Flash News

അമേരിക്കന്‍ എഴുത്തിലെ ദാര്‍ശനിക തലം

March 16, 2018 , മനോഹര്‍ തോമസ്

american ezhuthu banner1ഈയൊരു വിഷയം സര്‍ഗ്ഗവേദിയില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട് എന്ന് ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. അതിനു തക്ക കാരണങ്ങളും ഉണ്ട്. അമേരിക്കന്‍ എഴുത്തില്‍ ഒരു കാരണവശാലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുവാന്‍ പാടില്ല, ജീവിത യാഥാര്‍ഥ്യങ്ങള്‍ എത്ര പരുക്കനായാല്‍ പോലും മധുരം പുരട്ടിയെ പറയാവുള്ളൂ, ഗുണപാഠങ്ങളില്ലാത്ത എഴുത്തിനെ താഴ്ത്തി കാണണം, മതപരമായ വൈകല്യങ്ങള്‍ ഏതു ഗ്രുപ്പിന്റെ ആയാലും വിളമ്പരുത്, അങ്ങിനെ പോകുന്ന അജ്ഞാതമായ അതിര്‍വരമ്പുകള്‍ എഴുത്തില്‍ ഉണ്ടാകണമെന്ന് ആരോ വാശിപിടിക്കുന്നപോലെ ! ആരാണ് വാശിപിടിക്കുന്നതെന്ന് വ്യക്തമായി പറയാന്‍ കഴിയില്ല. കാരണം, അത് എഴുത്തിന്റെ വരികള്‍ക്കിടയില്‍ നിന്ന് അനുവാചകന്‍ സ്വയം കണ്ടെത്തേണ്ടതാണ്‌. കീഴ്‌വഴക്കങ്ങളില്‍ നിന്നു വ്യതിചലിക്കാത്ത എഴുത്തിനു ശരീരം ഉണ്ടാകും. പക്ഷേ ജീവനുണ്ടാകില്ല. അതുതന്നെയാണ് അമേരിക്കന്‍ എഴുത്തിന്റെ ശാപം.

എന്തെഴുതിയാലും, അതിലൊരു moral അല്ലെങ്കില്‍ ഗുണപാഠം ഉണ്ടാക്കണോ? അങ്ങിനെ എഴുതി വായനക്കാരെ നന്നാക്കുകയാണോ എഴുത്തുകാരന്റെ പണി ? സാരോപദേശങ്ങളും, പാപ, മോക്ഷ, സ്വർഗ്ഗ, നരകങ്ങളും പഠിപ്പിക്കാന്‍ മതം തൊഴിലാക്കിയവരുടെ ഒരു ഘോഷയാത്ര തന്നെ ഇവിടെ ഉണ്ടല്ലോ. പിന്നെ ആ പണി എഴുത്തുകാരന്‍ ഏറ്റെടുക്കേണ്ടതുണ്ടോ? ഉത്തരം കണ്ടെത്തേണ്ട ഈ ചോദ്യപരമ്പരകള്‍ക്കു മുമ്പിലാണ് പാവം എഴുത്തുകാരന്‍ അറച്ചറച്ചു നില്‍ക്കുന്ന പേനയുമായി എഴുതാനിരിക്കുന്നത്.

സാഹിത്യം ഒന്നേ ഉള്ളു; അത് സാര്‍വ്വ ലൗകികമാണ് എന്ന് പഠിച്ചിട്ടാണ്‌ നാട്ടില്‍ നിന്നും തിരിക്കുന്നത്. ഈ മണ്ണില്‍ വിഭാഗീയതകളാല്‍ പിരിഞ്ഞു നില്‍ക്കുന്ന പാവം മലയാളി കാണുന്നത് ക്രിസ്‌തീയ സാഹിത്യം, പെന്തക്കോസ്തല്‍ സാഹിത്യം, ഹിന്ദു സാഹിത്യം എന്നീ വേര്‍തിരിവുകളാണ്‌. സര്‍ഗസൃഷ്ടിയുടെ നോവുകളുമായി, ഇടം കണ്ടെത്തി, സമയം കണ്ടെത്തി, ഒന്നിരിക്കുന്ന പാവം എഴുത്തുകാരന്‍ വീണ്ടും കുഴയുന്നു.

കേരള മനസികവേദി “ചാർവാകം” എന്ന് പേരിട്ട സദസ്സില്‍ കുരീപ്പുഴ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഒരു ശില്പശാല നടക്കുകയുണ്ടായി. അവിടെ ശശികുമാര്‍ അവതരിപ്പിച്ച “കുംഭകര്‍ണ്ണന്‍” എന്ന കവിത വരേണ്യ വര്‍ഗത്തെ ആക്ഷേപിച്ചും, ദ്രാവിഡരെ പുകഴ്ത്തിയുമാണെന്ന കാരണത്താല്‍ വലിയ ബഹളം ഉണ്ടായി. “man is a political animal” എന്ന് പറയാറുണ്ടെങ്കിലും, കുടിയേറ്റ മലയാളിയുടെ സങ്കുചിത മത വ്യാപാരങ്ങള്‍ കാണുമ്പോള്‍ “man Is a religious animal” എന്ന് കൂട്ടിച്ചേര്‍ത്ത് പറയണമെന്ന് രാജു തോമസ് വ്യക്തമാക്കി.

“കല കലക്കുവേണ്ടി, കല ജീവിതത്തിനുവേണ്ടി” എന്ന വിവാദം കാലാകാലമായിട്ടു ഉണ്ടെങ്കിലും, സാഹിത്യം എന്നും ലക്ഷ്യം വെക്കേണ്ടത് മാനസ പുരോഗതിയും, സമൂഹ നന്മയും ആകണം. ഈ ഭൂമിയില്‍ മാറ്റമില്ലാത്ത ഒന്നുണ്ടെങ്കില്‍ അത് “മനുഷ്യത്വം” മാത്രമാണ്. അതായിരുന്നു ഡോ. നന്ദകുമാറിന്റെ വാദമുഖം.

അമേരിക്കന്‍ എഴുത്തിന്റെ പശ്ചാത്തലം അര നൂറ്റാണ്ടിലേക്കു പരന്നു കിടക്കുന്നു. മാധ്യമങ്ങളും എഴുത്തും ഇല്ലാതിരുന്ന ഒരു കാലത്തെ കൂടി കാണേണ്ടതുണ്ട്. അന്ന് സര്‍ഗ്ഗ ചേതന ഉള്ളവര്‍ എന്തെങ്കിലും എഴുതാന്‍ വെമ്പല്‍ പൂണ്ടിരുന്നു. നാട്ടില്‍ നിന്നും എഴുതി തുടങ്ങി, പ്രശസ്തരായതിനു ശേഷം ഇവിടെ എത്തിയ പലരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവരെ പുലഭ്യം പറഞ്ഞും, വിമര്‍ശിച്ചും ജൗളി പൊക്കി കാണിച്ചും, ആളാകാന്‍ ശ്രമിക്കുന്ന കുറെ ജന്മങ്ങളും ഇവിടെ ഉണ്ടായി. എഴുത്തിന്റെ തുടക്കത്തില്‍ ആദ്യം വിമര്‍ശനം വരുന്നത് മത പശ്ചാത്തലത്തില്‍ നിന്നാണ്. കാരണം അവിടെയാണ് ആദ്യം ആളു കൂടി തുടങ്ങിയത്. അങ്ങിനെ ഒരവസ്ഥയില്‍ സാഹിത്യത്തിന്റെ ഏണിപ്പടികളിലേക്ക് നോക്കിയവര്‍ക്ക് മതത്തിന്റെ അംഗീകാരവും, തലോടലും ഒരാവശ്യകതയായി തോന്നിയതില്‍ തെറ്റില്ല. ഇങ്ങനെയാണ് ജോണ്‍ വേറ്റം അര നൂറ്റാണ്ടിന്റെ സാഹിത്യ സപര്യ വിലയിരുത്തിയത്.

ജോസ് ചെരിപുറത്തിന്റെ അഭിപ്രായത്തില്‍ എഴുത്തുകാരന്റെ പ്രധാന ചുമതല താന്‍ എന്തിനാണ് എഴുതുന്നത് എന്ന് ആദ്യം സ്വയം കണ്ടെത്തണം. പ്രശസ്തിക്കു വേണ്ടിയാണോ? ആളാകാനാണോ? സമൂഹത്തിനുവേണ്ടിയാണോ? ആത്മ സംതൃപ്തിക്കുവേണ്ടിയാണോ? യഥാർത്ഥ സര്‍ഗ്ഗ സൃഷ്ടിയുടെ ഉടമ എല്ലാ കാലത്തും എഴുതിയേ പറ്റൂ, പ്രസവിച്ചേ പറ്റൂ എന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നവനാണ്. അവന്റെ മുമ്പില്‍ പേനയും കടലാസും മാത്രമേ ഉള്ളു.

ഒരു ദാര്‍ശനികന്‍ എഴുതുമ്പോള്‍ ദര്‍ശനം ഉണ്ടാകണം. ദര്‍ശനം ഉള്ളവന്‍ മതത്തിനു വേണ്ടിയല്ല, മനുഷ്യനുവേണ്ടിയാണ് എഴുതുക. അപ്പോള്‍ സാമൂഹ്യ പ്രതിബദ്ധത താനെ വന്നു കൊള്ളും. സമൂഹത്തിലെ അനീതികളോട് പ്രതികരിക്കാന്‍, അവനറിയാതെ ബാധ്യസ്ഥനായിത്തീരുന്നു. സമ്പന്നനാകുമ്പോഴും, മനുഷ്യനില്‍നിന്ന് നന്മകള്‍ നിശ്ശേഷം മരിക്കുന്നില്ല എന്നതിന് ഉദാഹരണമായി ബാബു പാറക്കല്‍ പറഞ്ഞത് മകന്റെ അമേരിക്കന്‍ വിവാഹം ആര്‍ഭാടമായി നടത്തുന്നതിന് പകരം 650 ഭവനരഹിതര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ തീരുമാനിച്ച ഒരു അമേരിക്കന്‍ മലയാളിയുടെ കഥയാണ്.

അറുപതുകളില്‍ തുടങ്ങുന്ന കുടിയേറ്റത്തിന്റെ തുടര്‍കഥയില്‍, വിയറ്റ്നാം യുദ്ധത്തില്‍ പരുക്കേറ്റവരെ ശുശ്രൂഷിക്കാന്‍ ആളുകളുടെ ക്ഷാമവും, എയ്‌ഡ്‌സ്‌ പരന്നപ്പോള്‍ മരണം മുന്നില്‍ കാണുന്ന വെള്ളക്കാരന്റെ മനസ്സും, ഒക്കെ കൂട്ടി വായിക്കേണ്ടിയിരിന്നു. പിന്നെ നഴ്സുമാരുടെയും അണികളുടെയും പ്രവാഹം. പറിച്ചു നട്ടപ്പോള്‍ ഓണവും, വിഷുവും, അയ്യപ്പനും, ശങ്കരാന്തിയും, എല്ലാം കൂടെ കൊണ്ടുപോന്നു.  പി .ടി. പൗലോസ് വന്ന വഴികളിലേക്ക് ഒന്നെത്തി നോക്കുകയായിരുന്നു.

സാഹിത്യം എന്നാല്‍ സംസ്കാരം എന്നാണ് ഇ.എം. സ്റ്റീഫന്‍ പറഞ്ഞത്. സാഹിത്യകാരന്‍ അപരനിലേക്ക് ശ്രദ്ധിക്കുമ്പോള്‍, സൃഷ്ടികള്‍ കാലത്തിനു നേരെ പിടിക്കുന്ന കണ്ണാടികളാകും. എഴുത്തുകാരന് പേടി തോന്നുന്നുണ്ടെങ്കില്‍ ജീവിക്കുന്ന സമൂഹത്തില്‍ മാന്യനായി നില്‍ക്കാന്‍ കഴിയാതെ പോകും എന്നതായിരിക്കും അതിനു കാരണം. സമൂഹത്തിന്റെ അംഗീകാരമോ, വിലയിരുത്തലുമാണോ, യഥാര്‍ത്ഥ എഴുത്തുകാരന്റെ അവാര്‍ഡ് ? അതോ പറയാനുള്ളത് ആരുടെയും മുഖത്തുനോക്കി പറഞ്ഞു എന്ന ആത്മസംതൃപ്തിയാണോ ?

നഴ്സുമാരുടെ വരവും, ഐ.റ്റി. ക്കാരുടെ വരവും ഏതാണ്ട് നില്‍ക്കുകയാണ്. കാരണം സ്വന്തം നാട്ടില്‍, പലതും ഉപേക്ഷിച്ചു പോകാതെ, മാന്യമായി ജീവിക്കാനുള്ള വേതനം കിട്ടുമെങ്കില്‍ എന്തിനു നാട് വിടണം എന്ന ചിന്ത മലയാളിയില്‍ ആവസിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇനി ഇവിടെ ഒരു പുതിയ തലമുറ വരും, പുതിയൊരു ഭാവുകത്വം സൃഷ്ടിക്കപ്പെടും. അവരുടെ നൂതന ഭാഷയും എഴുത്തും സാഹിത്യവും വരും. മത സമൂഹങ്ങള്‍ ഇപ്പോള്‍ ആസ്ഥാന മന്ദിരങ്ങള്‍ പണിയുന്നതിന്റെ തിരക്കിലാണ്. കാരണം എല്ലാം കെട്ടടങ്ങുന്നതിന് മുമ്പ് ഇവിടെ എന്തോ അടയാളപ്പെടുത്തുന്നതിന്റെ വെപ്രാളമാണവര്‍ക്ക്. ഐ.റ്റി. ക്കാരനായി വന്ന് കുടിയേറ്റക്കാരനായി മാറി, വീണ്ടും മടങ്ങാന്‍ തീരുമാനിച്ചു കാര്യങ്ങള്‍ നീക്കുന്ന മാമന്‍ മാത്യു അത്രയും കൂടി പറഞ്ഞു വച്ചു.

ഈ മണ്ണില്‍ ചുറ്റും കാണുന്ന ജീവിത കണികകള്‍, മറയില്ലാതെ, പച്ചയായി, തികഞ്ഞ ആത്മാര്‍ത്ഥതയോടെ പറയുക തന്നെയല്ലേ ഒരെഴുത്തുകാരന്റെ സമര്‍പ്പണം ! അതാകണം ഒരെഴുത്തുകാരന്‍ !


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top