Flash News

മത തീവ്രവാദം എന്ന ശാപം (ലേഖനം)

April 7, 2018 , തോമസ് കളത്തൂര്‍

Matham banner1ദിശാബോധം നഷ്ടപ്പെട്ട മതങ്ങളേ! പൗരോഹിത്യമേ! ഇന്ന് നിങ്ങള്‍ എവിടെ എത്തിയിരിക്കുന്നു എന്ന് ചിന്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. ധാര്‍മ്മികതയുടെ കാവല്‍ക്കാര്‍ എന്നവകാശപ്പെടുന്ന നിങ്ങളില്‍ പലരും കൈക്കൂലി, കള്ളത്തരം മുതല്‍ അസഭ്യവര്‍ഷവും അതിക്രമങ്ങളും വരെ പരിപോഷിപ്പിക്കുകയാണ്. ഇത് ദയനീയമാണ്. സമൂഹത്തിന് അനുഗ്രഹമാകേണ്ടവര്‍ ശാപമായി മാറുകയാണ്. ലോകത്തെ നന്നാക്കാനായി പിരിവെടുത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേഴ്സറി മുതല്‍ മെഡിക്കല്‍ കോളേജ് വരെ ഇന്ന് ലക്ഷങ്ങളുടെ കൈക്കൂലി ആവശ്യപ്പെടുന്നു ജോലിക്കായും പ്രവേശനത്തിനായും. അഴിമതിയുടെ കഥയല്ല, മതമൗലീകതയുടെ, മതതീവ്രവാദത്തിന്‍റെ, ഉച്ഛനീചത്വം ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തി നിരയാക്കിയ സംഭവമാണ് ചിന്തകളെ പിടിച്ച് കുലുക്കിയത്.

താഴ്ന്ന ജാതിക്കാരനെ -അന്യമതക്കാരനെ വിവാഹം ചെയ്യാന്‍ ഉറച്ച ‘ആതിര’ എന്ന പെണ്‍കുട്ടിയെ സ്വന്തം പിതാവ് കുത്തിക്കൊന്ന വാര്‍ത്ത മതത്തിന്‍റെയും പൗരോഹിത്യത്തിന്‍റെയും നേരെ വിരല്‍ചൂണ്ടുന്നു. ഈ ജാതിമത വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തേണ്ടത് നിങ്ങളുടെ ആവശ്യമാണല്ലോ. കാരണം നിങ്ങളുടെ ആധിപത്യം സൂക്ഷിക്കണം. അധികാര സമ്പത്തിനെ അവകാശമാക്കുന്നു. ലളിത ജീവിതം പ്രസംഗിച്ച് സമര്‍ത്ഥ ജീവിതം നയിക്കാം. വിഭജിച്ച് ഭരിക്കുകയാണ് എളുപ്പം. സ്വര്‍ഗ്ഗവും നരകവും പുനര്‍ജډവുമൊക്കെ “ഉമ്മാക്കികളാക്കി” പാവം വിശ്വാസികളെ മുതലെടുക്കുന്നത് നിര്‍ത്തണം. അവരെ “ഒരു നല്ല ദൈവത്തില്‍” നിന്ന് അകറ്റി നിര്‍ത്തുകയാണ് നിങ്ങളുടെ സ്വാര്‍ത്ഥതക്കുവേണ്ടി. സ്നേഹവാനായ ദൈവത്തെ ക്രൂരനായി അവതരിപ്പിച്ച് വിശ്വാസികളെ കൊള്ളയടിക്കുന്നത് നിര്‍ത്തിവെയ്ക്കുക. ദൈവം സ്നേഹമാകുന്നു എന്നും, “വിശ്വാസം, പ്രത്യാശ, സ്നേഹം ഇവയില്‍ വലിയതോ സ്നേഹം തന്നെ” എന്നും “സ്നേഹമാണഖിലസാരമൂഴിയില്‍” എന്നും പഠിപ്പിക്കുന്ന നിങ്ങള്‍ക്ക്, ഭിന്ന മതങ്ങളില്‍ ജനിച്ചു പോയ കുറ്റത്തിന്, പ്രേമഭാജനങ്ങളിലൊന്നിനെ വകവരുത്താന്‍ പോന്ന “മതതീവ്രത”/മതവൈരം എങ്ങനെ ഉണ്ടാക്കാന്‍ കഴിയുന്നു. ഈ രൗദ്രതയെ, ഭീകരതയെ കെടുത്താന്‍ ശ്രമിച്ചിട്ടുണ്ടോ? വാല്മീകി “മാനിഷാദാ… എന്ന് പാടിയത് നിങ്ങളോടാണ്. നിങ്ങളതു ശ്രദ്ധിക്കാഞ്ഞതിനാല്‍ “വയലാര്‍” വീണ്ടും പാടി, എത്രയോ പേര്‍ അത് ആവര്‍ത്തിച്ചു പാടുന്നു. അധികാര സാമ്പത്തിക ഭ്രമത്തില്‍ നിങ്ങള്‍ കുരുടരായും ചെകിടരായും നടിക്കുന്നു. കണ്ണു തുറക്കൂ! ജാതിയുടേയും മതത്തിന്‍റെയും പേരിലുള്ള ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കൂ!

Religious-religion-religious-intoleranceവിശ്വാസികള്‍ ഉണരേണ്ട സമയമായി. നമുക്ക് ദൈവവിശ്വാസമാണ് ആവശ്യം, മതവിശ്വാസമല്ല. മനുഷ്യരില്‍ ദൈവത്വം കല്പിക്കരുത്. മതവും അതിന്‍റെ വിശ്വാസവും വിറ്റു ജീവിക്കുന്നവരെ മനസ്സിലാക്കണം. ഏതൊരു കച്ചവടക്കാരനും തന്‍റെ ഉല്പന്നങ്ങള്‍ മഹത്തരമാണെന്നും, മറ്റെല്ലാ ഉല്പന്നങ്ങളും നിലവാരം കുറഞ്ഞതാണെന്നും പറയും. അത് സാമ്പത്തിക നേട്ടത്തിന്‍റെ ഒരാവശ്യമാണ്. വാങ്ങുന്നവരാണ് സൂക്ഷ്മമായി പഠിച്ച് തുലനം ചെയ്തു തീരുമാനിക്കേണ്ടത്. അതിന് മറ്റുല്പന്നങ്ങളെ കൂടെ പഠിക്കുന്നത് നന്നായിരിക്കും. അങ്ങനെ മറ്റു മതങ്ങളെക്കൂടി ബഹുമാനിക്കാനും സഹകരിക്കാനും അവസരമാകും. വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു, മതാത്മകതയും ആത്മീകതയും രണ്ടും രണ്ടാണ്.

ഇന്ന് രാഷ്ട്രീയവും മതവും അഴിമതി നടത്തുന്നതില്‍ മത്സരിക്കുകയാണ്. അതിനാല്‍ ഗവണ്‍മെന്‍റ് തലത്തില്‍ അസമത്വങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ കാര്യമായ നടപടികള്‍ പ്രതീക്ഷിക്കേണ്ടതില്ല. ഇന്ന് ഇന്ത്യ ആകമാനം മതഭ്രാന്തിന്‍റെ തീവ്രതയിലാണ്. മതം എങ്ങനെ മനുഷ്യത്വത്തെപോലും നശിപ്പിക്കുന്നു എന്ന് വാര്‍ത്തകള്‍ കാണിച്ചുതരുന്നു. ഈ ദു:സ്ഥിതിയില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ ആരൊക്കെ ചിന്തിക്കുന്നു? എന്തൊക്കെ ഉപാധികള്‍ കണ്ടുപിടിച്ചു? ഇതു സമൂഹപ്രജ്ഞയെത്തന്നെ പ്രതിസന്ധിയിലാക്കുന്നു. ഇന്ത്യാക്കാരിലും പ്രവാസികളില്‍പ്പോലും മതമൗലീകത ശ്രദ്ധേയമാണ്. എങ്ങനെ ഇതില്‍ “തട” ഇടാം? ഒരു ലക്ഷത്തിലധികം സ്കൂള്‍ കുട്ടികള്‍, പ്രവേശനത്തിനുള്ള അപേക്ഷാഫാറത്തിലെ, ‘മതം’ എന്ന കോളം പൂരിപ്പിക്കാതെ വിട്ടു എന്നത് പ്രതീക്ഷയുണര്‍ത്തുന്നു. ഇനി ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഗവണ്‍മെന്‍റ് തലത്തില്‍ മാത്രമാക്കണം. രജിസ്റ്റര്‍ കച്ചേരികളും പൊതു ശ്മശാനങ്ങളും ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. അവയെ കൂടുതലായി ആശ്രയിക്കാന്‍ യുവജനങ്ങളും സാമൂഹ്യ പ്രസ്ഥാനങ്ങളും പ്രോത്സാഹനം നല്കണം. എല്ലാ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളെപ്പോലെ തന്നെ നികുതിയടക്കണം. പള്ളിയെയോ അമ്പലത്തിനെയോ മോസ്കിനെയോ ധര്‍മ്മ സ്ഥാപനങ്ങളെയോ നികുതി നിയമത്തിന് അതീതമാക്കരുത്. ഇവയെല്ലാം വിവരാവകാശ കമ്മീഷന്‍റെ കീഴില്‍ കൊണ്ടുവരണം. അങ്ങനെ ധനസ്രോതസ്സ് ഉള്‍പ്പെടെയുള്ള സംശയങ്ങള്‍ ദൂരീകരിക്കാമല്ലോ.

z_p05-religiousമനുസ്മതൃതി മുതല്‍ നൂറ്റാണ്ടുകളിലൂടെ തുടര്‍ന്നു പോകുന്ന ഒരു ദുഷിപ്പാണ് “ജാതിമത ഉച്ഛനീചത്വങ്ങള്‍.” ലോകം ശാസ്ത്രീയമായും ബുദ്ധിപരമായും ഇത്ര വളര്‍ന്നിട്ടും, ഈ വിഭാഗീയതയെ താങ്ങി നിര്‍ത്തുന്നത് മതപൗരോഹിത്യങ്ങളാണ്. വെള്ളയും കാവിയും മഞ്ഞയും പച്ചയും അടയാളങ്ങളില്ലാത്തതും ഒക്കെ ഇതില്‍പ്പെടുന്നു. മതമൗലീകത, മതവൈരമായി മനസ്സിലും രക്തത്തിലും കലര്‍ത്തിവെച്ചിരിക്കുകയാണ്. അധികാരത്തിലേറാന്‍ രാഷ്ട്രീയം മതങ്ങളെ കൂട്ടുപിടിക്കുന്നു. സമ്പത്തിക നേട്ടങ്ങളുണ്ടാക്കാന്‍ മതങ്ങള്‍ രാഷ്ട്രീയത്തെ ചേര്‍ത്തുപിടിക്കുന്നു. ഇവിടെ ധാര്‍മ്മികതയോ പ്രത്യയശാസ്ത്രങ്ങളോ ഒന്നും പ്രശ്നമാകുന്നില്ല. മതവും രാഷ്ട്രീയവും സമ്പത്തിലേക്കും അധികാരത്തിലേക്കും ലക്ഷ്യം കേന്ദ്രീകരിക്കുമ്പോള്‍ അഴിമതിയും കൈക്കൂലിയും മൂല്യച്ഛ്യുതിയും ഉണ്ടാകുന്നു. “സമത്വ സുന്ദരം”, “സ്വര്‍ഗ്ഗത്തിലെപ്പോലെ” എന്നീ ലക്ഷ്യങ്ങളില്‍ നിന്നകന്നു പോകുന്നു. “മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ” മാത്രമായി മാറുന്നു, സുവിശേഷം. കൊടിയുടെ നിറത്തിലും രക്തസാക്ഷികളുടെ കഥകളിലും മാത്രമായി ഒതുങ്ങിപ്പോകുന്നു വേദോപദേശങ്ങള്‍. അതിനാല്‍ വചനത്തിനും മാനിഫെസ്റ്റോയ്ക്കും പുതിയ നിര്‍വ്വചനങ്ങള്‍ കണ്ടുപിടിച്ചേ മതിയാകൂ. ഈ വേഷപ്രച്ഛന്നത ഇനിയെങ്കിലും അവസാനിപ്പിക്കൂ! ലോകത്തെ രക്ഷിക്കൂ! ഭൂമിയെ രക്ഷിക്കൂ! ഇനി വളര്‍ന്നു വരുന്ന തലമുറയെങ്കിലും സ്നേഹത്തിലും സൗഹാര്‍ദ്ദത്തിലും വളരട്ടെ.

പ്രശസ്ത നോവലിസ്റ്റ് സക്കറിയ പറയും പോലെ “ജനസേവകര്‍” ജനത്തിന്‍റെ യജമാനന്മാരല്ലാ, സേവകരാണ്. അതുപോലെ “ദൈവസേവകര്‍” എന്ന് സ്വയം അഭിമാനിക്കുന്നവര്‍ ദൈവത്തിന്‍റെ യജമാനന്മാരോ ഉടമസ്ഥരോ അല്ല. മനുഷ്യന്‍ അന്യോന്യം സ്നേഹിക്കണം, ബഹുമാനിക്കണം. ഒരാള്‍ മറ്റേയാളേക്കാള്‍ ഉന്നതനെന്നു കണ്ടല്ലാ, സ്നേഹവും ബഹുമാനവും, കൊടുക്കേണ്ടത്. എന്നെപ്പോലെ തന്നെ മറ്റൊരാളും “ഈശ്വരാംശം” എന്നു കരുതിയാണ്. സംഘടിതമതങ്ങള്‍ ഗുരുക്കډാരുടെ സ്ഥാനങ്ങളില്‍ സി.ഇ.ഓ.മാരേയും മാനേജരډാരേയും അവരോധിക്കുകയാണ് ചെയ്യുന്നത്. അവരില്‍ പലരും സ്വയം ദൈവങ്ങളായി നടിക്കുന്നു. അങ്ങനെ സംഘടിത മതങ്ങള്‍ പലപ്പോഴും “കച്ചവടവല്‍ക്കരിക്കപ്പെടുന്ന ദു:സ്ഥിതി ഉണ്ടാകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൈക്കൂലിയും ആതുര സേവനരംഗത്ത് അടിമപ്പണിയും, അനാവശ്യ ചികിത്സാ ചിലവുകള്‍ ചുമത്തിയുള്ള ധനസമ്പാദനവും നടക്കുന്നു. വിശ്വാസികളുടെ ഭയത്തേയും അന്ധവിശ്വാസങ്ങളേയും ചൂഷണം ചെയ്യുന്ന നേര്‍ച്ചകാഴ്ചകളും അവസാനിപ്പിക്കണം. മതങ്ങള്‍ സൗഹാര്‍ദ്ദത്തിലേക്ക് നീങ്ങണം. ഉപരിപ്ലവമാകാതെ മനുഷ്യത്വത്തിന് പ്രാധാന്യം നല്കണം. “മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു” എന്ന സിനിമാഗാനം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. മതങ്ങള്‍ സ്വയം ആദര്‍ശശുദ്ധി നേടണം. അതിനുശേഷം രാഷ്ട്രത്തേയും രാഷ്ട്രീയത്തേയും ശുദ്ധീകരിക്കാനാവും. “ശാസ്ത്രം” തെറ്റുകള്‍ സമ്മതിക്കുന്നു. കാലികമായി വിശ്വാസങ്ങളില്‍ തെറ്റുകള്‍ കടന്നു കൂടിയാല്‍, അത് സമ്മതിക്കാനും തിരുത്താനുമുള്ള ഹൃദയവിശാലത അഥവാ ആര്‍ജ്ജവം, മതങ്ങളും കാണിക്കണം.

പുനര്‍ജനനങ്ങളും നവീകരണങ്ങളും അനേക തവണ നടന്നു കഴിഞ്ഞു. 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ചു വിപ്ലത്തിനുശേഷം തങ്ങളുടെ വീഴ്ചകളെ മതം അഥവാ സഭ തിരിച്ചറിയേണ്ടതായിരുന്നു. നൂറ്റാണ്ടു കഴിഞ്ഞിട്ടും, റഷ്യയിലെ സാധാരണ ജനങ്ങള്‍ പട്ടിണിയിലും ദുരിതത്തിലും ആഴ്ന്നു പോകുമ്പോഴും, തെരുവുകളില്‍ മുഴങ്ങുന്ന വിശപ്പിന്‍റെ ആര്‍ത്തനാദങ്ങളെ കേള്‍ക്കുകയും കാണുകയും ചെയ്യാതെ, ചക്രവര്‍ത്തിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ വിലകൂടിയ കുപ്പായങ്ങള്‍ തേടി നടന്ന പുരോഹിതര്‍ റഷ്യന്‍ വിപ്ലവത്തിന്‍റെ തീജ്വാലയില്‍ എരിയേണ്ടി വന്നു. ചരിത്രം മറന്നു കളയരുത്. ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതാണ്.

മനുഷ്യന്‍ ഇന്ന് കൂടുതല്‍ ബോധവാനാണ്. അവന്‍ ആധുനികതയിലേക്ക് കടന്നപ്പോള്‍, “സത്യത്തെ” അന്വേഷിക്കാന്‍ ആരംഭിച്ചു. ഉത്തരാധുനികതയില്‍ എത്തിയ മനുഷ്യന്‍, കണ്ടുപിടിച്ച സത്യം എങ്ങനെ സംഭവിച്ചു എന്നും അത് എങ്ങനെ നിലനിന്നുപോകുന്നു എന്നും കൂടി അന്വേഷിക്കുന്നു. പരിസ്ഥിതി വിപത്തും ജീവശാസ്ത്രപരമായ നിലനില്പും ഒക്കെ മഥിയ്ക്കുന്ന മനസ്സുകളുടെ ഉടമകളായ മനുഷ്യര്‍ സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നു. സ്വയം മഠയരായി തുടരാന്‍ അവര്‍ക്കു മനസ്സുമില്ലാ. മതങ്ങള്‍ സ്വരുക്കൂട്ടി വെച്ചിരിക്കുന്ന സമ്പാദ്യങ്ങള്‍ നډക്കായി ഉപയോഗിച്ചു കാണിക്കേണ്ട സമയമാണ്. വാങ്ങുന്ന സമയം കഴിഞ്ഞു. കൊടുക്കേണ്ട സമയമായി. അങ്ങനെ ദ്രവ്യാഗ്രഹവും അധികാര മോഹങ്ങളും ഉപേക്ഷിച്ച്, സാക്ഷാല്‍ ഈശ്വരന്‍ എന്ന ലക്ഷ്യത്തിലേക്ക് നോക്കാന്‍ സമയമായി. ലോകത്ത് സമാധാനവും സന്തോഷവും ഉണ്ടാകണം. മതം, അതിന്‍റെ കെട്ടുകളെ അഴിച്ചു കളഞ്ഞ്, മനുഷ്യരെ സ്വതന്ത്രരാക്കൂ! ദൈവത്തെ സ്വതന്ത്രനാക്കൂ! ഞങ്ങള്‍ക്ക് ഒരു ലോകമതമാണ് വേണ്ടത്, എല്ലാമതങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒന്ന് സ്നേഹത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും മതം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “മത തീവ്രവാദം എന്ന ശാപം (ലേഖനം)”

  1. Baboi George says:

    When Church entered politics it lost its mission – Divisions are created by (LDF) and (UDF) within the members of the same Church. Canvassing for votes and voting rights are secured by “CONFESSION” to a priest, etc. are some of the antics used to suppress… Are these demagogues lives in a make believe paradise acting like Gods ??
    The answer is to hurt them where it matters in their purse: NEVER GIVE THEM MONEY…

    They want to play with someone else’s money ?? SHAME on you to go to Court to resolve disputes !! The next phase is “Bishops standing in Legislative Assembly” like film stars are doing now-a-days…….

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top