Flash News

‘മീ ടൂ’ ക്യാം‌പെയിന്‍ ശക്തി പ്രാപിക്കുന്നു; മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചതായി വനിതാ പൈലറ്റ്

March 16, 2018 , രാജീവ്

pilotസിയാറ്റില്‍: വിമാനത്തിലെ ക്യാപ്റ്റന്‍ തന്നെ മയക്കുമരുന്നു നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയിട്ടും വിമാനക്കമ്പനി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ച് വനിതാ പൈലറ്റ് രംഗത്ത്. അലാസ്‌ക എയര്‍ലൈന്‍സ് സഹപൈലറ്റ് ബെറ്റി പിനയാണു കമ്പനിക്കെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബെറ്റിയെ ക്യാപ്റ്റന്‍ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഭവശേഷം കമ്പനിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കമ്പനി ക്യാപ്റ്റനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ബെറ്റി പറയുന്നു. ഇതേ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. മയക്കുമരുന്നു നല്‍കി ബോധം കെടുത്തിയശേഷം ലൈംഗികമായി പീഡിപ്പിക്കാന്‍ എയര്‍ലൈന്‍സ് കമ്പനി അനുവദിച്ചെന്ന് ആരോപിച്ചാണ് പരാതി.

ജൂണ്‍ നാലിനായിരുന്നു ക്യാപ്റ്റനൊപ്പമുള്ള യാത്ര. മിനിയപൊലിസിലെ ഒരു ഹോട്ടലില്‍ യാത്രയ്ക്കു മുന്നോടിയായി തങ്ങിയപ്പോഴായിരുന്നു സംഭവം. മൂന്നു ദിവസത്തെ യാത്രയുടെ ഭാഗമായിട്ടായിരുന്നു യുവതി ക്യാപ്റ്റനൊപ്പം പോയത്. എന്നാല്‍ യാത്ര പോകും മുമ്പ് ഹോട്ടലില്‍ വച്ച് വൈനില്‍ മയക്കുമരുന്നു കലര്‍ത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ യുവതി പറയുന്നത്. ക്യാപ്റ്റന്‍ ഇപ്പോഴും അലാസ്‌ക എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്നതായും ബെറ്റി പറയുന്നു. ഇയാള്‍ എത്ര പേരെ പീഡിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമല്ല. അവരില്‍ താന്‍ അവസാനത്തെയാളായിരിക്കണമെന്ന ആഗ്രഹത്താലാണു പരാതി നല്‍കുന്നതെന്നും ബെറ്റി പറഞ്ഞു.

‘മീ ടൂ’ ക്യാംപെയ്‌നു പിന്തുണ പ്രഖ്യാപിച്ച് വ്യോമയാന മേഖലയിലും സ്ത്രീകള്‍ നേരിടുന്ന പീഡനത്തിനെതിരെ രംഗത്തു വരേണ്ടതുണ്ടെന്നും പരാതിയില്‍ ബെറ്റി പറയുന്നു. അവിവാഹിതയായ ബെറ്റി സൈന്യത്തില്‍നിന്നു പിരിഞ്ഞ ശേഷമാണ് വിമാനക്കമ്പനിയില്‍ ചേര്‍ന്നത്.

alaskaമയക്കുമരുന്ന് കലര്‍ത്തിയ വൈന്‍ കുടിച്ച ബെറ്റി തളര്‍ന്നുവീണിരുന്നു. തളര്‍ന്നുകിടക്കുന്ന ബെറ്റിയുമായി ക്യാപ്റ്റന്‍ മുറിയിലേക്കു പോകുന്നതു കണ്ട വിമാനത്തിലെ മറ്റൊരു ജീവനക്കാരിയുടെ മൊഴിയും പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ടതിനു പിന്നാലെ യൂണിയന്‍ പ്രതിനിധിക്കും മനുഷ്യവിഭവശേഷി മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്നു ബെറ്റി ശമ്പളത്തോടു കൂടിയുള്ള അവധിയിലും പ്രവേശിച്ചു.

യാത്ര തുടങ്ങുന്നതിനു 10 മണിക്കൂര്‍ മുന്‍പു മദ്യപിക്കാന്‍ പാടില്ലെന്നാണു അലാസ്‌ക എയര്‍ലൈന്‍സിന്റെ നയം. ഇതു ക്യാപ്റ്റനും ബെറ്റിയും ലംഘിച്ചോ എന്നാണു കമ്പനി അന്വേഷിച്ചതെന്നും ബെറ്റി പറഞ്ഞു. ഇതിന്റെ ഭാഗമായി ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലും ക്യാപ്റ്റന്‍ ബെറ്റിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ ലഭിച്ചു.

ജനുവരിയില്‍ തിരികെ ജോലിക്കു കയറിയപ്പോള്‍ ബെറ്റി നിയമപരമായിത്തന്നെ കമ്പനിയെ സമീപിച്ചു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്നാണു കമ്പനിയെ പ്രതി ചേര്‍ത്ത് കിങ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ പരാതി നല്‍കിയത്. അതേസമയം ക്യാപ്റ്റനെതിരെ പരാതി ലഭിച്ചതായും അന്വേഷണം നടക്കുകയാണെന്നും അലാസ്‌ക എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. അലാസ്‌ക എയര്‍ലൈന്‍സില്‍ നിന്ന് രാജി വയ്ക്കാതെയാണു ബെറ്റിയുടെ നിയമപോരാട്ടം. ഇപ്പോഴും അവിടെ തുടരുന്ന ക്യാപ്റ്റനെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top