Flash News

ഒരു ഭാഷയുടെ വികാസം (വീക്ഷണം)

March 22, 2018 , ജോണ്‍ വേറ്റം

John Vettam1മലയാള സാഹിത്യത്തിന്റെ ഉല്പത്തി സംബന്ധിച്ച, ഏകദേശ വിവരണമല്ലാതെ, ആശ്രയയോഗ്യമായ രേഖകള്‍ ലഭിച്ചിട്ടില്ലായെന്ന അഭിപ്രായം മറഞ്ഞിട്ടില്ല. എന്നാല്‍, വിദേശങ്ങളില്‍ നട്ടു വളര്‍ത്തിയ എഴുത്തിന്റെ അവസ്ഥ എന്താണ്?

അമേരിക്കയിലെ ഇന്നത്തെ സാഹിത്യത്തിന്റെ നിലപാടുതറയിലേക്കു നോക്കുമ്പോള്‍ അഞ്ച് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഉണ്ടായ വ്യത്യസ്തകളെ ഓര്‍ക്കണം. എഴുത്തും മാധ്യമങ്ങളും വായനാസൗകര്യങ്ങളും ഇല്ലാതിരുന്ന ആദ്യഘട്ടം. എഴുത്തും വായനയും ആരംഭിച്ച മദ്ധ്യകാലം. ആധുനികമായ ആശയവിനിമയവിദ്യകളും ശാസ്ത്രസാങ്കേതിക വിദ്യകളും ഏറെ എഴുത്തുകാരും മാധ്യമങ്ങളും ഗ്രന്ഥാലയങ്ങളും വിദ്യാലയങ്ങളും ലഭിച്ച ഇന്നത്തെ അവസ്ഥയിലെത്തിച്ച മൂന്നാം ഘട്ടം.

ഇവിടെ, അരനൂറ്റാണ്ടിനു മുമ്പ് ജീവിതം പറിച്ചു നട്ട മലയാളികളുടെ കൂട്ടത്തല്‍ സര്‍ഗ്ഗശക്തിയുള്ള സാഹിത്യകാരന്മാരും ഉണ്ടായിരുന്നു. എഴുതുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ദാഹിച്ചെങ്കിലും, മോഹഭംഗത്തോടെ ജീവിച്ചവര്‍!

ആദ്യഘട്ടത്തില്‍ കുടിയേറി പാര്‍ത്തവരുടെയും കഴിഞ്ഞ ആണ്ടില്‍ താമസം ആരംഭിച്ചവരുടെയും, അമേരിയ്ക്കയിലെ മലയാള സാഹിത്യത്തെക്കുറിച്ചുള്ള അറിവും അഭിപ്രായങ്ങളും അസ്സമമായിരിക്കും. അനുഭവജ്ഞാനം ഏറെയുള്ളവരാണ് പഴമക്കാര്‍. അമേരിയ്ക്കന്‍ എഴുത്തിന്റെ പ്രാരംഭവും പ്രായോഗികപുരോഗതിയും എപ്രകാരമായിരുന്നുവെന്നു വിശദീകരിക്കുന്ന രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീ. ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ച അമേരിക്കയിലെ ‘മലയാള സാഹിത്യ ചരിത്രം’, ശ്രീ സുധീര്‍ പണിക്കവീട്ടില്‍ രചിച്ച ‘പയേറിയയിലെ പനിനീര്‍ പൂക്കള്‍’ എന്നീ ഗ്രന്ഥങ്ങള്‍.

അന്തസ്സാര്‍ന്നവരായ സാഹിത്യകാരന്മാരുടെ സമൂഹമാണ് അമേരിക്കയില്‍ ഉള്ളത്. കേരളത്തിലും മറുനാടുകളിലുമുള്ള മലയാളം മാധ്യമങ്ങളില്‍ എഴുതുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിനുശേഷം കുടിയേറിയവരാണ് ഒരു ഭാഗം. ഇവിടെ ജീവിതം ഉറപ്പിച്ചതിനുപുറമെ എഴുത്ത് തുടങ്ങിയവരാണ് മറ്റേഭാഗം. രചനാവൈദഗ്ധ്യം ലഭിച്ച, ചാരുതയോടെ എഴുതുന്ന സ്ത്രീകളുടെ സാന്നിദ്ധ്യവും സാഹിത്യരംഗത്ത് വര്‍ദ്ധിക്കുന്നു. പാശ്ചാത്യ പൗരസ്ത്യസംസ്‌കാരങ്ങളിലും സാഹിത്യപരിജ്ഞാനത്തിലും കൂടി സഞ്ചരിക്കുന്ന എഴുത്തുകാരുടെ രചനകള്‍ പൂര്‍വ്വാധികം ശ്രദ്ധിക്കപ്പെടുമെന്നു വിശ്വസിക്കാം. സാഹിത്യ സാംസ്‌കാരിക സംഘടനകളോടു സഹകരിക്കുന്നവരാണ് ഭൂരിപക്ഷം എഴുത്തുകാര്‍. ന്യൂനപക്ഷം അകന്നുനില്‍ക്കുന്നു. സംഘടനകളുടെ പ്രവര്‍ത്തരംഗത്ത് ഉണ്ടാകുന്ന അപൂര്‍വ്വമല്ലാത്ത ആശയഭിന്നതയും അവിഹിതവിമര്‍ശനവും വിഭാഗീയതയുമാണ് ഈ അകല്‍ച്ചയുടെ മുഖ്യകാരണം. എഴുത്തുകാരുടെ സുതാര്യമായ പ്രസ്താവനകളുടെ പരമാര്‍ത്ഥത്തില്‍ മായംചേര്‍ത്തു രസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ വേറിട്ടുനില്‍ക്കുന്നു.

സാഹിത്യം ഏകമാണ്. എങ്കിലും, അതില്‍ ബഹുത്വം ഉണ്ട്. അക്കാരണത്താല്‍, സാഹിത്യസ്‌നേഹികളുടെ സമൂഹത്തിലും ആശയപരമായ വൈരുദ്ധ്യം. അത്, തര്‍ക്കങ്ങളും പ്രതികരണങ്ങളും സൃഷ്ടിക്കുന്നു. അനാചാരങ്ങള്‍ അവിഹിതബന്ധങ്ങള്‍ തലമുറവിടവ് , നരബലി, നിരീശ്വരത്വം, മതവിദ്വേഷം, യുക്തിവാദം, രാഷ്ട്രീയം ലൈംഗികദ്രോഹം ശാസ്ത്രപുരോഗതി, സാംസ്‌കാരികവിപ്ലവം തുടങ്ങിയ വികാരപരമായ വിഷയങ്ങളെ കഥ കവിത നാടകം, നിരൂപണം, നോവല്‍, ലേഖനരചന എന്നീ ഘടകങ്ങളിലാക്കി ആവിഷ്‌ക്കരിക്കുമ്പോള്‍, കാര്യഗൗരവമുള്ള സാഹിത്യസൃഷ്ടി ഏത് എന്ന ചോദ്യവും വിവാദാസ്പദമായ വിമര്‍ഷവും പൊന്തിവരാറുണ്ട്. എന്നാലും, ജനജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും സുരക്ഷിതത്വവും സ്‌നേഹവും ഒഴുകിച്ചേരണമെന്ന സിദ്ധാന്തമാണ് എഴുത്തുകാര്‍ക്കുള്ളത്. സ്വദേശത്തും വിദേശങ്ങളിലുമുള്ള മാധ്യമങ്ങളുടെ പ്രകടനപത്രികകളും ഈ വസ്തുത പ്രകടമാക്കുന്നു.

മതരാഷ്ട്രീയ സാമൂഹ്യസംഘടനകളില്‍ സാഹിത്യത്തെ തളച്ചിടുന്നുവെന്ന ആവലാതി ഉയരുന്നുണ്ട്. എഴുത്തുകാരെ പാര്‍ശ്വവര്‍ത്തികളാക്കുവാന്‍ ഓരോ വിഭാഗങ്ങളും പരിശ്രമിക്കുന്നുവത്രേ. എങ്ങനെയായാലും, അമേരിക്കയിലെ എഴുത്തിന്റെ ഏണിപ്പടികളിലേക്കു നോക്കുമ്പോള്‍ മറക്കാനാവാത്ത ഒരു സംഗതി മനസ്സിലാക്കാം. ഇവിടെയുള്ള മാധ്യമങ്ങള്‍ പൂര്‍ണ്ണമായും, സാംസ്‌കാരിക സാഹിത്യസംഘടനകള്‍ ഭാഗികമായും, മതവിഭാഗങ്ങള്‍ അംശമായും ഇവിടെയുള്ള എഴുത്തുകാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന വാസ്തവം!

അമേരിക്കന്‍ സാഹിത്യരംഗത്ത് രചയിതാക്കള്‍ ഏറുന്നുവെങ്കിലും, ഗ്രന്ഥകര്‍ത്താക്കള്‍ കുറയുന്നു! പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുവാനും വിതരണം ചെയ്യുവാനുള്ള അസൗകര്യമാണ് അതിന്റെ ഹേതു. സാമ്പത്തിക നേട്ടമല്ല, പിന്നയോ ദേശാഭിമാനവും മലയാളഭാഷയോടുള്ള സ്‌നേഹവുമാണ് എഴുത്തുകാരെ പിന്തുണക്കുന്നത്. അവരുടെ വികസനപുരോഗതിക്ക് ആവശ്യമായ അനുകൂലസാഹചര്യം ഉണ്ടാവണം. പ്രവാസി മലയാളികളുടെ പുത്തന്‍ തലമുറ മലയാള ദേശത്തോടും ഭാഷയോടും ബന്ധപ്പെടാന്‍ മടിക്കുന്നു. അവരുടെ വിമുഖത തീര്‍ച്ചയായും തീക്ഷ്ണമായൊരു ചിന്താവിഷയമാണ്. അങ്ങനെയാണെങ്കിലും, വിജയത്തിന്റെ വഴിയില്‍ വന്നുനില്‍ക്കുന്ന മലയാള മാധ്യമങ്ങളും, മറ്റ് സാഹിത്യപ്രവര്‍ത്തനമേഖലകളും, എഴുത്തുകാരും വായനക്കാരും അമേരിക്കന്‍ സാഹിത്യത്തിന്റെ മനോഹരതലത്തെ പൂര്‍വ്വാധികം വിസ്തൃതമാക്കുമെന്നു വിശ്വസിക്കാം. വിവിധ കാരണങ്ങളാല്‍ പ്രക്ഷുബ്ധമാകുന്ന ഏതല്‍ക്കാലത്ത്, എല്ലാവര്‍ക്കും ഗൗരവമുള്ള കാര്യങ്ങളെ നേരിടേണ്ടിവരുന്നു. അതു മുഖാന്തരം, ഏത് പ്രതികൂല സാഹചര്യത്തിലും, ഏകോപനത്തോടെ മുന്നേറുവാന്‍ അമേരിക്കന്‍ മലയാളിക്കു കഴിയണം. അതിനുവേണ്ടി, മതരാഷ്ട്രീയ കക്ഷികളുടെ മാത്രം വക്താക്കളാകാതെ, പരസ്പരം മാനിച്ചും, സാഹിത്യത്തിന്റെ ധാര്‍മ്മികതയെ മുറുകെപ്പിടിച്ചും, ഒരു ജനമായി ഉയര്‍ന്നുനിന്ന് ഉണര്‍വ്വോടെ പ്രവര്‍ത്തിക്കുവാന്‍ എഴുത്തുകാര്‍ സംഘടിക്കട്ടെ!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top