Flash News

കാത്തിരിക്കാം, ശുഭോദയങ്ങള്‍ക്കായി (ഈസ്റ്റര്‍ സന്ദേശം)

March 31, 2018 , സരോജ വര്‍ഗീസ്, ന്യുയോര്‍ക്ക്

Easter banner1ഉത്ഥിതനായ ക്രിസ്തുവിനെ അഭിമുഖം ദര്‍ശിച്ചപ്പോള്‍ യേശുനാഥന്റെ ശിഷ്യന്മാര്‍ സന്തോഷിച്ചു. ജീവിതത്തില്‍ പ്രത്യാശയും പ്രസന്നതയും പരത്തുന്ന അതേ സന്തോഷമാണ് ഇന്ന് ഏവരും ആഗ്രഹിക്കുന്നത്.

തിന്മയുടെ ശക്തിയെയും മരണത്തെയും ദൈവം ആത്യന്തികമായി പരാജയപ്പെടുത്തുന്നു എന്ന വിശ്വാസം മനുഷ്യനെ കൂടുതല്‍ കര്‍മ്മോന്മുഖനാക്കുന്നു. യേശുവിന്റെ പുനരുത്ഥാനം പുതുജീവന്റെയും പുതുശക്തിയുടെയും ദിവ്യസ്രോതസ്സാണ്. ഉത്ഥിതനായ യേശുആദ്യംഅരുള്‍ചെയ്തത് ” നിങ്ങള്‍ക്ക്‌സമാധാനം” എന്നാണ്. ഇന്ന്‌ലോകം ആഗ്രഹിക്കുന്നതും അതേസമാധാനമാണ്.

എന്നാല്‍ ലോകത്തില്‍ എവിടെയും അസ്വസ്ഥതയുടെയും അശാന്തിയുടെയും കാര്‍മേഘപടലങ്ങള്‍ ഉരുണ്ടുകൂടുന്നു. നിരാശനിറഞ്ഞ ഈ സാഹചര്യത്തില്‍ “ഈസ്റ്റര്‍” പ്രത്യാശയുടെ സന്ദേശം പകര്‍ന്നുകൊണ്ട് സമാഗതമാകുന്നു.

മനുഷ്യരാശിയെ നശിപ്പിക്കാന്‍ ആഞ്ഞുവരുന്ന ദുശ്ശക്തികളുടെ മേല്‍ദൈവത്തിന്റെ വിജയം പ്രഘോഷിക്കുന്ന പെരുന്നാള്‍. ജീവിക്കാനുള്ള പ്രത്യാശ പോലെതന്നെ മരണശേഷവും നിത്യജീവനുണ്ടെന്ന വിശ്വാസവും നമുക്ക് ധൈര്യംപകരുന്നു. വസന്തകാലാരംഭത്തില്‍, യാത്രപറഞ്ഞുപോയ എന്റെ പ്രിയതമന്റെ കുഴിമാടത്തില്‍ അദ്ദേഹത്തിനിഷ്ടമുള്ള പൂക്കള്‍ അര്‍പ്പിച്ച് നിന്നപ്പോള്‍ കണ്ണുകള്‍ സജലങ്ങളായി. അദ്ദേഹം എന്നെ വിട്ടുപോയത് ഒരു ഏപ്രില്‍ മാസത്തിലാണ്.

മഞ്ഞുകാലം കഴിഞ്ഞ് പ്രകൃതി താരും തളിരുമണിയാന്‍ തയ്യാറാകുന്ന ഈ മാസത്തില്‍ മനോഹരമായ വിവിധ വര്‍ണ്ണങ്ങള്‍ കോര്‍ത്തിണക്കിയ കമ്പളങ്ങള്‍ കൊണ്ട് ക്രിസ്തുമസ് നാളുകളിലും ഉയിര്‍പ്പു നാളുകളില്‍ കുരുത്തോല കുരിശ് കൊണ്ടും അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥാനം അലങ്കരിക്കപ്പെടുമ്പോള്‍ ഞാന്‍ പ്രേമപൂര്‍വ്വം ഉരുവിടാറുണ്ട്. “എന്റെ പ്രിയനെ കാത്തിരിക്കൂ, ഞാന്‍വരും.” ഞാനെന്റെ പ്രിയനു നല്‍കിയ പ്രത്യാശയുടെ വാക്കുകള്‍ സ്മരണകളില്‍ മിന്നി നില്‍ക്കുന്നു. ദൈവ സന്നിധിയില്‍ എന്റെ പ്രിയപ്പെട്ടവനെ വീണ്ടും കണ്ടുമുട്ടുമെന്ന എന്റെ പ്രത്യാശ.

നിത്യത മൂകമായി ഉറങ്ങുന്ന ആ ശ്മശാന ഭൂമിയില്‍ അദ്ദേഹത്തിന്റെ കുഴിമാടത്തിനു മുകളില്‍ ഒരു വൃക്ഷം നില്‍ക്കുന്നുണ്ട്. അദ്ദേഹത്തിനെ മഴയും വെയിലും ഏല്‍പ്പിക്കാതെ ഒരു കുടപോലെ നില്‍ക്കുന്ന ചുവന്ന ഇലകളുള്ള വൃക്ഷം. എന്റെ ദുഃഖം പോലെ ശിശിരത്തില്‍ ഇലകൊഴിഞ്ഞു നിന്ന ആ വൃക്ഷവും ഇപ്പോള്‍ തളിരിടാന്‍ തുടങ്ങി.

പ്രകൃതിക്ക് വീണ്ടുമൊരു യൗവ്വനം കൈവരുന്നതുപോലെ എവിടെ നോക്കിയാലും പ്രത്യാശയുടെ കിരണങ്ങള്‍.

നിത്യതയില്‍ ഏല്ലാവരും കണ്ടുമുട്ടുമെന്ന വിശ്വാസത്തിന്റെ സന്ദേശം അവിടത്തെ നിറഞ്ഞ നിശബ്ദതയില്‍ ആരോ മെല്ലെ മന്ത്രിക്കുന്നതായി എനിക്ക് തോന്നുന്നു. അതെന്റെ ദുഃഖത്തെയും വിഷാദത്തെയും കുറയ്ക്കുന്നു. പ്രത്യാശ ഒരു വിശ്വാസവും ആശ്വാസവുമാണ്.

ഒരു മന്ദമാരുതന്‍ അവിടേക്ക് വരുന്നു. എന്നെ ആശ്വസിപ്പിച്ച് കടന്നുപോകുന്നു. മരണത്തെ തോല്‍പ്പിച്ചുകൊണ്ട് ദൈവ പുത്രന്‍ ഉയിര്‍ത്തെഴുന്നേറ്റ ഈ മാസം അനുഗ്രഹം നിറഞ്ഞതാണ്.

ഏവര്‍ക്കും പുതുജീവന്റെ അനുഭവം പ്രദാനം ചെയ്യുന്ന, പ്രത്യാശയുടെ പൊന്‍പുലരി ആകട്ടെ ഈസ്റ്റര്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top