Flash News

എട്ടു വയസ്സുകാരി ആസിഫയെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തുകൊന്ന സംഭവം; മനുഷ്യന് സങ്കല്പിക്കാന്‍ പോലും കഴിയാത്തതാണെന്ന് രാഹുല്‍ ഗാന്ധി

April 12, 2018

IMG_20180118_230940-1-480x300ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി ആസിഫയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവം സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മനുഷ്യത്വത്തിനെതിരായ ആക്രമണമാണിതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെയും ഇദ്ദേഹം വിമര്‍ശിച്ചു.

‘എങ്ങനെയാണ് ഇത്തരമൊരു കേസിലെ പ്രതികളെ ആര്‍ക്കെങ്കിലും ന്യായീകരിക്കാന്‍ സാധിക്കുക?’ രാഹുല്‍ ഗാന്ധി ചോദിച്ചു. പ്രതികളെ ശിക്ഷിക്കാതിരിക്കാന്‍ സാധിക്കില്ലെന്ന് ട്വിറ്ററില്‍ കുറിച്ച അദ്ദേഹം നിരപരാധിയായ ഒരു കുഞ്ഞിന് നേര്‍ക്കുണ്ടായ ഇത്രയും നീചമായ ക്രൂരതയെ ന്യായീകരിച്ച് നമ്മള്‍ എന്ത് നേടുമെന്നും അദ്ദേഹം ചോദിച്ചു.

കത്തുവ, ഉന്നാവ് സംഭവങ്ങളില്‍ പ്രതിഷേധിക്കുന്നതിന് വ്യാഴാഴ്ച അര്‍ധരാത്രി ഡല്‍ഹിയില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കത്തുവ, ഉന്നാവ് സംഭവങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് ഇന്നു രാത്രി മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനം നടത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. അക്രമത്തിനും നീതി നിഷേധത്തിനുമെതിരെ പ്രതിഷേധിക്കുന്നതിന് സമാധാനപരമായി നടത്തുന്ന മാര്‍ച്ചില്‍ മെഴുകുതിരി കത്തിച്ച് തന്നോടൊപ്പം ചേരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Asifa-Bano’s-Caseകഴിഞ്ഞ ജനുവരി 10 നാണ് രസനയിലെ വീടിന് സമീപത്തുനിന്നും ആസിഫയെ കാണാതാവുന്നത്. തുടര്‍ന്ന് ഏഴു ദിവസത്തിന് ശേഷമാണ് വനപ്രദേശത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ എട്ട് പേര്‍ ചേര്‍ന്നാണ് എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പൊലീസ് സമര്‍പ്പിച്ച 18 പേജുളള കുറ്റപത്രത്തില്‍ ബലാത്സംഗത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്.

ജനുവരി 10ന് കാണാതായ കുട്ടിയുടെ മൃതദേഹം 7 ദിവസത്തിന് ശേഷം സമീപത്തെ വനപ്രദേശത്ത് നിന്നായിരുന്നു കണ്ടെത്തിയത്. ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, പര്‍വേസ് കുമാര്‍ എന്നീ സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാര്‍ 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും കൊലയ്ക്ക് കൂട്ടു നില്‍ക്കുകയും ചെയ്‌തെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഹെഡ് കോണ്‍സ്റ്റബിളായ തിലക് രാജ്, എഎസ്‌ഐ ആനന്ദ് ദുട്ട എന്നിവരും കൂട്ടുനിന്നു. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാം ആണ് കേസിലെ മുഖ്യപ്രതി. ഇയാളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിലെത്തിച്ച് പീഡിപ്പിച്ച് കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയത്. കൂടാതെ ഇയാളുടെ മകനും അനന്തിരവനും കുറ്റം ചെയ്യാന്‍ കൂട്ടുനിന്നു. ബ്രാഹ്മണര്‍ മാത്രം താമസിക്കുന്ന പ്രദേശത്ത് 20 നാടോടി ബക്കര്‍വാള്‍ മുസ്‌ലിം കുടുംബങ്ങള്‍ സ്ഥലം വാങ്ങി വീടുവച്ച് താമസിച്ചതിനോടുള്ള പ്രതികാരമാണ് ഇതെന്നാണ് ആരോപണം.

കസാന ഗ്രാമവാസിയായ കുട്ടിയെ ജനുവരി പത്തിന് കാണാതാവുകയായിരുന്നു. വീട്ടിലെ കുതിരകളുമായി കുളക്കരയിലേക്ക് പോയ കുട്ടിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞ് കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ജനുവരി 12നാണ് പെണ്‍കുട്ടിയുടെ പിതാവ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയത്. ജനുവരി 7ന് ദീപക് ഖജൂരിയ മെഡിക്കല്‍ ഷോപ്പില്‍ നിന്നും കുട്ടിയെ മയക്കാനായി മരുന്ന് വാങ്ങി വച്ചു. ജനുവരി 10ന് സഞ്ജി റാം തന്റെ അനന്തിരവനോട് കുട്ടിയെ തട്ടിക്കൊണ്ടു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത അനന്തിരവന്‍ തന്റെ സുഹൃത്തായ പര്‍വേസ് കുമാറിനോട് പദ്ധതി വെളിപ്പെടുത്തി. ഇയാളുടെ സഹായത്തോടെ കുട്ടിയെ തട്ടിക്കൊണ്ടു പോകും വഴി ഇരുവരും കാട്ടില്‍ വച്ച് പീഡിപ്പിച്ചു.

1611833-kasmir-1516262995-711-640x480ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് കുട്ടിയെ ഒളിപ്പിച്ച ഇവര്‍ സഞ്ജി റാമിനെ വിവരം അറിയിച്ചു. റാം കുട്ടിക്ക് വീണ്ടും മയക്കുമരുന്ന് നല്‍കി ഉറക്കി കിടത്തി. ജനുവരി 11ന് റാമിന്റെ അനന്തിരവന്‍ വിശാല്‍ ജന്‍ഗോത്ര എന്ന മറ്റൊരു പ്രതിയെ മീററ്റില്‍ നിന്നും വിളിച്ച് വരുത്തി കുട്ടിയെ പീഡിപ്പിക്കാന്‍ അവസരം ഉണ്ടാക്കി. ജനുവരി 12നാണ് ഇരുവരും ചേര്‍ന്ന് ദേവസ്ഥാനത്തെത്തി ഭക്ഷണം പോലും കഴിക്കാതിരുന്ന കുട്ടിക്ക് വീണ്ടും 3 മയക്കു ഗുളികകള്‍ നല്‍കിയത്. ഇതിനിടെ ഖജൂരിയയും മറ്റ് പൊലീസുകാരുമായി റാം പണം നല്‍കി കുറ്റം മറച്ച് വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരി 12നാണ് പൊലീസുകാര്‍ക്ക് 1.5 ലക്ഷം രൂപ റാം നല്‍കിയത്. ആ ദിവസങ്ങളിലൊന്നും കുട്ടിക്ക് ഭക്ഷണം കൊടുക്കാന്‍ പോലും അവര്‍ക്ക് തോന്നിയിട്ടില്ല. ആ അമ്പലത്തില്‍ ജീവനോടെ അവളുണ്ടെന്നും നിരന്തരം ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നും കാണാതായ കുഞ്ഞിനെ അന്വേഷിക്കുന്ന പൊലീസുകാര്‍ക്കറിയാമായിരുന്നു. ജനുവരി 13ന് ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തിയ റാം കുട്ടിയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ അനന്തിരവനും ജനഗോത്രയും പാതി മരിച്ച എട്ടു വയസുകാരിയെ വീണ്ടും പീഡിപ്പിച്ചു.

പ്രാര്‍ത്ഥനാ മുറിയില്‍ ദിവസങ്ങള്‍ സൂക്ഷിച്ച കുട്ടിയെ ‘ഇത് ഇവളെ തീര്‍ക്കാനുളള സമയമാണ്’ എന്ന് റാം ജനുവരി 13ന് പറഞ്ഞു. ജനഗോത്രയും ഇയാളുടെ അനന്തിരവനും ചേര്‍ന്ന് കുട്ടിയെ ഒരു കലുങ്കിന് അടുത്തേക്ക് എടുത്ത് കൊണ്ടു പോയി. എന്നാല്‍ സ്ഥലത്തെത്തിയ ഖജൂരിയ (പൊലീസുകാരന്‍) കൊല്ലുന്നതിന് മുമ്പ് കുട്ടിയെ തനിക്ക് അവസാനമായി ഒന്ന് പീഡിപ്പിക്കണമെന്ന് പറഞ്ഞതായും കുറ്റപത്രത്തില്‍ പറയുന്നു.

asifa-bakerwal-girl-rape-and-murder-2പീഡിപ്പിച്ചതിന് ശേഷം ഇടത് തുട കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചാണ് ഖജൂരിയ കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ കുട്ടി മരിക്കാത്തതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത അനന്തിരവനും സഹായിച്ചു. കുട്ടി മരിച്ചെന്ന് ഉറപ്പ് വരുത്താനായി കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. അന്ന് വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ തന്നെ കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചു. തുടര്‍ന്ന് ജനുവരി 15 നാണ് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചത്. പൊലീസുകാരനായ ഖജൂരിയയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദേശീയ പതാക വീശി ബിജെപി, ഹിന്ദു ഏക്താ മഞ്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് വിവാദമായിരുന്നു.

മൂന്ന് മാസക്കാലത്തോളം ക്രൂരമായ മൗനമാണ് ഈ പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തോട് രാജ്യം പുലര്‍ത്തിയത്. എന്നാല്‍, ഇപ്പോള്‍ അതിശക്തമായ പ്രതികരണങ്ങളാണ് കൊലപാതകത്തിനെതിരെ രാജ്യത്ത് നിന്ന് ഉയര്‍ന്നു വരുന്നത്. ആസിഫയ്ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി രാജ്യത്തിന്റെ പലഭാഗത്തുനിന്നും മുറവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

 

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top