Flash News

വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ഭാഗം ഏഴ് – സത്യമോ, മിഥ്യയോ?)

March 15, 2018 , ജയന്‍ വര്‍ഗീസ്

sathyamo banner1നമുക്ക് ലഭ്യമായിട്ടുള്ള പല ഇന്‍ഫര്‍മേഷനുകളുടെയും സത്യസന്ധതയെക്കുറിച്ചു സംശയം ഉളവാകുന്ന തരത്തിലുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഭരണകൂടങ്ങളും, ഗവണ്മെന്റുകളും പല വസ്തുതകളെയും തങ്ങളുടെ സ്വകാര്യ രഹസ്യങ്ങളായി സൂക്ഷിച്ചു വെക്കുന്നുണ്ട്. പലപ്പോഴും ഇവര്‍ പുറത്തേക്ക് വിടുന്നത് യഥാര്‍ത്ഥ വസ്തുതകളുടെ മറുപുറം മാത്രമാണെന്ന് നാം മനസിലാക്കുന്നത് വളരെ വൈകിയിട്ടായിരിക്കും. എങ്കില്‍പ്പോലും ഇതിനെല്ലാം ശക്തമായ ന്യായീകരണങ്ങളുടെ ഒരു പുകമറ സൃഷ്ടിച്ചുകൊണ്ട് ഇവര്‍ തന്ത്രപൂര്‍വം രക്ഷപ്പെടുമ്പോള്‍ നമ്മളും അവര്‍ക്കുവേണ്ടി കൈയ്യടിക്കുവാന്‍ നിര്‍ബന്ധിതരാവുന്നു?

ചന്ദ്രനില്‍ മനുഷ്യനെത്തി എന്നുള്ളത് യാഥാര്‍ഥ്യമല്ലെന്ന് സ്ഥാപിക്കുന്ന ഒരു ഇഗ്ലീഷ് ലേഖനം ഒരാള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അത് മലയാളത്തിലാക്കി നമ്മുടെ ‘മലയാളം പത്രം’ പുനഃപ്രസിദ്ധീകരിച്ചിരുന്നത് ചിലരെങ്കിലും ഓര്‍ക്കുമല്ലോ? തന്റെ വാദത്തിന് സഹായകമായ ഒട്ടേറെ കാരണങ്ങളും അയാള്‍ നിരത്തിയിരുന്നു. അയാളുടെ വാദഗതികളെ നിരാകരിച്ചുകൊണ്ടുള്ള യാതൊരു പ്രഖ്യാപനങ്ങളും ബന്ധപ്പെട്ട ഏജന്‍സികളുടെ വക്താക്കള്‍ ആരും നടത്തിയതായി അറിവില്ല. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടു ചിന്തിക്കുമ്പോള്‍, അയാള്‍ പറഞ്ഞതില്‍ കാര്യങ്ങളുണ്ടെന്ന് സംശയിക്കാനുതകുന്ന ചില സംഗതികളുണ്ട് ?

അര നൂറ്റാണ്ടിനു മുന്‍പ് മനുഷ്യന്‍ ചന്ദ്രനിലെത്തി എന്ന് പറയുന്നു. തെളിവായി കുറെ പാറക്കല്ലുകള്‍ നമ്മള്‍ കണ്ടിട്ടുമുണ്ട്. ശാസ്ത്ര വികാസങ്ങളെ സംബന്ധിച്ചിടത്തോളം അര നൂറ്റാണ്ടു സുദീര്‍ഘമായ ഒരു കാലഘട്ടമാണ്. ശാസ്ത്ര രംഗത്തെ മറ്റ് മേഖലകളില്‍ അര നൂറ്റാണ്ടുകൊണ്ട് ഉണ്ടായ പുരോഗതി വിലയിരുത്തുമ്പോള്‍, ചാന്ദ്ര ഗവേഷണ രംഗത്ത് സമാനമായ എന്ത് മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്? കേവലം കാര്‍ നിര്‍മ്മാണ മേഖല തന്നെയെടുക്കൂ. അന്‍പതു വര്‍ഷം മുന്‍പുണ്ടായിരുന്ന കാറുകളെക്കാള്‍ എത്രയോ മടങ്ങു സാങ്കേതിക മുന്‍പന്മാരാണ് ഇന്നത്തെ കാറുകള്‍? ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രം വന്ന സെല്‍ ഫോണുകള്‍, അന്ന് കേബിളുകള്‍ ആവശ്യമില്ലാത്ത അത്ഭുതമായിരുന്നെങ്കില്‍, ഇത്രയും കാലം കൊണ്ട്, ഒരു കംപ്യൂട്ടര്‍ ബ്രെയിന്‍ മൊത്തമായി ഉള്ളിലൊതുക്കുന്ന പോക്കറ്റ് സൈസ് അത്ഭുതമായി അത് വളര്‍ന്നിരിക്കുന്നു? ഭൂലോകത്തെ ഒറ്റ വലയിലാക്കിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വന്‍ വികാസത്തിന് കേവല വര്‍ഷങ്ങളുടെ കാലപ്പഴക്കമേയുള്ളുവല്ലോ?

ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ശൂന്യാകാശ ഗവേഷണ രംഗത്ത് നാം എന്ത് നേടി? ഗവേഷണങ്ങളുടെ പേരില്‍ അയക്കപ്പെട്ട കുറേ പേടകങ്ങള്‍, ….ശൂന്യാകാശത്ത് സ്ഥിരമായി തങ്ങുന്ന കുറെ സ്‌റ്റേഷനുകള്‍, ….ഈ സ്‌റ്റേഷനുകളില്‍ അഞ്ചും, ആറും മാസങ്ങള്‍ ആളുകള്‍ ഊഴം വച്ച് താമസിക്കുന്നു; തിരിച്ചെത്തുന്നു? ഇതൊക്കെയാണോ അര നൂറ്റാണ്ടിന്റെ കുതിച്ചു ചാട്ടങ്ങള്‍? ഇപ്പോള്‍ ചാന്ദ്ര യാത്രകള്‍ പൂര്‍ണ്ണമായും ബാന്‍ ചെയ്തിരിക്കുന്നു എന്ന് കേള്‍ക്കുന്നു. ചെലവഴിക്കാന്‍ പണമില്ലത്രേ? ശരിയാണോ ഈ വാദം? തങ്ങളുടെ യശ്ശസുയര്‍ത്താന്‍ എന്തും ചെലവഴിക്കാന്‍ തയ്യാറുള്ള അടിപൊളിയന്‍ സമൂഹം ജീവിക്കുന്ന അമേരിക്കയില്‍ പണമില്ലാഞ്ഞിട്ട് ചാന്ദ്ര യാത്രകള്‍ വേണ്ടെന്നു വച്ചു എന്ന് പറഞ്ഞാല്‍ അത് വിശ്വസനീയമാണോ? അതും, ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ മുപ്പത്തഞ്ചു ശതമാനത്തോളം ജനങ്ങള്‍, ഒരു നേരത്തെ ആഹാരം പോലും ഉറപ്പില്ലാത്ത, ദാരിദ്ര്യ രേഖക്കടിയില്‍ ജീവിക്കുന്ന ഇന്ത്യ പോലും അടുത്ത ഒന്നര ദശകത്തിനുള്ളില്‍ ചന്ദ്രനിലിറങ്ങും എന്ന് പ്രഖ്യാപിച്ചിരിക്കുന്ന പുത്തന്‍ സാഹചര്യങ്ങളില്‍?

ഇങ്ങിനെ വിലയിരുത്തുമ്പോള്‍, ചന്ദ്രസ്പര്‍ശം ഒരു യാഥാര്‍ഥ്യമായിരുന്നുവെങ്കില്‍, കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ തന്നെ നാസയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന പ്രതിവാര ‘ അമ്പിളി ട്രിപ്പുകള്‍ ‘ ഇതിനകം നടപ്പിലാവുമായിരുന്നില്ലേ എന്നും, ഈ ട്രിപ്പുകളില്‍ ‘ എന്‍ജോയ് ദി ലൈഫ് ‘ ന്റെ ആളുകള്‍ ചാന്ദ്ര വാരാന്ത്യങ്ങള്‍ സമൃദ്ധമായി ആഘോഷിച്ചു മടങ്ങി വരുമായിരുന്നില്ലേ എന്നും ന്യായമായും സംശയിക്കാവുന്നതാണല്ലോ?

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വര്‍ണ്ണ സ്വപ്നങ്ങളെ കരിയണിയിച്ചു കൊണ്ട് ശാസ്ത്രലോകം പുറത്തുവിട്ട ‘ വൈ 2 കെ ‘ ഭീഷണിയില്‍ മനുഷ്യ വര്‍ഗ്ഗം ഞെട്ടി വിറക്കുക തന്നെ ചെയ്തു? കാലം രണ്ടായിരത്തിലെത്തുന്നതോടെ കംപ്യൂട്ടര്‍ ചിപ്പുകളുടെ ബുദ്ധികേന്ദ്രം തല തിരിഞ്ഞു സീറോയിലെത്തുമെന്നും, കംപ്യൂട്ടര്‍ നിയന്ത്രിത മോഡേണ്‍ വേള്‍ഡ് കീഴ്‌മേല്‍ മറിയുമെന്നും, നിത്യ ജീവിതത്തില്‍, ഗ്യാസ് അടുപ്പിലൂടെ വെള്ളം ചീറ്റുമെന്നും, വാട്ടര്‍ പൈപ്പിലൂടെ തീ വരുമെന്നും ഒക്കെയുള്ള തട്ടിവിടലുകളില്‍ ഞെട്ടിത്തരിച്ചു നിന്ന മനുഷ്യലോകം, ഒന്നും സംഭവിക്കാതെ പുത്തന്‍ ചക്രവാളത്തില്‍ പൊട്ടിവിരിഞ്ഞ സുപ്രഭാതത്തിന്റെ ചിലമ്പൊലിയില്‍ നിശ്വാസമുതിര്‍ത്തു കോരിത്തരിക്കുമ്പോള്‍, തലയില്‍ മുണ്ടിട്ട അവസ്ഥയില്‍ പോലും ഒരു ശാസ്ത്രജ്ഞനെയും കാണാന്‍ കഴിഞ്ഞില്ല?

പ്രപഞ്ചത്തിലെ ഏറ്റവും ഉല്‍കൃഷ്ടനായ ജീവി മനുഷ്യന്‍ തന്നെയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ ഉല്‍കൃഷ്ടത ഉരുത്തിരിയിക്കുന്ന സര്‍ഗ്ഗ വ്യാപാരങ്ങള്‍ ഉപയോഗപ്പെടുത്തിക്കണ്ടാണ് അവന്‍ ഉയരങ്ങള്‍ കീഴടക്കിയിട്ടുള്ളതും, ഇനി കീഴടക്കാനിരിക്കുന്നതും. മനുഷ്യനില്‍ നിക്ഷിപ്തമായ ഈ സര്‍ഗ്ഗശേഷി അവന്‍ തന്നെ രൂപപ്പെടുത്തിയെടുത്തതാണ് എന്നാണ് ഭൗതിക വാദികളുടെ കണ്ടെത്തല്‍. ‘ നിന്റെ ശിലയും ശില്പിയും നീ തന്നെയാണ് ‘ എന്ന മാര്‍ക്‌സിയന്‍ വിലയിരുത്തലാണ് എന്നും ഭൗതിക വാദത്തിന്റെ ആധാര ശിലയായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ഒരളവോളം ഇത് സമ്മതിച്ചു കൊടുക്കുമ്പോള്‍ത്തന്നെ, അതായത് ഒരു ഗായകന്‍ അയാള്‍ പാടിത്തുടങ്ങിയ കാലത്തേക്കാള്‍ വളരെ ഉയര്‍ന്ന മാനറിലാണ് ഇപ്പോള്‍ പാടുന്നത് എന്നതില്‍, അയാള്‍ അയാളിലെ ശിലയെ കൊത്തിയുണ്ടാക്കിയ ശില്‍പ്പ ചാരുതയുണ്ട് എന്ന് സമ്മതിക്കാം. കാലങ്ങളായി അയാള്‍ നടത്തിയ പരിശീലനത്തിന്റെ ചുറ്റികത്താളമാണത്. ഈ പരിശീലനത്തിലൂടെ അയാള്‍ മെച്ചപ്പെടുത്തിയത് അയാളില്‍ നിക്ഷിപ്തമായി ഉണ്ടായിരുന്ന സംഗീത വാസനയെയാണ്. ഈ വാസന അയാളില്‍ അയാള്‍ സൃഷ്ടിച്ചതല്ലന്നും, മറ്റാരോ ആണതിന്റെ സൃഷ്ടാവ് എന്നും കണ്ടെത്താവുന്നതാണ്. കാരണം, അയാളുടെ സഹോദരന്‍ എത്ര ശ്രമിച്ചിട്ടും പാടാനേ കഴിയുന്നില്ല; പടം വരക്കുവാനേ കഴിയുന്നുള്ളു?

‘ഈശ്വര സര്‍വ ഭൂതാനാം,
ഹൃദ്ദേ ശേര്‍ജ്ജുന തിഷ്ഠതി.’ ( ഭഗവത് ഗീത 18 61)

എന്ന ഗീതാവചനം ഇത് തന്നെയാണ് സാക്ഷിക്കുന്നത്. എല്ലാ ഭൂത (ജീവ) ഹൃദയങ്ങളിലും കുടിയിരുന്നുകൊണ്ട് അതിനെ നിയന്ത്രിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന ഈശ്വരാനുണ്ട് എന്ന് സാരം. സര്‍വ പ്രപഞ്ചത്തിനും ചൈതന്യ ധാര പകരുന്ന ചേതനന്‍ തന്നെയാണ് ഓരോ ജീവജാലങ്ങളിലും സ്ഥിതി ചെയ്തുകൊണ്ട് സജീവമായ വര്‍ത്തമാന ബോധാവസ്ഥ നില നിര്‍ത്തുന്നതെന്നും, അതിനാല്‍ത്തന്നെ ദ്വൈതമല്ലാത്ത അദ്വൈതമായിട്ടാണ് പ്രപഞ്ചം വര്‍ത്തിക്കുന്നതെന്നും ആദി ശങ്കരന്‍ പറഞ്ഞു വച്ചു.

നാം കണ്ണുതുറന്നു നോക്കുന്നതായാല്‍ മേല്‍പ്പറഞ്ഞ ദാര്‍ശനിക കണ്ടെത്തലുകള്‍ സത്യ സന്ധമാണെന്ന് ഇന്നും കണ്ടെത്താവുന്നതാണ്. നമുക്കറിയുന്ന മനുഷ്യനില്‍ മാത്രമല്ല, നമുക്കറിയാത്ത നമ്മുടെ ചുറ്റുമുള്ള സാഹചര്യങ്ങളിലും ഈ ദര്‍ശനങ്ങള്‍ വിടര്‍ന്നു വിലസുന്നത് നമുക്ക് കൂട്ടി വായിക്കാനാകും.

സ്വന്തം ഭാവിയുടെ ആഴങ്ങളിലേക്ക് സ്വപ്നങ്ങളുടെ വല വീശിയെറിഞ്ഞുകൊണ്ട് തന്റെ ജീവിത ഭാഗധേയം കൊയ്‌തെടുക്കുന്ന മനുഷ്യനെപ്പോലെ മറ്റു ജീവി വര്‍ഗ്ഗങ്ങള്‍ മാത്രമല്ല, മരങ്ങളും, ചെടികളും പോലും ഈ വല വീശിയെറിയുന്നുണ്ട്. മനുഷ്യനെപ്പോലെ മറ്റുള്ളവര്‍ അത് പറഞ്ഞു നടക്കുന്നില്ല എന്നേയുള്ളു. പറഞ്ഞു നടക്കാന്‍ അവക്ക് ഭാഷയുണ്ടോ എന്ന് ചോദിച്ചേക്കാം. അവക്ക് നമ്മുടെ ഭാഷ ഇല്ലാ എന്ന് സമ്മതിക്കുന്‌പോള്‍ത്തന്നെ, അവക്ക് അവയുടെ ഭാഷ ഇല്ലാ എന്ന് പറയാനാകുമോ?

ഭൂകമ്പം ഉള്‍പ്പടെയുള്ള പ്രകൃതി ക്ഷോഭങ്ങളുടെ വിദൂര സിഗ്‌നലുകള്‍ പോലും പിടിച്ചെടുത്ത് അപഗ്രഥിച്ച് അത് സംഭവിക്കുന്നതിന് മുന്‍പ് തന്നെ പല ജീവികളും രക്ഷപ്പെടുന്നു. മണ്ണിലെ മാളങ്ങളില്‍ കഴിയുന്ന പാമ്പ് ഉള്‍പ്പടെയുള്ള പല ജീവികളും മുന്‍കൂറായി മുകളില്‍ വന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നു. മനുഷ്യനൊ? ഭൂകമ്പം വന്ന് തങ്ങളുടെ മേല്‍ക്കൂര തലയില്‍ വീണു മരിച്ചു കഴിയുമ്പോള്‍, അവശേഷിക്കുന്നവര്‍ തങ്ങളുടെ റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പത്തിന്റെ തോത് അളന്നു തിട്ടപ്പെടുത്തി മാധ്യമങ്ങളെ അറിയിച്ചു സംതൃപ്തി അടയുന്നതോടൊപ്പം, അടുത്ത ഭൂകമ്പത്തിന്റെ സാധ്യത നിന്റെ കാല്‍ചുവട്ടിലാണ് എന്ന് പ്രവചിച്ച് പൊതുജനങ്ങളെ ഭയപ്പെടുത്തുക കൂടി ചെയ്യുന്നു? രക്ഷപ്പെട്ട് സുരക്ഷിത മേഖലയിലെത്തിച്ചേര്‍ന്ന പാമ്പുകളും എലികളുമെല്ലാം ഊറിച്ചിരിക്കുകയാവും: ‘ എന്തൊരു വിഡ്ഢിയാണീ മനുഷ്യന്‍? ഭൂകമ്പം വന്ന് തലയില്‍ വീഴുന്നത് വരെ ഒന്നുമറിഞ്ഞില്ല’

നമ്മുടെ സാങ്കേതിക ജ്ഞാനത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ‘വേള്‍ഡ് ട്രേഡ് സെന്റര്‍.’ അതിന്റെ നിര്‍മ്മാണത്തില്‍ അതുവരെയുള്ള നമ്മുടെ അറിവും, കഴിവും, ശക്തിയും നാം ഉപയോഗപ്പെടുത്തിയിരുന്നു? ഇടനടുവിലേറ്റ ഇടിയുടെ ആഘാതത്തില്‍ (മറ്റു കാരണങ്ങള്‍ ഉണ്ടാവാം, അതിവിടെ ഇപ്പോള്‍ പ്രസക്തമല്ലാത്തതു കൊണ്ട് വിടുന്നു) ചീട്ടുകൊട്ടാരം പോലെ അത് തകര്‍ന്നു വീണു? ഗ്രഹ നിര്‍മ്മാണത്തിന്റെ പ്രാകൃത ശില്പികളായ ചിതലുകളെ എടുക്കാം. നൂറും, നൂറ്റന്‍പതും നിലയുള്ള പുറ്റുകള്‍ അവയും നിര്‍മ്മിക്കുന്നുണ്ട്. അതിന്റെ നടുഭാഗത്ത് അനുപാതാനുസരണമുള്ള ഒരിടിയേല്‍പ്പിച്ചാല്‍ പുറ്റിന് ഒന്നും സംഭവിക്കുന്നില്ല. ഇടിയേറ്റ ഭാഗം കേടുവന്നു നശിക്കുമെങ്കിലും മറ്റു ഭാഗങ്ങള്‍ സുരക്ഷിതമായിരിക്കും. കേവല ദിവസങ്ങള്‍ക്കുള്ളില്‍ അവ പുനര്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്യും.! ചിതലുകള്‍ക്ക് പറഞ്ഞുകൂടെ; ‘മനുഷ്യന്റെ ഗൃഹനിര്‍മ്മാണ വിദ്യ എന്തുള്ളു? ഒരിടിയേറ്റാല്‍ തകരുന്നതല്ലേ അത്?’

ഒരു കൊച്ചുറുമ്പ് അതിന്റെ ഭാരത്തിന്റെ നൂറിരട്ടി വരെയുള്ള ഗോതമ്പ് മണി നിസ്സാരമായി കടിച്ചു വലിച്ചു കൊണ്ട് പോകുന്നുണ്ട്. നമ്മുടെ ഭാരത്തിന്റെ നൂറിരട്ടിയായ ആറായിരം കിലോയുള്ള ഒരു വസ്തു ഒന്നനക്കുന്നതിനെക്കുറിച്ച് നമുക്ക് സങ്കല്പിക്കാനേ കഴിയൂ?

ഒരിക്കല്‍ ഒരു കൊച്ചു വണ്ട് എട്ടടിയിലധികം ഉയരത്തില്‍ നിന്ന് താഴെ വീഴുന്നത് കണ്ടു. അത് ചത്തിരിക്കും എന്നാണ് കരുതിയത്. ഞാന്‍ നോക്കി നില്‍ക്കെ അത് സ്വയം മറിഞ്ഞ് മുകളിലായിരുന്ന കാലുകള്‍ നിലത്തൂന്നി നടന്നുപോയി. അരയിഞ്ചു വലിപ്പമുള്ള ആ വണ്ട് അതിന്റെ ഇരുന്നൂറിരട്ടി പൊക്കത്തില്‍ നിന്ന് വീണിട്ടും ഒന്നും സംഭവിക്കാതെ നടന്നു പോയപ്പോള്‍, ആയിരത്തിലധികം അടി പൊക്കത്തില്‍ നിന്ന് മനുഷ്യന്‍ വീണാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചു പോയി. ശരാശരി മനുഷ്യന്റെ ഇരുന്നൂറിരട്ടി പൊക്കമാണല്ലോ അത്?

നമ്മുടെ കണ്ണുകളെയും, കായിക ശക്തിയെയും ക്രൂരമായി പരിഹസിച്ചു കൊണ്ടാണ് ഈച്ചകള്‍ നമ്മുടെ അടികളില്‍ നിന്നും അനായാസം രക്ഷപ്പെടുന്നത്? നമ്മുടെ കണ്ണുകളേക്കാള്‍ ആറിരട്ടി വേഗത്തില്‍ കണ്ടു കൊണ്ടും, നമ്മുടെ ചലനത്തെക്കാള്‍ നൂറിരട്ടി വേഗത്തില്‍ ചലിച്ചു കൊണ്ടുമാണ് ഈച്ച ഇത് സാധിക്കുന്നത് !?

ഇണചേരുന്ന ഞാഞ്ഞൂലുകളെക്കുറിച്ച് ഒരിക്കല്‍ ഞാനെഴുതിയിരുന്നു. ഒരു കറുത്ത വാവ് ദിവസമാണ് ഞാനതു കണ്ടത്. ആറിഞ്ചിലധികം അകലത്തിലുള്ള രണ്ട് മാളങ്ങളില്‍ നിന്നാണ് അവ വെളിയിലേക്കു തല നീട്ടുന്നത്. എന്നിട്ട്, ശരീരത്തിന്റെ ഭൂരിഭാഗവും മണ്ണിനടിയില്‍ ഒളിപ്പിച്ചു കൊണ്ട് തന്നെ പരസ്പരം വളഞ്ഞു കൂട്ടി മുട്ടിച്ചു കൊണ്ട് അവ രതിസുഖം ആസ്വദിക്കുന്നു.

നിസ്സാരമെന്ന് തോന്നാവുന്ന ഇക്കാര്യത്തില്‍ മാത്രം എത്ര കരുതലോടെയുള്ള ഒരു പ്ലാനിങ് നടന്നിട്ടുള്ളതായി നമുക്ക് സമ്മതിക്കേണ്ടി വരുന്നു? ആറിഞ്ച് ഉറച്ച മണ്ണിന്നപ്പുറത്തുള്ള മാളത്തിലിരിക്കുന്ന ഇണക്ക് ഹൃദയാഭിലാഷത്തിന്റെ ഒരു വിളിയൊച്ച മറ്റേ മണ്ണിര കൊടുത്തിട്ടുണ്ട്. മണ്‍ ഭിത്തികളെ തുരന്നും, തുളച്ചും ആ സന്ദേശം എത്തേണ്ടിടത്ത് എത്തിയിട്ടുണ്ട്. പരസ്പരം കാണാതെ തന്നെ മണ്ണിനു മുകളില്‍ വരേണ്ടുന്ന സമയവും, അളവും കൃത്യമായി അറിയിച്ചിട്ടുണ്ട്. ഇണ സമയം പാലിക്കുകയും, നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ പുറത്തു വരികയും ചെയ്തിട്ടുണ്ട്. അങ്ങിനെയാണ് അത്യപൂര്‍വമായ ആ സംഗമം സാധിച്ചിട്ടുള്ളത് !?

നമുക്കജ്ഞാതമായ ഒരായിരം സംഗതികളുടെ സങ്കേതങ്ങളാണ് മരങ്ങള്‍. ഓരോ മരവും ടണ്‍ കണക്കിനുള്ള ജലം സ്വന്തം ശരീര ഭാഗങ്ങളില്‍ എത്തിച്ചുപയോഗിക്കുന്നു. നൂറോ, ഇരുന്നൂറോ അടി ഉയരത്തില്‍ ഇത് എത്തിക്കുന്നതിനായി ഒരു പമ്പും ഒരിടത്തും ഉപയോഗിക്കുന്നില്ല. ഒരു കുതിര ശക്തിയും ചെലവഴിക്കപ്പെടുന്നില്ല. യാതൊരു കുഴലുകളും ഘടിപ്പിക്കപ്പെട്ടിട്ടില്ല. മരങ്ങളിലെയും, ചെടികളിലെയും സൂഷ്മരന്ധ്രങ്ങള്‍ നമ്മുടെ കാഴ്ചകള്‍ക്കും, കേള്‍വികള്‍ക്കും അതീതമായി പ്രവര്‍ത്തിക്കുന്നു. അവ സ്വന്തമായി ചിന്തിക്കുന്നു; അനുകൂലാവസ്ഥക്കായി സ്വയം പതം വരുത്തുന്നു !?

സാധാരണ യാത്ര ചെയ്യുന്ന റോഡിന്നരികില്‍ ഒരു സ്ഥലത്ത് ധാരാളം സമ്മര്‍ച്ചെടികള്‍ വളര്‍ന്നു നിന്നിരുന്നു. ഓരോ മഞ്ഞുകാലത്തും വീണടിയുന്ന അവ ഓരോ സമ്മറിലും ശക്തിയായി മുളച്ചു വളരുന്നത് വര്‍ഷങ്ങളായി ഞാന്‍ കാണുകയായിരുന്നു. ഈ കാട്ടുചെടികളുടെ ശല്യം മൂലമാവണം, സ്ഥലമുടമ അവ നിന്നിടം തെളിച്ച് മുകളില്‍ ‘ബ്ലാക്‌ടോപ് ‘ പേവിങ്ങ് നടത്തിയത്. മഞ്ഞുകാലം കഴിഞ്ഞു സമ്മര്‍ വന്നു. ഒരിഞ്ചിലധികം ഘനത്തിലുള്ള പേവിങ്ങിന്റെ സൂഷ്മ വിള്ളലുകളിലൂടെ ഒട്ടേറെ നാമ്പുകള്‍ പുറത്തു വരുന്നത് അത്യത്ഭുതത്തോടെ ഞാന്‍ കണ്ടു. ഒന്നോ, രണ്ടോ വര്‍ഷങ്ങള്‍….ഇന്ന് ആ ഭാഗം വീണ്ടും അത്തരം ചെടികളുടെ കാടായിക്കഴിഞ്ഞു. വിരലുകള്‍ക്കിടയില്‍ വച്ച് ഞൊരടിക്കളയാവുന്ന മുളനാമ്പുകളാണ് ബ്ലാക്‌ടോപ് പേവിങ്ങിന്റെ കാഠിന്യത്തെ തുളച്ചു കയറിയത് എന്നത് ഇന്നും അത്ഭുതമായി അവശേഷിക്കുന്നു !

ഇവിടെയെല്ലാം നമുക്കജ്ഞാതമായ ഒരു ശക്തിപ്രഭാവം ദര്‍ശിക്കാനാവും. അന്യാദര്‍ശമായ അതിന്റെ പ്രസരണമാണ്, കൊച്ചുറുമ്പിലും, ചെറുവണ്ടിലും, മൃദുനാമ്പിലുമെല്ലാം നാം കണ്ടറിയുന്നത്. പലതും വിശകലനം ചെയ്തു ദര്‍ശിക്കാന്‍ മാത്രം നാം വളര്‍ന്നിട്ടില്ല. നമ്മുടെ ചിന്തകള്‍ എത്തുന്നതിനപ്പുറം ഒന്നുമില്ല എന്ന് പറയുന്നതാണ് നമുക്ക് പറ്റുന്ന ഏറ്റവും വലിയ തെറ്റും.!?

പ്രപഞ്ചത്തിലെ ഓരോ വസ്തുവിലും സജീവമായ ഒരുള്‍ത്തുടിപ്പുണ്ട്. പ്രപഞ്ച വസ്തുക്കളില്‍ ഒന്ന് മാത്രമായ എന്നിലുള്ളത് പോലെ; നിങ്ങളില്‍ ഉള്ളത് പോലെ? പുല്ലിന്റെയുള്ളിലെ പുളകമാണ് പൂവാകുന്നത് ; ഭൂമിയുടെ പുളകമാണ് പുല്ലാകുന്നത് !?

കല്ലിനും, മണ്ണിനും, പുല്ലിനും, പുഴുവിനും പുളകമേകുന്ന സജീവമായ ശക്തി സ്രോതസ്സാണ് പ്രപഞ്ചത്തിന്റെ ആത്മാവ് ! നമ്മുടെ ശരീരങ്ങളില്‍ സജീവമായിരുന്ന് എന്നെക്കൊണ്ട് ഇതെഴുതിപ്പിക്കുകയും, നിങ്ങളെക്കൊണ്ട് ഇത് വായിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ ആത്മാവുകളെപ്പോലെ, ബാഹ്യപ്രപഞ്ചത്തിന്റെ സ്ഥൂലാവസ്ഥയില്‍ സജീവമായിരുന്ന് അതിനെ ചലിപ്പിക്കുകയും, പ്രവര്‍ത്തിപ്പിക്കുകയും, ജീവിപ്പിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന അനന്തവും, അജ്ഞാതവുമായ, അഗമ്യവും, അനിഷേധ്യവുമായ ശക്തി സ്രോതസ്സിന്റെ സാഗര പ്രളയത്തിന് മുന്നില്‍, കാലം കൊഴിച്ചിട്ട കടല്‍ചിപ്പിയുടെ കക്കയെടുത്തു കളിക്കുന്ന കൊച്ചുകുട്ടി മാത്രമല്ലേ മനുഷ്യന്‍? എല്ലാം തന്റെ കാല്‍ക്കീഴിലാണെന്ന അഹന്തയുടെ അഭിമാനത്തോടെ ആവനാഴിയിലെ അമ്പുകള്‍ അപരന് നേരെ കുലച്ചു നില്‍ക്കുമ്പോഴും, അടുത്തടുത്തു വരുന്ന അവസാനത്തിന്റെ മണിയൊച്ചയില്‍ അടിപതറി വീഴാനുള്ള ഈ ജന്മങ്ങള്‍, കാലമാം മാന്ത്രികന്‍ മായ്ക്കാനായി വരച്ചിട്ട കോലങ്ങള്‍ മാത്രമാണെന്ന് ആരറിയുന്നു??? (…….തുടരും)

അടുത്തതില്‍ : ജീവന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top