Flash News

‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്നു വിളിച്ചു കൂവിയാല്‍ പോരാ; അണികളെ മനുഷ്യരാക്കി മാറ്റാന്‍ ശ്രമിക്കൂ; മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഉമ്മന്‍ ചാണ്ടി

April 13, 2018

30729228_10155521487231404_2931378322253681314_nകോട്ടയം: കത്വ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന് നാട് മുഴുവന്‍ ചുമരുകളില്‍ എഴുതി വച്ചതുകൊണ്ടോ, മന്‍ കി ബാത്തിലൂടെ വിളിച്ചു പറഞ്ഞതുകൊണ്ടോ ആയില്ല പ്രിയ പ്രധാനമന്ത്രി, താങ്കള്‍ക്ക് മുദ്രാവാക്യം വിളിക്കുന്നവരാല്‍ ഒരു പാവം പെണ്‍കുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതത്തിലെ വെളിച്ചം എന്നെന്നേക്കുമായി തല്ലിക്കെടുത്തിയ താങ്കളുടെ അനുയായികളെപ്പോലുള്ളവരെ മനുഷ്യരാക്കി മാറ്റുന്നതിനാണ് താങ്കള്‍ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത്’ ഉമ്മന്‍ചാണ്ടി ഫെയ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മകളേ മാപ്പ് …

ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ കാശ്മീരിലെ പിഞ്ചു ബാലികയെ കുറിച്ചുള്ള വാര്‍ത്ത കേള്‍ക്കാന്‍ കഴിയൂ. മനസ്സില്‍ നിറയെ വര്‍ണ്ണങ്ങളും, മുഖത്ത് പുഞ്ചിരിയും, കുസൃതികളുമായി കളിച്ചു നടക്കേണ്ടപ്രായത്തിലാണ് ഒരു കുഞ്ഞിനും വരരുതെന്ന് നാം പ്രാര്‍ത്ഥിക്കുന്ന അവസ്ഥ ഈ ബാലികക്ക് വന്നു ചേര്‍ന്നത്. മതത്തിന്റെ പേരില്‍ ഒരു കൂട്ടം അക്രമികള്‍ ചെയ്തു കൂട്ടിയത് മതേതര ജനാധിപത്യ ഇന്ത്യയിലെ എക്കാലത്തെയും കറുത്ത അധ്യായമാണ്. എത്ര വലിയ ശത്രുത സൂക്ഷിച്ചിരുന്നാലും നിഷ്‌കളങ്കത മാറാത്ത ഒരു എട്ടു വയസുകാരിയെ ദിവസങ്ങളോളം ഭക്ഷണം പോലും നല്‍കാതെ ഇത്തരത്തില്‍ കൊടും ക്രൂരതയ്ക്ക് വിധേയമാക്കി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നത് മൃഗീയം എന്ന് വിശേഷിപ്പിച്ചാല്‍ കുറഞ്ഞു പോകും. മൃഗങ്ങള്‍ പോലും കാടിന്റെ നിയമമനുസരിച്ചേ ജീവിക്കാറുള്ളു, ഇത്തരം നിഷ്ട്ടൂരതയെ വിശേഷിപ്പിക്കാന്‍ ഇനിയും വാക്കുകള്‍ കണ്ടെത്തേണ്ടതുണ്ട്.

‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന് നാട് മുഴുവന്‍ ചുമരുകളില്‍ എഴുതി വച്ചതുകൊണ്ടോ, റേഡിയോവില്‍ മന്‍ കി ബാത്തിലൂടെ വിളിച്ചു പറഞ്ഞത് കൊണ്ടോ ആയില്ല പ്രിയ പ്രധാനമന്ത്രി, താങ്കള്‍ക്ക് മുദ്രാവാക്യം വിളിക്കുന്നവരാല്‍ ഒരു പാവം പെണ്‍കുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതത്തിലെ വെളിച്ചം എന്നെന്നേക്കുമായി തല്ലി കെടുത്തിയ താങ്കളുടെ അനുയായികളെപ്പോലുള്ളവരെ മനുഷ്യരാക്കി മാറ്റുന്നതിനാണ് താങ്കള്‍ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ താങ്കളുടെ ഉപവാസ സമരം നടക്കുമ്പോഴാണ് ഈ വാര്‍ത്തകള്‍ വന്നു തുടങ്ങുന്നത്. അതിനു ശേഷം മണിക്കൂറുകള്‍ പിന്നിട്ടിട്ടും താങ്കള്‍ പാലിക്കുന്ന മൗനമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടുള്ള വെല്ലുവിളി. യൂറോപ്പിലോ അമേരിക്കയിലോ ഉള്ള താങ്കളുടെ സുഹൃത്തുക്കള്‍ക്ക് പിറന്നാള്‍ ആശംസിക്കുമ്പോഴല്ല സ്വന്തം രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുമ്പോള്‍, അവരെ ആശ്വസിപ്പിക്കുമ്പോള്‍ ആണ് താങ്കള്‍ ഒരു മനുഷ്യത്വമുള്ള നേതാവാകൂ.വൈകിയാണെങ്കിലും ഈ നാടൊന്നാകെ ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുമ്പോള്‍ ഈ കിരാത കൃത്യത്തെ ന്യായീകരിക്കാന്‍ അങ്ങയെ അനുകൂലിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ കാണിച്ചു കൂട്ടുന്ന ചെയ്തികള്‍ കാണുമ്പോള്‍ മനസിലാവും സംഘ പരിവാറുകാര്‍ എത്രമേല്‍ ഭീഷണിയാണ് ഈ നാടിന്റെ ഐക്യം തകര്‍ക്കുവാനും, മത മൈത്രി കളങ്കപ്പെടുത്തുന്നതിലും എന്ന്.

മകളേ , നീ അനുഭവിച്ച കഷ്ടതയും,വേദനയും ഇനിയുമൊരു കുട്ടിയുടെയും ജീവിതത്തിലേക്ക് കടന്നു ചെല്ലാതിരിക്കട്ടേ എന്ന പ്രാര്‍ത്ഥനയോടെ അന്ത്യാഞ്ജലി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top