Flash News

കീഴാറ്റൂരിലെ കഴുകന്മാരും കിളികളും

March 29, 2018

imageനമ്മുടെ കവി മന്ത്രി ജി.സുധാകരന്റെ ദീര്‍ഘദര്‍ശിത്തത്തെ സമ്മതിക്കണം. കണ്ണൂരിലെ കീഴാറ്റൂരില്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് അദ്ദേഹം കണ്ടെത്തി. കേരളീയര്‍ക്ക് അവിടെ ഇക്കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും ഈ രണ്ടു പക്ഷികളേയും കാണാന്‍ സാധിച്ചു. കിളികള്‍ നേരത്തെ വന്നു കൂടുകൂട്ടി പിന്നാലെ കഴുകന്മാരും.

തന്റെ പാര്‍ട്ടിക്കാരെയാവും മന്ത്രി വയല്‍ കഴുകന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നതെന്നാണ് കിളി പക്ഷക്കാര്‍ പറയുന്നത്. ഞായറാഴ്ച സിപിഎം. പ്രവര്‍ത്തകര്‍ സംഘടിച്ച് നാടിന് കാവല്‍ എന്ന പേരില്‍ കീഴാറ്റൂരിലേക്ക് മാര്‍ച്ച് നടത്തി. പിറ്റേ ദിവസം വയല്‍ നികത്തി പാത പണിയുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ചുണ്ടിക്കാട്ടി സമര രംഗത്ത് എത്തിയ വയല്‍ക്കിളികളെ പിന്‍താങ്ങുന്നവരുടെ മാര്‍ച്ചും നടന്നു.

രണ്ട് മുന്നേറ്റത്തിനും സാമാന്യം നല്ല ആള്‍ബലവും ഉശിരും ഉണര്‍വുമുണ്ടായിരുന്നു. വയല്‍കിളികളുടെ സമരപന്തല്‍ കത്തിച്ചവരുടെ പിന്‍തുണയോടെ തലേ ദിവസം നാടിന്റെ കാവല്‍ക്കാര്‍ നടത്തിയ മാര്‍ച്ചിന് പിന്നാലെ വന്നവര്‍ നേരത്തെ നശിപ്പിച്ച സ്ഥലത്ത് വീണ്ടും പന്തല്‍ കെട്ടി ഭിഷണിക്ക് വഴങ്ങില്ലെന്ന് മറുപടി നല്‍കിയത് പരുന്തുകള്‍ക്ക് ക്ഷീണമായി. ഏതായാലും മന്ത്രി കളിയാക്കിയ കിളികളേയും കഴുകന്മാരേയും ഒരേസ്ഥലത്ത് കാണാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് കേരളത്തിലെ പരിസ്ഥിതി വാദികളും പ്രവര്‍ത്തകരും.

സത്യം പറഞ്ഞാല്‍ പരുന്തുകളായി വന്ന നാടിന്റെ കാവല്‍ക്കാര്‍ തികഞ്ഞ സംയമനവും മാന്യതയും പാലിച്ചു. പ്രകോപിതരാവാതെ തികച്ചും സമാധാനം പാലിക്കണമെന്നും വയല്‍ക്കിളികളുടെ പരിപാടി കാണാന്‍ ആ പരിസരത്തുപോലും പോകരുതെന്നും നാടിന്നഭിമാനമായ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നേരത്തെ ഉപദേശിച്ചിരുന്നു. അത് അക്ഷരം പ്രതി സ്വീകരിച്ചുവെന്ന് പറഞ്ഞുകൂടെങ്കിലും മുക്കാലേ മുണ്ടാണിയും സ്വീകരിച്ചു. പൂര്‍ണ്ണമായും അുസരിച്ചുവെന്ന് പറയാത്തത് വയല്‍ക്കിളികള്‍ക്ക് പിന്‍തുണയുമായി നാട്ടിന്റെ നാനാഭാഗത്തു നിന്നും പരിസ്ഥിതി വാദികളുടെ വരവ് അല്‍പ്പം അകന്നു നിന്നു കാണുന്ന സിപിഎം. പ്രവര്‍ത്തകരുടെ നിര പലേടത്തും ദൃശ്യമായിരുന്നു. ഇരുകാലിനും സ്വാധീനമില്ലാത്ത ഒരു മധ്യവയസ്‌ക്കന്‍ രണ്ടുപേരുടെ കയ്യില്‍ തൂങ്ങി ഈ മുന്നേറ്റത്തിന്റെ മുന്‍നിരയില്‍ നേതാക്കളോടൊപ്പം ആവേശപൂര്‍വ്വം മുദ്രവാക്യം മുഴക്കി നടന്നു നീങ്ങുന്ന കാഴ്ച കൗതുകകരമായിരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ ചുമതലവഹിക്കുന്ന കവി മന്ത്രി വയല്‍ക്കിളികള്‍ക്ക് പിന്‍തുണയുമായി വന്നവരൊക്കെ കോണ്‍ഗ്രസുകരാണെന്നാണ് കണ്ടെത്തിയത്. കൂട്ടത്തില്‍ കുറച്ചു കോണ്‍ഗ്രസുകാരും സുധീരനും ഷാനി മോളും ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന നേതാക്കളും ഉണ്ടായിരുന്നുവെന്നതൊഴിച്ചാല്‍ മഹാഭൂരിപക്ഷവും കക്ഷി രാഷ്ട്രീത്തിന്നതീതമായി ചിന്തിക്കുന്നവരും ജനകീയ വിഷയങ്ങളില്‍ പ്രതികരിക്കുന്ന സിപിഎമ്മിന്റെ കാഴ്ച്ചപ്പാടില്‍ തീവ്രവാദികളെന്ന് വിശേഷിപ്പിക്കുന്നവരുമായിരുന്നു.

ബിജെപിക്കാരും ആര്‍എസ്എസുകാരുമാണ് കീഴാറ്റൂര്‍ സമരത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം നേരത്തെ കുറ്റപ്പെടുത്തിയിരുന്നുവെങ്കിലും ബിജെപിയുടെ തുറന്ന പിന്‍തുണയും പ്രതിഷേധവും വരാനിരിക്കുന്നതേയുള്ളൂ. കോണ്‍ഗ്രസിന്റെ പിന്‍തുണ സംസ്ഥാന തലത്തില്‍ വയല്‍ക്കിളികള്‍ക്കൊപ്പമാണെങ്കിലും സുധാകര്‍ജിയുടെ നേതൃത്തിലുള്ള കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ തീരുമാനമെടുക്കാന്‍ പോകുന്നതേയുള്ളൂ. പക്ഷെ സുധാകരനും ബെന്നിബഹനാനും മറ്റും ഇത്തിരി നേരത്തെ കീഴാറ്റൂരില്‍ എത്തി വയല്‍ക്കിളി നേതാക്കളെ കണ്ട് സംസാരിച്ചത് കാണാതിരുന്നുകൂടാ.

ഏതായാലും കീഴാറ്റൂരില്‍ ഇരുവിഭാഗത്തിന്റെയും പ്രതികരണങ്ങളില്‍ വിട്ടു വീഴ്ചയുടെ സ്വരം ധ്വനിക്കുന്നത് ആശ്വാസകരമാണ്. കേന്ദ്രസര്‍ക്കാര്‍ വയലിന് മിതെ ആകാശപാത നിര്‍മ്മിക്കാമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത് ചെയ്യാമെന്ന് കോടിയേരിയും വയല്‍ നികത്താതെയുള്ള വികസനത്തിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന സംവിധാനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനും സഹകരിക്കാനും തയ്യാറാണെന്ന് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരും പറയുന്നുണ്ട്.

എന്തായാലും കീഴാറ്റൂര്‍ സമരം കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒരഗ്നി പരീക്ഷണ ശാലയാണ്. ജില്ലയില്‍ പാര്‍ട്ടിക്ക് പടരാന്‍ വെളളവും വളവും നല്‍കിയ കയ്യൂരും കരിവെള്ളൂരും തില്ലങ്കേരിയും മുഴക്കുന്നുമുള്‍പ്പെടെയുള്ള സമര ഭൂമികളുടെ സമീപ മേഖലയില്‍ ഉറച്ച പാര്‍ട്ടി ഗ്രാമത്തില്‍ ആരംഭിച്ച മണ്ണിനും മനുഷ്യര്‍ക്കും വേണ്ടിയുള്ള സമരം ഏതൊക്കെ തലങ്ങളിലേക്ക് വ്യാപിക്കുമെന്നതിനെക്കുറിച്ച് തിരിച്ചറിയാനോ കണക്ക് കൂട്ടാനോ അത്രഎളുപ്പമല്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top