ഇസ്രയേലിലെ സ്വന്തം നാടുകളിലേക്ക് പോകാന്‍ അഭയാര്‍ഥികളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തില്‍ വീണ്ടും സംഘര്‍ഷം. ഇസ്രയേല്‍- ഗാസ അതിര്‍ത്തിയിലാണ് പലസ്തീന് പ്രക്ഷോഭകരും ഇസ്രയേല്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയത്. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്രയേലിന്റെ കണക്ക് പ്രകാരം പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. സൈന്യം നേരത്തെ നടത്തിയ വെടിവെയ്പില്‍ മുപ്പതോളം പേര് മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ വെടിവെയ്പില്‍ പരിക്കേറ്റ ഹെര്‍സുള്ള (28) വെള്ളിയാഴ്ച്ച മരിച്ചിരുന്നു.
മാര്‍ച്ച് 30 ‘ലാന്‍ഡ് ഡേ’ ആയാണ് പലസ്തീന്‍കാര്‍ ആചരിക്കുന്നത്. 1976ലെ ഇസ്രയേലിന്റെ സ്ഥലം കയ്യേറ്റത്തിനിടെ കൊല്ലപ്പെട്ട ആറു പേരുടെ ഓര്‍മയിലാണ് എല്ലാവര്‍ഷവും ദിനാചരണം. 30 മുതല്‍ ആറാഴ്ചത്തേക്കു പ്രതിഷേധത്തിനായിരുന്നു തീരുമാനം. മേയ് 15ന് സമരം അവസാനിക്കും. വിശുദ്ധവാരത്തോടനുബന്ധിച്ചും അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണു മുതിര്‍ന്നവരും കുട്ടികളും അടക്കം ആയിരക്കണക്കിനു പേര് ഗാസ അതിര്‍ത്തിയില്‍ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുന്നത്.
അതിര്‍ത്തിയിലെ സുരക്ഷാവേലിക്കു സമീപമാണ് അഞ്ച് ക്യാംപുകള്‍ നിര്‍മിച്ചുള്ള പ്രതിഷേധമെന്നതും ഇസ്രയേലിനെ അസ്വസ്ഥരാക്കുന്നു. അതിര്‍ത്തിയോടു ചേര്‍ന്നു പ്രതിഷേധം നടത്തരുതെന്ന് പലസ്തീന് സമരനേതാക്കള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. എന്നാല്‍ ഒട്ടേറെ പേര് ഇതു ലംഘിച്ച് മുന്നോട്ടു പോയതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. അതിര്‍ത്തിയില്‍ ഷാര്‍പ് ഷൂട്ടര്‍മാരെ ഉള്‍പ്പെടെയാണ് ഇസ്രയേല്‍ നിയോഗിച്ചിരിക്കുന്നത്.
പലസ്തീന് സംഘടനയായ ഹമാസും ഇസ്രയേല്‍ വെടിവയ്പിനെതിരെ രംഗത്തെത്തി. ജനങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാതിരിക്കാന്‍ സാധാരണക്കാരെ കൊലപ്പെടുത്തി ഭയപ്പെടുത്താനാണ് ഇസ്രയേലിന്റെ ശ്രമമെന്നു ഹമാസ് ആരോപിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ പൊതുജനമധ്യത്തിലെത്തിയതായി ‘ജറുസലം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. അപൂര്‍വമായി മാത്രമേ യഹ്യ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. അതേസമയം, മേഖലയിലെ അക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ ഹമാസാണെന്നാണ് ഇസ്രയേലിന്റെ ആരോപണം.

Leave a Reply