Flash News

പുരസ്‌ക്കാര പെരുമഴയില്‍ വേറിട്ടൊരു പെണ്‍പ്രതിഭ

April 1, 2018 , #അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

droopa-kidE--621x414@LiveMintഅവാര്‍ഡുകളുടെ വസന്തകാലമാണ് ഇപ്പോള്‍ കേരളത്തില്‍. സര്‍ക്കാറും മാധ്യമങ്ങളും പുരസ്‌ക്കാരങ്ങളും പണക്കിഴികളും നല്‍കി എഴുത്തുകാരെയും കലാകാരന്മാരെയും സാംസ്‌ക്കാരിക പൊതു പ്രവര്‍ത്തകരെയും വാഴ്ത്തുകയും പണവൃഷ്ടി നടത്തുകയും ചെയ്യുന്ന ഒരപൂര്‍വ്വകാലം.

സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ അവാര്‍ഡുകളൊക്കെ പരസ്യമായി പ്രകടമാക്കുന്ന രാഷ്ട്രീയ ചരടുള്ളതാണെന്നു കാണാം. രാഷ്ട്രീയക്കാരും മാധ്യമങ്ങളും തമ്മില്‍ സമീപകാലത്തു ശക്തിപ്പെട്ട നിക്ഷിപ്ത രാഷ്ട്രീയ അവിഹിതബന്ധവും ഇതില്‍ പ്രകടമാണ്. മാധ്യമങ്ങളുടെ വായ്ത്തല വളയ്ക്കാനും ചെറുതാക്കിയും വലുതാക്കിയും തമസ്‌ക്കരിച്ചും മാധ്യമങ്ങളുടെ വഴിവിട്ട സഹായം ഉറപ്പാക്കാനും സര്‍ക്കാര്‍ അവാര്‍ഡുകള്‍ ദുരുപയോഗിക്കുന്നു. മാധ്യമങ്ങളാകട്ടെ പത്ര ഉടമയുമായി ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളുടെ ബാന്ധവങ്ങള്‍ക്കും ഭാഗ്യാന്വേഷണങ്ങള്‍ക്കും തങ്ങള്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരങ്ങളും അവാര്‍ഡുദാന ചടങ്ങുകളും സാഘോഷം ഉപയോഗപ്പെടുത്തുന്നു.

ഇതിനിടയിലാണ് കര്‍ണാടകത്തില്‍നിന്നൊരു വാര്‍ത്ത ദേശീയശ്രദ്ധ ആകര്‍ഷിച്ചത്. ഒരു ഉന്നത വനിതാ പൊലീസ് ഓഫീസര്‍ കാണിച്ച വേറിട്ട ഈ മാതൃക വ്യാപകമായ ചര്‍ച്ചയും ശ്രദ്ധയും ആവശ്യപ്പെടുന്നു. രാഷ്ട്രീയ ചരടും സ്വാധീനവുമുള്ള ഇത്തരം പുരസ്‌ക്കാരങ്ങളെ എങ്ങനെ സമീപിക്കണമെന്ന ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും അവരുടെ സുവ്യക്ത പ്രതികരണം കൃത്യമായി അടയാളപ്പെടുത്തുന്നു. പ്രത്യേകിച്ചും പൊതുസേവനരംഗത്തു പ്രവര്‍ത്തിക്കുന്നവരും രാഷ്ട്രീയപാര്‍ട്ടികളും ഒരുപോലെ ശ്രദ്ധിക്കാന്‍.

കര്‍ണാടക ഹോം ഗാര്‍ഡ്‌സ് – സിവില്‍ ഡിഫന്‍സ് ഐ.ജി ഡി രൂപമാണ് അവാര്‍ഡ് നിരസിക്കുന്നതിന്റെ കാരണം വിശദീകരിച്ച് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. ബംഗളുരുവിലെ ‘നമ്മ ബംഗളുരു’ അവാര്‍ഡ് ‘മനസ്സാക്ഷിയുടെ പേരില്‍’ നിരസിക്കുകയായിരുന്നു രൂപ. അവാര്‍ഡിനൊപ്പം ലഭിക്കുന്ന വന്‍ ക്യാഷ് അവാര്‍ഡ് സ്വീകരിക്കാന്‍ തന്റെ മന:സ്സാക്ഷി അനുവദിക്കുന്നില്ലെന്നാണ് രൂപ വ്യക്തമാക്കിയത്. അവര്‍ ചൂണ്ടിക്കാണിച്ച പൊതുസേവകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട മാനദണ്ഡം ഇങ്ങനെ:

– എല്ലാ സര്‍ക്കാര്‍ സേവകരും നിഷ്പക്ഷത പുലര്‍ത്തേണ്ടതും എല്ലാവിധ അര്‍ദ്ധ രാഷ്ട്രീയ സംഘടനകളില്‍നിന്നും പരിമിതമായെങ്കിലും രാഷ്ട്രീയ ധ്വനിയുയര്‍ത്തുന്ന അസോസിയേഷനുകളില്‍നിന്നും സമദൂരം പാലിക്കേണ്ടതുമുണ്ട്. അപ്പോള്‍ മാത്രമേ പൊതുജനത്തിന്റെ മുമ്പില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംശുദ്ധവും നീതിയുക്തവുമായ പ്രതിച്ഛായ ഉണ്ടാക്കാന്‍ പറ്റൂ. പ്രത്യേകിച്ചും കര്‍ണാടക തെരഞ്ഞെടുപ്പു നേരിടുന്ന സ്ഥിതിയില്‍.

ബി.ജെ.പിയുടെ രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍ സ്ഥാപിച്ചതാണ് ഏഴുവര്‍ഷമായി വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന മാതൃകാ വ്യക്തിത്വങ്ങള്‍ക്ക് അവാര്‍ഡും സമ്മാനത്തുകയും. നേരത്തെ ഒരുലക്ഷമായിരുന്ന സമ്മാനത്തുക ഈ വര്‍ഷം രണ്ടുലക്ഷമാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് കര്‍ണാടകയില്‍ ‘പെണ്‍ സിംഹ’മെന്ന ഇരട്ടപ്പേരിലറിയപ്പെടുന്ന ഡി. രൂപ തന്റെ തീരുമാനം ഫൗണ്ടേഷനെ അറിയിച്ചത്.

ജയില്‍ ഡി.ഐ.ജി ആയിരിക്കെ രൂപയാണ് എ.ഐ.ഡി.എം.കെ (അമ്മ)വിഭാഗം നേതാവ് വി.കെ ശശികലയ്ക്ക് ബംഗളുരുവിലെ അഗ്രഹാരം ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്നത് പുറത്തു കൊണ്ടുവന്നത്. അത് വിവാദമായതോടെ ജയില്‍ ചുമതലയില്‍നിന്ന് രൂപയെ ഹോംഗാര്‍ഡ്‌സിലേക്ക് മാറ്റുകയായിരുന്നു. ഈ വര്‍ഷത്തെ മാതൃകാ സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന വിഭാഗത്തിലെ അവാര്‍ഡാണ് രൂപ നിരസിച്ചത്. എങ്കിലും പൗരന്മാരെ കേന്ദ്രീകരിച്ചുള്ള ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തെ ശ്ലാഘിക്കുകയും പൗരകേന്ദ്രീകൃത സാമൂഹിക പ്രവര്‍ത്തനം ആര് നടത്തിയാലും തന്റെ സഹകരണമുണ്ടാകുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു.

ദേശീയ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഈ വാര്‍ത്തയുടെ പ്രാധാന്യം ശ്രദ്ധേയമാകുന്നത് അവാര്‍ഡ് നിരസിച്ച തീരുമാനംകൊണ്ടു മാത്രമല്ല. അതിനവരെ പ്രേരിപ്പിച്ച കാഴ്ചപ്പാടിന്റെ പേരിലാണ്. രാഷ്ട്രീയ ചരടുകളുള്ള പുരസ്‌ക്കാരങ്ങളും ലക്ഷങ്ങളുടെ പണപ്പൊതിയും സ്വീകരിക്കുന്ന വ്യക്തിയുടെ നിഷ്പക്ഷതയെയും പ്രതിച്ഛായയെയും ദോഷമായി ബാധിക്കുന്നു എന്ന തിരിച്ചറിവ് ചൂണ്ടിക്കാണിക്കുന്നതു കൊണ്ടാണ്.

പ്രധാനമന്ത്രിയുമായോ മുഖ്യമന്ത്രിയുമായോ അടുപ്പമുള്ള മാധ്യമ പ്രവര്‍ത്തകനെയോ ഉപദേശകനെയോ പുരസ്‌ക്കാരം നല്‍കിയും പ്രശംസയില്‍ പൊതിഞ്ഞും തങ്ങള്‍ക്കാവശ്യമായ രാഷ്ട്രീയ സൗഭാഗ്യങ്ങള്‍ വളഞ്ഞവഴിയില്‍ സമ്പാദിക്കുന്ന പുതിയ പ്രവണത ചുറ്റും വളര്‍ന്നുവന്നിരിക്കുന്നു. പരസ്പരം പുറംചൊറിയുന്ന സഹകരണം. രാഷ്ട്രീയക്കാരും സാംസ്‌ക്കാരിക പ്രമുഖരും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും തമ്മിലുള്ള അധികാരത്തിന്റെ കൊള്ളക്കൊടുക്കകളായി അവാര്‍ഡുകളും പുരസ്‌ക്കാരങ്ങളും അതിവേഗം മാറുകയാണ്. ചിലര്‍ അവാര്‍ഡുനല്‍കുന്ന മുഖ്യമന്ത്രിക്കുമുമ്പില്‍ കൃഷ്ണന്റെ മുമ്പില്‍ കുചേലന്‍പോലും കാണിക്കാത്ത ഭവ്യതയോടെ ശിരസ്സു കുനിച്ചുനില്‍ക്കുന്ന കാഴ്ച വേദനാകരം. പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, പത്രപ്രവര്‍ത്തക സംഘടനകള്‍ തുടങ്ങിയവക്കും സ്വകാര്യ താല്പര്യത്തിലും ലാഭത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ ഉള്‍പ്പെടുത്തിയും അല്ലാതെയും പൊതു ഖജനാവില്‍നിന്നുള്ള പണം വാരിക്കോരി കൊടുക്കുന്നു. ഈ പ്രവണത ഇടതുപക്ഷ ഗവണ്മെന്റ് വന്നതോടെ വര്‍ദ്ധിച്ചിരിക്കുകയാണ്.

കലാ-സാംസ്‌ക്കാരിക മേഖലകളില്‍ ന്യായമായി ചെലവഴിക്കേണ്ട പൊതുപണം മന്ത്രിമാരുടെ വ്യക്തിപരമായ ഇഷ്ടത്തിന്റെയും പ്രീണനത്തിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വ്യാപകമായി ദുര്‍വ്യയം ചെയ്യലാണിത്. പ്രാദേശികമായി അടുത്തകാലത്ത് സര്‍ക്കാര്‍ ചെലവില്‍ പൊതു മാനദണ്ഡമില്ലാതെ കലാ-സാംസ്‌ക്കാരിക മേളകള്‍ സര്‍ക്കാര്‍ പണച്ചെലവില്‍ പൊടിപൊടിക്കുന്നു. ഖജനാവു സ്തംഭിക്കുകയും നിയമാനുസൃതം നല്‍കേണ്ട ബില്ലുകള്‍ തടഞ്ഞുവെക്കുകയും വയറുമുറുക്കി ചെലവുചെയ്യണമെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നതിനിടയ്ക്കാണ് ഇത്തരം മാമാങ്കങ്ങള്‍ പെരുകുന്നത്.

എഴുത്തിലും അഭിപ്രായ പ്രകടനത്തിലും വിമര്‍ശനത്തിലും മയപ്പെടുത്തലും മായംകലര്‍ത്തലും ഉദ്ദേശിച്ചിട്ടുള്ള ഈ നീക്കങ്ങള്‍ക്ക് വിധേയരാകുന്നവര്‍ ഡി. രൂപയെന്ന, അനീതിക്കും അഴിമതിക്കുമെതിരെ ഉറച്ച നിലപാടെടുക്കുന്ന പൊലീസ് ഉദ്യാഗസ്ഥയുടെ ധീരമായ നിലപാട് സ്വയം പരിശോധിക്കണം. തങ്ങളേറ്റുവാങ്ങുന്ന പുരസ്‌ക്കാരങ്ങളിലൂടെ സ്വയം ചോര്‍ത്തിക്കളയുന്ന സ്വാഭിമാനവും നിര്‍ഭയത്വവും താരതമ്യപ്പെടുത്തണം. എം.ടി, ടി പത്മനാഭന്‍, സുഗതകുമാരി, എം. ലീലാവതി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരെപ്പോലെ വാക്കിനും നാക്കിനും നട്ടെല്ലിനും വിലങ്ങിടാന്‍ നിന്നുകൊടുക്കാത്ത ചുരുക്കംപേരെ മാറ്റിനിര്‍ത്തി പറയേണ്ടിവരുന്നു നിങ്ങള്‍ വിലയ്ക്ക് എടുക്കപ്പെടുകയാണെന്ന്. ഈ കനത്ത പണപ്പൊതിയും പ്രശംസാപത്രവും കലാഭംഗിയുള്ള പുരസ്‌ക്കാര ശില്പവും ഏറ്റുവാങ്ങാന്‍ ഞങ്ങള്‍ക്കെന്താ യോഗ്യതക്കുറവ്!

അത്തരം യോഗ്യവാന്മാരുടെയും യോഗ്യവതികളുടെയും ആള്‍ക്കൂട്ടത്തിലിതാ വേറിട്ടുനില്‍ക്കുന്നു ആദര്‍ശനിഷ്ഠയും സത്യസന്ധതയുമുള്ള ഒരു കാക്കിക്കുപ്പായക്കാരി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top