Flash News

Saluting 23rd Congress of CPI holding in Kerala – സി.പി.ഐ കോണ്‍ഗ്രസിനെ കേരളം സല്യൂട്ട് ചെയ്യുമ്പോള്‍ : അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

April 25, 2018

Title banner1സി.പി.ഐയുടെ 23-ാം കോണ്‍ഗ്രസ് സി.പി.എമ്മിന്റെ ഹൈദരാബാദ് കോണ്‍ഗ്രസിന് തൊട്ടുപിറകെ നിശ്ചയിച്ചത് ഒരു കണക്കില്‍ നന്നായി. കുറച്ചുകാലമായി സി.പി.ഐ അതൊരു പതിവാക്കിയതാണെങ്കിലും.

രാജ്യം നേരിടുന്ന അടിയന്തര രാഷ്ട്രീയ പരിത:സ്ഥിതി സംബന്ധിച്ച പൊതു രാഷ്ട്രീയനയ രൂപീകരണത്തിനും അടവുനയം നിര്‍ണ്ണയിക്കാനും രണ്ടു പാര്‍ട്ടി കോണ്‍ഗ്രസുകള്‍ തമ്മില്‍ ഏറ്റുമുട്ടേണ്ട അവസ്ഥ അതുകൊണ്ട് ഇല്ലാതായി. മുഖ്യ രാഷ്ട്രീയ എതിരാളി ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന നരേന്ദ്രമോദി ഗവണ്മെന്റാണെന്നും മതനിരപേക്ഷ ശക്തികളുടെ വിശാലമായ സമര-രാഷ്ട്രീയ മുന്നണി കെട്ടിപ്പടുക്കലാണ് അടിയന്തര കടമയെന്നും രൂക്ഷമായ ഉള്‍പ്പാര്‍ട്ടി സമരത്തിനുശേഷം സി.പി.എം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞദിവസം തീരുമാനിച്ച സാഹചര്യത്തില്‍. രണ്ടു പാര്‍ട്ടി കോണ്‍ഗ്രസുകളുടെയും പരിഗണനയ്ക്കു മുമ്പിലുണ്ടായിരുന്ന കരട് രാഷ്ട്രീയ പ്രമേയം ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഊന്നിപറയുന്ന സ്ഥിതിയില്‍.

ആര്‍.എസ്.എസിന്റെ ഫാഷിസ്റ്റ് കടന്നാക്രമണമാണ് മോദി ഗവണ്മെന്റിലൂടെ രാജ്യം നേരിടുന്നതെന്ന് സി.പി.ഐയ്ക്ക് സുവ്യക്തമായിരുന്നു. അതിനെതിരെ വമ്പിച്ച ബഹുജന മുന്നേറ്റമാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും. മോദിയുടെ നവ ഉദാരീകരണ- സാമ്പത്തിക നയങ്ങള്‍ക്കും ഈ ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കുമെതിരെ എല്ലാ മതനിരപേക്ഷ – രാഷ്ട്രീയ ബഹുജന സംഘടനകളെയും അണിനിരത്താന്‍ ഒരു വേദി ഉടനടി രൂപപ്പെടുത്തേണ്ടതാണെന്നും സി.പി.ഐ കരട് രാഷ്ട്രീയരേഖ നിര്‍ദ്ദേശിക്കുന്നു.

അതു പറയുമ്പോള്‍തന്നെ മൂന്നു കാര്യങ്ങള്‍ സി.പി.ഐ കരട് പ്രമേയം ഉയര്‍ത്തിക്കാട്ടി: ഒന്ന്, തെരഞ്ഞെടുപ്പിനുള്ള ഒരു രാഷ്ട്രീയ ബദലോ സഖ്യമോ ആയി ഇതിനെ കാണരുത്. ദേശീയതയുടെ മൂടുപടത്തില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രമുപയോഗിച്ച് വലതുപക്ഷ- തീവ്രവാദ – ഫാഷിസ്റ്റ് കടന്നാക്രമണമാണ് മോദി ഗവണ്മെന്റും ആര്‍.എസ്.എസിന്റെ നിരവധി സംഘടനകളും ചേര്‍ന്ന് നടത്തുന്നത്. ഒട്ടും വൈകാതെ അതിനെ നേരിടാനാണ് ഈ വേദി.

രണ്ട്, ഇതിന് ശ്രമിക്കുമ്പോള്‍ ഇടതുപക്ഷ ഐക്യംതന്നെ തകരുന്ന നിലയുണ്ടാകരുതെന്ന് സി.പി.ഐ പ്രമേയം സ്വാഭാവികമായ പക്വത പ്രകടിപ്പിച്ചു.

മൂന്ന്, തെരഞ്ഞെടുപ്പ് അടവുനയം എന്നത് രാജ്യത്തിനാകെ ബാധകമായ ഒരു രാഷ്ട്രീയ അടവുനയം എന്നും തെറ്റിദ്ധരിക്കരുത്. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കുക എന്നതാണ് അടിയന്തര കടമ. തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തിലാണ് അടവുനയം രൂപീകരിക്കേണ്ടത്. അത് ഓരോ സംസ്ഥാനത്തെയും വസ്തുനിഷ്ഠ സാഹചര്യവും രാഷ്ട്രീയ ശക്തികളുടെ ശാക്തിക ബലാബലവും പരിഗണിച്ച് വേറിട്ടു സ്വീകരിക്കേണ്ടിവരും.

കേരളത്തില്‍നിന്നു നോക്കിക്കാണുന്ന ഒരു രാഷ്ട്രീയ അടവുനയമല്ല നിരവധി ദേശീയതകള്‍ ചേര്‍ന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ സ്വീകരിക്കേണ്ടത്. സി.പി.ഐ ആയാലും സി.പി.എം ആയാലും രാജ്യത്താകെ സംഘടനാ സാമിപ്യമില്ലെങ്കില്‍ ശരിയായ അടവുനയം രൂപീകരിക്കാനോ അത് നടപ്പാക്കാനോ സാധിക്കുകയില്ല. രാഷ്ട്രീയവും സംഘടനാപരവുമായ സമാന കാഴ്ചപ്പാടും ഐക്യവുമുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ അഭാവവും ഇടതുപക്ഷത്തെ നയിക്കുക സാന്നിധ്യത്തിന്റെയും സ്വാധീനത്തിന്റെയും ശൂന്യതയിലേക്കായിരിക്കും. ഇതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്ത്യയിലെ അനുഭവചരിത്രം.

ഇപ്പോള്‍ കരട് രാഷ്ട്രീയ പ്രമേയം രൂപപ്പെടുത്തുന്നതില്‍ സി.പി.എമ്മിന് പറ്റിയ പാളിച്ചയുടെ മുഖ്യ ഘടകം പി.ബിയിലും കേന്ദ്ര കമ്മറ്റിയിലും ഭൂരിപക്ഷമുള്ള കേരള സഖാക്കളുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ പരിമിതിയായിരുന്നു. അല്ലെങ്കില്‍, മറ്റ് വിഭാഗീയ നിലപാടുകളും നവ ഉദാരീകരണ വികസന നയത്തിന്റെ സ്വാധീനവും അവരുടെ കടുംപിടുത്തവുമായിരുന്നു. സി.പി.ഐയുടെ കരട് രാഷ്ട്രീയ രേഖയില്‍ ആ പാളിച്ച പറ്റാതെപോയതിന് കാരണം പി സുന്ദരയ്യയുടെ വാക്കുകളില്‍ പറഞ്ഞാല്‍ മാര്‍ക്‌സിസ്റ്റ് ചരിത്രാവബോധവും നീണ്ടകാലത്തെ സമര പോരാട്ടങ്ങളുടെ ആഴത്തിലുള്ള പരിചയസമ്പത്തുള്ളവര്‍ നേതൃനിരയില്‍ ഇപ്പോഴുമുണ്ട് എന്നതാണ്.

1972ല്‍ മധുരയില്‍ നടന്ന സി.പി.എം 9-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബൂര്‍ഷ്വാസി അമിതാധികാര പ്രവണതകളിലേക്ക് അനുക്രമം നീങ്ങുകയാണെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. അന്നു സി.പി.ഐ പക്ഷെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പുരോഗമന- ഭരണ നയങ്ങളുടെ ഓത്തന്മാരായി. അടിയന്തരാവസ്ഥയുടെ സഖ്യശക്തിയും. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുമായി സഖ്യം ചേര്‍ന്നു മാത്രമേ രാജ്യത്ത് ദേശീയ – ജനാധിപത്യ വിപ്ലവവും സോഷ്യലിസവും നടപ്പാക്കാനാകൂ എന്ന സി.പി.ഐ വിപ്ലവ തന്ത്രത്തിന്റെയും വര്‍ഗ സഹകരണത്തിന്റെയും പിടിയിലായിരുന്നു അവര്‍.

ആ രാഷ്ട്രീയ വസ്തുനിഷ്ഠ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നയവും അടവുകളും എന്തെന്ന കാര്യത്തിലും ശക്തമായ ഭിന്നതയുണ്ടായി. കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ഊന്നിയുള്ള വിപ്ലവ അടവുനയം മുന്നോട്ടു കൊണ്ടുപോകുന്നതിലും പിന്നീട് ദേശവ്യാപകമായി ഇടതുപക്ഷ – ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിലും സി.പി.എം നേതൃത്വം പരാജയപ്പെട്ടു. ഇടതുപക്ഷത്തിന്റെ മൊത്തം രാഷ്ട്രീയ സ്വാധീനത്തിന്റെയും സംഘടനാ ശക്തിയുടെയും തകര്‍ച്ചയിലാണ് അത് എത്തിച്ചത്.

ഈ സമകാലിക സാഹചര്യവും രാഷ്ട്രീയ ചരിത്രവും പരിശോധിച്ചാണ് സി.പി.എമ്മിന്റെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിനെ ‘അവരോഹണകാലത്തെ പാര്‍ട്ടി കോണ്‍ഗ്രസ്’ എന്ന് ഈ ലേഖകന്‍ വിശേഷിപ്പിച്ചത്. കേരള മണ്ണില്‍ ഇടതു – ജനാധിപത്യ മുന്നണി ഗവണ്മെന്റിന്റെ പശ്ചാത്തല സൗഭാഗ്യത്തില്‍ നടക്കുന്ന സി.പി.ഐ കോണ്‍ഗ്രസിനും അത് ബാധകമാണ്.

കാരണം, ഇടതുപക്ഷത്തിന്റെയാകെ രാഷ്ട്രീയ – സംഘടനാ ശക്തിയും സ്വാധീനവുമാണ് അതിവേഗം കീഴ്‌പ്പോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇത് രണ്ടുവര്‍ഷം മുമ്പുനടന്ന സി.പി.എം ദേശീയപ്ലീനത്തിന്റെ വിലയിരുത്തലാണ്. ഏതെങ്കിലും വിശകലന വിശാരദന്മാരുടെ തട്ടിക്കൂട്ടല്ല. സി.പി.ഐയ്ക്കും മറ്റ് ഇടത് പാര്‍ട്ടികള്‍ക്കും ഒരുപോലെ ഇത് ബാധകവുമാണ്.

സ്വന്തം അവസ്ഥ വെളിപ്പെടുത്തുന്നതായിരുന്നു സി.പി.എം ഹൈദരാബാദില്‍ ഇപ്പോള്‍ വെച്ച സംഘടനാ റിപ്പോര്‍ട്ട്. അതിന്റെ മറുപുറമായിരിക്കും സി.പി.ഐ പ്രതിനിധികള്‍ക്കുമുമ്പില്‍ കൊല്ലത്ത് നേതൃത്വം ഏറ്റുപറയുന്ന തിരിച്ചടികളുടെ വസ്തുതാപരമായ കണക്കുകള്‍ എന്ന കാര്യത്തില്‍ ഈ ലേഖകന് ഒട്ടും സംശയമില്ല. കാരണം, ഇപ്പോള്‍ ഇടതുപാര്‍ട്ടികളുടെ – മാര്‍ക്‌സിസം – ലെനിനിസത്തിന്റെ പ്രസക്തിയുടെ അല്ല – അവരോഹണകാലമാണ്. ഇന്ത്യന്‍ ജനാധിപത്യം അഭിമുഖീകരിക്കുന്നത് പ്രവചിക്കാനാവാത്ത തരത്തിലുള്ള ഫാഷിസവും ആഗോള – കോര്‍പ്പറേറ്റ് മൂലധന ശക്തികളും സാമ്രാജ്യത്വവും ചേര്‍ന്നുള്ള ത്രിമുഖ ആക്രമണമണവുമാണ്. അതിനെ തോല്‍പ്പിച്ച് മുന്നോട്ടുപോകാനുള്ള ഇടതുപക്ഷത്തിന്റെ നവ പരിപാടിയാണ് രാജ്യത്തിനുമുമ്പില്‍ ഇരുപാര്‍ട്ടികളും അവതരിപ്പിക്കേണ്ടത്.

പാര്‍ട്ടിക്കു പുറത്തുനിന്നുയരുന്ന വിമര്‍ശനങ്ങളെ അപഹസിച്ചും പാര്‍ട്ടിക്കകത്തെ അവസ്ഥയ്ക്കുനേരെ ഗാന്ധാരിയെപോലെ കണ്ണുകെട്ടിയും സി.പി.എമ്മിന്റെ വഴിയെ സി.പി.ഐയും മുന്നോട്ടുപോകുമോ? പ്രത്യയശാസ്ത്ര- രാഷ്ട്രീയ വിഷയങ്ങള്‍ ഇഴകീറി ചര്‍ച്ച ചെയ്തതുകൊണ്ടും ആശയപരമായി ഏറ്റുമുട്ടിയതുകൊണ്ടും മാത്രമായില്ല. പരസ്പരം വീഴ്ത്താനും കാലും ശരീരവും കീഴ്‌പ്പെടുത്തി നിശ്ചലമാക്കാനും ശ്രമിക്കുന്ന ഗുസ്തിക്കാരുടെ അടവും പരിപാടിയുമല്ല കമ്മ്യൂണിസ്റ്റു പാര്‍ട്ടികളില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജനങ്ങളെ ഒന്നിപ്പിച്ചും മുന്നോട്ടു കുതിപ്പിച്ചുമുള്ള നേതൃത്വവും പ്രയോഗവുമാണ്.

ഇന്ത്യന്‍ സാഹചര്യം ഇന്നാവശ്യപ്പെടുന്ന സമൂര്‍ത്തമായ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബദല്‍- ഇടതുപക്ഷ പരിപാടിയാണ് പാര്‍ട്ടി കോണ്‍ഗ്രസുകളില്‍നിന്ന് ജനങ്ങളിലേക്കു വരേണ്ടത്. ഇടതുപക്ഷ- ജനാധിപത്യ ശക്തികളുടെ നേതൃത്വത്തില്‍ ഇന്നത്തെ അവസ്ഥയെ മാറ്റിത്തീര്‍ക്കാന്‍ ഒരു ബഹുജന മുന്നേറ്റത്തിന് നേതൃത്വം നല്‍കാനാവണം. കോണ്‍ഗ്രസിനും എന്തിന് ബി.ജെ.പിക്കു പിന്നില്‍പോലും അണിനിരന്നിട്ടുള്ള ബഹുജനങ്ങളെ കൂടെ അണിനിരത്താന്‍ കഴിയുന്ന മുദ്രാവാക്യങ്ങളാണ് ഉയരേണ്ടത്.

കൃഷിക്കാരെയും കര്‍ഷക തൊഴിലാളികളെയും അണിനിരത്തി തൊഴിലാളികളെ സഖ്യശക്തികളാക്കി ജാതി-മത ഭിന്നിപ്പുകള്‍ക്കപ്പുറം അധ്വാനിക്കുന്ന ജനങ്ങളുടെ ഒരു പോര്‍നിര. നവ ഉദാരീകരണ നയങ്ങളെയും അത് അടിച്ചേല്‍പ്പിക്കുന്ന ഭരണങ്ങളെയും എതിര്‍ത്തു തോല്പിക്കാനുള്ള സമരശക്തി കെട്ടഴിച്ചുവിടണം. രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്കും പിന്നിലുള്ള ഇടതുപക്ഷത്തെ മാത്രമല്ല വര്‍ഗ രാഷ്ട്രീയത്തിന്റെ പേരില്‍, അടവു നയങ്ങളുടെ പേരില്‍ വേറിട്ടും അകന്നുംപോയ ഇടതു ഗ്രൂപ്പുകളെയും വിഭാഗങ്ങളെയും വിശ്വാസപൂര്‍വ്വം കൂടെകൊണ്ടുവരാന്‍ ഈ പാര്‍ട്ടികള്‍ക്കാകണം. അതിനു വിശ്വാസ്യതയുള്ള അടിയന്തര പ്രവര്‍ത്തന പരിപാടി മുന്നോട്ടുവെക്കേണ്ടതുണ്ട്.

തങ്ങള്‍ക്കുകൂടി മുഖ്യ പങ്കാളിത്തമുള്ള, ഇടതുപക്ഷ – ജനാധിപത്യ ഗവണ്മെന്റ് അധികാരത്തിലിരിക്കുന്ന സംസ്ഥാനത്താണ് സി.പി.ഐ കോണ്‍ഗ്രസ് നടക്കുന്നത്. സി.പി.എം സംഘടനാ റിപ്പോര്‍ട്ടില്‍ ഈ ഗവണ്മെന്റിനെപ്പറ്റി പതിവുള്ള പരിശോധന കാണുന്നില്ല. സി.പി.ഐയുടെ വിലയിരുത്തലെന്താണ്? നരേന്ദ്രമോദി ഗുജറാത്തിലും ഇപ്പോള്‍ കേന്ദ്രത്തിലും നടപ്പാക്കുന്ന വികസനനയവും പദ്ധതികളുമാണോ ഇവിടെയും?

ബഹുജന സമരങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഔട്ട്‌പോസ്റ്റുകളായാണ് ബംഗാളിലെയും ത്രിപുരയിലെയും ഇടത് ഗവണ്മെന്റുകളെ അടയാളപ്പെടുത്തിയിരുന്നത്. അധികാര പരിമിതിയിലും ബദല്‍ നയങ്ങള്‍ പരമാവധി ആവിഷ്‌ക്കരിക്കാനും നടപ്പാക്കാനും ശ്രമിക്കുന്ന, ന്യൂനപക്ഷങ്ങള്‍ക്കും പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കാകെയും തണലും സംരക്ഷണവും നല്‍കുന്നവയായിരുന്നു ആ സര്‍ക്കാറുകള്‍.

ബംഗാളും ത്രിപുരയും നഷ്ടപ്പെട്ടു. കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ വിട്ടുകൊടുത്ത്, സഹകരിച്ചു പോകാമെന്നു കരുതുന്ന ഒരു സര്‍ക്കാറാണ് കേരളത്തിലിപ്പോള്‍. പ്രവാസികളായ മലയാളികളില്‍നിന്ന് മൂലധന നിക്ഷേപം നടത്തി മോദിയുടെ ഭരണമാതൃകക്കു പിറകെയാണ് മുഖ്യമന്ത്രി. പൊലീസ് നയംതൊട്ട് ഈ ഗവണ്മെന്റ് സ്വീകരിച്ച എല്ലാ നയങ്ങളിലും മുഖ്യമായി പ്രതിഫലിക്കുന്നത് ആര്‍.എസ്.എസ് നയിക്കുന്ന ഗവണ്മെന്റിന്റെ വലതുപക്ഷ – ജനവിരുദ്ധ- മൂലധനപക്ഷ നയങ്ങളാണ്.

മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മന്ത്രിസഭയിലെ സി.പി.ഐ പ്രതിനിധികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുകയാണ്. അതിനു കാരണമായ നയപരവും താത്വികവുമായ അടിത്തറയെന്താണ്? മധ്യസ്ഥതയും വെടിനിര്‍ത്തലുകളുംകൊണ്ട് അഞ്ചുകൊല്ലം ഭരണം മുന്നോട്ടുകൊണ്ടുപോകണമെന്നു മാത്രമാണോ നിലപാട്? മുഖ്യമന്ത്രി നല്‍കുന്ന പ്രോഗ്രസ് കാര്‍ഡുനോക്കി മുന്നോട്ടുപോയാല്‍ മതിയെന്നോ. അതോ സംസ്ഥാനത്തെ ജനങ്ങളുടെ ഉത്ക്കണ്ഠയ്ക്കും വിമര്‍ശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടെ അടിത്തറയ്ക്കും മുന്നേറ്റത്തിനും ആ നയങ്ങള്‍ വിധേയമായിരിക്കണമെന്നാണോ?

രാജ്യത്ത് അവശേഷിക്കുന്ന ഏക ഇടത് സര്‍ക്കാറെന്ന നിലയില്‍ എല്‍.ഡി.എഫ് ഗവണ്മെന്റ് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍വ്വഹിക്കാന്‍ പോകുന്ന പങ്കെന്താണ്? ഇടതുപാര്‍ട്ടികള്‍ തുറക്കുന്ന പോര്‍മുഖത്തെ മൂര്‍ച്ഛയുള്ള ആയുധവും വിളക്കുമായി ഈ ഗവണ്മെന്റിനെ മാറ്റുമോ? അതിനുള്ള ദൗത്യവും മുന്‍ഗണനാ പരിപാടികളും സി.പി.ഐ കോണ്‍ഗ്രസില്‍ ഉണ്ടാകണമെന്നാണ് ഈ ദിവസങ്ങളില്‍ കേരളം ആശംസിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top