Flash News

വിവേചനത്തില്‍ പ്രതിഷേധിച്ച് പരാതിയില്‍ ഒപ്പിട്ടെങ്കിലും ചടങ്ങില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങുമെന്ന് യേശുദാസും ജയരാജും; ഒഴിഞ്ഞുകിടന്ന കസേരകളെ സാക്ഷി നിര്‍ത്തി അവാര്‍ഡ് ദാനച്ചടങ്ങ്

May 3, 2018

national-awardsവിവേചനത്തില്‍ പ്രതിഷേധിച്ച് പരാതിയില്‍ ഒപ്പിട്ടെങ്കിലും ചടങ്ങില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങുമെന്ന് യേശുദാസും ജയരാജും അറിയിച്ചു. നിവേദനത്തില്‍ മാത്രമാണ് ഒപ്പിട്ടതെന്നും അത് വിവേചനത്തില്‍ പ്രതിഷേധിച്ചാണെന്നും യേശുദാസ് വ്യക്തമാക്കി. 11പേര്‍ക്ക് മാത്രം രാഷ്ട്രപതി അവാര്‍ഡ് നല്‍കുകയും ബാക്കിയുള്ള അവാര്‍ഡ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കുന്നതിലുമാണ് അവാര്‍ഡ് ജേതാക്കള്‍ എതിര്‍പ്പ് അറിയിച്ചത്. ഇതുസംബന്ധിച്ച് വാര്‍ത്താവിനിമയ മന്ത്രാലയത്തിന് നല്‍കുന്ന അവാര്‍ഡ് ജേതാക്കളുടെ പരാതിയില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നു. എന്നാല്‍ ചടങ്ങ് ബഹിഷ്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് യേശുദാസ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മുറിവേല്‍പ്പിച്ചുവെന്നും ഉപരാഷ്ട്രപതി അവാര്‍ഡ് നല്‍കിയാല്‍ സ്വീകരിക്കുമെന്നും ജേതാക്കള്‍ അറിയിച്ചിരുന്നു. ഇല്ലെങ്കില്‍ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് ഒരു വിഭാഗം അറിയിച്ചത്.

11 പേര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്കാരം നല്‍കൂ എന്നാണ് പുതിയ നിലപാട്. സംവിധായകന്‍ ജയരാജ്, ഗായകന്‍ കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണ് രാഷ്ട്രപതി പുരസ്‌കാരം നല്‍കുന്ന 11 പേരില്‍ കേരളത്തില്‍ നിന്നുള്ളത്. വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍ തുടങ്ങിയവയാണ് രാഷ്ട്രപതി സമ്മാനിക്കുന്ന മറ്റു പുരസ്‌കാരങ്ങള്‍.

film-awardഎല്ലാവര്‍ക്കുമുള്ള പുരസ്‌കാരം രാഷ്ട്രപതി നേരിട്ട് നല്‍കുന്നതാണ് ഇതുവരെയുള്ള പതിവ്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്നലെ ചടങ്ങിന്റെ റിഹേഴ്‌സലിനെത്തിയപ്പോഴാണ് പുതിയ വ്യവസ്ഥ അറിയിച്ചത്. 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും മറ്റുള്ളവര്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് അറിയിച്ചു. ഇതോടെ അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധിച്ചു. ഇവരെ സ്മൃതി ഇറാനി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ വര്‍ഷം മുതലുള്ള പരിഷ്‌കാരമാണിതെന്നും പകരം ജേതാക്കളുടെ സംഘത്തിനൊപ്പം രാഷ്ട്രപതി ചിത്രമെടുക്കുമെന്നും മന്ത്രി അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല.

ഇതിനിടെ ഒഴിഞ്ഞ് കിടന്ന കസേരകളെ സാക്ഷി നിര്‍ത്തി ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനവും നടന്നു. പതിനൊന്ന് പേര്‍ക്ക് മാത്രം രാഷ്ട്രപതി അവാര്‍ഡ് വിതരണം ചെയ്യുമെന്ന കേന്ദ്രത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജേതാക്കളില്‍ ഭൂരിഭാഗവും പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌കരിച്ചു. ചടങ്ങ് മാത്രമാണ് ബഹിഷ്‌കരിച്ചതെന്നും പുരസ്‌കാരം ബഹിഷ്‌കരിച്ചിട്ടില്ലെന്നും ജേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. മലയാള സിനിമയില്‍ നിന്ന് ജയരാജ്, യേശുദാസ്, നിഖില്‍ എസ്. പ്രവീണ്‍, സന്ദീപ് പാമ്പള്ളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് പുരസ്‌കാരം വാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ജയരാജും മികച്ച ഗായകനുള്ള പുരസ്‌കാരം യേശുദാസും രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് സ്വീകരിച്ചു. മറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തത് മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ്.

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍, ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം ഏറ്റുവാങ്ങാനായി ഭര്‍ത്താവ് ബോണി കപൂര്‍, പങ്കജ് തൃപതി, ആസാമി സംവിധായിക റിമ ദാസ്, കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പാര്‍വതി, ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ തുടങ്ങി മലയാളത്തിലെ മറ്റു സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top