ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനയ്ക്ക് പിന്നാലെ ഗുജറാത്ത് സ്പീക്കറും മണ്ടത്തരങ്ങളുമായി രംഗത്ത്. അറിവ് നേടിയവര്‍ എല്ലാവരും ബ്രാഹ്മണരാണെന്നും അതുകൊണ്ട് ഡോ.ബിആര്‍ അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രാഹ്മണരാണെന്നുമാണ് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയുടെ കണ്ടെത്തല്‍. ശ്രീകൃഷ്ണനാകട്ടെ ഒബിസിയാണ്. ഋഷിവര്യന് സാന്ദീപനിയാണ് കൃഷ്ണനെ ഭഗവാനാക്കിയതെന്നും ത്രിവേദി പറഞ്ഞു. ഗാന്ധിനഗറില്‍ നടന്ന മെഗാ ബ്രാഹ്മിണ്‍ തൊഴില്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ത്രിവേദി.
ബ്രാഹ്മണ സമുദായം ഭാരതത്തിന് നല്കിയ സംഭാവനകളെക്കുറിച്ചും സ്പീക്കര്‍ വാതോരാതെ പ്രസംഗിച്ചു. ” അഞ്ച് രാഷ്ട്രപതിമാര്‍, ഏഴ് പ്രധാനമന്ത്രിമാര്‍, അമ്പത് മുഖ്യമന്ത്രിമാര്‍, അമ്പതിലധികം ഗവര്‍ണര്‍മാര്‍, 27 ഭാരതരത്ന വിജയികളെയും ബ്രാഹ്മണ സമുദായം ഇന്ത്യയ്ക്ക് സംഭാവന ചെയ്തു. അറിവ് നേടിയവരെല്ലാം ബ്രാഹ്മണരാണ്. അതിനാല്‍ അംബേദ്കര്‍ ബ്രാഹ്മണനാണെന്ന് പറയാന്‍ എനിക്ക് മടിയില്ല. അംബേദ്കര്‍ എന്നത് ബ്രാഹ്മണ നാമമാണ്. ബ്രാഹ്മണനായ ഗുരുവാണ് അദ്ദേഹത്തിന് ആ പേര് നല്‍കിയത്. അറിവ് നേടിയ ആളെ ബ്രാഹ്മണനെന്ന് വിളിക്കുന്നതില്‍ തെറ്റില്ല. അങ്ങിനെ വരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രാഹ്മണനാണ്.”
” അറിവ് നേടിയ ബ്രാഹ്മണ സമുദായം ഒരിക്കലും അധികാരത്തിന് വേണ്ടി ദാഹിച്ചിട്ടില്ല. പകരം അവര്‍ രാജാക്കന്മാരായ ചന്ദ്രഗുപ്ത മൗര്യയുടെയും ഭഗവാന് കൃഷ്ണന്റെയും രാമന്റെയുമെല്ലാം വിജയത്തില്‍ കാരണഭൂതരായിരുന്നു. ബ്രാഹ്മണരാണ് ദൈവങ്ങളെ സൃഷ്ടിച്ചത്. ശ്രീരാമന് ക്ഷത്രിയനായിരുന്നുവെന്ന് ഞാനെല്ലായ്പ്പോഴും പറയാറുള്ളതാണ്. പക്ഷേ ഋഷിമാരും മുനിമാരും ചേര്‍ന്ന് അദ്ദേഹത്തെ ദൈവമാക്കുകയായിരുന്നു.”
” ഗോകുലത്തില്‍ ആട്ടിടയനായ കൃഷ്ണന് ഇന്നത്തെ കാലത്ത് ഒബിസിയില്‍ പെട്ടവനാണ്. ബ്രാഹ്മണനായ സാന്ദീപനി ഋഷിവര്യനാണ് കൃഷ്ണനെദൈവമാക്കിയത്. മത്സ്യകന്യകയുടെ പുത്രനായ വ്യാസനെ വരെ ബ്രാഹ്മണര്‍ ദൈവമാക്കി. ബ്രാഹ്മണ സമുദായം അറിവ് നേടുകയും രാജാക്കന്മാരെയും ദൈവങ്ങളെയും സൃഷ്ടിക്കുകയുമാണ് ചെയ്തത്. തിളച്ച പാലിന്റെ മേല്‍ അടിഞ്ഞ് കൂടുന്ന പാല്‍ക്കട്ടിയാണ് ബ്രാഹ്മണ സമുദായം.” ത്രിവേദി ആവേശത്തോടെ പറഞ്ഞു.
മുഖ്യമന്ത്രി വിജയ് രൂപാണി അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു സ്പീക്കറുടെ ഗീര്‍വാണം. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വിജയത്തിന് പിന്നില്‍ ബ്രാഹ്മണ സ്ത്രീയായ അഞ്ജലി ബെന്നാണെന്നു വരെ ത്രിവേദി തട്ടിവിട്ടു.

Leave a Reply