Flash News

ജോണ്‍ ആകശാല – വ്യവസായ പ്രമുഖനായ സമുദായ സ്‌നേഹി വിടവാങ്ങി

April 14, 2018

akasalaന്യൂയോര്‍ക്ക്: ബിസിനസ് മുന്നേറ്റങ്ങള്‍ രാജ്യാന്തര തലത്തിലേക്കും സാമുദായിക പ്രവര്‍ത്തനം അതിരില്ലാത്ത സമര്‍പ്പണത്തിലേക്കും സ്നേഹബന്ധങ്ങള്‍ മനസിലെ ആകാശത്തിലും ഉടവുതട്ടാതെ സൂക്ഷിച്ച ജോണ്‍ ആകശാല വിടവാങ്ങി. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സ്‌നേഹത്തിന്റെ ഓര്‍മ്മത്തിരകളും നൊമ്പരത്തിന്റെ കണ്ണീര്‍പുഷ്പങ്ങളും നല്‍കിക്കൊണ്ടാണ് അറപത്തൊമ്പതാം വയസില്‍ ജോണ്‍ ആകശാലയുടെ വിയോഗം. സഫേണിലെ ഗുഡ്‌ സമരിറ്റന്‍ ഹോസ്പിറ്റലിലില്‍ ഏപ്രില്‍ 14 നായിരുന്നു അന്ത്യം.

പിറവം ആകശാലായില്‍ ചുമ്മാറിന്റേയും മറിയാമ്മയുടെയും അഞ്ചുമക്കളില്‍ ഒന്നാമനായ ജോണ്‍ ആകശാല ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പില്‍ സെക്രട്ടറിയായിരിക്കെയാണ് 1979 ല്‍ അമേരിക്കയിലെത്തുന്നത്. ഔദ്യോഗിക ജീവിതത്തിന്റെ കുപ്പായം ഡല്‍ഹിയില്‍ അഴിച്ചുവച്ച അദ്ദേഹം പിന്നീടൊരിക്കലും അതണിഞ്ഞിട്ടില്ല. വ്യവസായങ്ങള്‍ക്ക് വളക്കൂറുളള അമേരിക്കയില്‍ ബിസിനസ് രംഗത്തേക്കാണ് അദ്ദേഹം തിരിഞ്ഞത്. സൗന്ദര്യ സംരക്ഷണ വസ്തുക്കളുടെ ക്രയവിക്രയങ്ങളിലൂടെ വളര്‍ന്ന ജോണ്‍ ആകശാലയുടെ ബിസിനസ് മുന്നേറ്റം രാജ്യാന്ത അതിര്‍ത്തികള്‍ ഭേദിക്കുന്നതാണ് പില്‍ക്കാലം കണ്ടത്.

ചൈനയടക്കമുളള കിഴക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും വ്യാവസായിക ബന്ധങ്ങള്‍ ഉണ്ടാക്കിയെടുത്ത അദ്ദേഹം ഒരു ട്രാവലിംഗ് ബിസിനസ് മാഗ്‌നറ്റായി വളര്‍ച്ചയുടെ ആകാശാതിര്‍ത്തികള്‍ കണ്ടു.

സാമ്പത്തികാഭിവൃദ്ധി സ്വജീവിത പുഷ്ടിക്കായി മാത്രം മാറ്റിവയ്ക്കുന്ന പ്രകൃതക്കാരനായിരുന്നില്ല ജോണ്‍ ആകശാല. തന്റെ കഴിവുകളും ടാലന്റുകളും സമുദായത്തിനും സമൂഹത്തിനും നല്‍കാന്‍ അദ്ദേഹം എന്നും ഒരുക്കമായിരുന്നു. സ്വസമുദായമായ ക്‌നാനായ കത്തോലിക്കാ വിഭാഗത്തിനാണ് ജോണ്‍ ആകശാല കൂടുതല്‍ സംഭാവനകളര്‍പ്പിച്ചത്.

ഇന്ന് രാജകലയുളള സാമുദായിക സംഘടനയെന്ന തലപ്പാവുളള ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) കുതിച്ചോട്ടത്തിന് കടിഞ്ഞാണ്‍ വലിച്ചത് ജോണ്‍ ആകശാലയാണെന്നു വിശേഷിപ്പിക്കാം. 1986 ല്‍ ന്യൂയോര്‍ക്കില്‍ സഭയുടെ പിതാമഹനായ മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ആശീര്‍വാദത്തോടെയാണ് കെ.സി.സി.എന്‍.എയ്ക്ക് തുടക്കമിട്ടെങ്കിലും അമേരിക്കയാകമാനം വേരോട്ടമുളള സംഘടനയായി വളരുന്നത് ജോണ്‍ ആകശാലയുടെ കാലത്താണ്. 1991 ല്‍ കെ.സി.സി. എന്‍ ഭരണഘടന ഭേദഗതി ചെയ്ത് ഒരു അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കിയപ്പോള്‍ ജോണ്‍ ആകശാലയായിരുന്നു ചെയര്‍മാന്‍. ജോസ് കണിയാലി വൈസ് ചെയര്‍മാനും. പിറ്റേ വര്‍ഷം 1992 ല്‍ ചിക്കാഗോയില്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ച് മൂന്നു വര്‍ഷത്തേക്ക് ജോണ്‍ ആകശാലയെ കെ.സി.സി.എന്‍.എ പ്രസിഡന്റായി തിരഞ്ഞെടുത്തു. ജോസ് കണിയാലി ജനറല്‍ സെക്രട്ടറി.

സംഘടനാ മികവിന്റെ പ്രബല വ്യക്തിത്വങ്ങള്‍ നേതൃനിരയില്‍ ഒന്നിച്ചപ്പോള്‍ അതിന്റെ ചടുലതയും സംഘടനയില്‍ പ്രകടമായി. അമേരിക്കയിലെ പല നഗരങ്ങളും സന്ദര്‍ശിച്ച് ക്‌നാനായ സംഘടനകളെ കൂട്ടിയിണക്കിയ ജോണ്‍ ആകശാലയുടെ ഭരണകാലത്ത് പതിനൊന്ന് പ്രാദേശിക അസോസിയേഷനുകളാണ് കെ.സി.സി.എന്‍.എയുടെ ഭാഗമായത്. ആളു കൊണ്ടും അര്‍ത്ഥം കൊണ്ടും കെ.സി.സി.എന്‍.എ പടിപടിയായി ഉയരുന്നതും ഒരു മഹാവൃക്ഷമായി മാറുന്നതുമാണ് പിന്നീട് കണ്ടത്. ജോണ്‍ ആകശാലയുടെ നേതൃത്വത്തില്‍ 1993 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന കണ്‍വന്‍ഷന്‍ അതുവരെയുളള സമുദായ കൂട്ടായ്മയുടെ പാരമ്പര്യങ്ങളെ തിരുത്തിയെഴുതുന്നതായിരുന്നു.

അമേരിക്കയിലെ പലയിടങ്ങളിലായി അധിവസിക്കുന്ന ക്‌നാനായ സമുദായാംഗങ്ങള്‍ക്ക് ഒത്തുചേരാനുളള പൊതു പ്ലാറ്റ്‌ഫോമായി കെ.സി.സി.എന്‍.എ മാറി. ഒത്തുചേര്‍ന്നവര്‍ ഒത്തുപിടിച്ച കെ.സി.സി.എന്‍.എ എന്ന കപ്പല്‍ ഇന്നും മുന്നോട്ടു തന്നെ. ആറായിരത്തോളം പേര്‍ പങ്കെടുക്കുന്ന മഹാസമ്മേളനങ്ങള്‍ കാഴ്ച വയ്ക്കുന്ന ക്‌നാനായ കണ്‍വന്‍ഷനെ വെല്ലുന്ന ഒരു കണ്‍വന്‍ഷനും അമേരിക്കയിലെ ഭൂമി മലയാളത്തിലുണ്ടായിട്ടില്ല.

വലംകൈ സമുദായത്തിനാണെങ്കിലും സാമൂഹിക സംഘടനകള്‍ക്കു നേരെ കൈമലര്‍ത്തുന്ന പ്രകൃതക്കാരനായിരുന്നില്ല ജോണ്‍ ആകശാല. ഫൊക്കാന, ഫോമ എന്നീ സംഘടനകളുമായി തുല്യ സൗഹൃദം അദ്ദേഹം പാലിച്ചു. അവര്‍ക്കു വേണ്ടുന്ന സംഭാവനകളും സേവനങ്ങളും നല്‍കി. ജോണ്‍ ആകശാലയുടെ സൗഹൃദം ഏറ്റവും കൂടുതല്‍ അനുഭവിച്ച മറ്റൊരു സംഘടനയാണ് അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്‌ ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക. ഇന്ത്യ പ്രസ്‌ ക്ലബ്ബിന്റെ ഇതുവരെ നടന്ന കോണ്‍ഫറന്‍സുകളുടെ സ്‌പൊണ്‍സമാരിലൊരാളായിരുന്നു ജോണ്‍ ആകശാല.

കുടുംബബന്ധങ്ങള്‍ക്കും സുഹൃദ്ബന്ധങ്ങള്‍ക്കും ജോണ്‍ ആകശാല പവന്‍മാറ്റ് വില കല്‍പ്പിച്ചിരുന്നു. കുടുംബത്തിലെ മൂത്തയാളായി നിന്ന് എല്ലാവരെയും അമേരിക്കയിലെത്തിച്ച അദ്ദേഹത്തിന് പിതാവിന്റെ സ്ഥാനം നല്‍കിയാണ് സഹോദരങ്ങള്‍ ബഹുമാനിച്ചത്.

സുഹൃദ്ബന്ങ്ങളെ ഊതിക്കാച്ചിയെടുക്കാന്‍ അദ്ദേഹത്തിനുളള കഴിവ് കാല്‍നൂറ്റാണ്ടിലേറെക്കാലം സുഹൃത്തായ ബേബി ഊരാളില്‍ അനുസ്മരിച്ചു.

ഒരിക്കല്‍ പോലും മുഷിഞ്ഞൊരു ഭാവം അദ്ദേഹത്തില്‍ കണ്ടിട്ടില്ല. എന്തിനും ഏതിനും വിട്ടുവീഴ്ച ചെയ്യാനും മടിയില്ല. ജോണ്‍ ആകശാല, തമ്പി കുഴിമറ്റത്തില്‍, സ്റ്റീഫന്‍ ഊരാളില്‍, മാത്യു അത്തിമറ്റത്തില്‍, ബേബി ഊരാളില്‍ എന്നീ അഞ്ചുപേരടങ്ങുന്ന സൗഹൃദകൂട്ടായ്മ ന്യൂയോര്‍ക്കില്‍ മാത്രമല്ല മറ്റിടങ്ങളിലും പ്രസിദ്ധമാണ്. ഇവരൊന്നിച്ചാണ് വെക്കേഷന് പോവുക. അത് നാട്ടിലേക്കായാലും മറ്റു രാജ്യങ്ങളിലേക്കായാലും. മാസത്തിലൊരിക്കലെങ്കിലും ഒന്നിച്ചു കൂടുന്ന അഞ്ചു കൈപ്പത്തി വിരലുകളെപ്പോലുളള ഈ സൗഹൃദവലയത്തിലെ ഒന്നാണ് അടര്‍ന്നു വീണത്.

എല്‍സിയാണ് ജോണ്‍ ആകശാലയുടെ ഭാര്യ. അകാലത്തില്‍ വേര്‍പിരിഞ്ഞ ജെഫ്രി, ജിമ്മി എന്നിവരാണ് മക്കള്‍. ടിന്റവാണ് ജിമ്മിയുടെ ഭാര്യ. ഇവരിലൂടെ ഒരു ചെറുമകനുമുണ്ട് ജോണ്‍ ആകശാലക്ക്.

റോക്‌ലന്‍ഡിലെ ക്‌നാനായ കാത്തലിക് സെന്ററില്‍ ഏപ്രില്‍ 18 ബുധനാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ വേക്ക് സര്‍വീസ്. പിറ്റേന്ന് സംസ്‌കാരം.

ടാജ് മാത്യു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top