായി എന്നും മുന്നിട്ടു നിക്കുന്ന ഇൻഡ്യാക്കാർ,കാനഡ സർക്കാരിന്റെ മാന ദണ്ഡങ്ങൾ അനുസരിച്ചുള്ള IELTS പോയന്റ്സ് നേടി വന്ന മലയാളികൾ എന്ത് നിയമങ്ങളുടെ പേരിൽ ആയാലും കാനഡയിൽ പുറം തള്ളപ്പെടുന്ന ഈ നിയമങ്ങൾക്കു ഒരു ഇളവ് ലഭിക്കുന്നതിന് വേണ്ടി ഒന്നിച്ചു നില്കേണ്ടിയിരിക്കുന്നു.ഒരു പൊതു ശബ്ദം ഇവിടുള്ള മലയാളി കൂട്ടായ്മകൾ ഒന്ന് ചേർന്ന് ഉയർത്തേണ്ടിയിരിക്കുന്നു.(കാനഡയിൽ ഉള്ള പഞ്ചാബി,ഗുജറാത്തി,തമിഴ് കൂട്ടായ്മകൾ വിദേശ രാജ്യങ്ങളിൽ പോലും സ്വന്തമായി സന്നദ്ധ പ്രവർത്തകരെ അയച്ചു സഹായ ഹസ്തം നൽകുന്നതിന് പ്രാപ്തി നേടിയിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടുന്ന ഒന്നാണ്..) ആത്മാഭിമാനികൾ ആയ പല കനേഡിയൻ മലയാളികളും കഷ്ടപ്പാടും,ബുദ്ധിമുട്ടുകളും സഹിച്ചു (കാനഡയ്ക്ക് അകത്തും പുറത്തും ),സർക്കാരും ആയി നിയമ യുദ്ധത്തിന് ഒരുങ്ങാതെ ചികിത്സയ്ക്കും,നിത്യ ചെലവുകൾക്കും ഒക്കെ ആയി കഷ്ടപ്പാട് സഹിച്ചു കഴിയുന്നു.

അത്യാവശ്യ ചികിത്സക്ക് അമിത പണം ചെലവഴിക്കുമ്പോൾ ഒരു കുടുംബം മുഴുവൻ ആണ് മാനസികമായും, സാമ്പത്തികമായും തകരുന്നത്, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, നല്ല ഭക്ഷണം ഇവയെല്ലാം പരിഹരിക്കപ്പെടേണ്ടുന്ന പ്രശ്നങ്ങൾ ആണ്.

ഇവിടെ രോഗങ്ങളും,അടച്ചു തീർക്കേണ്ട ബില്ലുകളും മാത്രമാണ് ഫ്രീ. പല രീതികളിൽ വരുമാനത്തിന്റെ 42 ശതമാനത്തോളം ടാക്സ് അടക്കുന്ന സാധാരണക്കാർ ആണ് കനേഡയിൽ ഉള്ളവർ.

കാനഡയിൽ വരുന്നവർക്ക് “എല്ലാം ഫ്രീ” ആണെന്നുള്ള പൊതു ധാരണയും മാറേണ്ടി ഇരിക്കുന്നു. കൂട്ടുത്തരവാദിത്വത്തോട് കൂടിയ ഒരു പ്രവർത്തനം നാം ഓരോരുത്തരും ഉൾപ്പെടുന്ന ഈ ചെറിയ കമ്മ്യൂണിറ്റിക്കു ഗുണകരമാകും എന്ന് മാത്രം അടിവരയിടുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top