Flash News

കേരള-തമിഴ്‌നാട് അതിര്‍ത്തില്‍ വനത്തില്‍ കാട്ടുതീ ആളിപ്പടരുന്നു; ആറു പേര്‍ കൊല്ലപ്പെട്ടു; 19 പേരെ രക്ഷപ്പെടുത്തി; നിരവധി പേര്‍ തീയില്‍ അകപ്പെട്ട് ഗുരുതരാവസ്ഥയില്‍ കാട്ടില്‍ കുടുങ്ങി

March 11, 2018

FIREചെന്നൈ: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ഗുരുതര പൊള്ളലേറ്റാണു മരണമെന്നു തേനി ഡിവൈഎസ്പി അറിയിച്ചു. പരുക്കേറ്റ 10 പേര്‍ ഇപ്പോഴും വനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരില്‍ പലരുടെയും നില പൊള്ളലേറ്റ് അതീവ ഗുരുതരമാണ്. കാട്ടുതീ സമയത്ത് ആകെ 37 പേരാണു കാട്ടിലുണ്ടായിരുന്നതെന്നാണു പ്രാഥമിക സൂചന. ഇതുവരെ 19 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ ഒന്‍പതു പേരെ നിസ്സാര പരുക്കുകളോടെ ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പൂരില്‍നിന്നുള്ള രാജശേഖര്‍ (29), ഭാവന (12), മേഘ (ഒന്‍പത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂര്‍ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27) ചെന്നൈ സഹാന (20) തുടങ്ങിയവരാണു പരുക്കേറ്റു ബോഡിനായ്ക്കന്നൂര്‍ ഗവ. ആശുപത്രിയിലുള്ളത്.

10 പേര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ കാട്ടിലുണ്ടെന്നാണറിയുന്നത്. ഗുരുതര പൊള്ളലേറ്റ ആറു പേരാണു മരിച്ചതെന്നറിയുന്നു. ബാക്കിയുള്ളവര്‍ക്കായും തിരച്ചില്‍ ശക്തമാക്കി. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ട്രക്കിങ് സംഘത്തിലുണ്ടായിരുന്നു. വേനല്‍ ശക്തമായതിനാല്‍ കാട്ടുതീ അതിവേഗത്തിലാണു വനത്തെ വിഴുങ്ങിയത്.

വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകള്‍ സംഭവ സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. ഇത് പുലര്‍ച്ചെ മൂന്നോടെ തീപിടിത്ത മേഖലയിലെത്തും. ഒപ്പം 10 കമാന്‍ഡോകളും മെഡിക്കല്‍ സംഘവും തിങ്കളാഴ്ച ഇവിടെയെത്തും. കാട്ടില്‍ കുടുങ്ങിയവരെ രക്ഷിക്കാനാണു കമാന്‍ഡോ സംഘം. ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ മണ്ഡലത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. പനീര്‍സെല്‍വവും മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസനും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനു വ്യാമസേനയ്ക്ക് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും നിര്‍ദേശം നല്‍കി.

FOREST_FIREഈറോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ചെന്നൈയില്‍ നിന്നുമുള്ള സംഘങ്ങളാണ് കാട്ടുതീയില്‍പ്പെട്ടത്. ചെന്നൈയില്‍ നിന്നെത്തിയ 24 പേരില്‍ ഭൂരിപക്ഷവും ഐടി ജീവനക്കാരാണെന്നാണു സൂചന. ചെന്നൈ ട്രക്കിങ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു ഒരു സംഘം. ഈറോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 13 കോളജ് വിദ്യാര്‍ഥികളും. ആകെയുള്ള 37 പേരില്‍ എട്ടു പുരുഷന്മാരും 26 സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നതായും തേനി കലക്ടര്‍ പല്ലവി പല്‍ദേവ് പറഞ്ഞു.

തമിഴ്‌നാട്ടിലെ ബോഡിനായ്ക്കനൂര്‍ വഴി രാവിലെ കൊരങ്ങിണിയില്‍ എത്തിയ യാത്രാസംഘം, രണ്ടായി തിരിഞ്ഞാണു പുറപ്പെട്ടത്. കൊടൈക്കനാല്‍-കൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്ക് ഒരു സംഘം പോയപ്പോള്‍, മറു സംഘം എതിര്‍ദിശയിലാണു യാത്ര ചെയ്തത്. ഉച്ച കഴിഞ്ഞു മൂന്നോടെയാണു കാട്ടുതീ പടര്‍ന്നത്.

കാട്ടുതീയെത്തുടര്‍ന്ന് സംഘാംഗങ്ങളെല്ലാം ചിതറിയോടുകയായിരുന്നു. ട്രക്കിങ് പാതയില്‍ നിന്നു മാറിയവരാണ് അപകടത്തില്‍പ്പെട്ടതെന്നറിയുന്നു. പുല്‍പ്രദേശത്തേക്ക് ഓടിയെത്തിയവര്‍ക്കാണു ഗുരുതര പൊള്ളലേറ്റത്. തീപിടിത്തത്തില്‍ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു. കാട്ടിലേക്ക് വാഹനങ്ങള്‍ എത്തിക്കാനാകാത്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഇരുട്ടിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഈ സാഹചര്യത്തിലാണ് ഹെലികോപ്റ്ററിലെ തിരച്ചില്‍. കാട്ടിനുള്ളില്‍ ടോര്‍ച്ച് തെളിച്ച് സഹായം തേടുന്നവരെ വ്യോമസേന കണ്ടതായി പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.

രക്ഷാപ്രവര്‍ത്തനത്തിന് ഭക്ഷണവും മരുന്നുമായി ഇടുക്കി പൊലീസും എത്തിയിട്ടുണ്ട്. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് നേരത്തേത്തന്നെ എത്തിയിരുന്നു. അതിനു പിന്നാലെയാണ് എല്ലാ സഹായവും ഉറപ്പാക്കാനുള്ള സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശമെത്തിയത്.കേരളത്തില്‍ നിന്നുള്ള അഗ്‌നിശമന സേനയുടെ സഹായവും ഉറപ്പു വരുത്തുന്നുണ്ട്.

പരുക്കേറ്റവരെ കലക്ടറും മന്ത്രിമാരും സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വനംവകുപ്പു മന്ത്രിക്കു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. സംഭവത്തിന്മേല്‍ അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തേനി ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ഉപമുഖ്യമന്ത്രി ചര്‍ച്ച നടത്തി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top