Flash News

ആ കൂടിക്കാഴ്ചകള്‍ ലോക സമാധാനത്തിന് ഉത്തേജകമാവട്ടേ….. (എഡിറ്റോറിയല്‍)

April 30, 2018

merlin_137442222_d62ca7ff-25bf-4307-b80d-4e89c859587e-master768ലോക സമാധാനത്തിനും പരസ്പര സഹകരണത്തിനും പുരോഗതിക്കും ഉത്തേജകമാവുന്ന രണ്ട് അതിപ്രധാന കൂടിക്കാഴ്ചയായിരുന്നു കൊറിയന്‍ പെനിന്‍സുലയില്‍ ഈ മാസം 27-ന് നടന്നത്. അതേ അളവില്‍ അല്ലെങ്കില്‍ അതുക്കും മേലെ ലോകം ഉറ്റുനോക്കിയിരുന്ന നരേന്ദ്ര മോദി- ഷി ജിന്‍ പിങ് കൂടിക്കാഴ്ചയും ആശാവഹമായ ഫലങ്ങളാണു നല്‍കുന്നത്. സംഘര്‍ഷത്തിന്‍റെ പാതയില്‍ സഞ്ചരിക്കാതെ, പരസ്പര വിശ്വാസത്തിന്‍റെ അന്തരീക്ഷം തീര്‍ക്കാനുള്ള ഉദ്യമങ്ങള്‍ എത്രത്തോളമുണ്ടാവുന്നോ അതത്രയും വാഴ്ത്തപ്പെടുന്നവയാണ്.

ചരിത്രപ്രധാനമായ കൊറിയന്‍ ഉച്ചകോടി ഇരു കൊറിയകള്‍ക്കുമിടയിലെ സംഘര്‍ർഷത്തിനു മാത്രമല്ല അതുമായി ബന്ധപ്പെട്ട ആഗോള പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയാണു പകരുന്നത്. കൊറിയന്‍ ഉപദ്വീപിനെ ആണവമുക്തമാക്കുമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ൽ യുദ്ധം അവസാനിപ്പിക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്നും ഉത്തര കൊറിയന്‍ ഭരണാധിപതി കിം ജോങ് ഉന്നും.

ഒരു ദശകത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ഔപചാരിക ചര്‍ച്ച പുതിയ ചരിത്രത്തിനു വഴിതുറക്കണമെന്ന് ഉറച്ചു തന്നെയാണ് ഉത്തര കൊറിയന്‍ ഭരണത്തലവന്‍ ഇതാദ്യമായി ദക്ഷിണ കൊറിയയില്‍ എത്തിയത് എന്നു വ്യക്തമാക്കുന്നതായിരുന്നു ഉച്ചകോടിക്കു ശേഷമുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍. യുഎസ് അടക്കം രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന ഉത്തര കൊറിയയുടെ ആണവ നിരായുധീകരണത്തിന് അദ്ദേഹം സന്നദ്ധന്‍ എന്നാണല്ലോ സൂചനകള്‍. നിര്‍ഭാഗ്യകരമായ ചരിത്രം ഇനിയാവര്‍ത്തിക്കില്ലെന്ന് കിം ജോങ് ഉന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊറിയകളുടെ സഹവര്‍ത്തിത്വം മേഖലയിലെ സമാധാനത്തിന് അത്യന്താപേക്ഷിതമാണ്. അതിലേക്കു കാര്യങ്ങള്‍ എത്തുമെന്നു പ്രതീക്ഷിക്കാം.

രണ്ടര മാസത്തോളം നീണ്ട ഡോക്‌ലാം സംഘര്‍ഷത്തിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും വിശ്വാസം തിരിച്ചെടുക്കാനും ലക്ഷ്യമിട്ടുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് മോദി-ഷി ചര്‍ച്ചകള്‍. ചൈനയിലെ വുഹാനില്‍ നടന്ന ഇരു നേതാക്കളുടെയും അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ സൗഹ‌‌ൃദ നീക്കത്തിലെ നിര്‍ണായക ചുവടുവയ്പ്പു തന്നെയാണ്. ഉഭയകക്ഷി, ആഗോള വിഷയങ്ങളില്‍ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ഈ ഉച്ചകോടിക്കു കഴിഞ്ഞാല്‍ പിന്നീട് ഉദ്യോഗസ്ഥതലത്തിലെ തുടര്‍ നടപടികള്‍ എളുപ്പമാവും. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ നാലാമത്തെ ചൈനാ സന്ദര്‍ശനമാണിത്. ഈ അയല്‍ രാജ്യവുമായുള്ള സഹകരണത്തിനും സൗഹൃദത്തിനും ഇന്ത്യ അത്രയേറെ വില കല്‍പ്പിക്കുന്നുമുണ്ട്. ഇന്ത്യ- ചൈന ബന്ധങ്ങളില്‍ പുതിയ അധ്യായം കുറിക്കാന്‍ മോദിക്കും ഷിക്കും കഴിയട്ടെ.

ചീഫ് എഡിറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top