Flash News

ഈ നരാധമന്മാര്‍ക്ക് ആര് മാപ്പു കൊടുക്കും ?

April 13, 2018

Asifa-Bano’s-Caseജമ്മു കശ്മീരിലെ കത്തുവായില്‍ കൊടുംക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട എട്ടുവയസ്സുകാരി ആസിഫ മനുഷ്യത്വം വറ്റിയിട്ടില്ലാത്തവരുടെ നെഞ്ചില്‍ നോവായി പടരുകയാണ്. ആസിഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം പുറത്തുവന്നതോടെയാണ് ആ പിഞ്ചു ബാലിക നേരിടേണ്ടി വന്ന കൊടിയ പീഡനം രാജ്യം അറിയുന്നത്. ബ്രാഹ്മണര്‍ മാത്രം താമസിച്ച് പോന്നിരുന്ന ഗ്രാമത്തില്‍ കഴിഞ്ഞിരുന്ന മുസ്ലീം നാടോടി സമൂഹമായ ബക്കര്‍വാളുകളുടെ സംഘത്തില്‍പ്പെട്ടവളായതുകൊണ്ടാണ് ആസിഫയെ നരാധനന്‍മാര്‍ പിച്ചിച്ചീന്തിയത്. മുസ്ലീങ്ങളെ പേടിപ്പിച്ച് ഓടിച്ച് വര്‍ഗശുദ്ധി വരുത്താനായിരുന്നത്രെ ഹിന്ദുബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവരുടെ ഈ ഹീനകൃത്യം.

ആസിഫയുടെ മൃതദേഹം ലഭിച്ചതിനെത്തുടര്‍ന്ന് ബക്കര്‍വാള്‍ സമൂഹം ജമ്മുകശ്മീരില്‍ വ്യാപകമായി പ്രക്ഷോഭം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജനുവരി 22ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച് തുടങ്ങിയതോടെ ചിലരുടെ കാമപൂര്‍ത്തിയ്ക്കപ്പുറം വര്‍ഗീയവിദ്വേഷം കൂടി ആസിഫയെ കൊന്നുതള്ളിയതിന് പിന്നിലുണ്ടായിരുന്നുവെന്ന വസ്തുത പുറത്തുവന്നു. തുടര്‍ന്ന് പ്രതികള്‍ ഓരോരുത്തരായി അറസ്റ്റിലായി. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ഹിന്ദു സമുദായത്തില്‍പ്പെട്ടവരായിരുന്നു. ഇതോടെ പ്രാദേശിക ഹിന്ദുത്വ ഗ്രൂപ്പുകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. കൊലയാളികളെ സംരക്ഷിക്കാന്‍ ‘ഹിന്ദു ഏക്താ മഞ്ച്’ എന്ന പേരില്‍ പുതിയ സംഘടനയ്ക്ക് തന്നെ ഇവര്‍ രൂപം നല്‍കി. കശ്മീരിലെ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ അംഗങ്ങളും ബിജെപി നേതാക്കളുമായ ലാല്‍സിങ്ങിന്‍െയും ചന്ദര്‍പ്രകാശ് ഗംഗയുടെയും നേതൃത്വത്തിലായിരുന്നു സംഘടനയുടെ രൂപീകരണം. കൊല ചെയ്യപ്പെട്ടത് മുസ്ലീമും കൊന്നുവെന്ന് ആരോപണം നേരിടുന്നവര്‍ ഹിന്ദുക്കളുമായതോടെ ഈ കേസ് ഹിന്ദുക്കളും മുസ്ലീംകളും തമ്മിലുള്ള കേസായി മാറി.

88e35db041fb4fa19195c237e2dee4b8_18കേസ് കോടതിയിലെത്താതിരിക്കാന്‍ ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള ജമ്മുകശ്മീര്‍ ബാര്‍ അസോസിയേഷന്‍ പരമാവധി ശ്രമിച്ചിരുന്നു. ക്രൈംബ്രാഞ്ചിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി അഭിഭാഷകര്‍ രംഗത്തിറങ്ങി. പ്രതികള്‍ക്ക് സൗജന്യ നിയമസഹായം നല്‍കുമെന്ന് വരെ അഭിഭാഷകര്‍ പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ ചിലരുടെ ട്രാക്ക് റെക്കോര്‍ഡ് അത്ര നല്ലതല്ലെന്നും സിബിഐ കേസ് ഏറ്റെടുക്കണമെന്ന് വരെ അഭിഭാഷകര്‍ വാദിച്ചു. ഇതിനിടയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

കുറ്റപത്രപ്രകാരം റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് മുഖ്യ സൂത്രധാരന്‍. കൂടാതെ ഇയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും, പ്രായപൂര്‍ത്തിയാകാത്ത സഹോദരീ പുത്രനും, പോലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജുരിയയും കൂട്ടു പ്രതികളാണ്. മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്‌കോണ്‍സ്റ്റബ്ള്‍ തിലക്രാജ്, രസന സ്വദേശിയായ പര്‍വേഷ് കുമാര്‍ എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്………

കഴിഞ്ഞ ജനുവരി 10നാണ് കത്തുവായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായിരുന്നു എട്ട് വയസ്സ് മാത്രമുള്ള ഈ പെണ്‍കുട്ടി. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് മുഹമ്മദ് യൂസഫ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി. ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തുള്ള ഒരു വനപ്രദേശത്തുനിന്നും ലഭിച്ചു. ഇതിനിടയിലുള്ള ദിവസങ്ങളില്‍ കേസ് അന്വേഷിച്ചത് ഹീരാനഗര്‍ സ്റ്റേഷനിലെ ദീപക് ബജൂരിയ എന്ന പൊലീസുദ്യേഗസ്ഥനും സംഘവുമായിരുന്നു. ഇയാളെയാണ് പിന്നീട് ക്രൈംബ്രാഞ്ച് കേസില്‍ പ്രതി ചേര്‍ത്തത്.

റവന്യൂവകുപ്പില്‍ നിന്നും വിരമിച്ച സഞ്ജി റാമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതു മുതല്‍ ബലാത്സംഗം ചെയ്യുന്നത് വരെയുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്. ബക്കര്‍വാള്‍ നാടോടി സംഘത്തെ ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കണമെന്ന പ്രാദേശിക ഹൈന്ദവ സംഘത്തിന്റെ തീരുമാനമായിരുന്നു ഈ ഹീനകൃത്യത്തിന് പിന്നില്‍. സഞ്ജി റാമും മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്.

asifa-bakerwal-girl-rape-and-murder-2എസ്പിഒ ഖജൂരിയയും സുഹൃത്ത് വിക്രമും ചേര്‍ന്ന് പെണ്‍കുട്ടിയെ മയക്കാനുള്ള മരുന്ന് വാങ്ങി. മറ്റൊരാളുടെ കുറിപ്പടി ഉപയോഗിച്ചായിരുന്നു ഇത്. കുതിര കാട്ടിലേക്ക് ഓടിപ്പോയെന്ന് പറഞ്ഞ് സഞ്ജി റാമിന്റെ മരുമകന്‍ ആദ്യം പെണ്‍കുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇയാള്‍ക്കൊപ്പം പ്രതിയായ പര്‍വേശ് എന്ന മന്നുവും ഉണ്ടായിരുന്നു. ഇതിനിടെ അപകടം തിരിച്ചറിഞ്ഞ പെണ്‍കുട്ടി വീട്ടിലേക്ക് ഓടിപ്പോയി. എന്നാല്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് വലിച്ചിഴച്ചു. ഇതോടെ ബോധകെട്ടുപോയ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത പ്രതി അപ്പോള്‍ അവിടെ വെച്ച് തന്നെ ബലാത്സംഗം ചെയ്തു. പിന്നീട് മന്നുവും അവളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ദേവസ്ഥാനത്തെത്തിച്ച് പ്രാര്‍ത്ഥനാമുറിയില്‍ പൂട്ടിയിട്ടു. ഖജൂരിയയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇടയ്ക്കിടെ മുറിയില്‍ കയറി മയക്കാനുള്ള ഗുളിക പെണ്‍കുട്ടിയുടെ വായില്‍ തിരുകി വെള്ളം കുടിപ്പിച്ചുകൊണ്ടേയിരുന്നു.

മീററ്റിലായിരുന്ന വിശാല്‍ ഗംഗോത്രയെ ജനുവരി 11ന് ഇവര്‍ നാട്ടിലേക്ക് വിളിച്ചുവരുത്തി. കാമപൂര്‍ത്തികരണത്തിന് ആഗ്രഹമുണ്ടെങ്കില്‍ നാട്ടിലേയ്ക്ക് വരാനായിരുന്നു പ്രതികളുടെ നിര്‍ദേശം. ജനുവരി 12ന് ആറുമണിയോടെ ഇയാള്‍ ഗംഗോത്ര രസനയിലെത്തി.

ഈ സമയത്താണ് ഖജൂരിയ അടങ്ങുന്ന പൊലീസ് സംഘം പെണ്‍കുട്ടിയ്ക്ക് വേണ്ടിയുള്ള ‘അന്വേഷണം’ ആരംഭിച്ചതും. ജനുവരി 13ന് ദേവസ്ഥാനത്തെത്തിയ വിശാല്‍ ഗംഗോത്രയും സഞ്ജുറാമും മരുമകനും പെണ്‍കുഞ്ഞിന് മേല്‍ ചിലപൂജകള്‍ നടത്തി. തുടര്‍ന്ന് വിശാല്‍ ഗംഗോത്രയും മരുമകനും കുഞ്ഞിനെ ബലാത്സംഗം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദേവസ്ഥാനത്ത് തന്നെ പ്രതികള്‍ മാറിമാറി കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊണ്ടിരുന്നു.

IMG_20180118_230940-1-480x300ഇതിനിടയില്‍ കുട്ടിയെ തേടി മാതാപിതാക്കള്‍ ദേവസ്ഥാനത്തെത്തിയിരുന്നു. സഞ്ജുറാമിനോട് മകളെ കണ്ടോയെന്ന് മാതാപിതാക്കള്‍ ചോദിച്ചെങ്കിലും വല്ല ബന്ധുവീട്ടിലും പോയതാകുമെന്നായിരുന്നു സഞ്ജുറാമിന്റെ മറുപടി. ഇതിനിടയില്‍ ഖജൂരിയയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നതായി ഭാവിച്ച് നടക്കുകയായിരുന്നു. സംഭവം അറിയാമായിരുന്ന പ്രാദേശിക പൊലീസുകാര്‍ക്ക് ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കി വായ് അടപ്പിക്കുകയും ചെയ്തു.

ഒടുവില്‍ 5 ദിവസത്തെ ക്രൂരപീഡനങ്ങള്‍ക്കൊടുവില്‍ പെണ്‍കുട്ടിയെ കൊന്ന് കാട്ടില്‍ തള്ളാന്‍ സഞ്ജുറാം നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്താകാത്ത പ്രതിയും മന്നുവും ഖജൂരിയയും ചേര്‍ന്ന് ദേവസ്ഥാനത്ത് നിന്ന് വനപ്രദേശത്തെ ഒരു കലുങ്കിന്റെ അടിയിലേയ്ക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി. കൊല്ലുന്നതിന് തൊട്ടുമുമ്പ് പൊലീസുകാരനായ ഖജൂരിയ ഒരിക്കല്‍ കൂടി കുട്ടിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ഖജൂരിയ തന്റെ ഇടത്തെ തുട കുട്ടിയുടെ കുഴുത്തില്‍ വച്ച ശേഷം കൈകള്‍ക്കൊണ്ട് കഴുത്തൊടിച്ചു. എന്നിട്ടും മരിക്കാത്ത കുട്ടിയുടെ പുറത്ത് മുട്ടികുത്തിനിന്ന് ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊന്നു. തുടര്‍ന്നും മരണം ഉറപ്പിക്കാന്‍ പാറക്കല്ലുകൊണ്ട് രണ്ട് തവണ ശക്തമായി ഇടിക്കുകയും ചെയ്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top