Flash News

പ്രവാസഭൂവിലെ *പ്രഥമ മലയാള നിരൂപണ ഗ്രന്ഥം: ഡോ. നന്ദകുമാര്‍ ചാണയില്‍

March 21, 2018 , ഡോ. നന്ദകുമാര്‍ ചാണയില്‍

chanayilശ്രീ സുധീര്‍ പണിക്കവീട്ടില്‍! അമേരിക്കന്‍ മലയാള സാഹിത്യനിരൂപണ ശാഖ എന്ന പ്രസ്ഥാനത്തിനു ഹരിശ്രീ കുറിച്ച അതുല്യനായ എഴുത്തുകാരന്‍. അമേരിക്കന്‍ മലയാള സാഹിത്യം സസൂക്ഷ്മം വീക്ഷിക്കുകയും അതിന്റെ പുരോഗതിയും വളര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭാഷാ സ്‌നേഹി. കഥ, കവിത, ലേഖനങ്ങള്‍, ഹാസ്യോപന്യാസങ്ങള്‍ എന്നിവ കൂടാതെ, നിരൂപണവും തുടര്‍ച്ചയായി എഴുതി അമേരിക്കന്‍ മലയാളികളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹിത്യപ്രതിഭ. അമേരിക്കയില്‍ നിന്നിറങ്ങുന്ന പ്രമുഖ പ്രസിദ്ധീകരണങ്ങളിലെ നിറസ്സാന്നിദ്ധ്യം. അനുരാഗസുരഭില കാവ്യങ്ങള്‍ രചിക്കുന്നതില്‍ അനുഗ്രഹതീനായ ഇദ്ദേഹത്തെ ഈ ലേഖകന്‍ “പ്രവാസികളുടെ പ്രണയഗായകന്‍” എന്നാണ് വിശേഷിപ്പിക്കാറുള്ളത്. രചനകളില്‍ പുതുമ കൊണ്ടുവരികയും നൂതനാശയങ്ങള്‍ പരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇദ്ദേഹം സര്‍ഗ്ഗാത്മകതയുടെ ചൈതന്യം തേടുന്ന സാഹിത്യോപാസകനാണ്. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ച് നൂറിലേറെ നിരൂപണങ്ങള്‍ അദ്ദേഹം എഴുതിക്കഴിഞ്ഞു. ആ നിരൂപണങ്ങളില്‍ ചിലതെല്ലാം സമാഹരിച്ച് അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകമാണ് “പയേറിയയിലെ പനിനീര്‍പ്പൂക്കള്‍.” വടക്കെ അമേരിക്കയിലെ, ഒരു പക്ഷെ പ്രവാസ സാഹിത്യ ലോകത്തെ പ്രഥമ മലയാള സാഹിത്യ നിരൂപണ ഗ്രന്ഥമായ “പയേറിയയിലെ പനിനീര്‍പ്പൂക്കള്‍” 2012ല്‍ പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ പേരില്‍ നിന്നും ഇതൊരു നിരൂപണഗ്രന്ഥമാണെന്ന് പെട്ടെന്ന് അറിയാതെ പോകുന്നു. ഈ പുസ്തകത്തില്‍ തന്നെ “അമേരിക്കന്‍ മലയാള സാഹിത്യം, ഇന്നലെ, ഇന്നു നാളെ” എന്ന ശീര്‍ഷകത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രം അവലോകനം ചെയ്തിട്ടുണ്ട്.

ശ്രീ പണിക്കവീട്ടിലിന്റെ നിരൂപണങ്ങളില്‍ പതിവായി കണ്ടുവരുന്ന ഒരു സവിശേഷത, ഇദ്ദേഹം ഖണ്ഡന മുറ സ്വീകരിക്കാറില്ലെന്നതാണ്. മണ്ഡന മുറയാണ് ഇദ്ദേഹത്തിനു സ്വീകാര്യം. അതുകൊണ്ടുതന്നെയാണ് “ചാരുതയാര്‍ന്ന ജാലകക്കാഴ്ചകളിലൂടെ ശ്രീ പണിക്കവീട്ടിലിന്റെ നിരൂപണഗ്രന്ഥത്തില്‍, താഡനമല്ല തലോടലാണു വിമര്‍ശനം എന്ന് ഒരു പക്ഷെ വിശ്വസിക്കുന്ന സുധീറിന്റെ നിരൂപണക്കുറിപ്പുകള്‍ ഓരോ കൃതിയും വായിക്കുവാനുള്ള ത്വര വായനക്കാരിലുണര്‍ത്തുന്നു” എന്ന വിലയിരുത്തലിനു സുപ്രസിദ്ധ സാഹിത്യകാരി പ്രൊഫസ്സര്‍ ചന്ദ്രമതിയെ പ്രേരിപ്പിച്ചത്. തൈരില്‍ നിന്നും നവനീതം കടഞ്ഞെടുക്കുന്നതുപോലെ, പുസ്തകത്തിന്റെ ആന്തരിക സത്ത, വിമര്‍ശനാത്മകമായി പുറത്തുകൊണ്ടു വരിക വഴി, വായനക്കാര്‍ക്ക് കൃതികള്‍ വായിക്കാനുള്ള പ്രചോദനം ഈ നിരൂപകന്‍ നല്‍കുന്നു. നെല്ലും പതിരും വേര്‍തിരിക്കുന്നത്‌ പോലെയോ, ഒരു അരയന്നം ക്ഷീരവും നീരും വേര്‍തിരിക്കുന്നത് പോലെയോ ആണല്ലോ നിരൂപക കര്‍മ്മം. അമേരിക്കയിലെ പ്രമുഖരും നവാഗതരുമായ മലയാളി ഗ്രന്ഥകര്‍ത്താക്കളുടെ പുസ്തകങ്ങളെക്കുറിച്ച് നിരൂപണമെഴുതി ആനുകാലികങ്ങളില്‍ ഇദ്ദേഹം പ്രസിദ്ധീകരിക്കുന്നു. എഴുത്തുകാര്‍ അവരുടെ പുസ്തകങ്ങള്‍ സുധീറിനെ ഏല്‍പ്പിക്കുക പതിവാണ്.

കൃതികള്‍ സശ്രദ്ധം വായിച്ച്, ആസ്വദിച്ച്, യുക്തിഭദ്രമായി, എന്നാല്‍ വസ്തുനിഷ്ഠയോടെ മാത്രമേ ഓരോ കൃതിയേയും ശ്രീ. പണിക്കവീട്ടില്‍ വിലയിരുത്താറുള്ളു. ഇദ്ദേഹത്തിന്റെ വിപുലമായ വായനയും, വിവിധ വിജ്ഞാനമേഖലകളിലുള്ള അവഗാഹവും, സരള കോമളമായ ഭാഷാശൈലിയും, നിരീക്ഷണ പാടവവും, തന്റെ നിരൂപണ ത്രാണിയെ പരിപോഷിപ്പിച്ചതായി ഓരോ നിരൂപണവും വായിക്കുന്നയാള്‍ക്ക് മനസ്സിലാവും. മൂല്യനിര്‍ണ്ണയത്തിലുള്ള ഈ നിരൂപകന്റെ അനുമാനങ്ങളും, നിഗമനങ്ങളും, അപഗ്രഥന ചാതുരിയും, സമഗ്രമായ വിശകലനവും ഇദ്ദേഹത്തിന്റെ ഓരോ നിരൂപണങ്ങളിലും പ്രകടമാണ്. കൃതികളില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന അര്‍ത്ഥതലവ്യാപ്തി വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ ഈ നിരൂപകനുള്ള സവിശേഷ ശേഷി പ്രശംസാര്‍ഹം തന്നെ. കൃതികളിലെ സാഹിത്യ മൂല്യങ്ങള്‍ കണ്ടെത്തി അതിലൂടെ കൃതിയെ വിലയിരുത്തുന്നതിലൂടെ ഇദ്ദേഹം രചയിതാക്കളുടെ ആത്മധൈര്യം വര്‍ദ്ധിപ്പിക്കുന്നു. നിരൂപണത്തില്‍ വ്യത്യസ്തമായ ഒരു രീതിയാണു അദ്ദേഹം സ്വീകരിക്കുന്നത്. എല്ലാ സൃഷ്ടികളിലും ഒരു ചൈതന്യമുണ്ട്. അതിന്റെ പ്രകാശം എത്ര കുറഞ്ഞിരുന്നാലും അതു ശ്രദ്ധിക്കപ്പെടാതെ പോകരുതെന്നു ഈ നിരൂപകന്‍ വിശ്വസിക്കുന്നതായി മനസ്സിലാക്കാം. എല്ലാറ്റിലും നന്മ കണ്ടെത്തുന്ന ഒരു സുമനസ്സിനേ ഇത്തരം വിലയിരുത്തലുകള്‍ സാധിക്കുകയുള്ളു.

ഓരോ സാഹിത്യ രചനയുടേയും രൂപഘടനക്കും, ആശയഗരിമക്കും, അനുസൃതമായി ഈ നിരൂപകനും തന്റെ ആഖ്യാന രീതിക്ക് വ്യത്യസ്തമായ രൂപരേഖയാണ് സ്വീകരിക്കുന്നത്. കവിതയായാലും, കഥയായാലും, നോവലായാലും, ലേഖനമായാലും മലയാളത്തിലും ഇംഗ്ലീഷ് അടക്കമുള്ള ഇതര വിദേശ ഭാഷകളിലുമുള്ള ആഗോള പുരാണേതിഹാസങ്ങളിലെ ഉപാഖ്യാനങ്ങളുമായി കോര്‍ത്തിണക്കുകയും, അതേപോലെ സാഹിത്യ കൃതികളുമായി താരതമ്യ പഠനം നടത്തുകയും പതിവാണ്. പ്രശസ്തരുടെ ഉദ്ധരണികള്‍ നിരത്തിയും, പഴമൊഴികളും ഗാനശകലങ്ങളും, പേരുകേട്ട കവികളുടെ വരികളും കലര്‍ത്തി തന്റെ നിരൂപണങ്ങള്‍ക്ക് ഉടയാടകള്‍ ചാര്‍ത്തി മോടിപിടിപ്പിക്കുന്നത് ഇദ്ദേഹത്തിനു ഇമ്പമാണ്. ലേഖനത്തിനായാലും, കവിതക്കായാലും, മറ്റേത് സാഹിത്യ രൂപത്തിനായാലും വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന തലക്കെട്ട് നല്‍കാന്‍ ഇദ്ദേഹം മിടുക്കന്‍ തന്നെ. ഇതെല്ലാം ഈ ധിഷണാശാലിയുടെ വായനയില്‍ നിന്നും നേടി എടുത്ത ജ്ഞാനം പ്രതിഫലിപ്പിക്കുന്നു. സഹൃദയനായിരുന്ന പിതാവിന്റെ ശിക്ഷണത്താലായിരിക്കണം ബാല്യകാലം തൊട്ടേ വായനയും എഴുത്തുമായുള്ള ഈ വ്യക്തിയുടെ സതതബന്ധം. ഈ പ്രേരണയായിരിക്കാം അനര്‍ഗ്ഗളമായി പ്രവഹിക്കുന്ന ഈ എഴുത്തുകാരന്റെ സര്‍ഗ്ഗ ചേതനയുടെ സ്രോതസ്സ്. ഏഴാം വയസ്സില്‍ തന്നെ ആദ്യ കവിത എഴുതിയതായി മനസ്സിലാക്കുന്നു.

ഓരോ നിരൂപണവും ഒന്നിനൊന്ന് മീതെ, എന്ന കണക്കില്‍ ഉള്ള നിലവാരം പുലര്‍ത്തുന്നു. ഒറ്റ തിരിച്ചുള്ള വിലയിരുത്തല്‍ എന്ന സാഹസത്തിനു ഈ ലേഖകന്‍ മുതിരുന്നില്ല. ഏതെങ്കിലും ഒരു കാലത്ത് മലയാള ഭാഷാ തല്‍പ്പരനും അന്വേഷണ കുതുഹിയുമായ ഒരു ഗവേഷകന്‍ പ്രവാസ മലയാള സാഹിത്യത്തെക്കുറിച്ച് ഗവേഷണത്തിനു തുനിയവേ, ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ സാഹിത്യ രചനകള്‍ ഒരു അമൂല്യ അക്ഷയ ഖനിയായി കണ്ടെത്തുമെന്നതില്‍ ഈ ലേഖകനു തെല്ലും ശങ്കയില്ല. അദ്വിതീയ പ്രതിഭയുള്ള ഈ സര്‍ഗ്ഗധനനു സരസ്വതീ കടാക്ഷം തുടര്‍ന്നും ഉണ്ടായിക്കൊണ്ടിരിക്കട്ടെ എന്നു ആശംസിക്കുന്നു.

*ഈ ലേഖകന്റെ അറിവില്‍പ്പെട്ടിടേത്തോളം

Untitled

IMG_5577

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top