Flash News

വീണ്ടും കരിമ്പുലികളുടെ പൊലീസ് വാഴ്ച (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

April 15, 2018

Kerala-Police bannerഎറണാകുളം ജില്ലയില്‍ വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം രാജന്‍കേസ് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുന്നു. അതോടൊപ്പം പൊലീസ് ഭരണത്തിലെ പുതിയ രാഷ്ട്രീയ ഇടപെടലുകളും പുറത്തുകൊണ്ടുവരുന്നു.

ഇന്ത്യയാകെ ഒരു ലോക്കപ്പ് മുറിയായി മാറിയ അടിയന്തരാവസ്ഥയിലാണ് പൊലീസ് കസ്റ്റഡിയില്‍ രാജന്‍ മരണപ്പെട്ടത്. നിരീക്ഷണക്യാമറകള്‍ പലവഴിക്കും തുറന്നുപിടിച്ചിട്ടുള്ള ജനാധിപത്യത്തിന്റെ നട്ടുച്ചയിലാണ് വീട്ടില്‍നിന്ന് അര്‍ദ്ധരാത്രി പൊലീസ് പിടിച്ചിറക്കിക്കൊണ്ടുപോയ ശ്രീജിത്ത് അതിക്രൂരമായ മര്‍ദ്ദനമേറ്റ് ആന്തരാവയവങ്ങള്‍ തകര്‍ന്ന് കൊല്ലപ്പെടുന്നത്.

Photo1രാജന്‍ കേസിലെന്നപോലെ നിരപരാധിയായ ഒരു യുവാവിനെ പ്രതിയെന്നുകരുതി കുറ്റം സമ്മതിപ്പിക്കാന്‍ പീഢിപ്പിച്ചു കൊല്ലുകയായിരുന്നു പൊലീസ് ശ്രീജിത്തിനെ. രാജനെ കസ്റ്റഡിയില്‍ എടുത്തില്ലെന്ന് ഹൈക്കോടതിയില്‍ അന്ന് സത്യവാങ്മൂലം നല്‍കി പൊലീസ് മേധാവികളും ആഭ്യന്തരവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പില്‍ക്കാല മുഖ്യമന്ത്രി കെ. കരുണാകരനും. ശ്രീജിത്തിന്റെ കാര്യത്തിലാകട്ടെ നിരപരാധിയെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു കൊന്നെന്ന ഗുരുതരമായ അപരാധം മറച്ചു പിടിക്കാനാണ് ശ്രമം നടന്നത്. ആത്മഹത്യാകേസില്‍ പൊലീസിനു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തതായിരുന്നു എന്ന് കള്ളത്തെളിവ് ചമച്ചത്. അതിന് ഉന്നത പൊലീസ് മേലധികാരികള്‍ സംരക്ഷ നല്‍കിയത്. ആദ്യ ദിവസങ്ങളില്‍ മൗനത്തിന്റെ കയ്യൊപ്പുവെച്ച് മുഖ്യമന്ത്രി ആധികാരികത പകര്‍ന്നത്.

അടിയന്തരാവസ്ഥയ്ക്കു മുമ്പുതന്നെ കെ കരുണാകരന്‍ കൈകാര്യം ചെയ്തിരുന്ന പൊലീസില്‍ രൂപപ്പെട്ട അപകടകരമായ ഒരു പ്രതിഭാസമാണ് അടിയന്തരാവസ്ഥയിലെ കക്കയത്തടക്കമുള്ള പീഢന പൊലീസ് ക്യാമ്പുകള്‍ കൊലക്കളങ്ങളാക്കി മാറ്റിയത്. അതേ പ്രതിഭാസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന പൊലീസ് സേനയിലും പ്രത്യക്ഷപ്പെട്ടതായി ശ്രീജിത്തിന്റെ മരണം വെളിപ്പെടുത്തുന്നു.

കെ കരുണാകരന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയായിരിക്കെ തനിക്കു വിശ്വസ്തരായ ഉദ്യോഗസ്ഥരെയാണ് പൊലീസിന്റെ തലപ്പത്ത് ജില്ലകളിലും സംസ്ഥാനതലത്തിലും നിയോഗിച്ചിരുന്നത്. ക്രൈംബ്രാഞ്ച് മേധാവി ജയറാം പടിക്കല്‍ മുതല്‍ എസ്.പി ലക്ഷ്മണവരെയുള്ളവരെ. ഇവര്‍ തങ്ങളോടുമാത്രം വിധേയത്വമുള്ള ഒരു ‘സൂപ്പര്‍ പൊലീസ് ഫോഴ്‌സ്’ സേനയില്‍ സമാന്തരമായി രൂപപ്പെടുത്തി.

അന്ന് കോഴിക്കോട് എസ്.പി ആയിരുന്ന കെ ലക്ഷ്മണ രൂപീകരിച്ച ടൈഗര്‍സ്‌ക്വാഡിന്റെ മേധാവിയായിരുന്നു പുലിക്കോടന്‍ നാരായണന്‍. അടിയന്തരാവസ്ഥയില്‍ കക്കയം പൊലീസ് സ്റ്റേഷന്‍ നക്‌സലൈറ്റുകള്‍ ആക്രമിച്ചതിന്റെ ഞെട്ടലില്‍ ജയറാം പടിക്കലും മധുസൂദനനും ലക്ഷ്മണയും കക്കയം കെ.എസ്.ഇ.ബിയിലെ നിരോധിതമേഖലയില്‍ മര്‍ദ്ദന ക്യാമ്പ് തുറന്നു. കോഴിക്കോട്ടെ ടൈഗര്‍സ്‌ക്വാഡിന്റെ വിവാദതലവന്‍ പുലിക്കോടനെ വിളിച്ചുവരുത്തി കക്കയത്തെ ഉരുട്ടല്‍ കേന്ദ്രത്തിന്റെ ചുമതലയേല്‍പ്പിച്ചു. ഇതിന്റെ രക്തസാക്ഷിയായത് ആര്‍.ഇ.സി വിദ്യാര്‍ത്ഥി പി രാജനാണ്.

വരാപ്പുഴയില്‍ ശ്രീജിത്തിന്റെ ജീവനെടുത്തത് എറണാകുളം റൂറല്‍ എസ്.പി രൂപീകരിച്ച ‘റൂറല്‍ ടൈഗര്‍ ഫോഴ്‌സി’ലെ അംഗങ്ങളാണ്. വരാപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിക്കും അവിടെവെച്ചും അവര്‍ നടത്തിയ മൂന്നാംമുറയാണ് മരണകാരണം. ശ്രീജിത്തിന് ശരീരത്തില്‍ പതിനെട്ട് മുറിവുകളും ആന്തരിക അവയവങ്ങളില്‍ മാരക മുറിവുകളും ഏറ്റിരുന്നു. ചെറുകുടല്‍ വേറിട്ട നിലയിലായിരുന്നു. മരണാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്.

sreejith-varapuzha.jpg.image.784.410സുപ്രിം കോടതി നിര്‍ദ്ദേശമനുസരിച്ച് കസ്റ്റഡി മരണത്തിനു കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റം ചുമത്തി കേസെടുക്കേണ്ടതായിരുന്നു. പക്ഷെ, അവരെ കേസന്വേഷണ ചുമതലയില്‍ തുടരാനനുവദിക്കുകയാണ് ചെയ്തത്. ഇപ്പോഴും ശിക്ഷയല്ലാത്ത സസ്‌പെന്‍ഷനാണവര്‍ക്ക്. അതും രണ്ടുഘട്ടമായി.

രാജന്‍ സംഭവത്തിലുണ്ടാകാതിരുന്ന ഒരു പുതിയ രാഷ്ട്രീയ പ്രതിഭാസം ശ്രീജിത്തിന്റെ പൊലീസ് ഹത്യയില്‍ നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ സി.പി.എം പൊലീസ് ഭരണത്തില്‍ നേരിട്ട് ഇടപെടുന്നത് പുറത്തുവന്നിരിക്കുന്നു. കൊലയ്ക്കും കള്ളത്തെളിവ് സൃഷ്ടിക്കുന്നതിനും പാര്‍ട്ടി കൂട്ടുനില്‍ക്കുന്നതായി.

സമഗ്രമായി ഇക്കാര്യങ്ങള്‍ പരിശോധിക്കാം. വരാപ്പുഴയില്‍ മത്സ്യത്തൊഴിലാളി കെ.എം വാസുദേവന്‍ ആത്മഹത്യചെയ്തത് വീട്ടില്‍ ഒരുസംഘം കടന്നുചെന്ന് ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു. അതിലെ പ്രതികളിലൊരാളെന്ന നിലയിലാണ് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ശ്രീജിത്തിനെ അര്‍ദ്ധരാത്രി ടൈഗര്‍സ്‌ക്വാഡ് പിടിച്ചുകൊണ്ടുപോയത്. ശ്രീജിത്ത് കൊല്ലപ്പെട്ടതോടെ അയാള്‍ കുറ്റവാളിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസിനെ സഹായിച്ചത് ജില്ലയിലെ സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട ഒരു നേതാവാണെന്ന കാര്യവും പുറത്തുവന്നു.

ശ്രീജിത്തിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ പൊലീസ് പ്രതിരോധം തീര്‍ത്തത് പ്രദേശവാസിയായ പി.കെ പരമേശ്വരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തെന്നാണ്. സ്ഥലത്തെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും കയറ്റിറക്കു തൊഴിലാളിയുമാണ് പി.കെ പരമേശ്വരന്‍.

താന്‍ സ്ഥലത്തില്ലായിരുന്നെന്നും ദൃക്‌സാക്ഷിയല്ലെന്നും പൊലീസിനു മൊഴിനല്‍കിയിട്ടില്ലെന്നും പരമേശ്വരന്‍ വെളിപ്പെടുത്തി. ഒരു തൊഴിലാളിയുടെ ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ് പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രിയുടെ പൊലീസിനെതിരെ തുറന്നുപറയാന്‍ പരമേശ്വരനെ പ്രേരിപ്പിച്ചതെന്ന് വ്യക്തം.

സംഭവസ്ഥലത്തില്ലാത്ത പരമേശ്വരന്റെ മൊഴി പൊലീസ് രക്ഷാകവചമായി സ്വയം ഉപയോഗപ്പെടുത്തില്ല എന്നതു വ്യക്തമാണ്. അടിയന്തര സാഹചര്യത്തില്‍ പൊലീസുകാരായ പ്രതികളെ രക്ഷപെടുത്തേണ്ട വ്യഗ്രതയില്‍ ജില്ലയിലെ സി.പി.എം നേതൃത്വത്തില്‍നിന്നുള്ള സഹായമില്ലാതെ ഇത് നടക്കില്ല.

dc-Cover-epf43omrkjm99el9qajl9115j4-20180414023910.Mediഅത് ബോധ്യപ്പെടുത്തുന്നതാണ് പരമേശ്വരന്റെ മകന്‍ പിന്നീടുനടത്തിയ വെളിപ്പെടുത്തല്‍. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ വീട്ടില്‍വന്ന് പരമേശ്വരനെ പിന്നീടു കണ്ടെന്നും പുറത്തെവിടെയോ കൊണ്ടുപോയി മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും. മുകളില്‍നിന്നുള്ള സമ്മര്‍ദ്ദമനുസരിച്ച് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായ പരമേശ്വരന് പൊലീസ് ചമച്ച വ്യാജമൊഴി ദിവ്യഗര്‍ഭംപോലെ ഏറ്റെടുക്കേണ്ടിവന്നെന്നു വ്യക്തം.

രണ്ടോമൂന്നോ പൊലീസുകാരുടെ മാത്രം കൈഅബദ്ധമായിരുന്നെങ്കില്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയിലുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും അവധിയിലായിട്ടും അര്‍ദ്ധരാത്രി വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ എസ്.ഐയും ലോക്കപ്പ് മര്‍ദ്ദനത്തിനു മൂകസാക്ഷികളാകുമായിരുന്നില്ല. കൊലപാതക ക്കേസില്‍ പ്രതികളാക്കേണ്ട പൊലീസ് പുലികളെ സംരക്ഷിക്കാന്‍ വഴിവിട്ട് പ്രവര്‍ത്തിക്കുമായിരുന്നില്ല. ഒരുപക്ഷെ, കസ്റ്റഡി കൊലപാതകത്തിലേക്ക് പൊലീസിനെ നയിച്ചതുപോലും വാസുദേവന്റെ ആത്മഹത്യാകേസില്‍ സ്ഥലത്തെ പ്രധാന ദിവ്യന്‍ ആദ്യംമുതലേ ഇടപെട്ടതുകൊണ്ടാകാം.

ക്രമസമാധാന പ്രശ്‌നവുമായി ബന്ധപ്പെട്ട് കേരളത്തിലിപ്പോള്‍ പൊലീസ് മന്ത്രിയുടെ പാര്‍ട്ടിക്കാരുടെ ഇടപെടല്‍ വ്യാപകമാകുകയാണ്. വ്യാജപ്രതികളെ നല്‍കി യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കുന്ന കണ്ണൂര്‍ ശൈലി പാര്‍ട്ടി സഖാക്കളെ ഉപയോഗിച്ച് കള്ളത്തെളിവുകള്‍ ചമച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷപെടുത്താനും ഉപയോഗപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ കാലത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ആക്ഷേപിച്ച സെല്‍ഭരണം മറ്റൊരു രീതിയില്‍ ഇപ്പോള്‍ വ്യാപകമാകുകയാണെന്ന് പറയേണ്ടിവരും.

രണ്ടുദിവസത്തെ മൗനത്തിനുശേഷം ഒരു പൊതുയോഗത്തില്‍ ശ്രീജിത്തിന്റെ മരണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് ശ്രദ്ധിക്കുക: ‘കര്‍ക്കശമായി കൈകാര്യം ചെയ്യും. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട.’

imageവാസുദേവന്റെ ആത്മഹത്യ സംബന്ധിച്ച കേസ് കര്‍ക്കശമായി കൈകാര്യം ചെയ്തു. അതിന്റെ തുടര്‍ച്ചയായുണ്ടായ കസ്റ്റഡിമരണവും അങ്ങനെ കൈകാര്യംചെയ്യും. ഈ സംഭവങ്ങളുടെ പേരില്‍ സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട എന്നാണ് മുഖ്യമന്ത്രിയുടെ താക്കീത്.

കര്‍ക്കശമായി കൈകാര്യംചെയ്യുന്ന നയം അടിയന്തരാവസ്ഥയുടെ ഭാഗമായി വന്ന കെ. കരുണാകരന്റെ പൊലീസ് നയമാണ്. സുപ്രിംകോടതിയും മനുഷ്യാവകാശ കമ്മീഷനുകളും ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടുള്ള മനുഷ്യന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ശാസ്ത്രീയ കുറ്റാന്വേഷണമാണ് പൊലീസില്‍നിന്നും ഉണ്ടാകേണ്ടത്. പകരം മുന്‍വിധിയോടെ കേസുകള്‍ കൈകാര്യംചെയ്യുകയും പൗരന്റെ ജീവനെടുക്കുകയും അനീതി നടപ്പാക്കുകയുമാണ് ചെയ്യുന്നത്. യു.പിയില്‍ ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെട്ട ബലാത്സംഗ കേസില്‍ ഇരയുടെ അച്ഛനെ തല്ലിക്കൊന്ന യു.പി പൊലീസിന്റെ കാര്‍ക്കശ്യവും പിണറായി പൊലീസിന്റെ കാര്‍ക്കശ്യവും ഒരുപോലെ.

ലോക്കപ്പ് മര്‍ദ്ദനങ്ങളേറ്റ് രക്തസാക്ഷികളായവരുടെ പാര്‍ട്ടിയാണ് ആദ്യകാല സി.പി.എം. പിണറായി വിജയനും ലോക്കപ്പിന്റെ കാര്‍ക്കശ്യം ഒരുവട്ടം അനുഭവിച്ചിട്ടുണ്ട്. ലോകശ്രദ്ധയില്‍വരെ എത്തിയ മനുഷ്യാവകാശ പ്രശ്‌നമായിരുന്നു പി രാജന്റെ കസ്റ്റഡിമരണം. തന്റെ അനുഭവം മറ്റൊരു പിതാവിനും കുടുംബത്തിനും ഉണ്ടാകരുതെന്ന് ഈച്ചരവാര്യര്‍ നെഞ്ചുപൊട്ടി പറഞ്ഞിട്ടും അതിപ്പോഴും ആവര്‍ത്തിക്കുകയാണ്. കേരളത്തില്‍ ജനപക്ഷ പൊലീസ്‌നയം ആവിഷ്‌ക്കരിച്ച ഇ.എം.എസ് ഗവണ്മെന്റില്‍നിന്ന് ഊര്‍ജ്ജം ആവാഹിച്ച പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെ ഭരണത്തില്‍പോലും.

മനുഷ്യത്വത്തോടെ നിയമാനുസൃതം പൊലീസ് പെരുമാറണമെന്ന് ബോധ്യപ്പെടുത്താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം കഴിഞ്ഞദിവസം ഡി.ജി.പിക്കു വിളിക്കേണ്ടിവന്നു. അതിനെ പരിഹസിക്കുകയും വെല്ലുവിളിക്കുകയുമാണ് ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിലൂടെ കേരളം കണ്ടത്.

image_InPixio

The Rural Tiger Force SP AV George

അതാണ് മാധ്യമങ്ങളും മനുഷ്യാവകാശ കമ്മീഷനുമടക്കം വിമര്‍ശിച്ച് രംഗത്തെത്തിയത്. പൊലീസുകാര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കാത്തതിലും തെളിവു നശിപ്പിക്കാന്‍ അവര്‍ക്ക് അവസരം നല്‍കിയതിലും ശക്തമായ വിമര്‍ശനമുയര്‍ന്നത്. എന്നിട്ടും മുഖ്യമന്ത്രി സ്വയം ന്യായീകരിക്കുകയും ഗവണ്മെന്റിനെതിരെ അപവാദമുയര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. സര്‍ക്കാര്‍ സ്വയം വരുത്തിവെക്കുന്ന അപകീര്‍ത്തി മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച്.

പൗരന്റെ മൗലികാവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് മുന്‍ പൊലീസ്‌മേധാവി ജേക്കബ് പുന്നൂസ് പറയുന്നതും എത്ര നിര്‍ദ്ദേശിച്ചിട്ടും ഓഫീസര്‍മാര്‍ക്ക് മനസിലാകുന്നില്ല എന്ന് ക്രൈം ഡി.ജി.പി മുഹമ്മദ് യാസിന്‍ കണ്ണീരൊഴുക്കുന്നതും മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പിന്റെ ഭരണത്തിന്റെ പരാജയമാണ്.

പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുമ്പോള്‍ കേരളത്തില്‍ നാല് കസ്റ്റഡിമരണം ഉണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. ഒമ്പതാണെന്ന് അനൗദ്യോഗിക കണക്ക്. ഇത് വിഷയത്തിന്റെ ഒരുവശം. ക്രിമിനല്‍കേസില്‍ പ്രതികളായി 837 ഉദ്യോഗസ്ഥര്‍ പൊലീസിലുണ്ട്. വിജിലന്‍സ് കേസ് നേരിടുന്ന 59 പേരും. ഇതില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ മുതല്‍ സിവില്‍ ഓഫീസര്‍മാര്‍വരെ ഉള്‍പ്പെടുന്നു.

ആരോപണങ്ങള്‍ക്ക് വിധേയരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ കൊണ്ടുവരുന്നു. ഭരണനേതൃത്വത്തോട് ഒട്ടിനില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കുന്നു. അല്ലാത്തവരെ പന്തുതട്ടി കളിക്കുന്നു. ഒരുവിഭാഗം പൊലീസ് മേധാവികളെ പ്രീണിപ്പിക്കുകയും കയറഴിച്ചു വിടുകയും ചെയ്യുന്നതിനെതിരെ ഡി.ജി.പി പദവിയിലുള്ള ഋഷിരാജ് സിംഗിനെപ്പോലുള്ളവര്‍ പരാതിപ്പെടുന്നു.

എല്‍.ഡി.എഫ് പ്രതിപക്ഷത്തിരുന്ന് മന്ത്രി മാണിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളിലെ കേസുകള്‍ ഭരണത്തിലിരുന്ന് അവര്‍തന്നെ ഒത്തുകളിച്ചില്ലാതാക്കുന്നു. അഴിമതിക്കാരെയും വന്‍കിട നിയമലംഘകരേയും രക്ഷിക്കാന്‍ ഭരണ-പ്രതിപക്ഷ കൂട്ടുകെട്ട് രൂപപ്പെട്ടിരിക്കുന്നു.

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പൊലീസ്‌കാര്യ ഉപദേശകര്‍ക്കും രാഷ്ട്രീയകാര്യ സെക്രട്ടറിക്കും തോന്നുന്നതാണ് അപ്പപ്പോഴത്തെ പൊലീസ്‌നയം. സുപ്രിംകോടതി വിധികള്‍ക്കും മാര്‍ഗരേഖകള്‍ക്കും നിയമകമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ക്കും പുല്ലുവില. എല്‍.ഡി.എഫ് മുഖ്യമന്ത്രി കരുണാകരന്‍ ചമയുമ്പോള്‍ അങ്ങനെയേ വരൂ. പൊലീസ്ഭരണം നിയമവിരുദ്ധവും ജനവിരുദ്ധവുമാകുമ്പോള്‍ മുഖ്യമന്ത്രിക്കു ഭരണച്ചുമതല നല്‍കിയ സി.പി.എം എന്തുചെയ്യുന്നു എന്നാണ് ചോദിക്കേണ്ടിവരുന്നത്.

സി.പി.എംകൂടി ചേര്‍ന്ന ഒരു കൂട്ടുരാഷ്ട്രീയ കച്ചവടമാണ് പൊലീസിനെ ഉപയോഗിച്ച് കേരളത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ചേര്‍ന്ന് നടത്തുന്നതെന്ന് അപ്പോള്‍ നാം തിരിച്ചറിയു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top