Flash News

ദേശീയ രാഷ്ട്രീയം പുതിയ വഴിത്തിരിവില്‍ (ലേഖനം)

March 17, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

appu banner1ഒരേ സമയം വിസ്മയിപ്പിക്കുകയും സംഭ്രമിപ്പിക്കുകയും ചെയ്യുന്ന ദേശീയ രാഷ്ട്രീയ കാഴ്ചകള്‍ തുടരുകയാണ്. നാലുവര്‍ഷം എന്‍.ഡി.എ മുന്നണിയില്‍ മൂന്നാംസ്ഥാനത്തു നിന്നിരുന്ന ടി.ഡി.പി വെള്ളിയാഴ്ച രാവിലെ എന്‍.ഡി.എയില്‍നിന്ന് പുറത്തുചാടുകയും തൊട്ടുപിറകെ മോദി ഗവണ്മെന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് ലോകസഭയില്‍ നോട്ടീസ് നല്‍കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം.

25 വര്‍ഷം ത്രിപുരയില്‍ തുടര്‍ന്ന ഇടതുമുന്നണി ഭരണം നരേന്ദ്രമോദിക്കൊപ്പം മറിച്ചിട്ടു തിരിച്ചെത്തിയ യോഗി ആദിത്യനാഥ് 28വര്‍ഷം കൈവശംവെച്ച ഗോരഖ്പൂര്‍ ലോകസഭാമണ്ഡലം അഖിലേഷ് യാദവിന്റെ എസ്.പിയും ബദ്ധശത്രുവായിരുന്ന മായാവതിയുടെ ബഹുജന്‍ സമാജ് വാദിപാര്‍ട്ടിയും ചേര്‍ന്ന് പിടിച്ചെടുത്തു. ഒപ്പം ഉപമുഖ്യമന്ത്രി മൗര്യ രാജിവെച്ച ഫൂല്‍പൂര്‍ മണ്ഡലവും.

ഇരുപത്തെട്ടു വര്‍ഷമായി ബിഹാറിലെ തെരഞ്ഞെടുപ്പു രംഗത്ത് നിറഞ്ഞുനിന്നിരുന്ന ലാലുപ്രസാദ് യാദവിനെ ജയിലിലടച്ചിട്ടും എന്‍.ഡി.എയില്‍ ചേര്‍ന്ന ആര്‍.ജെ.ഡി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്തുണയുണ്ടായിട്ടും ബിഹാറിലെ അരാരിയ ലോകസഭാ മണ്ഡലത്തില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു.

Photo1ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടി 16 എം.പിമാരെയുമായി എന്‍.ഡി.എയില്‍നിന്നു പുറത്തുകടന്നതോടെ ഭരണപക്ഷത്തെ അംഗബലം ലോകസഭയില്‍ 314 ആയി ചുരുങ്ങി. ഇതില്‍ 18 അംഗങ്ങളുള്ള ശിവസേന മുന്നണി വിട്ടിട്ടില്ലെങ്കിലും പ്രതിപക്ഷ പാര്‍ട്ടിയെപോലെ മോദി ഗവണ്മെന്റിന്റെ നയങ്ങളെ ശക്തിയായി എതിര്‍ക്കുന്നു. 6 അംഗങ്ങളുള്ള പസ്വാന്റെ ലോക ജനശക്തി പാര്‍ട്ടിയും 4 എം.പിമാരുള്ള അകാലിദളും 3 അംഗങ്ങളുള്ള ആര്‍.എല്‍.എസ്.പിയും കഴിഞ്ഞാല്‍ ബി.ജെ.പി മുന്നണിയില്‍ രണ്ട് അംഗങ്ങള്‍ വീതമുള്ള ജനതാദള്‍ യുവും അപ്നാ ദളും ഒരു സീറ്റുമാത്രമുള്ള നാല് പൊടിപാര്‍ട്ടികളുമാണുള്ളത്. കേവല ഭൂരിപക്ഷമുണ്ടായിരുന്ന ബി.ജെ.പിക്ക് യു.പിയിലെ രണ്ടു സീറ്റുകള്‍ നഷ്ടപ്പെട്ടതോടെ സ്പീക്കറടക്കം സഭയില്‍ 273 സീറ്റേ ഉള്ളൂ. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റുമാത്രം കൂടുതല്‍. അവിശ്വാസ പ്രമേയത്തെ മറികടക്കാനാവുമെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും മുന്നണിയില്‍ ഇനി എത്രപേരുണ്ടാകുമെന്ന അനിശ്ചിതത്വം ബി.ജെ.പിയെ തുറിച്ചുനോക്കുന്നു.

ജനങ്ങളും മോദി ഗവണ്മെന്റിന്റെ നയങ്ങളും തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ച്ഛിക്കുകയും ഏറ്റുമുട്ടലായി മാറുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയ കാഴ്ചകളാണ് ഇതൊക്കെ. ജനരോഷത്തിന്റെ ഈ അവസ്ഥ ഊര്‍ജ്ജമാക്കി പ്രതിപക്ഷത്ത് ബി.ജെ.പിയെയും സഖ്യകക്ഷികളെയും എതിര്‍ക്കാനുള്ള കൂട്ടായ നീക്കങ്ങള്‍ പല രൂപത്തില്‍ പ്രകടമാകുകയാണ്. അതേസമയം മോദി ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് അമിതാധികാര നീക്കങ്ങള്‍ ശക്തിപ്പെടുകയുമാണ്.

അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയാല്‍ മറ്റെല്ലാ കാര്യപരിപാടിയും നിര്‍ത്തിവെച്ച് സ്പീക്കര്‍ അവിശ്വാസപ്രമേയം പരിഗണിക്കണമെന്നാണ് ചട്ടവും കീഴ് വഴക്കവും. നേരത്തെ വൈ.എസ്.ആര്‍ കോണ്‍ഗ്രസും പിറകെ ടി.ഡി.പിയും നോട്ടീസ് നല്‍കിയിട്ടും വെള്ളിയാഴ്ച സ്പീക്കര്‍ കണ്ടതായി ഭാവിച്ചില്ല. സഭയില്‍ ബഹളം നടക്കുന്നതിനാല്‍ അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. സഭയെ ഭരണകക്ഷിയുടെ റബ്ബര്‍ സ്റ്റാമ്പാക്കി മാറ്റുന്ന സംഭവങ്ങളുടെ തുടര്‍ച്ചകൂടിയാണിത്.

ജനങ്ങളെയാകെ ഉറക്കത്തിലെന്നോണം ആക്രമിച്ച ഭീകര രാഷ്ട്രീയ നീക്കങ്ങളായിരുന്നു നോട്ടു റദ്ദാക്കലും ജി.എസ്.ടിയും. ജനങ്ങള്‍ രാജ്യത്തിനുവേണ്ടി അതൊക്കെ നിശബ്ദം സഹിച്ചെന്ന് അഭിമാനം കൊള്ളുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങള്‍ ഉണര്‍ന്നെഴുന്നേറ്റെന്നും തെരഞ്ഞെടുപ്പു വരുംവരെ കാക്കാതെ ഗവണ്മെന്റ് നയങ്ങളുമായി മൈതാനത്തിറങ്ങി നേരില്‍ ഏറ്റുമുട്ടാന്‍ തുടങ്ങിയെന്നും വ്യക്തമായി.

പൂനെയില്‍നിന്ന് മഹാരാഷ്ട്ര അസംബ്ലി വളയാന്‍ മുംബൈയിലേക്കു നടന്ന കൃഷിക്കാരുടെ ലോംഗ് മാര്‍ച്ചാണ് ഇന്ത്യയില്‍ ഇപ്പോള്‍ രൂപംകൊള്ളുന്ന ജനസംഘര്‍ഷത്തിന് രാസത്വരകമായത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ എണ്‍പതിനായിരത്തിലേറെ കൃഷിക്കാര്‍ സര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നയങ്ങളുടെ ഇരകളെന്ന നിലയില്‍ ആത്മഹത്യചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷംമുമ്പ് ഈ പ്രശ്‌നങ്ങളുന്നയിച്ച് അവിടെ ആരംഭിച്ച കര്‍ഷക സമരം വേരുപിടിച്ചില്ല. പ്രമുഖ കര്‍ഷക സംഘടനകളൊക്കെ അതില്‍നിന്നു പിന്മാറി. മരിക്കുകയാണെങ്കില്‍ പൊരുതി മരിക്കാം എന്ന നിലയില്‍ സി.പി.എമ്മുമായി ബന്ധപ്പെട്ട അഖിലേന്ത്യാ കിസാന്‍ സഭയാണ് ആ സമരം രണ്ടു ഗ്രാമങ്ങളില്‍നിന്ന് വീണ്ടും ഊതിക്കത്തിച്ച് മുന്നോട്ടു കൊണ്ടുവന്നത്.

സി.പി.എമ്മും ഇടതുപക്ഷവും ഏറെ ദുര്‍ബലമായ മഹാരാഷ്ട്രയില്‍ കര്‍ഷക- തൊഴിലാളി ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തി അടിത്തട്ടില്‍നിന്ന് തുടങ്ങിയ ഈ കര്‍ഷകസമരം ലോകശ്രദ്ധ പിടിച്ചുപറ്റി. ‘മല മമ്മതിനെതേടി ചെല്ലുന്ന’ ഒരവസ്ഥ കൃഷിക്കാരുടെ ‘ലോംഗ് മാര്‍ച്ച്’ സൃഷ്ടിച്ചു. ബി.ജെ.പിയും ശിവസേനയും ചേര്‍ന്നു ഭരിക്കുന്ന മഹാരാഷ്ട്രയില്‍ മുംബൈ മഹാനഗരത്തിലേക്കു കടക്കാനെത്തിയ കര്‍ഷക മാര്‍ച്ചിനുമുമ്പിലെത്തി അഭിവാദ്യം ചെയ്തതും പിന്തുണ പ്രഖ്യാപിച്ചതും ശിവസേനാ മന്ത്രിമാരായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിയമസഭാ മന്ദിരം ഉപരോധിക്കുമെന്ന പ്രഖ്യാപനം കര്‍ഷക സമരനേതാക്കളുമായി നേരിട്ടു ചര്‍ച്ചനടത്താന്‍ ബി.ജെ.പി മുഖ്യമന്ത്രിയെ നിര്‍ബന്ധിതനാക്കി.

നഗരത്തിനകത്ത് ആസാദ് മൈതാനിയില്‍ തമ്പടിച്ച പതിനായിരകണക്കില്‍ കൃഷിക്കാരുടെ അടുത്തേക്ക് മുഖ്യമന്ത്രി നിയോഗിച്ച മന്ത്രിതലസംഘം ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന്റെ വ്യവസ്ഥകള്‍ ചര്‍ച്ചചെയ്യാന്‍ ചെന്നു. തീരുമാനങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ച് പരസ്പരം അഭിവാദ്യം ചെയ്താണ് സര്‍ക്കാര്‍ പ്രതിനിധികളും സമരക്കാരും മടങ്ങിയത്.

വികസിത രാജ്യങ്ങളില്‍ ആഗോളീകരണം സൃഷ്ടിച്ച വിപണി മേധാവിത്വം ഇന്ത്യയില്‍ ജനസംഖ്യയില്‍ മഹാഭൂരിപക്ഷത്തെയും അഗതികളാക്കി മാറ്റിയിട്ടുണ്ട്. ഈ കര്‍ഷക സമരത്തിന്റെ ഭാഗമായവരും അതിന് സഹായവും പിന്തുണയുമായി ഇറങ്ങിയ യുവാക്കളും തൊഴിലാളികളും ജനങ്ങളുടെ മാറുന്ന പ്രതിരോധമുഖമാണ് മുംബൈയില്‍ പ്രകടമാക്കിയത്.

കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ കൃഷിക്കാരും കര്‍ഷക തൊഴിലാളികളും ഉണര്‍ന്നെണീക്കുകയും സംഘടിച്ചു മുന്നേറുകയും പണിയെടുക്കുന്ന തൊഴിലാളികളുടെകൂടി പിന്തുണ ഉറപ്പാക്കുകയും ചെയ്താല്‍ ഒരു ശക്തിക്കും അവരെ തടയാനാകില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് മഹാരാഷ്ട്രയില്‍ ഇപ്പോള്‍ വിജയിച്ച കര്‍ഷകസമരം. രാജസ്ഥാനിലും മറ്റിടങ്ങളിലും കഴിഞ്ഞവര്‍ഷം നടന്ന കര്‍ഷക സമരങ്ങളുടെ തുടര്‍ച്ചയാണ് ഇത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും അവരുടെ വര്‍ഗ-ബഹുജന സംഘടനകളുടെയും അനുഷ്ഠാന സമരങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തം. പാടശേഖരങ്ങളിലെ കര്‍ഷക കുടുംബങ്ങളാകെ ഒന്നിച്ച് സമരജ്വാലയായി മാറിയാലുള്ള സ്ഥിതി. വിവിധ മതക്കാരും ജാതിക്കാരും രാഷ്ട്രീയക്കാരും കൃഷിക്കാരെന്ന പൊതു പ്രവാഹത്തിന്റെ ഭാഗമായി തീരുമ്പോഴുള്ള സംഘശക്തിയുടെ വിശുദ്ധി. ഇപ്പോള്‍ യു.പി അത്തരമൊരു സമരമുഖത്താണ്. ബിഹാറും ആന്ധ്രയും കര്‍ണാടകയും നാളെ കേരളവും ഈ വഴിയിലേക്ക് നീങ്ങേണ്ടിവരും.

ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ സംസ്ഥാന സര്‍ക്കാറുകളെ നയിക്കുന്നവരെന്ന നിലയില്‍ ഇടതുപക്ഷം അടക്കമുള്ള ബി.ജെ.പി ഇതര കക്ഷികള്‍ പുതിയ വിപണി മേധാവിത്വത്തിന് കീഴ്‌പ്പെടുന്ന ഭരണ നയങ്ങളുമായാണ് മുന്നോട്ടുപോയത്. ജി.എസ്.ടിക്കും നോട്ടു നിരോധനത്തിനുമൊപ്പം നിഴലായിനിന്ന ത്രിപുരയിലെ ഇടതുമുന്നണി ഗവണ്മെന്റിനെ തൊഴിലില്ലായ്മയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും കാരണക്കാരായി ജനങ്ങള്‍ ശിക്ഷിച്ചു. വേഷംമാറിവന്ന ബി.ജെ.പി – ഐ.പി.എഫ്.ടി സഖ്യത്തിന്റെ സാക്ഷാല്‍ ജനവിരുദ്ധ രൂപം ത്രിപുരയിലെ ജനങ്ങള്‍ ഇനി അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ. ഈ വൈരുദ്ധ്യംതന്നെയാണ് കേരളത്തിലെ ഇടതു – ജനാധിപത്യ ഗവണ്മെന്റിനു കീഴില്‍ ജനങ്ങള്‍ അനുഭവിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ വയല്‍ നികത്തുന്നതിനെതിരെ കൃഷിക്കാര്‍ നടത്തിയ സമരത്തെ സര്‍ക്കാര്‍ നേരിട്ടതും സി.പി.എംതന്നെ സമരക്കാര്‍ക്കെതിരെ നേരിട്ട് രംഗത്തിറങ്ങിയതും വിപണി രാഷ്ട്രീയത്തിന്റെ മേധാവിത്വമാണ് പ്രകടമാക്കുന്നത്.

വരും ദിവസങ്ങളില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന രാഷ്ട്രീയ കൂടിയാലോചനകള്‍ പുതിയ വഴികള്‍ തുറക്കും. യു.പി ലോകസഭാ ഉപതെരഞ്ഞെടുപ്പിലെ സന്ദേശം വളരെ വ്യക്തമാണ്. എസ്.പിയും ബി.എസ്.പിയും ഭിന്നിച്ചുനിന്നപ്പോള്‍ ബി.ജെ.പി അധികാരത്തിലേറി. രണ്ടു പാര്‍ട്ടികളും യോജിച്ചപ്പോള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ പിന്‍ബലമുണ്ടായിട്ടും കനത്ത തിരിച്ചടിയേറ്റു. അതേസമയം രണ്ടു മണ്ഡലങ്ങളിലും മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജാമ്യസംഖ്യപോലും നഷ്ടപ്പെട്ടു. വിശേഷിച്ചും വിജയലക്ഷ്മി പണ്ഡിറ്റും ജവഹര്‍ലാല്‍ നെഹ്‌റുവും മത്സരിച്ചിരുന്ന ഫൂര്‍പുര്‍ മണ്ഡലത്തില്‍.

ബിഹാറില്‍ ലാലുപ്രസാദ് യാദവിനെയും കുടുംബത്തെയും അഴിമതി കേസുകള്‍കൊണ്ട് വരിഞ്ഞുമുറുക്കിയിട്ടും ആര്‍.ജെ.ഡി അമ്പരപ്പിക്കുന്ന വിജയം നേടിയത് പ്രതിപക്ഷത്തിനനുകൂലമായ വലിയ സൂചനയാണ്.

എണ്ണത്തില്‍ ചുരുങ്ങിയെങ്കിലും ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ സ്വാധീനമുള്ള ഏക പാര്‍ട്ടി ഇപ്പോള്‍ കോണ്‍ഗ്രസാണ്. അവര്‍ തുടങ്ങിവെച്ച ഉദാരീകരണ – സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ വിശ്വസ്തതയോടെ ഏറ്റെടുത്ത് നടപ്പാക്കുന്ന ബി.ജെ.പി ഭരണത്തിന്റെ ദുരിതവും അവര്‍ സൃഷ്ടിക്കുന്ന വര്‍ഗീയതയുടെ ആപത്തുമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്.

യു.പി.എ ഭരണത്തില്‍ ഉണ്ടായ അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ വിശ്വാസ്യതയെ തകര്‍ത്തിട്ടുണ്ട്. കുടുംബവാഴ്ചയെന്ന ലക്ഷ്യവും ആ പാര്‍ട്ടിയുടെ ദൗര്‍ബല്യമാണ്. എങ്കിലും കോണ്‍ഗ്രസ് ഐയ്ക്ക് പകരം നില്‍ക്കാന്‍ ഇടതുപാര്‍ട്ടികളോ പ്രാദേശിക പാര്‍ട്ടികളോ പ്രാപ്തവുമല്ല. ഈ പശ്ചാത്തലത്തില്‍ സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ അടിസ്ഥാനപരമായ തിരുത്തലിന് കോണ്‍ഗ്രസ് തയാറുണ്ടോ. ജനങ്ങള്‍ നിരാകരിക്കുന്നതിന് ഇടയാക്കിയ ചെയ്തികളില്‍ ഖേദിക്കാനും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താനും ദേശീയ സമ്മേളനത്തിലേക്കു കടക്കുന്ന കോണ്‍ഗ്രസ് ഒരുക്കമുണ്ടോ. ദേശീയ രാഷ്ട്രീയത്തെ ഈ ഘട്ടത്തില്‍ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകമായിരിക്കും അത്. രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കുന്ന ഔപചാരികതയ്ക്കു പുറമെ കോണ്‍ഗ്രസിനും രാജ്യത്തിനും നിര്‍ണ്ണായകമായ ഇത്തരമൊരു തീരുമാനത്തിലേക്ക് എ.ഐ.സി.സി സമ്മേളനം നീങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്.

ദേശീയതലത്തില്‍ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവ് സൃഷ്ടിക്കുന്നതിന് മുന്‍കൈ എടുക്കാന്‍ സ്വാധീനവും സാധ്യതയുമില്ലാത്ത അവസ്ഥയിലാണ് ഇടതുപക്ഷവും സി.പി.എമ്മും. നേതൃത്വംതന്നെ രാഷ്ട്രീയ നയത്തിന്റെ കാര്യത്തില്‍ രണ്ടുതട്ടിലാണ്. കേന്ദ്രകമ്മറ്റിയിലെ ഭൂരിപക്ഷവും കോണ്‍ഗ്രസിനെ ബി.ജെ.പിയെപോലെ വന്‍കിട ബൂര്‍ഷ്വാസിയുടെ പ്രതിനിധിയായി കാണുന്നു. നവ- ഉദാരീകരണ സാമ്പത്തിക നയങ്ങളുടെ പ്രവാചകരായും. അവരുമായി തെരഞ്ഞെടുപ്പു ധാരണയോ സഹകരണമോ ഉണ്ടാക്കില്ലെന്ന് സി.പി.എം പ്രഖ്യാപിക്കുന്നു. അതേസമയം പ്രാദേശിക പാര്‍ട്ടികള്‍ക്ക് ദേശീയതലത്തില്‍ തെരഞ്ഞെടുപ്പു മുന്നണിയുണ്ടാക്കാന്‍ സാധ്യമല്ലെന്നും വിലയിരുത്തുന്നു.

കോണ്‍ഗ്രസിനെ ഒഴിവാക്കിയും മറ്റ് മതനിരപേക്ഷ പാര്‍ട്ടികളെ ചേര്‍ത്തും ബി.ജെ.പിയെ നേരിടണമെന്നാണ് സി.പി.എം കരട് രാഷ്ട്രീയപ്രമേയം ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിനെയും പ്രാദേശിക പാര്‍ട്ടികളെയും മാറ്റിനിര്‍ത്തിയാല്‍ ശേഷിക്കുന്ന, ബി.ജെ.പിയെ നേരിടാന്‍ പ്രാപ്തിയുള്ള മതനിരപേക്ഷ പാര്‍ട്ടികള്‍ ആരെന്നത് പ്രമേയത്തിന്റെ മുഖ്യ ശില്പിയായ പ്രകാശ് കാരാട്ടിനു മാത്രമേ പറയാനാകൂ.

ബി.ജെ.പിക്കനുകൂലമായി ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിപ്പ് വഴിമുട്ടിനിന്ന സാഹചര്യത്തിലാണ് ജനങ്ങള്‍തന്നെ തെരഞ്ഞെടുപ്പു വിധിയിലൂടെ പുതിയ വഴിതുറക്കാന്‍ ശക്തമായി ആവശ്യപ്പെടുന്നത്. സീതാറാം യെച്ചൂരി സമാജ് വാദിപാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി ടെലഫോണില്‍ ബന്ധപ്പെട്ടതായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചതായും പറയുന്നുണ്ട്. പത്തൊമ്പത് പ്രതിപക്ഷ പാര്‍ട്ടികളുമായി അത്താഴവിരുന്നു നടത്തിയ സോണിയയുടെ ദൗത്യം ഇനി ഏതുവഴിക്കെന്ന് കാണേണ്ടതുണ്ട്.

ചന്ദ്രബാബു നായിഡുവും ടി.ഡി.പിയും പുറത്തുവന്നതോടെ പ്രതിപക്ഷത്ത് ആത്മവിശ്വാസം കൂടിയിട്ടുണ്ട്. കൃഷിക്കാരും തൊഴില്‍ രഹിതരും സ്ത്രീകളും ഉള്‍പ്പെട്ട ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയുടെ ജീവിതാവസ്ഥയ്ക്ക് അടിയന്തരമാറ്റം വരുത്താന്‍ ഉതകുന്ന പരിപാടികളുടെ അടിസ്ഥാനത്തില്‍ ബി.ജെ.പിയെ നേരിടാന്‍ പുതിയൊരു പ്രതിപക്ഷ ഐക്യം രൂപപ്പെടുമോ എന്നതാണ് പ്രധാനം. ആ നിലയ്ക്ക് പാര്‍ലമെന്റിലേയും പ്രതിപക്ഷ പാര്‍ട്ടികളിലെയും വരും ദിവസങ്ങളിലെ നീക്കങ്ങള്‍ നിര്‍ണ്ണായകമായിരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top