- Malayalam Daily News - http://www.malayalamdailynews.com -

വിശ്വാസം നഷ്ടപ്പെടുന്ന ഇന്ത്യന്‍ ജുഡീഷ്യറി (എഡിറ്റോറിയല്‍)

Column-4-696x464ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഈ അടുത്ത കാലത്ത് സുപ്രീം കോടതി ജസ്റ്റിസുമാര്‍ പത്രസമ്മേളനം വിളിച്ചുകൂട്ടുകയും ചീഫ് ജസ്റ്റിസിനെതിരായി ചില ആരോപണങ്ങള്‍ മാധ്യമങ്ങളോട് തുറന്നു പറയുകയും ചെയ്തത്. സുപ്രീം കോടതിയിലെ നാലു ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഗൗരവമായ ആരോപണങ്ങളാണ് ഉന്നയിച്ചതെങ്കിലും അതിനുശേഷം വലിയ ചലനങ്ങളൊന്നും കണ്ടില്ല. എന്നാല്‍ ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്യുന്നതിനുള്ള ഇംപീച്ച്മെന്‍റ് നോട്ടീസ് രാജ്യസഭയിലെത്തിയിരിക്കുന്നു. പ്രതിപക്ഷത്തെ അറുപത് എംപിമാര്‍ ഒപ്പിട്ട ഈ നോട്ടീസിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവാണ്. ഇന്നോളം സുപ്രീം കോടതിയിലെ ഒരു ജഡ്ജിക്കെതിരേയും ഇംപീച്ച്മെന്‍റ് പ്രമേയം പാര്‍ലമെന്‍റ് പരിഗണിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദിപക് മിശ്ര ചുമതലയേറ്റത്. ഈ വര്‍ഷം ഒക്റ്റോബര്‍ രണ്ടു വരെ അദ്ദേഹത്തിനു കാലാവധിയുമുണ്ട്. കാലാവധി അവസാനിക്കുന്നതിനു മുന്‍പ് അദ്ദേഹം പദവി ഒഴിയുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. അത്രത്തോളമാണ് അദ്ദേഹത്തിനെതിരേ ഉയരുന്ന ആരോപണങ്ങള്‍. പ്രധാന കേസുകള്‍ വിഭജിച്ചു നല്‍കുന്നതില്‍ വിവേചനം കാട്ടുന്നു എന്നതടക്കം, ചീഫ് ജസ്റ്റിസിനെതിരേ സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജസ്റ്റിസുമാര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ജഡ്ജിമാരില്‍ തുല്യരില്‍ ഒന്നാമന്‍ മാത്രമാണു ചീഫ് ജസ്റ്റിസ് എന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി‍യോടെ ഈ വിവാദം അവസാനിച്ചു.

എന്നാല്‍, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ട പ്രത്യേക സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് പല കോണുകളില്‍ നിന്നും സംശയമുയരുന്നുണ്ട്. ഇതിനിടെയാണ് മരണത്തെക്കുറിച്ച് ഇനി ഒരന്വേഷണവും വേണ്ടെന്നും ലോയ കേസിലെ മുഴുവന്‍ വ്യവഹാരങ്ങളും ഇതോടെ അവസാനിച്ചതായും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് കഴിഞ്ഞ ദിവസം വിധിച്ചത്. ഇതില്‍ പ്രകോപിതരായി പ്രതിപക്ഷം, ചീഫ് ജസ്റ്റിസിനെതിരേ ഇംപീച്ച്മെന്‍റ് നീക്കം കൂടുതല്‍ ശക്തമാക്കുകയായിരുന്നു. വിധിന്യായങ്ങള്‍ വിമർശിക്കപ്പെടുമ്പോഴും വിധികര്‍ത്താക്കള്‍ക്കു നിയമ സംരക്ഷണം നല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കോടതി വിധികളും ജഡ്ജിമാരും ഒരുപോലെ വിമര്‍ശിക്കപ്പെടുന്ന സാഹചര്യം വളരെ അസാധാരണമാണ്. അതാണിപ്പോള്‍ സുപ്രീം കോടതിക്കു മുകളില്‍പ്പോലും നിഴല്‍ വീഴ്ത്തുന്നത്.

2002ലെ ഗുജറാത്ത് കലാപത്തിന്‍റെ ഭാഗമായി നടന്ന നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് മന്ത്രിയും ബിജെപി നേതാവുമായ മായാ കോഡ്നാനിയെ കുറ്റവിമുക്തയാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധിയും ഹൈദരാബാദിലെ മക്ക മസ്ജിദ് സ്ഫോടനക്കേസിലെ പ്രതികളെ വെറുതേ വിട്ടശേഷം ജഡ്ജി രാജിവച്ചതുമൊക്കെ കോടതികളിലെ ഇത്തരം അസാധാരണ നടപടികളായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഏതു കാരണത്താലായാലും കോടതികളുടെ വിശ്വാസ്യതയ്ക്കു നേരിയ മങ്ങല്‍ പോലുമുണ്ടാകാന്‍ അവസരമൊരുക്കരുത്. രാജ്യത്തു ജനാധിപത്യം ദുര്‍ബലപ്പെട്ടപ്പോഴും ജനങ്ങള്‍ക്കു മേല്‍ ശക്തമായ സംരക്ഷണ വലയം തീര്‍ത്തതു നമ്മുടെ കോടതികളാണെന്ന വസ്തുത മറക്കാന്‍ പാടില്ല. സുപ്രീം കോടതി‍യിലെ ചില ജഡ്ജിമാരുടെയും പാര്‍ലമെന്‍റിലെ ചില പ്രതിപക്ഷ അംഗങ്ങളുടെയും വിമര്‍ശനവും അവിശ്വാസവും സമ്പാദിച്ച ചീഫ് ജസ്റ്റിസിന്‍റെ ഭാവി പാര്‍ലമെന്‍റും രാഷ്‌ട്രപതിയുമാണ് ഇനി പരിഗണിക്കേണ്ടത്.

ചീഫ് എഡിറ്റര്‍

[1] [2] [3] [4] [5]