Flash News

ജോയി ടി. ഇട്ടന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക്

March 10, 2018 , ഫ്രാന്‍സിസ് തടത്തില്‍

joy ettenന്യൂയോര്‍ക്ക്: ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി സീനിയര്‍ നേതാവ് ജോയി ടി. ഇട്ടന്‍ മത്സരിക്കുന്നു. നിലവില്‍ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയ ജോയി ഇട്ടന്‍ ഫൊക്കാനയുടെ വളര്‍ച്ചക്ക് ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ്. വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ നെടുംതൂണായ ജോയ് ഇട്ടന്‍ ആ സംഘടനയെ ശക്തികൊണ്ടും പ്രവർത്തന മികവുകൊണ്ടും മുന്‍നിരയില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ്. ഫൊക്കാനയില്‍ ദേശീയ തലത്തില്‍ നിരവധി പദവികള്‍ അലങ്കരിച്ച ജോയി ഇട്ടന്റെ സാന്നിധ്യം അടുത്ത ദേശീയ കമ്മിറ്റിയിലും അനീവാര്യമാണെന്നു കണ്ടാണ് അദ്ദേഹത്തെ ദേശീയ കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കാന്‍ മുതിർന്ന ഫൊക്കാന നേതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചത്.

ഫൊക്കാനയുടെ 2014-2016 കമ്മിറ്റിയില്‍ നാഷണല്‍ ട്രഷറര്‍ ആയിരുന്ന ജോയി ഇട്ടന്‍ 2012-2014 കമ്മിറ്റിയില്‍ ദേശീയ കമ്മിറ്റി അംഗമായിരുന്നു. 2012 മുതല്‍ തുടര്‍ച്ചയായി ദേശീയ തലത്തില്‍ വിവിധ ഭാരവാഹിത്വം വഹിച്ചു വരുന്ന ജോയി ഫൊക്കാന കണ്‍‌വന്‍ഷനുകളുടെ ചുക്കാന്‍ പിടിക്കുന്നതില്‍ എപ്പോഴും മുന്‍‌നിരയിലുണ്ടാകാറുണ്ട്. 2012 ല്‍ ഹ്യൂസ്റ്റണ്‍ കണ്‍‌വന്‍ഷന്റെ ജനറല്‍ കോഓര്‍ഡിനേറ്റര്‍ ആയിരുന്ന അദ്ദേഹം പിന്നീട് 2014ല്‍ ചിക്കാഗോയില്‍ നടന്ന കണ്‍‌വന്‍ഷന്റെ ദേശീയ കോഓര്‍ഡിനേറ്റര്‍ ആയിരുന്നു. നിലവില്‍ ഫൊക്കാനയുടെ ചാരിറ്റി കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയ ജോയി ഇട്ടന്റെ നേതൃത്വത്തില്‍ നിരവധി കാരുണ്യ പ്രവര്‍ത്തികളാണ് നടന്നുവരുന്നത്. ഫൊക്കാനയുടെ ചാരിറ്റി കമ്മിറ്റി ഇതിനകം കേരളത്തിലെ നിര്‍ധനരായ 4 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയതില്‍ ഒരു വീടിന്റെ നിര്‍മാണത്തിനുള്ള മുഴുവന്‍ തുകയും വഹിച്ചത് അദ്ദേഹം തന്നെയാണ്. എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കാണ് ഇതുവരെ വീട് വെച്ച് കൊടുത്തത്. നാലു വീടുകള്‍ നിര്‍മ്മിച്ച ആദ്യത്തെ വീടിന്റെ താക്കോല്‍ ദാനം കഴിഞ്ഞ വര്‍ഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു. അഞ്ചാമത്തെ വീടിന്റെ താക്കോല്‍ ദാനം ഏപ്രില്‍ മാസത്തില്‍ നടത്താനിരിക്കുകയാണ്.

ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനയായ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ച അദ്ദേഹം അസോസിയേഷന്‍ സോവനീര്‍ ചീഫ് എഡിറ്റര്‍ കൂടിയാണ്. കഴിഞ്ഞ 4 വര്‍ഷമായി സിറിയന്‍ ഓര്‍ത്തഡോക്സ്‌ സഭ അമേരിക്കന്‍- കാനഡ ഭദ്രാസനം കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജോയി വല്‍ഹാല സെയിന്റ് ജോണ്‍സ് യാക്കോബായ പള്ളി ട്രസ്റ്റി കൂടിയാണ്.

നിലവില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ ന്യൂയോര്‍ക് സ്റ്റേറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ആയ അദ്ദേഹം നേരത്തെ സെക്രെട്ടറിയായും ചുമതല വഹിച്ചിരുന്നു.

മൂവാറ്റുപുഴ ഊരമന പാടിയേടത്തു പരേതനായ ടി.വി. ഇട്ടന്‍ പിള്ളയുടെയും പരേതയായ ഏലിയാമ്മയുടെയും 5 മക്കളില്‍ നാലാമനായ ജോയി കേരളത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് കടന്ന് വരുന്നത്.1984-ല്‍ കെ.എസ്.യു. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കെ.പി.സി.സി. മെമ്പര്‍, എന്നീ നിലകളില്‍ രാഷ്ട്രീയ പയറ്റുകള്‍ നടത്തിയ ശേഷം 1990-ല്‍ എല്‍.എല്‍.ബി.ക്ക് പഠിച്ചുകൊണ്ടിരിക്കെ അമേരിക്കയില്‍ കുടിയേറി.

രാഷ്ട്രീയത്തിലും, സംഘടനാതലങ്ങളിലും ഇത്രയേറെ അനുഭവ സമ്പത്തുള്ള ജോയി ഇട്ടന്‍ പുതിയ ഭരണസമിതിക്ക് അനിവാര്യമായ സാന്നിധ്യവും മുതല്‍ക്കൂട്ടുമായിരിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവന്‍ ബി. നായര്‍, സെക്രട്ടറി എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍), ട്രഷറര്‍ സജിമോന്‍ ആന്റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിന്‍ രാജ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ. മാത്യു വര്‍ഗീസ് (രാജന്‍), എറിക് മാത്യു, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ദേവസി പാലാട്ടി, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്സ് ഏബ്രഹാം, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ അപ്പുക്കുട്ടന്‍ നായര്‍ (ന്യൂയോര്‍ക്ക്), രഞ്ജു ജോര്‍ജ് (വാഷിംഗ്‌ടണ്‍ ഡി. സി.), എല്‍ദോ പോള്‍ (ന്യൂജേഴ്സി-പെന്‍സില്‍വാനിയ), ജോണ്‍ കല്ലോലിക്കല്‍ (ഫ്ലോറിഡ), വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്സ്, ഓഡിറ്റര്‍ ചാക്കോ കുര്യന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കോലഞ്ചേരി സെയിന്റ് പീറ്റേഴ്സ് കോളേജില്‍ നിന്ന് ബി.എസ്‌.സി ബിരുദമെടുത്ത ശേഷം സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ അക്കൗണ്ടന്റ് ആയി 15 വര്‍ഷം സേവനം ചെയ്ത ശേഷം ബിസിനസ് രംഗത്തേക്ക് ചുവടു മാറ്റി.

ഭാര്യ: ജെസ്സി ഇട്ടന്‍ വെസ്റ്റ്ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്നു. അറ്റോര്‍ണി ആയ ആന്‍ മേരി ഇട്ടന്‍, കൊളംബിയ യൂണിവേഴ്സിറ്റിയില്‍ മാസ്‌റ്റേഴ്‌സ് വിദ്യാര്‍ത്ഥിനിയായ എലിസബത്ത് ഇട്ടന്‍, ബ്രിങ്‌ഹാം‌പ്ടന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ജോര്‍ജ് ഇമ്മാനുവേല്‍ എന്നിവര്‍ മക്കളാണ്.

സിറിയന്‍ ഓര്‍ത്തഡോക്സ്‌ സഭയിലെ ശ്രേഷ്ഠ സ്ഥാനം വഹിക്കുന്ന ഷെവലിയാര്‍ ജോര്‍ജ് ഇട്ടന്‍ സഹോദരനാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top