Flash News

മാണിയുടെ ഇലകളുടെ പിന്നാലെ മൂന്ന് ആട്ടിന്‍ കൂട്ടങ്ങള്‍ !

March 22, 2018 , .

8_29പച്ച പ്ലാവില കണ്ടാല്‍ ഏത് മുട്ടനാടും കടിക്കുമെന്നാണ് പഴഞ്ചൊല്ല്. മാണി സാറിന്റെ കയ്യില്‍ കാണുന്ന രണ്ടില പ്ലാവിലയാണോ എന്ന് നിശ്ചമില്ല. ഏതായാലും ആ ഇലയുടെ പുറകെ നടക്കാന്‍ മൂന്നു ആട്ടിന്‍കൂട്ടങ്ങളുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെുപ്പ് കഴിയും വരേ മാണി സാറിന് തന്റെ കയ്യിലെ ഇലകള്‍ കാട്ടി ഈ ആട്ടിന്‍കൂട്ടങ്ങളെ നടത്തിക്കാം. അതായത് മൂന്നു മുന്നണികളെയും കൊതിപ്പിച്ചു കൊണ്ടിരിക്കയാണ്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നു മുന്നണികള്‍ക്കും സര്‍പ്രൈസ് നല്‍കാനാണല്ലോ മാണിസാര്‍ തയ്യാറെടുക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വോട്ടുചെയ്യേണ്ടെന്ന തീരുമാനവും കേകൊഎമ്മിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്.

മൂന്നര പതിറ്റാണ്ടു കാലത്തെ ബന്ധം ഉപേക്ഷിച്ചെങ്കിലും യുഡിഎഫിന്റെ കണ്ണ് ഇപ്പോഴും രണ്ടിലയില്‍ തന്നെയാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ കാണിച്ച നാടകം കേരളം മറക്കുന്നില്ലെങ്കിലും സിപിഎം തല്‍ക്കാലം അത് ഓര്‍ക്കുന്നതേയില്ല. നോട്ടെണ്ണാന്‍ മാണിയുടെ കയ്യിലുണ്ടെന്ന് അവര്‍ ആരോപിച്ച യന്ത്രം വേണമെങ്കില്‍ വാങ്ങി പൊതുപിരിവുകാലത്ത് ഉപയോഗിക്കുകയുമാവാം. അതെന്തായാലും ചെങ്ങന്നൂരില്‍ മാണി സാറിന്റെ സഹായം അനിവാര്യമാണെന്ന് പാര്‍ട്ടി നേതൃത്വത്തിന് നിശ്ചയമുണ്ട്. ശോഭന ജോര്‍ജിന്റെ പിന്തുണ കൊണ്ടുമാത്രം ചെങ്ങന്നൂര്‍ നിലനിര്‍ത്താനാവുമെന്ന് കരുതുക വയ്യ. സജിചെറിയാന്‍ അങ്ങിനെ കരുതിയാലും പിണറായിക്കോ കോടിയേരിക്കോ ഉറപ്പില്ലാത്തനാലാണ് മാണി സാറിന്റെ രണ്ടിലയില്‍ നോട്ടമിട്ടിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതാമ്മ നയിച്ചപാര്‍ട്ടിയുടെ രണ്ടിലയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നുവെങ്കിലും കേരളത്തില്‍ മാണി സാറിന്റെ രണ്ടിലയില്‍ നേരത്തെ ബിജെപിക്ക് നോട്ടമുണ്ടയിരുന്നു. പക്ഷെ മാണി സാറിന്റെ പുത്ര വാത്സല്യം കേന്ദ്ര നേതൃത്വം അംഗകരിച്ചില്ലെങ്കിലോ എന്ന് ശങ്കിച്ച് ഇന്ന് യുഡിഎഫും എല്‍ഡിഎഫും കാണിക്കുന്ന കൊതിയൊന്നും രണ്ടിലയോട് കാട്ടാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല. എന്നാല്‍ ഇന്നതല്ല അവസ്ഥ.

ചെങ്ങന്നൂരില്‍ ഏത് വിധേനയും ശ്രീധരന്‍ പിള്ള വക്കീലിനെ ജയിപ്പിച്ച് എടുക്കണമെന്ന് പാര്‍ട്ടയുടെ അഖിലേന്ത്യാ നേതൃത്വത്തിന് താല്‍പ്പര്യമുണ്ട്. അത്‌കൊണ്ടാണ് ചെങ്ങന്നൂരില്‍ കള്ളന്മാരുടേയും കൊള്ളക്കാരുടേയും വോട്ടുകള്‍ക്ക് പോലും അസ്പൃശ്യത കാണേണ്ടതില്ലെന്ന് നിര്‍ദ്ദിഷ്ട രാജ്യസഭാംഗം മുരളീധരന്‍ജി ഓര്‍മ്മിപ്പിച്ചത്. കൊള്ളക്കാര്‍ എന്ന് സൂചിപ്പിച്ചത് മാണി സാറിനെയാണെന്ന് വ്യക്തമായത് ചെങ്ങന്നൂര്‍ സ്ഥാനാര്‍ത്ഥി പിള്ള സാറിന്റെ പ്രതികരണം കണ്ടപ്പോഴാണ്. മാണി സാര്‍ കൊള്ള സംഘത്തില്‍പ്പെട്ട ആളാണെന്ന് താന്‍ കരുതുന്നില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞതോടെ എം.എല്‍എ ആവാന്‍ കൊതിക്കുന്ന അദ്ദേഹവും എം.പിയായി കൊതി തീര്‍ത്ത മുരളീധരന്‍ജിയും തമ്മില്‍ എന്തോ സ്വരചേര്‍ച്ചയില്ലായ്മയുണ്ടെന്ന ധാരണ പിന്നീട് തിരുത്തിയെതോടെ സംഗതി ക്ലീന്‍.

അത് കൊണ്ട് മാണിസാറെ… ഇനിയും സസ്പന്‍സില്‍ നിര്‍ത്താതെ ഉള്ളിരുപ്പൊന്ന് വ്യക്തമാക്കി മുന്നണികളുടെ ഉറക്കം ഉറപ്പിക്കണേ…. ചെങ്ങന്നൂരിന്റെ ഊരുമൂപ്പനാവണമേ…

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top