Flash News

മരിക്കാനായി മാത്രം ജനിച്ച കുഞ്ഞ് ; വീണ്ടും വാഹനാപകടം,3 പേര്‍ മരിച്ചു

September 1, 2013 , ഷാഹിദ് വൈപ്പി

thumbimage

വെഞ്ഞാറമൂട്: കെ.എസ്.ആര്‍ .ടി.സി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് മൂന്ന് മരണം. പ്രസവിച്ച് രണ്ട് മണിക്കൂര്‍മാത്രം പ്രായമുള്ള ആണ്‍കുഞ്ഞും ആംബുലന്‍സ് ഡ്രൈവറും അടുത്ത ബന്ധുവുമാണ് മരിച്ചത്. 13 പേര്‍ക്ക് പരിക്കേറ്റു.

 

കൊട്ടാരക്കര നെടുവത്തൂര്‍ ചാലൂക്കോണത്ത് മുരളി ഭവനില്‍ ഹരികുമാര്‍-അജിത ദമ്പതികളുടെ, ജനിച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ട ആണ്‍കുഞ്ഞും അടുത്ത ബന്ധുവായ കൊട്ടാരക്കര ചാലൂക്കോണം മിനിഭവനില്‍ കൃഷ്ണന്‍കുട്ടി(63)യും ആംബുലന്‍സ് ഡ്രൈവര്‍ വിഷ്ണുവുമാണ് (24) മരിച്ചത്.

 

ബസിലെ യാത്രക്കാരായ ആറ്റിങ്ങല്‍ സ്വദേശി ഷെബിത (27), വാവറ അമ്പലം സ്വദേശി അഭിനവ് (20), കല്ലറ സ്വദേശി ഷിയാസ് (18), വെമ്പായം സ്വദേശി നൗഷാദ് (32), വാവറ അമ്പലം സ്വദേശി സുലോചന (60), കല്ലറ സ്വദേശി അസിഷാനി (32), വാവറ അമ്പലം സ്വദേശി മോനിഷ (23), കല്ലറ സ്വദേശി അരുണ്‍ (19), മംഗലപുരം സ്വദേശി ബിനി ഹുസൈന്‍ (28) , അവനവന്‍ചേരി സ്വദേശി ഫാത്തിമ (22), ആംബുലന്‍സിലെ യാത്രക്കാരായിരുന്ന മരിച്ച കുഞ്ഞിന്റെ അച്ഛന്‍ ഹരികുമാര്‍, ബന്ധുക്കളായ വത്സല (50) എന്നിവര്‍ക്കാണ് പരിക്ക്.

 

ഇന്നലെ ഉച്ചക്ക് രണ്ടരയോടെ എം.സി റോഡില്‍ വാമനപുരത്തിന് സമീപമുള്ള പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു അപകടം. ഉച്ചക്ക് 12ന് കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ ജനിച്ച കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ തിരുവനന്തപുരം എസ്.എ.ടി ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു.

 

തുടര്‍ന്ന് കുഞ്ഞിനെയുംകൊണ്ട് ആംബുലന്‍സില്‍ എസ്.എ.ടിയിലേക്ക് പോകവെ വെമ്പായത്ത് നിന്നും മുതുവിളയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നു.

 

നിയന്ത്രണംവിട്ട ബസ് 20 മീറ്ററോളം മുന്നോട്ടോടി തൊട്ടടുത്ത പുരയിടത്തിലേക്ക് ഇടിച്ചിറങ്ങി നിന്നു. അപകടത്തില്‍പെട്ടവരെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടം കാരണം ഒരു മണിക്കൂറോളം എം.സി റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.

 

പരിക്കേറ്റവരില്‍ ഹരികുമാര്‍, വത്സല എന്നിവരുടെ നില അതീവ ഗുരുതരമായ നിലയില്‍ തുടരുകയാണ്. ഇന്നലെ ഉച്ചയോടെയുണ്ടായ ചാറ്റല്‍മഴയില്‍ ആംബുലന്‍സ് നിയന്ത്രണംവിട്ട് ബസ്സിലിടിച്ചതായിട്ടാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top