Flash News

ദുബായിയില്‍ ആത്മഹത്യ ചെയ്ത മലയാളി നഴ്സിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍

April 11, 2018

nurse-827x412ദുബായ്: ദുബായില്‍ ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടിമരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല. യുഎഇയിലെ അല്‍ എയ്ന്‍ സിറ്റിയിലെ ആശുപത്രിക്കു മുകളില്‍നിന്നാണ് ആത്മഹത്യ ചെയ്തത്. കൊല്ലം സ്വദേശിനിയായ സുജ സിംഗാണ് (43) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. മൂന്ന് മാസം മുമ്പാണ് ഇവർ ഇവിടെ ജോലിക്ക് കയറിയത്. 20 വർഷത്തോളം മറ്റൊരു സ്വകാര്യ ആശുപത്രിയിലും ഇവർ നഴ്സായി ജോലി ചെയ്തിരുന്നു.

ഉത്തരേന്ത്യക്കാരനായ ആദ്യ ഭർത്താവില്‍ നിന്ന് വിവാഹമോചനം നേടിയ സുജ പിന്നീട് മലയാളിയെ വിവാഹം കഴിച്ചിരുന്നു. ആദ്യ ഭർത്താവിൽ മൂന്ന് മക്കളുണ്ട്. മക്കൾ മുന്‍ ഭർത്താവിനൊപ്പം ഉത്തരേന്ത്യയിലാണ്. ഇവരുമായി ബന്ധപ്പെട്ടപ്പോൾ മൃതദേഹം കാണേണ്ടെന്നും അങ്ങോട്ട് അയക്കേണ്ടെന്നുമാണ് പറഞ്ഞത്.  അങ്ങനെയെങ്കില്‍ ദുബായില്‍തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജനുവരി മുതല്‍ ആശുപത്രിയില്‍ ഹെഡ് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നെന്ന് ആശുപത്രി വക്താവ് പറഞ്ഞു. ആശുപത്രി ജീവനക്കാരെല്ലാം ഞെട്ടലിലാണെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുന്നെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുമായോ, സഹപ്രവര്‍ത്തകരുമായോ യാതൊരു പ്രശ്‌നവും ഇവര്‍ക്കുള്ളതായി അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.

മലയാളികളടക്കം ധാരാളം ഇന്ത്യക്കാർ ജോലി ചെയ്യുന്ന സ്ഥാപനമാണ് യൂണിവേഴ്സൽ ഹോസ്പിറ്റൽ. അബുദാബിയിലും ഈ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബർ മുതൽ നഴ്സുമാർക്ക് ഇവിടെ ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല.

ജനറൽ നഴ്സിംഗ് വിഭാഗത്തിന് ശരാശരി 4000 ദിർഹവും (ഏകദേശം 70,000 രൂപ) പ്രവൃത്തി പരിചയമുള്ള നഴ്സുമാർക്കും ബിഎസ്സി നേഴ്സുമാർക്കും 5000 മുതൽ 7000 വരെ ദിർഹവും (ഏകദേശം 88,000 മുതൽ 1,23,000 രൂപ വരെ) ശമ്പളം നൽകാമെന്നാണ് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഡിസംബർ മുതൽ ശമ്പളം ലഭിക്കാതായതോടെ ഉപജീവനത്തിനായി മറുകര തേടിയ നല്ലൊരു ശതമാനം മലയാളി നേഴ്സുമാരുടെ ജീവിതം ദുരിതത്തിലായി.

തുടർന്ന് ഫെബ്രുവരി മാസത്തിൽ എല്ലാവർക്കും 1000 ദിർഹം മാത്രം നൽകി ആശുപത്രി അധികൃതർ വാർത്ത പുറത്തറിയിക്കാതെ സൂക്ഷിക്കുകയായിരുന്നു. തങ്ങളുടെ കൺമുമ്പിൽ സഹപ്രവർത്തക ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളവർ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top