Flash News

സര്‍ക്കാരിന്റെ ഡേറ്റാ ഇനി സിഫി ടെക്നോളജി കൈകാര്യം ചെയ്യും; തീരുമാനം പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന്

April 3, 2018

dataതിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെയുള്ള എതിര്‍പ്പുകള്‍ വകവെക്കാതെ സര്‍ക്കാര്‍ ഡേറ്റാ സെന്ററുകളുടെ നടത്തിപ്പു ചുമതല സ്വകാര്യ കമ്പനിക്ക് നല്‍കി. 64.61 കോടി രൂപയ്ക്കാണ് സിഫി ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന് സര്‍ക്കാരിന്റെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന രണ്ട് ഡേറ്റാ സെന്ററുകളെയും നടത്തിപ്പ് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അഞ്ചു വര്‍ഷത്തേക്കുള്ള ചുമതലയാണ് നല്‍കിയിരിക്കുന്നത്.

ടെക്‌നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ഡേറ്റ സെന്ററിന്റെ (ഡേറ്റ സെന്റര്‍-2) ചുമതല വഹിച്ചിരുന്നതും സിഫിയായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് ആസ്ഥാന മന്ദിരത്തിലെ കോ-ബാങ്ക് ടവറില്‍ കെല്‍ട്രോണിനു കീഴിലുണ്ടായിരുന്ന ഓള്‍ഡ് ഡേറ്റാ സെന്ററിന്റെ നിയന്ത്രണവും ഇനി സിഫിക്കായിരിക്കും.

സംസ്ഥാന ഭരണനിര്‍വഹണം സംബന്ധിച്ച അതീവ രഹസ്യ സ്വഭാവമുള്ളതടക്കം എല്ലാ വിവരങ്ങളും ഐടി വകുപ്പിന്റെ സഹായത്തോടെ ശേഖരിച്ചു വയ്ക്കുന്ന സംവിധാനമാണു ഡേറ്റാ സെന്ററുകള്‍. 2005 ല്‍ കോബാങ്ക് ടവറില്‍ ആരംഭിച്ച സെന്റര്‍ പൊതുമേഖലാ ഉടമസ്ഥതയില്‍ തുടങ്ങിയ രാജ്യത്തെ ആദ്യത്തെ ഡേറ്റാ സെന്ററാണ്. സെന്ററിന്റെ നടത്തിപ്പു ചുമതല ആദ്യ മൂന്നു വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിനായിരുന്നു. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്തു റിലയന്‍സിനു കരാര്‍ നല്‍കിയതു വിവാദമായി. പിന്നീട് 2012ല്‍ റിലയന്‍സിനെ മാറ്റി കെല്‍ട്രോണിനു ചുമതല നല്‍കി.

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ ടെന്‍ഡര്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.എം.സുധീരനും മുഖ്യമന്ത്രിക്കു പ്രത്യേകം കത്തുകള്‍ നല്‍കിയിരുന്നു. രണ്ടു ഡേറ്റ സെന്ററുകളുടെയും നടത്തിപ്പു ചുമതലയുമായി ബന്ധപ്പെട്ടുള്ള കരാര്‍ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണു കഴിഞ്ഞ സെപ്റ്റംബറില്‍ പുതിയ ടെന്‍ഡര്‍ ക്ഷണിച്ചത്.

ക്ലൗഡ് സേവനത്തില്‍ കെല്‍ട്രോണിനു വൈദഗ്ധ്യം ഇല്ലെന്നു ചൂണ്ടിക്കാട്ടി അപേക്ഷ പരിഗണിച്ചില്ല. തുടര്‍ന്നാണു കുറഞ്ഞ തുക രേഖപ്പെടുത്തിയ സിഫിക്കു കരാര്‍ ലഭിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top