ന്യൂഡല്‍ഹി: കശ്മീരിലെ കത്വവയില്‍ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ എട്ടു വയസ്സുകാരിയുടെ ആസിഫയ്ക്കായി അര്‍ധരാത്രിയില്‍ മെഴുകുതിരി ജ്വാലകള്‍ തെളിഞ്ഞപ്പോള്‍ ആളിക്കത്തിയത് ഭരണകൂടത്തോടുള്ള വന്‍ പ്രതിഷേധം. ബിജെപി ഡല്‍ഹി ഓഫിസിലേക്കു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നേരത്തേ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ഒട്ടേറെ പേര് പങ്കെടുത്തു.
അര്‍ധരാത്രി ഇന്ത്യാഗേറ്റില്‍ മെഴുകുതിരിയേന്തി നടത്തിയ പ്രകടത്തിന് കോണ്‍ഗ്രസ് അധ്യക്ഷകന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്കി. ഗുലാംനബി ആസാദ്, അശോക് ഗെഹ്ലോട്ട്, അംബിക സോണി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. സഹോദരി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട് വാധ്രയും പതിനഞ്ചുകാരിയായ മകള്‍ക്കൊപ്പമാണ് എത്തിയത്. ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സമരത്തിനു പിന്തുണയുമായെത്തി. കുഞ്ഞുങ്ങള്‍ക്കൊപ്പം എത്തിയാണു മാതാപിതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇന്ത്യാഗേറ്റിലേക്കുള്ള പ്രകടനത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തി.
‘കത്വവയിലും ഉന്നാവയിലും സംഭവിച്ചത് ദേശീയ വിഷയമാണ്, രാഷ്ട്രീയ വിഷയമല്ല. രാജ്യത്തെ വനിതകളെ ആ സംഭവങ്ങള്‍ ആശങ്കാകുലരാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ. രാജ്യത്തെ വനിതകള്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാന്‍ ഇനിയെങ്കിലും പ്രധാനമന്ത്രി മോദി തയാറാകണം…’ രാഹുല്‍ മാധ്യമങ്ങളോടായി പറഞ്ഞു.
കശ്മീരിലെ കത്വവ, ഉത്തര്‍പ്രദേശിലെ ഉന്നാവ എന്നിവിടങ്ങളില്‍ പീഡനത്തിനിരയായവര്‍ക്കു നീതി ആവശ്യപ്പെട്ടാണു സമരം. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും പ്രദേശവാസികളും പാര്‍ട്ടി പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു. ഡല്‍ഹിയില്‍ അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ‘നിര്‍ഭയ’ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സമരത്തില്‍ പങ്കെടുത്തു.
കത്വ, ഉന്നാവ് ബലാത്സംഗങ്ങളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കശ്മീര്‍ താഴ്വരയില് പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഡല്‍ഹി ജന്തര്‍മന്ദറിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതിനു പിന്നാലെയാണ് മെഴുകുതിരികള്‍ തെളിച്ച് ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തത്.
കത്വ സംഭവത്തില്‍ മനുഷ്യരെന്ന നിലയില്‍ നാം പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി വി.കെ സിങ് അഭിപ്രായപ്പെട്ടിരുന്നു. ബലാത്സംഗത്തിന് ഇരയായ എട്ടുവയസുകാരിക്ക് നീതി നിഷേധിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.
ഉന്നാവ്, കത്തുവ സംഭവങ്ങളില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. സംഭവങ്ങളില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണമെന്ന് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി അഭിപ്രായപ്പെട്ടു. നാളെ മുതല്‍ നിരാഹാര സമരം നടത്തുമെന്ന് ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. സാനിയ മിര്‍സ, ഫര്ഹാന് അക്തര്‍, ജാവേദ് അക്തര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply