Flash News

കഷണ്ടി സംഹാരി (നര്‍മ്മ കഥ)

April 26, 2018 , ജോണ്‍ ഇളമത

kashandi banner1നാട്ടിലെ പ്രമുഖ പത്രത്തില്‍ വലിയ പരസ്യം കഷണ്ടി ചികിത്സയ്ക്ക് മുമ്പും പിമ്പുമുള്ള പുരുഷ മുഖചിത്രം. ധാരാളം പ്രഗത്ഭന്മാരുടെ അഭിപ്രായങ്ങളും അതിനിടയില്‍ അതേ കമ്പിനിയുടെ മറ്റൊരു പരസ്യം. രോമ സംഹാരി. തരുണികളുടെ ചിത്രങ്ങളാണ് ആ പരസ്യത്തില്‍. അനാവശ്യരോമങ്ങള്‍ പിഴുത് അത്യന്തം സുന്ദരികളായ വനിതകള്‍.

രോമവര്‍ദ്ധിനിയും രോമസംഹാരിയും കണ്ടുപിടിച്ച ആദ്യത്തെ സ്ഥാപനം. ആളുകള്‍ ഇരച്ചെത്തി. പട്ടണത്തിന്റെ മദ്ധ്യത്തിലുള്ള ഇരുനിലകെട്ടിടം ജനപ്രളയത്തില്‍ മുങ്ങി. ജനം സെക്കന്‍ഫ് ഫ്‌ളോറില്‍ കയറി രജിസ്റ്റര്‍ ചെയ്ത് പണമടച്ച് പ്രധാനവൈദ്യരെ നേരില്‍ക്കണ്ട് കുറിപ്പ് വാങ്ങി താഴെയെത്തി. പ്രത്യേകം തയ്യാറാക്കിയ എണ്ണകള്‍ ഉപയോഗിക്കേണ്ട വിധം അടങ്ങുന്ന കുറിപ്പുകളോടെ പായ്ക്കറ്റുകളുമായി സന്തോഷചിത്തരായി മടങ്ങുന്നു.

നീണ്ട ക്യൂ പട്ടണത്തിലെ പൊതുനിരത്തു വരെയെത്തുന്നു. ആ ക്യൂവില്‍ ഞാനും ചെന്നുപെട്ടു. വളരെകാലമായുള്ള ഒരു ആഗ്രഹമാണ് എന്റെ കഷണ്ടി ഒന്നു മാറ്റണമെന്ന്. വേണ്ടത്ര വിദ്യാഭ്യാസവും, ഉദ്യോഗവുമുള്ള എനിക്ക് ഈ നശിച്ച കഷണ്ടി കാരണം നല്ല കല്യാണം ഒത്തുവരുന്നില്ല. പല നല്ല കേസുകളും വന്നതാണ്. ഇതേ വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും ഉള്ള കഷണ്ടി ഇല്ലാത്ത ആരെയെങ്കിലും കിട്ടാതെ വന്നാല്‍ എന്നെ പരിഗണിക്കാമെന്നാണ് ചില മാതാപിതാക്കളുടെ അഭിപ്രായം. ഇതുവരെ അത്തരക്കാരൊന്നും പരിഗണിച്ചിട്ടില്ല. കോങ്കണ്ണുള്ളതും, ആനച്ചന്തമുള്ളതുമൊക്കെ ആയി എനിക്ക് ഇപ്പോഴും ആലോചന വരുന്നുണ്ട്.

ഏതായാലും ഈ മരുന്ന് പരീക്ഷിച്ചുനോക്കാം. ഒന്നാല്‍ തലനിറയെ രോമം, പോയാല്‍ എണ്ണയുടെ വില അഞ്ഞൂറു രൂപാ. ക്യൂ ഒച്ചിഴയും വിധം അല്പാല്പം മുമ്പോട്ടു നീങ്ങിക്കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ കെട്ടിടത്തിനുള്ളില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചു. വാതില്‍ക്കല്‍ വലിയ തിക്കും തിരക്കും. തിരക്കില്‍പ്പെട്ട് ഞാന്‍ അകത്തേക്ക് തള്ളിനീക്കപ്പെട്ടു. അതിനിടെ എന്റെ കാലിന് ഒരു ചവിട്ടും കിട്ടി. അറ്റംകൂര്‍ത്ത ലേഡീസ് ഹൈഹീല്‍ഡ് ചെരുപ്പ് വച്ച്. ആറോ സോറി പറഞ്ഞു. ആ മഹിളയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. നോക്കിയ ഞാന്‍ സ്തംഭിതനായി. എന്റെ കോളജില്‍ പഠിപ്പിക്കുന്ന സൈദാമിനിയമ്മ ടീച്ചര്‍! മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലാണ്. ശുദ്ധയാണ്. എല്ലാക്കാര്യങ്ങളും ഓപ്പണായി എല്ലാവരോടും പറയും. എനിക്ക് രണ്ടുവിധത്തിലാണ് അവരോട് ബന്ധം. ഞാന്‍ ഇതേ കോളജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ എന്ന മലയാളം പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ അവരോടൊപ്പം കോളജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നു.

ആര്? അപ്പുക്കുട്ടന്‍ സാറോ! എന്ന മട്ടില്‍ അവര്‍ മിഴിച്ചു നോക്കി. കള്ളുഷാപ്പില്‍ വച്ചു കണ്ടുമുട്ടുന്ന അപ്പന്റെയും മകന്റെയും സ്ഥിതിയായിരുന്നു ഞങ്ങള്‍ക്ക്. പരസ്പരം പ്രതീക്ഷിച്ചതല്ല എങ്കിലും സൗദാമിനി ടീച്ചര്‍ മര്യാദ വിടാതെ പറഞ്ഞു: “സോറി! ഞാന്‍ അപ്പുക്കുട്ടന്‍ സാറിന്റെ കാലില്‍ ചവിട്ടിയോ എന്നൊരു തോന്നല്‍!”

“ഓ സാരമില്ല”. വളരെ വിനീതനും സ്‌നേഹമസൃണനുമായി ഞാന്‍ മൊഴിഞ്ഞു.

ഈ എണ്ണ ഒന്നുപയോഗിച്ചു നോക്കി കളയാമെന്നു കരുതി. മുഖവുരയില്ലാതെ സൗദാമിനി ടീച്ചര്‍ പറഞ്ഞു.

ആര്‍ക്കാണ് എണ്ണ? സൗദാമിനി ടീച്ചര്‍ക്കോ, അതോ മറ്റുവല്ലവര്‍ക്കുമോ? ഞാന്‍ അത്ഭുതപ്പെട്ടു! പല്ലുന്തി സൗന്ദര്യം അശേഷം ഇല്ലെങ്കില്‍ തന്ന ഇടതൂര്‍ന്ന് ഈശ്വരനനുഗ്രഹിച്ച കാര്‍കൂന്തല്‍ പാദം വരെ എത്തുന്നയാളാണ് സൗദാമിനി ടീച്ചര്‍. പിന്നെ ആര്‍ക്ക്?

അപ്പോഴാണ് അക്കാര്യം ഓര്‍ത്തത്. സൗദാമിനി ടീച്ചറിന് ഒരു മകളേയുള്ളു; കുമാരി എം.എസ്.സി. പാസ്സായി. ബാങ്കില്‍ ജോലിയാണ്. ഒരിക്കല്‍ ആ കുട്ടിയെ കണ്ടിട്ടുണ്ട്. സൗദാമിനി ടീച്ചറിനെപ്പോലെയല്ല. സാമാന്യം സൗന്ദര്യമുണ്ട്. ഒരു കുഴപ്പം; മുഖത്തും കൈത്തണ്ടകളിലും കാണത്തക്കവിധം ചെമ്പിച്ച രോമങ്ങളാണ്. കോളജ് ആനിവേഴ്‌സറിക്ക് ആ കുട്ടിയെ ഒരിക്കല്‍ സൗദാമിനി ടീച്ചര്‍ പരിചയപ്പെടുത്തിയതാണ്. അതില്‍ മറ്റൊരു ദുരുദ്ദേശ്യമുണ്ടായിരുന്നു. പിന്നീടാണത് മനസ്സിലായത്. പല തവണ അവരെന്നെ അപ്രോച്ച് ചെയ്യുകയും ചെയ്തു. ഞാനവരുടെ മകളെ കല്യാണം കഴിക്കണം. അവരെന്നെ ദത്തെടുക്കും. അവരുടെ മുഴുവന്‍ സ്വത്തുക്കളും എനിക്കു കിട്ടും. ഐഡിയാ കൊള്ളാം. പക്ഷേ മുഖത്തു രോമമുള്ള ഒരു പെണ്ണിനെ ഞാന്‍ എങ്ങനെ കല്യാണം കഴിച്ചു മറ്റുള്ളവരുടെ മുഖത്തുനോക്കും? ഇതുവരെ ഞാനൊരു മറുപടിയും കൊടുത്തിട്ടില്ല.

രോമസംഹാരിയുടെ പ്രവര്‍ത്തനത്താല്‍ രോമമെല്ലാം പിഴുതുനീക്കപ്പെട്ട കുമാരിയെ ഞാന്‍ സങ്കല്പിച്ചു. തരക്കേടില്ല. ധാരാളം വസ്തുവകകള്‍, ഉയര്‍ന്ന ശമ്പളം, സാമാന്യം സൗന്ദര്യം; ഞാന്‍ സൗദാമിനി ടീച്ചറിന്റെ മരുമകനാകാന്‍ ആഗ്രഹിച്ചു.

അവര്‍ മുമ്പിലും ഞാന്‍ പിമ്പിലുമായി രജിസ്റ്റര്‍ ചെയ്ത് പണം അടച്ചു. വൈദ്യനെ കണ്ടു കുറിപ്പുവാങ്ങി. താഴെ എത്തി എണ്ണയുടെ പായ്ക്കറ്റും കരസ്ഥമാക്കി.

സൗദാമിനി ടീച്ചര്‍ വെളുക്കെ ചിരിച്ചു; “സാറിനെ ഞാനൊരു ചായകുടിക്കാന്‍ ക്ഷണിക്കുകയാണ്. പറ്റത്തില്ലെന്നു പറയരുത്.” സൗദാമിനി ടീച്ചറുടെ മനസ്സിലിരുപ്പ് എനിക്ക് ഏറെക്കുറെ മസ്സിലായി. എനിക്കും ഇതേ ആഗ്രഹം മുളച്ചുപൊട്ടിയിട്ടുണ്ടെന്ന വിവരം ആ ശുദ്ധഗതിക്കാരിക്കറിയുമോ?

ഞാന്‍ അവരുടെ ക്ഷണം സ്വീകരിച്ചു. നഗരത്തിലെ സാമാന്യം നല്ല റെസ്റ്റോറന്റില്‍ പ്രവേശിച്ചു. സൗദാമിനി ടീച്ചര്‍ കാപ്പിക്കും പലഹാരങ്ങള്‍ക്കും ഓര്‍ഡര്‍ കൊടുത്തു.

സൗദാമിനി ടീച്ചര്‍ മുഖവുര കൂടാതെ വീണ്ടും ചോദ്യം: “ഞാന്‍ പല പ്രാവശ്യം ചോദിച്ച കാര്യത്തിനു വ്യക്തമായി ഉത്തരം കിട്ടിയില്ലല്ലോ?”

ഏതായാലും കുമാരിക്കു മുഖത്തെ രോമം കൊഴിയട്ടെ എന്നു പറയുന്നതിനു പകരം പറഞ്ഞു: “രണ്ടു മൂന്നു മാസം കഴിയട്ടെ.” അതിന്റെ അര്‍ത്ഥം സൗദാമിനി ടീച്ചറിന് മനസ്സിലായി. രണ്ടു മാസമാണ് എണ്ണയുടെ ഫലത്തിനു കാലാവധി.

അവര്‍ വെളുക്കെ ചിരിച്ചു. എന്നിട്ടു പറഞ്ഞു. “ഇനിയിപ്പം ഈ മരുന്നു ഫലിക്കാതെ വന്നാല്‍ തന്നെ എനിക്കു വിരോധമില്ല അപ്പുക്കുട്ടന്‍ സാറിന്റെ കഷണ്ടിയോട്. ഭാഗ്യവാന്മാര്‍ക്കും ബുദ്ധിമാന്മാര്‍ക്കുമാണ് കഷണ്ടി ഉണ്ടാകുന്നതെന്ന സിദ്ധാന്തക്കാരിയാണ് ഞാന്‍!”

പക്ഷേ നാരികള്‍ മുഖത്തു രോമം വളരുന്നതിനെ ഏതു സിദ്ധാന്തത്തിലാണ് പെടുത്തുക എന്നു ചോദിക്കണമെന്നു തോന്നിയെങ്കിലും പച്ചച്ചിരി ചിരിച്ചതേയുള്ളൂ.

സൗദാമിനി ടീച്ചര്‍ക്ക് പോകാനുള്ള പ്രൈവറ്റ് ബസ് റസ്റ്റോറന്റിനെതിരെ തയ്യാറായി കിടന്നിരുന്നു. അവര്‍ ധൃതഗതിയില്‍ ബില്ലു പേ ചെയ്തു. എണ്ണയുടെ പായ്ക്കറ്റെടുത്ത് ബസിനെ ലക്ഷ്യമാക്കി ഓടി. ഓടുന്നതിനിടയില്‍ പറഞ്ഞു. “ബാക്കി ഇനി കോളജില്‍ കാണുമ്പോള്‍ സംസാരിക്കാം.”

ഞാന്‍ എണ്ണയുടെ പായ്ക്കറ്റ് എടുത്ത് ബസ്സ് കയറി. അന്നു രാത്രി മുതല്‍ ചികിത്സ ആരംഭിച്ചു. എണ്ണയുടെ പായ്ക്കറ്റ് കവര്‍ ചെയ്തിരുന്ന വൈദ്യരുടെ പ്രിസ്ക്രിപ്ഷനും ബില്ലും അലമാരിയില്‍ ഭദ്രമായി സൂക്ഷിച്ചു. പിന്നീട് എണ്ണ അടക്കം ചെയ്തിരുന്ന കട്ടിക്കടലാസുകൊണ്ടുള്ള കൂടു പൊളിച്ചു. വലിയ ഹോര്‍ലിക്‌സ് കുപ്പിയുടെ വലിപ്പത്തിലുള്ള കുപ്പിയില്‍ നിറയെ കാച്ചിയ എണ്ണ. ഉപയോഗത്തെപ്പറ്റി ഇംഗ്ലീഷിലും മലയാളത്തിലും എഴുതി കുറിപ്പു വായിച്ചു. എണ്ണ കൈവെള്ളയിലെടുത്ത് കൂട്ടി തിരുമ്മി. ഉപയോഗിക്കേണ്ട സ്ഥാനത്ത് അരമണിക്കൂര്‍ നേരം ശക്തിയായി അമര്‍ക്കി തിരുമ്മുക; എന്നിട്ട് ചെറുചൂടുവെള്ളത്തില്‍ കഴുകികളയുക.

അല്പാല്പം നീറ്റല്‍ അനുഭവപ്പെട്ടു.

എണ്ണപ്രയോഗം നടത്തി ഒരു മാസം കഴിഞ്ഞിട്ടും ഫലമൊന്നും കണ്ടില്ല. അതിനിടെ കുമാരിയെപ്പറ്റി ഓര്‍ത്തു. അവള്‍ക്കെങ്കിലും വല്ല ഫലവും വന്നാല്‍ മതിയായിരുന്നു. സൗദാമിനി ടീച്ചറെ ഇടയ്ക്കിടെ കാണുമെങ്കിലും അവര്‍ ചികിത്സയെപ്പറ്റി ഒന്നും പറഞ്ഞതുമില്ല.

ഒന്നരമാസം കഴിഞ്ഞപ്പോള്‍ വരമ്പുപോലെയുള്ള മുടിയില്‍ എണ്ണയുടെ ശക്തി പ്രവര്‍ത്തിച്ചു. അവ ഒന്നൊന്നായി പൊഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ ഞാന്‍ മൊട്ടത്തലയനായി. മുടി കിളിര്‍ക്കുന്നതിനുമുമ്പുള്ള കൊഴിച്ചില്‍ ആണെന്ന് കരുതി. എണ്ണ ട്രീറ്റ്‌മെന്റ് ശക്തിയായി തുടര്‍ന്നു.

മുടി മുഴുവന്‍ പോയ കാരണം ഒരു മാസം ലീവെടുത്തു. മുടി കിളിര്‍ക്കാന്‍ കാത്തിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും മുടി കിളിര്‍ക്കുകയോ കിളിര്‍ക്കാനുള്ള ആരംഭം കണ്ടുതുടങ്ങുകയോ ചെയ്തില്ല. എന്റെ മനസ്സില്‍ വെള്ളിടി വെട്ടി.

അങ്ങനെ ഇരിക്കെ സൗദാമിനി ടീച്ചറിന്റെ ടെലഫോണ്‍ വന്നു. ഒരു ക്ഷമാപണത്തോടെ! “സാറെ, എണ്ണ മാറിപ്പോയി. എന്റെ മകള്‍ ഇതുവരെ പുരട്ടിയത് സാറിന്റെ എണ്ണയാണ്. അന്നു കാപ്പി കഴിഞ്ഞ് ധൃതിയില്‍ വണ്ടി കയറിപ്പോള്‍ സാറിന്റെ എണ്ണേം കൊണ്ടാണ് വന്നത്. കുറിപ്പും പേരും ഒന്നും നോക്കിയതുമില്ല. അവളുടെ ചെമ്പിച്ച രോമം എല്ലാം കറുത്തു. നിത്യേന ഷേവ് ചെയ്താണവള്‍ ജോലിക്ക് പോകുന്നത്. സാറിന്റെ സ്ഥിതി എനിക്ക് ഊഹിക്കാന്‍ കഴി…”

പറഞ്ഞുതീരും മുമ്പ് ഞാന്‍ ഫോണ്‍ വെച്ചു. ഞാന്‍ കിതയ്ക്കുകയായിരുന്നു.

ഓടിച്ചെന്ന് അലമാരിയില്‍ വച്ചിരുന്ന പ്രിസ്ക്രിപ്ഷന്‍ നോക്കി; കുമാരി 27 വയസ്സ്.

ഞെട്ടിപ്പോയി.

ആ പ്രിസ്ക്രിപ്ഷനും കൊണ്ട് രോമവര്‍ദ്ധിനി വൈദ്യശാലയിലേക്ക് ഓടി; ഉടനെ മറുമരുന്ന് വേണം. കുമാരിക്ക് രോമം വടിച്ചു കളയാം! എനിക്കോ???

രജിസ്റ്റര്‍ ചെയ്തു പണം അടച്ച് വൈദ്യനെ വിവരം ഉണര്‍ത്തിച്ചു.

“സുഹൃത്തേ, ഇവിടുത്തെ പുതിയ ഉത്പന്നത്തിന് മറുമരുന്നില്ല. ഒരിക്കല്‍ അപ്ലൈ ചെയ്താല്‍ ഈശ്വരന്‍ വിചാരിച്ചാല്‍ പോലും അത് തിരികെ വരില്ല.”

വൈദ്യന്റെ പ്രസ്താവന കേട്ട് എന്റെ മൊട്ടത്തല വിയര്‍പ്പില്‍ കുളിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top