Flash News

ഒരുമയുടെ വേദിയൊരുക്കി ഇന്ത്യാ പ്രസ് ക്ലബ്ബ്; ഫൊക്കാന, ഫോമ, ഡബ്ല്യു.എം.സി. നേതാക്കള്‍ ഒരേ വേദിയില്‍

April 10, 2018 , മൊയ്തീന്‍ പുത്തന്‍‌ചിറ

01എഡിസണ്‍ (ന്യൂജെഴ്സി): ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) യുടെ ആഭിമുഖ്യത്തില്‍ ന്യൂജെഴ്സിയിലെ എഡിസണില്‍ സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനകളായ ഫൊക്കാനയും ഫോമയും വേള്‍ഡ് മലയാളികളുടെ സംഘടനയായ ഡബ്ല്യു.എം.സി.യും പങ്കെടുത്തത് ചരിത്രപരവും ഐ.പി.സി.എന്‍.എ.യുടെ നേട്ടവുമായി.

ഏപ്രില്‍ 8 ഞായറാഴ്ച ന്യൂജെഴ്സിയിലെ ഇ-ഹോട്ടലില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ ആതിഥേയത്വം വഹിച്ചത് ന്യൂയോര്‍ക്ക് ചാപ്റ്ററും ഫിലഡല്‍‌ഫിയ ചാപ്റ്ററുമാണ്. ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കരയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം എന്തുകൊണ്ടും പ്രശംസ അര്‍ഹിക്കുന്നുവെന്ന് പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു.

സുമാ നായരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ കോണ്‍ഫറന്‍സ് ആരംഭിച്ചു. ഐ.പി.സി.എന്‍.എ. നാഷണല്‍ ട്രഷറര്‍ സണ്ണി പൗലോസ് സ്വാഗതമാശംസിച്ചു. അതോടൊപ്പം ഇങ്ങനെ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കാനുണ്ടായ കാരണവും സണ്ണി വിശദീകരിച്ചു. പ്രസ് ക്ലബ്ബിന്റെ മാത്രമല്ല ഇതര ദേശീയ സംഘടനകളുടെ നേതാക്കളില്‍ ഭൂരിഭാഗവും ന്യൂജെഴ്സിയില്‍ നിന്നാണെന്നും, കണ്‍‌വന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചതും ഇവിടെ നിന്നാണെന്നും പ്രസ് ക്ലബ്ബ് ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര തന്റെ ആമുഖ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഇന്ത്യാ പ്രസ് ക്ലബ്ബിലെ അംഗങ്ങളുടെ തൂലികയില്‍ കൂടിയും ദൃശ്യമാധ്യമങ്ങളില്‍ കൂടിയുമാണ് ഇവിടെയിരിക്കുന്ന ഓരോ നേതാക്കളും അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ പരിചിത മുഖങ്ങളായതെന്നും, അതേ അഭിമാനത്തോടെ പ്രസ് ക്ലബ്ബിന്റെ നേതൃത്വ സ്ഥാനത്തുനിന്ന് സംസാരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് മധു പ്രസ്താവിച്ചു. ഫോമയുടേയും ഫൊക്കാനയുടേയും നേതാക്കള്‍ ചിക്കാഗോയില്‍ നിന്നും ടെക്സസില്‍ നിന്നും മറ്റു വിദൂര പ്രദേശങ്ങളില്‍ നിന്നും ഇത്രയും ദൂരം യാത്ര ചെയ്ത് ഇവിടെ എത്തണമെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ ഈ കൂട്ടായ്മയോട് താല്പര്യമുണ്ടെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടെന്നും മധു പ്രസ്താവിച്ചു.

അമേരിക്കയില്‍ വളരുന്ന മൂന്നാം തലമുറയില്‍ പെട്ട കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. വിഭജിച്ച് നില്‍ക്കുന്നതുകൊണ്ട് സംഘടനകളുടെ ശേഷി വിഭജിച്ചുപോകുകയാണ്. ചില കാര്യങ്ങളിലെങ്കിലും എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ അതൊരു നേട്ടമാണ്. അതിന്റെ സാധുത ആരായാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു കോണ്‍ഫറന്‍സ് ഇവിടെ വിളിച്ചു ചേര്‍ത്തതെന്ന് മധു സൂചിപ്പിച്ചു. വ്യക്തമായ ഭരണഘടനയും ആശയങ്ങളും പ്രവര്‍ത്തന രീതികളുമുള്ള ഫൊക്കാന, ഫോമ വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ മൂന്നു സംഘടനകളെ കൂട്ടി യോജിപ്പിക്കുക എന്നുള്ളതല്ല ഈ ചര്‍ച്ചയുടെ ലക്ഷ്യമെന്നും, അമേരിക്കയില്‍ വളരുന്ന അടുത്ത തലമുറയ്ക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാനും, പൊതു നന്മയ്ക്കായുള്ള കാര്യങ്ങളില്‍ ആശയ വിനിമയം നടത്താനും കഴിയുന്ന രംഗങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ഒരു കൂട്ടായ തീരുമാനമെടുക്കാനുമാണെന്നും മധു പറഞ്ഞു. നമ്മുടെ സമൂഹം മൂന്നാം തലമുറയിലേക്ക് മാറ്റപ്പെടുമ്പോള്‍ സംഘടനകള്‍ തമ്മില്‍ തല്ലുന്നത് അവരോട് ചെയ്യുന്ന തെറ്റായിരിക്കുമെന്ന് മധു ചൂണ്ടിക്കാട്ടി. ഈ ആശയം സംഘടനാ നേതാക്കള്‍ ഏറ്റെടുത്തപ്പോള്‍ ഈ കോണ്‍ഫറന്‍സ് പുതിയൊരു തുടക്കത്തിന് കാരണമായി.

ഈ കോണ്‍ഫറന്‍സ് ഒരു സൗഹൃദ വേദിയാണെന്നും, ആരും ആരേയും കുറ്റപ്പെടുത്താനോ പഴി ചാരാനോ ശ്രമിക്കാനല്ലെന്നും, ലിഘിത നിയമവും ചട്ടവുമൊന്നുമില്ലാതെ പരസ്പരം ആശയങ്ങള്‍ പങ്കുവെക്കുകയും, എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ തുറന്ന മനസ്സോടെ പ്രകടിപ്പിക്കാമെന്നും പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി മൊയ്തീന്‍ പുത്തന്‍ചിറ വിശദീകരിച്ചു.

നമ്മള്‍ മലയാളികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ പലതും നേടിയെടുക്കാന്‍ കഴിയും. ഇന്ത്യാ പ്രസ് ക്ലബ്ബ് മുന്‍‌കൈയ്യെടുത്ത് ഇങ്ങനെയൊരു ഐക്യവേദി എന്ന ആശയം കൊണ്ടുവന്നത് സ്വാഗതാര്‍ഹമാണെന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി ചാപ്റ്റര്‍ ചെയര്‍ തങ്കമണി അരവിന്ദന്‍ എന്നിവര്‍ പറഞ്ഞു. സുമാ നായര്‍ ആലപിച്ച “ലോകം മുഴുവന്‍ സുഖം പകരാനായ്‌ സ്നേഹദീപമേ മിഴി തുറക്കൂ” എന്ന പ്രാര്‍ത്ഥനാഗാനത്തിന്റെ ഈരടികളോടെയാണ് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ തന്റെ അഭിപ്രായങ്ങള്‍ക്ക് തുടക്കമിട്ടത്. അമേരിക്കന്‍ മലയാളികള്‍ക്ക് മാത്രമല്ല, ലോകത്തെ എല്ലാ മലയാളികള്‍ക്കും ആശ്വാസം പകരാനുള്ള ഒരു ഉദ്യമത്തിന് തുടക്കമാവട്ടേ ഈ കോണ്‍ഫറന്‍സ് എന്നും അദ്ദേഹം ആശംസിച്ചു.

ഒന്നിച്ചു പ്രവര്‍ത്തിക്കാവുന്ന വിവിധ രംഗങ്ങളെക്കുറിച്ച് മൊയ്തീന്‍ പുത്തന്‍ചിറ എടുത്തുകാട്ടി. നിലവിലുള്ള സംവിധാനത്തില്‍ മാറ്റങ്ങളോ ഇടപെടലുകളോ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അഭിപ്രായപ്പെട്ടു. സംഘടനകള്‍ പലതുമുണ്ടാകും. വളുന്തോറും പിളരുകയും ചെയ്യും, അതെല്ലാം സ്വാഭാവികമാണ്. എന്നാല്‍, അതിലുപരി ഏതെങ്കിലും ഒരവസരത്തില്‍ നമ്മള്‍ ഒരുമിച്ചു കൂടേണ്ടത് വളരെ അത്യാവശ്യമാണെന്നുമാണ് എല്ലാവരും അഭിപ്രായപ്പെട്ടത്.

ഇന്ത്യാ പ്രസ് ക്ലബ്ബ് മുന്‍‌കൈയ്യെടുത്ത് ആരംഭിച്ച ഈ സൗഹൃദ സമ്മേളനം ഒരു പുതിയ വഴിത്തിരിവാകട്ടേ എന്ന് ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ ആശംസിച്ചു. മനഃസ്ഥിതി നന്നാകുമ്പോള്‍ എല്ലാം ശരിയാകും. മറ്റുള്ളവരുടെ നല്ല പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ മനസ്സു വേണം. ഇതൊരു തുടക്കം മാത്രം. ആരംഭശൂരത്വം കൊണ്ടായില്ല.  ഈ സം‌രംഭം തുടര്‍ന്നുകൊണ്ടേയിരിക്കണം, ഒന്നും നിസ്സാരമായി കാണേണ്ടതില്ല – അദ്ദേഹം പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപക നേതാക്കളിലൊരാളായ ഡോ. തോമസ് ജേക്കബ് ഈ ഐക്യവേദിയെ സ്വാഗതം ചെയ്തു.

എല്ലാവരുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷം പുതിയ ആശയം നടപ്പില്‍ വരുത്താന്‍ ഒരു സമിതിക്ക് രൂപം കൊടുക്കണമെന്ന് പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് ടാജ് മാത്യു നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് നടന്ന സജീവമായ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഇന്ത്യാ പ്രസ് ക്ലബ്ബ് എന്നീ നാലു സംഘടനകളിലെ പ്രസിഡന്റ് – സെക്രട്ടറിമാര്‍ അടങ്ങിയ അഡ്‌ഹോക്ക് കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനമായി.

ഇരുപത്തിനാലു വര്‍ഷം മുമ്പ് ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് താന്‍ ആഗ്രഹിച്ചതാണെന്ന് ഫോമാ മുന്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് ചൂണ്ടിക്കാട്ടി. പ്രാദേശിക സംഘടനകള്‍ ഓണം, വിഷു, ക്രിസ്തുമസ് എന്നിവ ആഘോഷിക്കുന്നുണ്ടെങ്കിലും എല്ലാ സംഘടനകളും ഒത്തൊരുമിച്ച് ഒരു ഓണമെങ്കിലും ഒരുമിച്ച് ആഘോഷിക്കാന്‍ കഴിയണമെന്ന് ഫോമ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍ അഭിപ്രായപ്പെട്ടു.

ചര്‍ച്ചയില്‍ ചോദ്യോത്തര വേളയ്ക്ക് ആരംഭം കുറിച്ചത് ഇന്ത്യാ പ്രസ് ക്ലബ്ബ് സ്ഥാപക പ്രസിഡന്റ് ജോര്‍ജ് ജോസഫ് ആയിരുന്നു. ഇങ്ങനെ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ കഴിഞ്ഞ ഇന്ത്യാ പ്രസ് ക്ലബ്ബ് ഭാരവാഹികളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഉദ്ദേശലക്ഷ്യം തന്നെ ഏറ്റവും ഉദാത്തമാണ്. എത്ര ഭിന്നിച്ചു നിന്നാലും പിണങ്ങിനിന്നാലും നമ്മളെല്ലാം ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ പുതിയ സംവിധാനം എങ്ങനെ രൂപപ്പെടണമെന്നതിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പിള്ളില്‍, മാധവന്‍ ബി നായര്‍, ലീലാ മാരേട്ട്, മറിയാമ്മ പിള്ള, ഫോമ നേതാവ് വിത്സണ്‍ പാലത്തിങ്കല്‍, ഫോമ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, ലാലി കളപ്പുരയ്ക്കല്‍, ഫോമ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ജോണ്‍ സി വര്‍ഗീസ്, ഫിലിപ്പ് ചാമത്തില്‍, പ്രസ് ക്ലബില്‍ നിന്ന് ജോര്‍ജ് ജോസഫ്, ഡോ. കൃഷ്ണ കിഷോര്‍, രാജു പള്ളത്ത്, ജോസ് കാടാപ്പുറം, വിന്‍സന്റ് ഇമ്മാനുവല്‍, ജീമോന്‍ ജോര്‍ജ്, ജിനേഷ് തമ്പി, ജോര്‍ജ് നടവയല്‍, ഫ്രാന്‍സിസ് തടത്തില്‍ തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു.

കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഒരു വാട്‌സ് ആപ് ഗ്രൂപ്പായി പ്രവര്‍ത്തിക്കേണ്ട കാര്യമേയുള്ളൂവെന്നു വിന്‍സന്റ് പാലത്തിങ്കല്‍ പറഞ്ഞു. ഈ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ചേര്‍ന്നുള്ള ഒരു ഓണാഘോഷമെങ്കിലും നടത്താനാകണമെന്ന് മധു കൊട്ടാരക്കര ചൂണ്ടിക്കാട്ടി.

കോഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ഭാരവാഹികളോ ഭരണഘടനയോ ഒന്നുമില്ല. ഇന്ത്യന്‍ പാസ്‌പോര്‍ട്ട്-വിസ സംബന്ധിച്ചോ ഇവിടെ ഇമ്മിഗ്രേഷന്‍ സംബന്ധിച്ചോ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുക, പ്രവീണ്‍ വര്‍ഗീസിന്റെ മരണം പോലുള്ള സംഭവങ്ങളില്‍ കൂട്ടായി രംഗത്തിറങ്ങുക, മുഖ്യധാരാ ഇലക്ഷനും മറ്റും നില്‍ക്കുന്നവരെ തുണക്കാന്‍ ഒന്നിക്കുക തുടങ്ങിയ പരിമിതിമായ ലക്ഷ്യങ്ങളാണ് സമിതിക്കുള്ളത്. സംഘടനകളെ നിയന്ത്രിക്കാനോ അധികാരം കാട്ടുവാനോ ഒന്നും സമിതിക്ക് കഴിയില്ല.

പള്ളികളില്‍ ഓണാഘോഷം നടത്തുന്നതും ചര്‍ച്ചാ വിഷയമായി. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലാണ് ചര്‍ച്ച എത്തിയത്.

ഇത്തരമൊരു ഐക്യവേദി പണ്ടേ ഉണ്ടാകേണ്ടതായിരുന്നുവെന്നു പലരും അഭിപ്രായപ്പെട്ടു. അഡ് ഹോക് കമ്മിറ്റിയാണ് ഇപ്പോള്‍ രൂപീകരിച്ചിട്ടുള്ളത്. സംഘടനാ ഭാരവാഹികള്‍ വൈകാതെ തന്നെ മാറുമ്പോള്‍ പുതിയ ഭാരവാഹികള്‍ ആ സ്ഥാനം ഏറ്റെടുക്കും.

ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കണ്‍വന്‍ഷനുകളെക്കുറിച്ച് ലഘു വിവരണം ജിബി തോമസ്, ഫിലിപ്പോസ് ഫിലിപ്പ്, തങ്കമണി അരവിന്ദന്‍ എന്നിവര്‍ നല്‍കി. കൂടാതെ ഇതേ വേദിയില്‍ വെച്ചു തന്നെ കണ്‍‌വന്‍ഷനുകളില്‍ പങ്കെടുക്കാന്‍ ഭാരവാഹികള്‍ എല്ലാവരേയും ക്ഷണിക്കുകയും ചെയ്തു.

ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ കേരള ഫിഷറീസ് ആന്റ് ഹാര്‍ബര്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, കൊല്ലം ജില്ലാ കലക്ടര്‍ ഡോ. കാര്‍ത്തികേയന്‍ ഐ.എ.എസ്, എഡിസി ജനറല്‍ സുദേശന്‍ വിദ്യാധരന്‍, കൊല്ലം ജില്ലാ ഇന്‍ഫര്‍മെഷന്‍ ഓഫീസര്‍ അജോയ് ചന്ദ്രന്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ടോം ലാല്‍, യു.എന്‍. ഉദ്യോഗസ്ഥന്‍ സജി തോമസ് എന്നിവരും എത്തി. ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ‘സ്റ്റെപ്’ പദ്ധതിയുടെ സ്പോണ്‍സര്‍ഷിപ്പ് ഉദ്ഘാടന കര്‍മ്മവും തദവസരത്തില്‍ മന്ത്രി മെഴ്സിക്കുട്ടിയമ്മ നിര്‍‌വ്വഹിച്ചു. അമേരിക്കയിലെത്തി ഇങ്ങനെയൊരു മംഗള മുഹൂര്‍ത്തത്തില്‍ പങ്കെടുക്കാനായത് സന്തോഷകരമാണെന്നു മന്ത്രി പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ തിരക്കിട്ടാണു യാത്ര വേണ്ടി വന്നത്. എല്ലാവര്‍ക്കും പാര്‍പ്പിടമെന്ന പ്രോജക്ടിനു ലഭിച്ച അംഗീകാരത്തിന്റെ ഭാഗമായാണു ഈ യാത്ര. അത് ഇത്തരമൊരു വേദിയിലെത്തിയതില്‍ സന്തോഷമുണ്ട് – മന്ത്രി പറഞ്ഞു.

ഇന്ത്യാ പ്രസ് ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് രാജു പള്ളത്തിന്റെ നന്ദിപ്രകടനത്തോടെ കോണ്‍ഫറന്‍സ് സമാപിച്ചു.

ഫോട്ടോകള്‍: ഷിജോ പൗലോസ്

02 03 04 05 06 07 08 09 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top