Flash News

ഐപി‌എല്‍ ക്രിക്കറ്റ്; ധോണിയെക്കാള്‍ മികച്ചവനാകാന്‍ കോഹ്‌ലിക്ക് സാധിക്കാതെ വരുന്നതെന്തുകൊണ്ട്?

April 28, 2018

dhoni-kohli-830x412ഐപിഎല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ണുനട്ടു കാണുന്ന കളികളാകും ചെന്നൈ സൂപ്പര്‍ കിങ്‌സും (സിഎസ്‌കെ) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആര്‍സിബി) തമ്മിലുള്ളത്. അതിന് ഒരു കാരണമുണ്ട്: കോഹ്ലിയും എംഎസ് ധോണിയും തമ്മിലുള്ള മത്സരം കൂടിയാണത്. ‘പുതിയതും’ ‘പഴയതും’ തമ്മിലുള്ള മത്സരം! പ്രകോപനപരതയും തന്മയത്വവും തമ്മിലുള്ള ഏറ്റുമുട്ടല്‍! കളിയിലെ രണ്ടു വ്യത്യസ്ത തലങ്ങള്‍.

സിഎസ്‌കെ തന്നെയാണ് ഇതില്‍ മികച്ച ടീമെന്ന് പോയിന്റ് പട്ടികയും മുന്‍ ഐപിഎല്‍ വിജയങ്ങളും പരിശോധിക്കുന്ന ആര്‍ക്കും പറയാന്‍ കഴിയും. എന്നാല്‍, കഴിഞ്ഞ (ഏപ്രില്‍ 25) മത്സരം ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. പ്രത്യേകിച്ച് നിരോധനത്തിനു ശേഷം മഞ്ഞപ്പട കളിയില്‍ തിരിച്ചെത്തിയ ശേഷമുള്ളത്. 2012 ലാണ് ഇവര്‍ ഏറ്റവുമൊടുവില്‍ ഏറ്റുമുട്ടിയത്. കോഹ്ലി അന്നു ക്യാപ്റ്റനായിരുന്നില്ല. പകരം വെട്ടോറി. സിഎസ്‌കെയുടെ ക്യാപ്റ്റന്‍ ധോണിയും. ആര്‍സിബി അടിച്ചെടുത്ത റണ്‍സ് 205. മഞ്ഞപ്പട അവസാന പന്തില്‍ വിജയം കണ്ടെത്തി. ഈ ചരിത്രം പറയുന്നതിന് ഒരു കാരണമുണ്ട്. അന്ന് ആര്‍സിബി 200 റണ്‍സിനു മുകളില്‍ അടിച്ചെടുത്തെങ്കിലും തകര്‍ന്നടിയുന്ന കാഴ്ചയാണു കണ്ടത്. എങ്കിലും കഴിഞ്ഞ മത്സരം ശരിക്കും ക്യാപ്റ്റന്മാരുടെ മത്സരമായിരുന്നു.

ബംഗളുരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പുതിയ പിച്ച് ആദ്യ ഇന്നിങ്‌സില്‍ വേഗം കുറഞ്ഞതായിരുന്നു. ഇതാണ് ഡിവില്ലിയേഴ്‌സിന്റെയും ഡി കോക്കിന്റെയും അസാമാന്യ ബാറ്റിങ്ങിനു സഹായിച്ചത്. ആദ്യഘട്ടത്തില്‍ ആര്‍സിബി 220 റണ്‍സ് കടക്കുമെന്നുവരെ കണക്കുകൂട്ടി. എന്നാല്‍, ധോണിയുടെ ഫീല്‍ഡിങ് മാറ്റംകൊണ്ട് ഡിവില്ലിയേഴ്‌സിനെ ഒരറ്റത്തു പിടിച്ചുകെട്ടി.

ഫീല്‍ഡര്‍മാരെ കേവലം ഒരു മീറ്റര്‍ മാത്രം മാറ്റി പ്രതിഷ്ഠിച്ചുകൊണ്ടു ധോണി കളിയെ നിയന്ത്രിക്കുന്ന കാഴ്ചയാണ് കണ്ടത്. നിര്‍ണായക പൊസിഷനുകളിലേക്കാണ് ഓരോ ഫീല്‍ഡറെയും ധോണി മാറ്റിമാറ്റി നിര്‍ത്തിയത്. ഇതിന് ഒരു ബൗണ്ടറിയും സിംഗിള്‍ റണ്ണും തമ്മിലുള്ള വ്യത്യാസം ആര്‍സിബിയുടെ സ്‌കോറില്‍ വരുത്തി. കഴിയാവുന്ന രീതിയില്‍ ഗ്യാപ്പുകള്‍ അടച്ചു. ഇതുതന്നെയാണ് പിന്തുടരാവുന്ന മാന്യമായ സ്‌കോറിലേക്ക് ആര്‍സിബിയെ പിടിച്ചുകെട്ടാന്‍ ചെന്നൈയെ സഹായയിച്ചത്.

dhoni-kohli1പക്ഷേ, അപ്പോഴും ആര്‍സിബിക്ക് മാന്യമായ ടോട്ടല്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. ആദ്യ പത്ത് ഓവറിനിടെ ചെന്നൈയുടെ നാലു വിക്കറ്റ് കൂടി വീഴ്ത്തിയതോടെ ഇത് കൂടുതല്‍ തിളക്കമുള്ളതായി. യുസ്‌വേന്ദ്ര ചാഹലും വാഷിങ്ടണ്‍ സുന്ദറും ഉമേഷ് യാദവും ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞപ്പോള്‍ അത് ചെന്നൈ ബോളിങ്ങില്‍ നടത്തിയ പ്രകടനത്തോടു കട്ടയ്ക്കു പിടിച്ചു.

എന്നാല്‍, മത്സരത്തില്‍ നിര്‍ണായകമാകുന്നത് ഡെത്ത് ബോളിങ്ങും ഫീല്‍ഡ് പ്ലേസ്‌മെന്റുമാണ്. ഇക്കാര്യത്തില്‍ രാജ്യാന്തര മത്സരങ്ങളില്‍ പോലും കോഹ്ലി ആരുടെയും പുരികമുയര്‍ത്തുന്ന തീരുമാനങ്ങള്‍ ബൗളിങ് ചേഞ്ചിലും ഫീല്‍ഡിങ് അറേഞ്ച്‌മെന്റിലും എടുത്തിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ 2017 ലെ ചാമ്പ്യന്‍സ് ട്രോഫി നഷ്ടം ഏറ്റവും വലിയ ഉദാഹരണം. കളിയുടെ ഗതി ടീമിനെതിരാകുന്നെന്നു നിരവധി തവണ തിരിച്ചറിയാന്‍ ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലിക്കു കഴിഞ്ഞില്ല. കളിയുടെ നിയന്ത്രണം ലഭിക്കുന്നതില്‍ ഇഷ്ടപ്പെടുന്നയാളാണെങ്കിലും ഒരിക്കല്‍ നഷ്ടമായാല്‍ തിരിച്ചുപിടിക്കുന്നതിനും കോഹ്ലി ബുദ്ധിമുട്ടുന്നു.

എന്നാല്‍, കളിയുടെ ഗതിക്കനുസരിച്ചു മാറ്റം വരുത്തുന്നതില്‍ ധോണി ആശാനാണ്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വീക്ക്‌നെസ് നിയന്ത്രിത ഓവറുകളില്‍ കരുത്തായും മാറുന്നു. കളിയുടെ എല്ലാ ഘട്ടത്തിലും പൂര്‍ണ നിയന്ത്രണം വേണമെന്നു ശഠിക്കുന്നയാളല്ല ധോണി. ഇതിനു കഴിയില്ലെന്നും ധോണിക്കു നന്നായറിയാം. അതുകൊണ്ട് തന്നെയും ടീമിനെയും സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറ്റിയെടുക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു.

ബൗളര്‍മാര്‍ക്കുമേല്‍ ബാറ്റ്‌സ്മാന്മാര്‍ ആധിപത്യം നേടിയാല്‍ ധോണി കൂടുതല്‍ സൂഷ്മതയിലേക്കു കടക്കും. ബാറ്റ്‌സ്മാന്മാര്‍ റണ്‍സ് നേടാന്‍ ഏതുവഴിക്കാണു ശ്രമിക്കുന്നത്? ഏതു ബൗളറെയാണു ലക്ഷ്യമിടുന്നത്? എന്താണ് അദ്ദേഹത്തിന്റെ നിര്‍ണായക നീക്കങ്ങള്‍? അടുത്ത ബോളില്‍ അദ്ദേഹം എവിടൊക്കെ കളിക്കാനാണു സാധ്യത? എന്നിങ്ങനെയുളള ആലോചനയില്‍നിന്നാണ് പോയിന്റില്‍നിന്നും കവറിലേക്കു സാം ബില്ലിങ്‌സിനെ മാറ്റിയതും ഡിവില്ലിയേഴ്‌സിനെ കൈപ്പിടിയില്‍ ഒതുക്കിയതും!

കോഹ്ലി നേരേ തിരിച്ചും. അദ്ദേഹം കളിയുടെ നിയന്ത്രണം ഏറ്റെടുക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കും. ആദ്യ പന്തുമുതല്‍ എതിരാളിയെ ശ്വാസംമുട്ടിക്കാനും പൂര്‍ണ നിയന്ത്രണം കൈയിലാക്കാനും ശ്രമിക്കും. നേരത്തേ തയാറാക്കിയ ഒരു തിരക്കഥയും അതിനനുസരിച്ചുള്ള കളിയുമെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍, ടി20 ക്രിക്കറ്റില്‍ പ്രത്യേകിച്ച് ഐപിഎല്ലില്‍ ഇത്തരം പ്ലാനുകള്‍ക്ക് അനുസരിച്ചു മത്സരങ്ങള്‍ പോകാറില്ല എന്നതാണു വാസ്തവം.

ഏകദിന ക്രിക്കറ്റില്‍ ക്യാപ്റ്റനായശേഷം കഴിഞ്ഞ 15 മാസത്തെ മത്സരങ്ങള്‍ പരിശോധിക്കാം. ഇന്ത്യ മികച്ച കളികളാണ് പുറത്തെടുത്തതെന്ന് നിസംശയം പറയാം. എന്നാല്‍, കൂടുതല്‍ സൂഷ്മമായി നോക്കൂ. കഴിഞ്ഞ കുറേ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച ബൗളിങ് നിരയെയാണ് കോഹ്ലിക്കു കിട്ടിയത്. ശരിക്കും പറഞ്ഞാല്‍ എതിരാളികളെ മെരുക്കിയതും ബൗളര്‍മാര്‍തന്നെയാണ്. എന്നൊക്കെ ബൗളന്മാരുടെ മുകളില്‍ ബാറ്റ്‌സ്മാന്മാര്‍ ആധിപത്യം സ്ഥാപിച്ചിട്ടുണ്ടോ, അന്നെല്ലാം ഇന്ത്യ മാരകമായി തോറ്റു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കെതിരേയും പാകിസ്താനെതിരേയും സംഭവിച്ചത് ഓര്‍ക്കാം. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരേ നടന്ന ഹോം മത്സരവും നോക്കാം. സൗത്താഫ്രിക്കയ്‌ക്കെതിരേ ജോഹന്നാസ് ബര്‍ഗില്‍ നടന്ന മത്സരവും ഉദാഹരണം.

ഇവിടെയാണ്, മത്സരം പൂര്‍ണമായും കൈയിലല്ലെങ്കിലും എങ്ങനെ മാനേജ് ചെയ്യാമെന്ന ധോണിയുടെ അറിവ് നിര്‍ണായകമാകുന്നത്. കഴിഞ്ഞ മത്സരത്തില്‍ രവീന്ദ്ര ജഡേജയെയാണ് അഞ്ചാമതു ബാറ്റിങ്ങിന് അയച്ചത്. അതു ധോണിയുടെ മോശം തീരുമാനമായിരുന്നു. എങ്കിലും അതില്‍ ഒരു കണക്കുകൂട്ടല്‍ ഉണ്ടായിരുന്നു. കളി തങ്ങളുടെ വരുതിക്കും അപ്പുറമാണെന്ന കണക്കുകൂട്ടലിലാണ് ജഡേജയെപ്പോലെ ഒരാളെ ഇറക്കാന്‍ പ്രേരിപ്പിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ തെറ്റായ തീരുമാനമെടുത്തപ്പോള്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ധോണി അതിനെ തിരുത്തി. അദ്ദേഹത്തിനു തെറ്റുകള്‍ അംഗീകരിക്കാനും തിരുത്താനും കഴിയുമെന്ന് അവസാന സിക്‌സര്‍ വരെ കാട്ടിത്തന്നു!

ആവശ്യത്തിന് അടിച്ചുപരത്തുകയും വഴക്കുകയും മാറ്റങ്ങള്‍ വരുത്തുകയുമാണ് ക്രിക്കറ്റ് ടീമിനെ നയിക്കുകയെന്നതില്‍ നിര്‍ണായകം. അതിന് ഒരു ‘കൂള്‍’ തലയുണ്ടാകണം. അതുകൊണ്ടാണു നിയന്ത്രിത ഓവറുകളില്‍ കോഹ്ലിയെക്കാള്‍ മികച്ച ക്യാപ്റ്റനായി ധോണി തുടരുന്നത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ മാത്രമല്ല, ഐപിഎല്ലിലും സ്റ്റംപിനു പിന്നില്‍നിന്നുള്ള ധോണിയുടെ നീക്കങ്ങള്‍ വിരാട് കോഹ്ലിയെക്കാള്‍ മികച്ചതാകുന്നതും അതുകൊണ്ടാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top