Flash News

ചെങ്ങന്നൂര്‍ ചൂടു പിടിക്കുന്നു; വിജയകുമാര്‍, ശ്രീധരന്‍ പിള്ള, രാജീവ് പള്ളത്ത് ഇന്ന് പത്രികകള്‍ സമര്‍പ്പിക്കും

May 7, 2018

saji-sreedharan--830x412ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗം ചൂടുപിടിക്കുന്നു. യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകമാര്‍ രാവിലെ 11 മണിക്ക് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് പ്രവര്‍ത്തകരോടൊപ്പം എത്തിയാകും വിജയകുമാറിന്റെ പത്രിക സമര്‍പ്പണം.

ബിജെപി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍ പിള്ളയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് ശ്രീധരന്‍പിള്ള പത്രിക സമര്‍പ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തും ഇന്ന് പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12 നാകും എഎപി സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ യുഡിഎഫിന്റെ വാഹന പര്യടനത്തിനും തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് തേവന്‍വണ്ടൂരില്‍ കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനാണ് പര്യടനം ഉദ്ഘാടനം ചെയ്യുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്നുമുതല്‍ ചെങ്ങന്നൂരില്‍ പ്രചാരണരംഗത്ത് സജീവമാകും.

പ്രധാന മുന്നണികളുടെ നേതാക്കളെല്ലാം ചെങ്ങന്നൂരിലുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതോടെ കൂടുതല്‍ പ്രമുഖരെ മണ്ഡലത്തിലെത്തിക്കാനാണ് പദ്ധതി. ഭവനസന്ദര്‍ശനവും വാഹനപര്യടനും ഒരുമിച്ച് കൊണ്ടുപോകാനാണ് ബിജെപിയുടെ തീരുമാനം. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തത്ര വീറും വാശിയുമേറിയ തെരഞ്ഞെടുപ്പാകും മേയ് 28-നു ചെങ്ങന്നൂരില്‍ നടക്കുക. മൂന്നു മുന്നണികളുടെയും പ്രവര്‍ത്തനം രണ്ടാംഘട്ടത്തിലേക്കു കടന്നപ്പോഴാണു വോട്ടെടുപ്പ് െവെകുമെന്ന അഭ്യൂഹമുയര്‍ന്നത്. ഇതോടെ നേതാക്കളുടെ പര്യടനങ്ങളും പൊതുയോഗങ്ങളും റദ്ദാക്കി, പ്രവര്‍ത്തനം ബൂത്ത് തലങ്ങളിലേക്ക് ഒതുങ്ങി. തുടര്‍ന്ന് ചെലവ് ചുരുക്കിയുള്ള പ്രചാരണത്തിലായിരുന്നു ശ്രദ്ധയത്രയും.

വേനല്‍ചൂടിന്റെ കാഠിന്യം സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നന്നായനുഭവിച്ചു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സജി ചെറിയാനും യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡി. വിജയകുമാറും എന്‍.ഡി.എ. സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയുമെല്ലാം പനിയും ജലദോഷവുമൊക്കെ പിടിപെട്ടു വലഞ്ഞു. പിന്നീടുണ്ടായ വേനല്‍മഴയിലും കാറ്റിലും പരസ്യ ബോര്‍ഡുകളും പോസ്റ്ററുകളും ഏറെക്കുറെ നശിച്ചു.

കാല്‍നൂറ്റാണ്ടിനുശേഷം നേടിയെടുത്ത സീറ്റ് നിലനിര്‍ത്തുകയാണു സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും ലക്ഷ്യം. കഴിഞ്ഞതവണ നഷ്ടപ്പെട്ടത് അഞ്ചുവര്‍ഷം കാത്തിരിക്കാതെതന്നെ തിരിച്ചുപിടിക്കാനുള്ള അവസരമാണു കോണ്‍ഗ്രസിനെ സംബന്ധിച്ച് പരമ്പരാഗതശക്തികേന്ദ്രത്തിലെ പോരാട്ടം. ത്രിപുരയില്‍ സാധിക്കുമെങ്കില്‍ ചെങ്ങന്നൂരിലുമാകാം എന്നതാണു ബി.ജെ.പിയുടെ മനസിലിരിപ്പ്. ആം ആദ്മി പാര്‍ട്ടിയടക്കം മറ്റു ചെറുകക്ഷികളും സാന്നിധ്യമറിയിക്കാന്‍ രംഗത്തുണ്ട്.

കഴിഞ്ഞ 15 തെരഞ്ഞെടുപ്പുകളില്‍ ഏഴുതവണ യു.ഡി.എഫും മൂന്നുതവണ എല്‍.ഡി.എഫും ജയിച്ച മണ്ഡലത്തില്‍ ചെറുകക്ഷികളും സാമുദായികശക്തികളുമെല്ലാം നിര്‍ണായകസ്വാധീനമാണ്. എന്‍.ഡി.പി. മൂന്നുതവണ ജയിച്ച ഇവിടെ, കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസ്-എസും ഓരോതവണ ജയിച്ചിട്ടുണ്ട്. പലപ്പോഴും ഭൂരിപക്ഷം നേര്‍ത്തതായിരുന്നു; രണ്ടുതവണയേ 10,000 കടന്നിട്ടുള്ളൂ. 25 വര്‍ഷത്തിനുശേഷം എല്‍.ഡി.എഫിനെ വിജയത്തിലേക്കു നയിച്ചതില്‍ ബി.ജെ.പി. വോട്ടിലുണ്ടായ മുന്നേറ്റം പ്രധാനമായിരുന്നു. പരമ്പരാഗത യു.ഡി.എഫ്. വോട്ടുകളില്‍ നല്ലൊരു പങ്ക് ബി.ജെ.പിയിലേക്ക് ഒഴുകി. സ്വന്തം വോട്ടുകള്‍ ഉറപ്പിച്ചുനിര്‍ത്തിയപ്പോള്‍ ഇടതുസ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്‍നായര്‍ കഴിഞ്ഞതവണ 7983 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.

യു.ഡി.എഫിന് ഉപതെരഞ്ഞെടുപ്പ് ഫലം നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം കൂടിയായ സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ അയ്യപ്പസേവാസംഘത്തിന്റെ അഖിലേന്ത്യാ െവെസ് പ്രസിഡന്റ്, സാമുദായികരംഗത്തെ നിറസാന്നിധ്യം എന്നീ അനുകൂലഘടകങ്ങളുമായാണു മത്സരിക്കുന്നത്. ജില്ലാ സെക്രട്ടറി സജി ചെറിയാനെ രംഗത്തിറക്കിയുള്ള സി.പി.എം. നീക്കം വോട്ട് ബാങ്കുകളിലെ അടിയൊഴുക്കുകള്‍ ലാക്കാക്കിയാണ്. 6062 വോട്ടില്‍നിന്ന് അഞ്ചുവര്‍ഷം കൊണ്ട് 42,682 വോട്ടിലേക്ക് എത്തിയ എന്‍.ഡി.എ, നാട്ടുകാരന്‍കൂടിയായ മുതിര്‍ന്ന ബി.ജെ.പി. നേതാവ് പി.എസ്. ശ്രീധരന്‍പിള്ളയെ വീണ്ടും രംഗത്തിറക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top