Flash News

ആഘോഷങ്ങളുടെ ആഘോഷം (എഡിറ്റോറിയല്‍)

March 31, 2018

Easter1ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു എന്ന സത്യമാണ്. അതുകൊണ്ടുതന്നെ ക്രിസ്തുവിന്റെ ഉയിര്‍പ്പു തിരുനാള്‍ ക്രൈസ്തവര്‍ക്ക് ആഘോഷങ്ങളുടെ ആഘോഷമാണ്. മനുഷ്യകുലത്തിന്റെ പാപങ്ങള്‍ ഏറ്റെടുത്ത ക്രിസ്തുനാഥന് ദൈവം നല്‍കിയ പ്രത്യുത്തരമാണ് അവന്റെ മഹനീയ ഉത്ഥാനം.

ഉയിര്‍പ്പ് ചരിത്രത്തില്‍ നടന്ന ഒരു സംഭവമാണ്. ഈ ചരിത്ര സംഭവത്തെ ജീവിതത്തോടു ബന്ധപ്പെടുത്തി വിചിന്തനം ചെയ്യുമ്പോള്‍ ഉത്ഥാനത്തിന്റെ അര്‍ത്ഥതലം വിശാലമാണ്. ഉത്ഥാനം നടന്നുകഴിഞ്ഞ ഒരു കാര്യം മാത്രമല്ല. ഓരോ നിമിഷവും വ്യക്തിജീവിതത്തിലും ചരിത്രത്തിലും സമൂഹത്തിലും നടന്നുകൊണ്ടിരിക്കേണ്ട ശാശ്വതമായ സത്യമാണ്.

മൂന്നു വര്‍ഷത്തെ പരസ്യ ജീവിതത്തിലെ എണ്ണമറ്റ നന്മപ്രവര്‍ത്തികളും സ്നേഹത്തിന്റെ ഉദാത്ത ഭാവങ്ങളും യേശുവിന് സമ്മാനിച്ചത് കുരിശിലെ വേദനാജനകമായ അനുഭവങ്ങളാണ്. നന്മകള്‍ മാത്രം ഹൃദയത്തിലേറ്റിയവന്‍, മൂല്യാപചയങ്ങളെ ജീവിതം കൊണ്ട് തിരുത്തിയവന്‍, സ്നേഹിക്കണം എന്ന വേദമോതിയവന്‍, അവന് ലോകം സമ്മാനിച്ചത് കുരിശാണ്. ഒപ്പം നിന്ദനങ്ങളും. പക്ഷെ, വ്യഥയുടെ ഈ കടലിനെ യേശു താതഹിതാനുസൃതം ഹൃദയത്തില്‍ ഏറ്റുവാങ്ങിയപ്പോള്‍ ഉത്ഥാനത്തിന്റെ അപാര പ്രഭയാണ് അവന് ലഭിച്ചത്.

ഉത്ഥാനത്തിന്റെ അര്‍ത്ഥതലം ഗോചരമായ ഭൗതിക ലോകത്തിനപ്പുറം ദൈവിക രാജ്യമെന്ന യാഥാര്‍ത്ഥ്യം വരെ എത്തിനില്‍ക്കുന്ന ഒന്നാണ്. ജീവിതത്തോടും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോടും അസ്വാതന്ത്ര്യ അസമത്വങ്ങളോടും നീതിനിഷേധത്തോടും നിലക്കാത്ത നിലവിളികളോടും ചൂഷണങ്ങളോടും കൂട്ടി വായിച്ച് വ്യാഖ്യാനിക്കുമ്പോഴാണ് ഇവയില്‍ നിന്നെല്ലാം നമ്മെ മോചിപ്പിക്കുന്ന ഉത്ഥാനത്തിന്റെ അര്‍ത്ഥം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക.

ഉത്ഥാനം ജീവിതത്തില്‍ അനുഭവിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമാണ്. ദൈവത്തേയും ധാര്‍മ്മിക മൂല്യങ്ങളേയും നിഷേധിച്ചും മനുഷ്യന്റെ ഉള്ളില്‍ തന്നെ കുടികൊള്ളുന്ന ദൈവികസത്തയെ വിലമതിക്കാതെയും വെറും ഉപഭോഗ സംസ്ക്കാരത്തിലേക്ക് മനുഷ്യന്‍ വീഴുമ്പോഴും മനുഷ്യനിലെവിടെയൊക്കെയോ ഉത്ഥാനത്തിന്റെ സൂര്യതേജസ് ഉദയം ചെയ്യുന്നുണ്ടെന്ന് ആരും ഓര്‍ക്കാറില്ല. കാരണം അന്ധകാരത്തിലാണ് എല്ലാവരും ജീവിക്കുന്നത്.

ഉത്ഥാനം പങ്കുവെയ്ക്കപ്പെടേണ്ട ഒരു യാഥാര്‍ത്ഥ്യമാണ്. അത് സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും സ്നേഹത്തിന്റേയും അനുഭവമാണ്. പങ്കുവെയ്ക്കപ്പെടാത്തപ്പോഴാണ് ലോകം സംഘര്‍ഷ ഭൂമിയാകുന്നത്, രാജ്യങ്ങള്‍ യുദ്ധവൃത്താന്തങ്ങളാല്‍ കലുഷിതമാകുന്നത്, ജനസമൂഹം ചൂഷണോപാധിയാവുന്നത്.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അകറ്റി നിര്‍ത്തപ്പെട്ടവര്‍ക്കും ഉത്ഥാനത്തിന്റെ അനുഭവം കൊടുക്കുമ്പോഴാണ് യേശുനാഥന്റെ സ്നേഹത്തിന്റെ വര്‍ണ്ണം ചാലിച്ച സ്വപ്നങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്നത്.

സത്യാധിഷ്ഠിതമല്ലാത്ത ജനാധിപത്യത്തിന്റേയും ആള്‍ബലത്തിന്റേയും പേരില്‍ ഇന്നും ക്രൂശിക്കലുകളും പീഡനങ്ങളും നടക്കുന്നുണ്ട്. പൊതുജനാഭിപ്രായമോ ഭൂരിപക്ഷമോ അല്ല സത്യം സൃഷ്ടിക്കുന്നത്; സത്യത്തോടു വിധേയത്വം പുലര്‍ത്താത്തപ്പോള്‍ നമ്മുടെ വിധികളും അഭിപ്രായങ്ങളും യേശുവിനെ ക്രൂശിക്കുന്നവരുടേതുപോലെയാകാം. അത്യന്തികമായ വിജയം ദൈവത്തിന്റേതാണ്. ദൈവം സത്യത്തെ വിജയത്തിലെത്തിക്കും. ഈ പ്രതീക്ഷയും വിശ്വാസവുമാണ് ഈസ്റ്റര്‍ നല്‍കുന്നത്.

ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ !

മൊയ്തീന്‍ പുത്തന്‍‌ചിറ
ചീഫ് എഡിറ്റര്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top