Flash News

ഏഷ്യാനെറ്റ് കവര്‍ സ്റ്റോറിക്കെതിരെ നിയമ നടപടിക്കൊരുങ്ങി വെല്‍ഫെയര്‍ പാര്‍ട്ടി

April 24, 2018 , സുഹൈറലി, തിരുവിഴാംകുന്ന്

IMG-20180424-WA00592018 ഏപ്രില്‍ 21 ന് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കവര്‍ സ്റ്റോറിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ നുണകള്‍ മാത്രം മെനെഞ്ഞെടുത്ത വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഏപ്രില്‍ 16 ന് സോഷ്യല്‍ മീഡിയയിലൂടെ കഠ്വയില്‍ പിഞ്ചു ബാലികയെ സംഘ്പരിവാര്‍ ഭീകരര്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിന്‍റെ പ്രതികരണമെന്നോണം ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്നുള്ള സംഭവങ്ങളില്‍ അതില്‍ കക്ഷിയല്ലാത്ത വെല്‍ഫെയര്‍ പാര്‍ട്ടിയെ വലിച്ചിഴച്ച് ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് കവര്‍‌സ്റ്റോറിയിലൂടെ നടത്തിയത്.

കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന സംഭവങ്ങളില്‍ പലപ്പോഴും വെല്‍ഫെയര്‍ പാര്‍ട്ടിക്കു പങ്കുണ്ട് എന്ന പച്ചനുണയോടെയാണ് ഹര്‍ത്താലിനോടനുബന്ധിച്ച സംഭവങ്ങളെ കവര്‍ സ്‌റ്റോറി നിരൂപണം ചെയ്യുന്നത്. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് ഇത് സമര്‍ഥിക്കുന്നത്. ഇതിന് ഉപോല്‍ബലകമായ ഒരു ചെറു കാര്യമെങ്കിലും പുറത്ത് വിടാന്‍ ഏഷ്യാനെറ്റും അവതാരകയും ധൈര്യം കാണിക്കണം.

Screenshot_20180424-224059യാതൊരു വസ്തുതയുടെയും പിന്‍ബലമില്ലാത്ത ആരോപണം ഒരു ദൃശ്യ മാധ്യമത്തില്‍ നിന്നുണ്ടാകുന്നതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ട്. ഒരു മാധ്യമ പ്രവര്‍ത്തക പുലര്‍ത്തേണ്ട സത്യ സന്ധത കൈവിട്ട്കൊണ്ടാണ് കവര്‍ സ്റ്റോറി തയ്യാറാക്കിയിട്ടുള്ളത്. അവലംബനീയായ ഒരു വാര്‍ത്താ ഉറവിടവും ഇല്ലാതെ തനിക്ക് തോന്നുന്ന ആക്ഷേപങ്ങള്‍ ജനങ്ങളുടെ ഇടയില്‍ സുതാര്യമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരു രാഷ്ടീയ പാര്‍ട്ടിയുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നത് മാധ്യമ സദാചാരത്തിന്‍റെ ഏത് കള്ളിയിലാണ് ഏഷ്യാനെറ്റ് ഉള്‍പ്പെടുത്തുന്നത്.

ഏപ്രില്‍ 21 ന് രാത്രി ഈ പരിപാടി സംപ്രേഷണം ചെയ്യുമ്പോള്‍ ഹര്‍ത്താലിന്റെ ഉറവിടമായ സാമൂഹ്യ മാധ്യമത്തിലെ ആഹ്വാനം തയ്യാറാക്കിയ 5 സംഘ്പരിവാറുകാരെ പോലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞിരുന്നു. എന്നുമാത്രമല്ല ആയിരത്തോളം പേരെ ഹര്‍ത്താലിനോടനുബന്ധിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയിലെ ഒരാള്‍ പോലും അതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് പോലീസ് വ്യക്തമാക്കുകയും അത് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കൂടുതലും വെല്‍ഫെയര്‍ പാര്‍ട്ടിക്കാരാണ് എന്ന് അസന്നിഗ്ധമായാണ് കവര്‍ സ്റ്റോറി അവതാരക പ്രഖ്യാപിക്കുന്നത്. ഒരിക്കലല്ല ഒന്നിലധികം തവണ അവര്‍ ആരോപണം ആവര്‍ത്തിക്കുന്നുണ്ട്. ഏത് ഔദ്യോഗിക സോഴ്‌സില്‍ നിന്നാണ് അവര്‍ക്ക് ആ കണക്ക് ലഭിച്ചത് എന്ന് പറയാനുള്ള ബാധ്യത അവര്‍ക്കുണ്ട്. ആരുടെ പുസ്തകത്തില്‍ നിന്നാണ് അവതാരക ആ കണക്ക് എഴുതിയെടുത്തതെന്ന് പറയാനുള്ള മര്യാദയെങ്കിലും ഉണ്ടാകണം. അത്തരമൊരു സംഭവം ഇല്ലെന്നിരിക്കെ അതിന് അവര്‍ക്കാവില്ല. മനോധര്‍മമനുസരിച്ച് ഭാവനയില്‍ സൃഷ്ടിച്ചെടുത്ത കാര്യമാണ് കവര്‍ സ്‌റ്റോറിയിലൂടെ അവര്‍ പ്രഖ്യാപിച്ചത്. പോലീസിന് സംശയിമില്ല വരുന്ന തെളിവുകളും അതു തന്നെ എന്നൊക്കെ അവര്‍ പറയുന്നുണ്ട്. നാളിതുവരെ പോലീസ് അങ്ങനെ പറയുകയോ മീഡിയകളുടെ ക്യാമറകളിലോ സിസി ടി,വികളിലോ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഏതെങ്കിലും പ്രവര്‍ത്തകര്‍ അക്രമം കാട്ടിയതായി കാണുകയോ ചെയ്തിട്ടില്ല. ദൃക്‌സാക്ഷികളുമില്ല. പകരം മറ്റ് പല പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നതായി ദൃശ്യങ്ങള്‍ തെളിഞ്ഞിട്ടുണ്ടുതാനും. ഭരണ കക്ഷിയായ സി.പി.എമ്മിന്‍റെ പ്രവര്‍‍ത്തകര്‍ തകര്‍ത്ത സ്ഥാപനങ്ങളുടെ നഷ്ടം മറ്റുള്ളവര്‍ നികത്തണമെന്ന മന്ത്രി ജലീലിന്‍റെ ബുദ്ധി തന്നെയാണ് ഏഷ്യാനെറ്റും ഇവിടെ പ്രയോഗിച്ചത്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക എന്ന സത്യവിരുദ്ധ സമീപനമാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ സിന്ധു സൂര്യകുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകയും ഏഷ്യാനെറ്റ് എന്ന മാധ്യമ സ്ഥാപനവും സ്വീകരിച്ചത്.

Screenshot_20180424-224116കേരളത്തില്‍ ജനാധിപത്യ രീതി ഒരു സംസ്കാരമായുള്‍ക്കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന, എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി എന്നിരിക്കെ പാര്‍ട്ടിക്കെതിരെ വര്‍ഗീയത ആരോപിക്കുന്നത് ഏതടിസ്ഥാനത്തിലാണ്? ഏത് സംഭവത്തിലാണ് പാര്‍ട്ടി ഉള്‍പ്പെട്ടത്? കേരള പോലീസിന്‍റെ ഏത് കേസ് ഫയലില്‍ ആണ് ആ വിവരം ഉള്ളത്? അതോ നിരപരാധികളുടെ മേല്‍ സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്‍റെ പേരിലുള്ള 153A ചുമത്തിയ ഇടതു സര്‍ക്കാര്‍ സമീപനം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മേല്‍ ഏഷ്യാനെറ്റ് കെട്ടിവെച്ചതോ ?

ഹര്‍ത്താലിന്‍റെ മറവില്‍ പ്രത്യേക ജനവിഭാഗങ്ങളില്‍പ്പെട്ട നിരപരാധികളായ ചെറുപ്പക്കാരെ അതിഗുരുതരമായ കേസുകളില്‍ പെടുത്തി ജാമ്യം നിഷേധിച്ച് ജയിലില്‍ അടച്ചതിനെ വെല്‍ഫെയര്‍ പാര്‍ട്ടി ചോദ്യം ചെയ്തിട്ടുണ്ട്. നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തിന്‍റെ കടമായണത്. നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി നടത്തിയ പോരാട്ടത്തിന്‍റെതാണ് പാര്‍ട്ടിയുടെ കഴിഞ്ഞ ഏഴു വര്‍ഷം. കവര്‍ സ്റ്റോറിയുടെ അവതാരകക്കും അതറിയാവുന്നതാണ്. ഹര്‍ത്താലിന്‍റെ പേരില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കിയതാരാണെന്ന് സത്യസന്ധതയും നീതി ബോധവും നില നിര്‍ത്തി അന്വേഷിച്ചാല്‍ കണ്ടെത്താനാകും. അങ്ങനെ കണ്ടെത്തുന്ന സത്യങ്ങള്‍ വിളിച്ച് പറയാനാണ് മാധ്യമ സ്ഥാപനം എന്ന നിലയില്‍ ഏഷ്യാനെറ്റും സിന്ധു സൂര്യകുമാറും ശ്രമിക്കേണ്ടിയിരുന്നത്. അതിന് പകരം ഉത്തരാവാദപ്പെട്ട ഒരു രാഷ്ടീയ പ്രസ്ഥാനത്തെ സമൂഹ മധ്യത്തില്‍ അവഹേളിക്കുന്നതിന് മാധ്യമ പ്രവര്‍ത്തനത്തിന്‍റെ മേല്‍കുപ്പായം ദുരുപയോഗിക്കുകയല്ല വേണ്ടത്. ഈ ദുരാരോപണം ഏഷ്യാനെറ്റും അവതാരക സിന്ധു സൂര്യകുമാറും തിരുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അത്തരത്തിലൊരു സമീപനം ഏഷ്യാനെറ്റില്‍ നിന്നും മാധ്യമ പ്രവര്‍ത്തകയില്‍ നിന്നും ഉണ്ടായില്ലെങ്കില്‍ നിയമപരമായ നടപടികളുമായി പാര്‍ട്ടി മുന്നോട്ടു പോകും

കെ.എ ഷഫീഖ്
ജനറല്‍ സെക്രട്ടറി
വെല്‍ഫെയര്‍ പാര്‍ട്ടി
കേരള സംസ്ഥാന കമ്മിറ്റി

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top